Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ എസ്‌ഐആറിന് തുടക്കം, ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പ് ഇന്ന്..

കേരളമടക്കം ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലും പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് ഇന്ന് തുടക്കമാകും. ബൂത്ത് തല ഓഫീസര്‍മാര്‍ (ബിഎല്‍ഒ) വീടുകള്‍ കയറി എന്യൂമറേഷന്‍ ഫോറം പൂരിപ്പിക്കും. ബിഎല്‍ഒമാര്‍ക്ക് വോട്ടര്‍മാര്‍ വിവരങ്ങള്‍ നല്‍കണം. ഡിസംബര്‍ നാല് വരെയാണ് എന്യൂമറേഷന്‍ പ്രക്രിയ. ഡിസംബര്‍ ഒമ്പതിന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.

സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 51 കോടി വോട്ടര്‍മാരാണുള്ളത്. വോട്ടര്‍പട്ടിക പരിഷ്‌കരണം 2026 ഫെബ്രുവരി ഏഴിന് പൂര്‍ത്തിയാകും. കേരളത്തിനുപുറമേ തമിഴ്നാട്, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ്, ഗോവ, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലും ഇന്ന് പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് തുടക്കമാകും.

അതേസമയം യുഎസിലെ ഏറ്റവും വലിയ നഗരമായ ന്യൂയോര്‍ക്കിന്റെ പുതിയ മേയര്‍ ആരെന്ന് ഇന്നറിയാം. ഇന്ത്യന്‍ വംശജനും ഡെമോക്രാറ്റിക് പാര്‍ട്ടി അംഗവുമായ സൊഹ്‌റാന്‍ മംദാനി, സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ കുമോ, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ കര്‍ട്ടിസ് സ്ലിവ എന്നിവരാണ് മേയര്‍ സ്ഥാനത്തേക്ക് മത്സരരംഗത്തുള്ളത്. നിലവില്‍ സ്റ്റേറ്റ് അംസബ്ലി അംഗമായ മംദാനിയ്ക്കാണ് വിജയ സാധ്യത. മറ്റ് വാര്‍ത്തകള്‍ അറിയാം

Malayalam News

Nov 05, 2025, 12:01 am IST

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം കമ്മിഷണര്‍ എന്‍ വാസുവിനെ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് എസ്‌ഐടി. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി റിപ്പോര്‍ട്ടിലാണ് വാസുവിന്റെ പങ്കും വ്യക്തമാക്കുന്നത്. മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവിന്റെ കാലയളവില്‍ സ്വര്‍ണം ചെമ്പായി രേഖപ്പെടുത്തിയെന്നാണ് എസ്‌ഐടി വ്യക്തമാക്കുന്നത്.
Nov 04, 2025, 9:29 pm IST

ഛത്തീസ്ഗഢിലെ ബിലാസ്പൂരില്‍ മെമുവും ചരക്ക് തീവണ്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ ഉയരുന്നു. അപകടത്തില്‍ ഇതു വരെ എട്ടു മരണം സ്ഥിരീകരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപയും റെയില്‍വേ പ്രഖ്യാപിച്ചു. അപായ സിഗ്‌നല്‍ കണ്ടിട്ടും മെമു ട്രെയിന്‍ യാത്ര തുടര്‍ന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Nov 04, 2025, 7:57 pm IST

വിയ്യൂര്‍ ജയിലിലേക്കുള്ള യാത്രയില്‍ കൊടുംകുറ്റവാളി ബാലമുരുകന്‍ രക്ഷപ്പെട്ടു. തമിഴ്‌നാട് പൊലീസിന്റെ കൈയ്യില്‍ നിന്നാണ് ബാലമുരുകന്‍ ഓടിരക്ഷപ്പെട്ടത്. ഇന്നലെ രാത്രിമുതല്‍ തെരച്ചില്‍ നടക്കുന്നുണ്ടെങ്കിലും ഇയാളെക്കുറിച്ചുള്ള ഒരു വിവരവും ലഭിച്ചിട്ടില്ല. പ്രതിക്കായി തെരച്ചില്‍ തുടരുകയാണ്.
Nov 04, 2025, 6:58 pm IST

ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലെ ഗെവ്രയില്‍ നിന്ന് ബിലാസ്പൂരിലേക്ക് പോകുകയായിരുന്ന മെമുവാണ് അപകടത്തില്‍പെട്ടത്. ഗുഡ്സ് ട്രെയിനിന്റെ അവസാന ബോഗിയിലേക്ക് പാസഞ്ചര്‍ ട്രെയിനിന്റെ ആദ്യ ബോഗി ഇടിച്ചുകയറുകയായിരുന്നു. നാല് യാത്രക്കാര്‍ ഇപ്പോഴും പാസഞ്ചര്‍ ട്രെയിനിന്റെ ഒരു കോച്ചിനടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ബിലാസ്പൂര്‍ കലക്ടര്‍ സഞ്ജയ് അഗര്‍വാള്‍ പറഞ്ഞു.
Nov 04, 2025, 5:24 pm IST

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം മില്‍മ പാലിന്റെ വില കൂട്ടിയേക്കും. കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തി നേരിയ വില വര്‍ധനയുണ്ടാകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി സൂചന നല്‍കി. പാല്‍ വില കൂട്ടുന്നതിനോട് സര്‍ക്കാരിനു യോജിപ്പാണെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കും.
Nov 04, 2025, 5:17 pm IST

ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു. മെമു ട്രെയിനും ചരക്കു തീവണ്ടിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ആറു പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകട കാരണം കണ്ടെത്തിയിട്ടില്ല.
Nov 04, 2025, 4:35 pm IST

ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു

ഹിന്ദുജ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഗോപിചന്ദ് പി ഹിന്ദുജ (85) അന്തരിച്ചു. ലണ്ടനിലെ ഒരു ആശുപത്രിയിലായിരുന്നു മരണം സംഭവിച്ചത്. നാല് ഹിന്ദുജ സഹോദരന്മാരില്‍ രണ്ടാമനാണ് ഇദ്ദേഹം. ബിസിനസ് സര്‍ക്കിളുകളില്‍ 'ജിപി' എന്നറിയപ്പെടുന്ന ഗോപിചന്ദ് ഹിന്ദുജ 1950-ലാണ് കുടുംബ ബിസിനസില്‍ പങ്കാളിയായത്. ഇന്തോ-മിഡില്‍ ഈസ്റ്റ് മേഖലയില്‍ ഒതുങ്ങി നിന്ന കമ്പനിയെ രാജ്യാന്തര തലത്തിലേക്ക് വളര്‍ത്തിയതില്‍ ഗോപിചന്ദിന് വലിയ പങ്കുണ്ട്.
Nov 04, 2025, 3:56 pm IST

തദ്ദേശ തിരഞ്ഞെടുപ്പിൽ കൊല്ലം കോർപ്പറേഷനിൽ കോൺഗ്രസിന്റെ മേയർ സ്ഥാനാർഥിയായി എകെ ഹഫീസ്. മുൻ കോർപ്പറേഷൻ പ്രതിപക്ഷ നേതാവായിരുന്നു ഹഫീസ്. നിലവിൽ ഐഎൻടിയുസി ജില്ലാ അധ്യക്ഷനായി പ്രവർത്തിക്കുകയാണ് അദ്ദേഹം. 12 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.
Nov 04, 2025, 3:45 pm IST

കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ പദ്ധതി ഗൗരവപരമായ വിഷയമാണെന്നും മന്ത്രിസഭായോഗ തീരുമാനത്തിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്നും വ്യക്തമാക്കി മന്ത്രി വി ശിവൻകുട്ടി. ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ല. കത്ത് നൽകുന്നത് ഈ ആഴ്‌ച കൊണ്ട് പൂർത്തീകരിക്കും. നിലവിൽ ഫയൽ വന്നിരിക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ അടുത്താണെന്നും മന്ത്രി പറഞ്ഞു.
Nov 04, 2025, 3:07 pm IST

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ ഉയർന്ന വിമർശനങ്ങളിൽ മന്ത്രി സജി ചെറിയനെതിരെ പ്രതികരണവുമായി സംവിധായകൻ വിനയൻ. തന്റെ കാലത്ത് നൽകിയ അവാർഡുകളിൽ ഒന്നിലും പരാതികൾ ഉയർന്നിട്ടില്ലെന്ന മന്ത്രി സജി ചെറിയാന്റെ വാക്കുകൾ എതിർത്ത് കൊണ്ടാണ് വിനയന്റെ പ്രതികരണം. 2022 ലെ അവാർഡിൽ തന്റെ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിന് പുരസ്‌കാരം ലഭിച്ചില്ലെന്നത് ഓർമിപ്പിച്ചുകൊണ്ടാണ് വിനയൻ സജി ചെറിയാന് മറുപടി നൽകിയത്.
Nov 04, 2025, 2:44 pm IST

കെപിസിസി പ്രസിഡന്റും പേരാവൂർ എംഎൽഎയുമായ സണ്ണി ജോസഫിനെ മണ്ഡലത്തിലെ പരിപാടിക്കിടെ ഇറക്കിവിട്ട് സിപിഎം പ്രവർത്തകർ. ഇരിട്ടി മുനിസിപ്പാലിറ്റിയിലെ ചാവശ്ശേരി റോഡ് നവീകരണ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം. സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന റോഡ് ആയതിനാൽ പ്രോട്ടോകോൾ അനുസരിച്ച് എംഎൽഎയാണ് ഉദ്ഘാടനം ചെയ്യേണ്ടത് എന്നായിരുന്നു സണ്ണി ജോസഫ് പറഞ്ഞത്. എന്നാൽ എട്ടുകാലി മമ്മൂഞ്ഞ് ആകാൻ നിൽക്കണ്ട എന്ന് മുദ്രാവാക്യം വിളിച്ച്, സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചതോടെ എംഎൽഎ വേദിയിൽനിന്ന് ഇറങ്ങിപ്പോയി.
Nov 04, 2025, 2:10 pm IST

യുവനേതാവ് കെഎസ് ശബരീനാഥൻ തിരുവന്തപുരത്ത് കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ . രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കുമെന്നാണ് വിവരം. കൊല്ലം കോർപ്പറേഷനിൽ യുഡിഎഫിന്റെ ഒന്നാം ഘട്ട സ്ഥാനാർത്ഥി പട്ടികയും ഇന്ന് പ്രഖ്യാപിക്കും.
Nov 04, 2025, 1:45 pm IST

മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവതിക്ക് നേരിട്ട ദുരനുഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ്‌കുമാർ. മൂന്നാറിൽ നടക്കുന്നത് ഗുണ്ടായിസമാണെന്നും മോട്ടോർ വാഹനവകുപ്പ് കർശന നടപടി എടുക്കുമെന്നും ഗണേഷ് വ്യക്തമാക്കി. ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യും. അപമര്യാദ കാണിച്ച ഡ്രൈവർമാർക്കും ഒത്താശ ചെയ്‌ത പോലീസുകാർക്കും എതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
Nov 04, 2025, 1:14 pm IST

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അമ്മയ്ക്കും രണ്ടാനച്ഛനും 180 വര്‍ഷം കഠിന തടവ്. മഞ്ചേരി ഫാസ്റ്റ് ട്രാക്ക കോടതിയുടേതാണ് വിധി. 2019 മുതല്‍ 2021 വരെയാണ് പെണ്‍കുട്ടി പീഡനത്തിരയായത്.
Nov 04, 2025, 12:47 pm IST

തിരുവല്ല കവിത കൊലക്കേസില്‍ പ്രതി അജിന്‍ റെജി മാത്യു കുറ്റക്കാരനെന്ന് കോടതി. കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകളിലാണ് പ്രതിയെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കേസില്‍ പ്രതിയുടെ ശിക്ഷ വ്യാഴാഴ്ച വിധിക്കും. പ്രതിക്ക് തൂക്കുകയര്‍ നല്‍കണമെന്ന് കവിതയുടെ കുടുംബാംഗങ്ങള്‍ പ്രതികരിച്ചു.
Nov 04, 2025, 12:31 pm IST

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് വധക്കേസില്‍ പ്രതികളായ അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകരുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റി. സുപ്രീംകോടതിയുടേതാണ് നടപടി. അതേസമയം കേസുമായി ബന്ധപ്പെട്ട് വിചാരണനടപടികള്‍ തുടരാമെന്ന് ജസ്റ്റിസ് എം എം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസിലെ സാക്ഷി വിസ്താരം അടക്കം തുടങ്ങിയ സാഹചര്യം സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതോടെയാണ് കോടതിയുടെ നിര്‍ണായക തീരുമാനം.
Nov 04, 2025, 12:06 pm IST

മധ്യപ്രദേശിലെ ജാബുവില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ഫാദര്‍ ഗോഡ്‌വിനാണ് അറസ്റ്റിലായത്. ഒക്ടോബര്‍ 25നാണ് സിഎസ്‌ഐ വൈദികനായ ഗോഡ്‌വിനെ രത്‌ലം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25 വര്‍ഷമായി വൈദികനും കുടുംബവും മധ്യപ്രദേശില്‍ താമസിച്ച് വരികയാണ്. ഗ്രാമത്തില്‍ ആതുരസേവനവും മിഷന്‍ പ്രവര്‍ത്തനങ്ങളും ട്യൂഷന്‍ സെന്ററും ടെയ്‌ലറിങ് കേന്ദ്രവും നടത്തിവരികയായിരുന്നു അദ്ദേഹം.
Nov 04, 2025, 11:44 am IST

കോഴിക്കോട് മരുതോങ്കരയില്‍ ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനം കേട്ട സംഭവത്തില്‍ ആശങ്ക. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ഭൗമശാസ്ത്ര വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.
Nov 04, 2025, 11:16 am IST

ആഭ്യന്തര കലഹം രൂക്ഷമായ സുഡാനില്‍ ഇന്ത്യക്കാരനെ വിമത സേന തട്ടിക്കൊണ്ടുപോയി. ഒഡീഷയിലെ ജഗത്സിംഗ്പുര്‍ ജില്ലയില്‍ നിന്നുള്ള 36-കാരനായ ആദര്‍ശ് ബെഹ്‌റയെയാണ് സുഡാനിലെ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് (ആര്‍എസ്എഫ്) തട്ടിക്കൊണ്ടുപോയത്. ഇയാളുടെ മോചനത്തിനായി ശ്രമങ്ങള്‍ നടന്നുവരികയാണ്.
Nov 04, 2025, 11:01 am IST

മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ മുംബൈ സ്വദേശിനിയായ യുവതിക്ക് ടാക്‌സി ഡ്രൈവര്‍മാര്‍, പൊലീസ് എന്നിവരില്‍നിന്നു ദുരനുഭവം നേരിട്ട സംഭവത്തില്‍ ഗ്രേഡ് എസ്‌ഐ ഉള്‍പ്പെടെ 2 പൊലീസുകാര്‍ക്കു സസ്‌പെന്‍ഷന്‍. 3 ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ടാക്‌സി ഡ്രൈവര്‍മാരായ ലാക്കാട് ഫാക്ടറി ഡിവിഷനില്‍ പി.വിജയകുമാര്‍ (40), തെന്മല്ല എസ്റ്റേറ്റില്‍ ന്യൂ ഡിവിഷനില്‍ കെ.വിനായകന്‍, മൂന്നാര്‍ ജ്യോതി ഭവനില്‍ എ.അനീഷ് കുമാര്‍ (40) എന്നിവരാണ് അറസ്റ്റിലായത്. അകാരണമായി തടഞ്ഞുനിര്‍ത്തല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മൂന്നാര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ജോര്‍ജ് കുര്യന്‍, എഎസ്‌ഐ സാജു പൗലോസ് എന്നിവരെയാണു ജില്ലാ പൊലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തത്.
Nov 04, 2025, 10:41 am IST

സീരിയല്‍ നടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി യുവാവ് ബെംഗളൂരുവില്‍ അറസ്റ്റില്‍. വൈറ്റ്ഫീല്‍ഡില്‍ താമസിക്കുന്ന നവീന്‍ ആണ് അറസ്റ്റിലായത്. നിരന്തരം അശ്ലീല സന്ദേശങ്ങളും ഫോട്ടോകളും അയച്ചെന്നാണ് പരാതി. കന്നഡ, തെലുങ്ക് സീരിയലുകളിലെ നടിയാണ് പരാതിക്കാരി
Nov 04, 2025, 9:57 am IST

കോയമ്പത്തൂരില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത സംഭവത്തില്‍ 3 പേര്‍ പിടിയില്‍. ശിവഗംഗ സ്വദേശിക സ്വദേശികളായ ഗുണ, സതീഷ്, കാര്‍ത്തിക്ക് എന്നിവരാണ് പിടിയിലായത്. സതീഷും കാര്‍ത്തിക്കും സഹോദരങ്ങളാണ്. കസ്റ്റഡിയില്‍ എടുക്കുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളുടെ കാലില്‍ പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു.
Nov 04, 2025, 9:34 am IST

യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ഇന്ത്യ റഷ്യന്‍ എണ്ണയുടെ വില കുറച്ചു. ഒക്ടോബര്‍ 22 ന് റഷ്യന്‍ എണ്ണ ഭീമന്മാരായ റോസ്നെഫ്റ്റിനും ലുക്കോയിലിനുമെതിരെ യുഎസ് ഉപരോധം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള റഷ്യയുടെ അസംസ്‌കൃത എണ്ണ കയറ്റുമതി കുത്തനെ കുറഞ്ഞു. താല്‍ക്കാലിക കെപ്ലര്‍ ഡാറ്റ (ഷിപ്പിംഗ് ടാങ്കറുകളുടെ ഡാറ്റ) കാണിക്കുന്നത് ഒക്ടോബര്‍ 27 വരെയുള്ള ആഴ്ചയില്‍ കയറ്റുമതി ശരാശരി 1.19 ദശലക്ഷം ബാരല്‍ (ബിപിഡി) ആണെന്നാണ്, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് 1.95 ദശലക്ഷം ബിപിഡി ആയിരുന്നു.
Nov 04, 2025, 8:55 am IST

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ് തുടരുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും വായുവിന്റെ ഗുണനിലവാരം 'വളരെ മോശം' വിഭാഗത്തില്‍ തുടരുകയും 309 എന്ന നിലയിലേക്ക് എത്തുകയും ചെയ്തതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സിപിസിബി) അറിയിച്ചു. സമീര്‍ ആപ്പില്‍ നിന്നുള്ള ഡാറ്റ പ്രകാരം അലിപൂര്‍ (421), ജഹാംഗീര്‍പുരി (404), വസീര്‍പൂര്‍ (404) എന്നിവയാണ് ദേശീയ തലസ്ഥാനത്തെ ഏറ്റവും മലിനമായ പ്രദേശങ്ങള്‍. അവിടുത്തെ വായുവിന്റെ ഗുണനിലവാര സൂചിക 'ഗുരുതര' വിഭാഗത്തിലേക്ക് വീണിരിക്കുകയാണ്.
Nov 04, 2025, 8:26 am IST

കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. നിരവധി ക്രിമിനല്‍ കേസുകളിലെയും മോഷണക്കേസുകളിലെയും പ്രതിയാണ്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനാണ്. തിങ്കളാഴ്ച രാത്രി 9.45-ഓടെയാണ് മുരുകന്‍ രക്ഷപ്പെട്ടത്. തമിഴ്നാട് പോലീസിന് കൈമാറിയ പ്രതിയെ തിരികെ എത്തിക്കുന്നതിനിടെ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി 53 കേസുകളിലെ പ്രതിയാണ്.
Nov 04, 2025, 7:34 am IST

ഇപി ജയരാജന്റെ ആത്മകഥയെ ചൊല്ലി സിപിഎമ്മില്‍ അമര്‍ഷം. പാര്‍ട്ടി മൂടിവെച്ച വിവാദങ്ങള്‍ വീണ്ടും ചര്‍ച്ചയാക്കാന്‍ ആത്മകഥ വഴിയൊരുക്കും എന്നാണ് വിമര്‍ശനം. ഇന്നലെ പ്രകാശനം ചെയ്ത 'ഇതാണെന്റെ ജീവിതം' എന്ന ആത്മരഥയില്‍ കണ്ണൂര്‍ മൊറാഴയിലെ വൈദേകം ആയുര്‍വേദ റിസോര്‍ട്ട് വിവാദമടക്കമുള്ള വിഷയങ്ങള്‍ ഇപി പ്രതിപാദിക്കുന്നുണ്ട്. വൈദേകം വിഷയം സി പി എം സംസ്ഥാന സമിതിയില്‍ പി ജയരാജന്‍ ഉന്നയിച്ചതടക്കം വിവരിച്ചുകൊണ്ടാണ് ഇപി തന്റെ അമര്‍ഷം വ്യക്തമാക്കിയത്.
Nov 04, 2025, 7:08 am IST

ബിഹാറില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച. പരസ്യപ്രചരണം ഇന്ന് അവസാനിക്കും. പാട്‌ന അടക്കം 18 ജില്ലകള്‍ ആറാം തിയതി വിധിയെഴുതും. 121 സീറ്റുകളിലേക്കാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.
Nov 04, 2025, 6:44 am IST

ട്രെയിനില്‍ നിന്നും മധ്യവയസ്‌കന്‍ തള്ളിയിട്ടതിനെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയചന്ദ്രന്‍. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ന്യൂറോ ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളും ചേര്‍ന്നുള്ള ചികിത്സയാണ് നിലവില്‍ കൊടുക്കുന്നത് എന്നും തലച്ചോറിനാണ് പരിക്കേറ്റിരിക്കുന്നതെന്നും തലച്ചോറില്‍ ചതവുണ്ടെന്ന് കണ്ടെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടി ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തിലാണ് കഴിയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+