Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എഫ്‌ഐക്ക് പുതിയ ഭാരവാഹികള്‍; സെന്‍സസ് ആദ്യഘട്ടം പ്രഖ്യാപിച്ചു, സൂംബ വിവാദം മയപ്പെടുന്നു, മറ്റ് വാര്‍ത്തകള്‍

രാജ്യത്ത് നടക്കാന്‍ പോകുന്ന സെന്‍സസിന്റെ ആദ്യഘട്ട നടപടികള്‍ പ്രഖ്യാപിച്ചു. ഇടതുപക്ഷ വിദ്യാര്‍ഥി സംഘടന എസ്എഫ്‌ഐക്ക് പുതിയ ഭാരവാഹികളായി. സംസ്ഥാനത്തെ നടുക്കി തൃശൂരിലെ നവാജത ശിശുക്കളുടെ കൊലപാതകം. സൂംബ വിവാദത്തില്‍ നിലപാട് മയപ്പെടുത്തി മത സംഘടനാ നേതാക്കള്‍ രംഗത്തുവന്നു. എന്നാല്‍ തീരുമാനവുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്.

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. അറബിക്കടലിന് മുകളിലായി പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്. 5 ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ) ജില്ലയില്‍ കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മറ്റ് പ്രധാനവാര്‍ത്തകള്‍ അറിയാം.

Malayalam News

Jun 29, 2025, 10:26 pm IST

ഇറാന്‍ യുഎന്നിനെ സമീപിച്ചു

അമേരിക്കക്കും ഇസ്രായേലിനും എതിരെ നടപടി വേണം എന്നാവശ്യപ്പെട്ട് ഇറാന്‍ ഐക്യരാഷ്ട്രസഭയെ സമീപിച്ചു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുഎന്‍ സെക്രട്ടറി ജനറലിന് ഇറാന്‍ കത്തു നല്‍കി. യുദ്ധക്കുറ്റകൃത്യങ്ങളില്‍ നടപടി വേണം എന്നും ഇറാന്‍ ആവശ്യപ്പെട്ടു. ഇറാന്‍ ആണവായുധമുണ്ടാക്കാനുള്ള സാധ്യതയുണ്ടെന്ന് ഐഎഇഎ പറയുന്നു.
Jun 29, 2025, 9:31 pm IST

അമേരിക്കയില്‍ ഇന്ത്യന്‍ യുവതിയെ കാണാനില്ല

അമേരിക്കയിലെത്തിയ ഇന്ത്യന്‍ വംശജ സീമ്രാന്‍ സീമ്രാന്‍ എന്ന 24കാരിയെ കാണാനില്ല എന്ന് പരാതി. ഈ മാസം 20ന് ന്യൂജെഴ്‌സിയിലെത്തിയ ഉടനെ കാണാതാകുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് പോലീസില്‍ പരാതി ലഭിച്ചതത്രെ. ലിന്‍ഡെന്‍വോള്‍ഡ് പോലീസ് സിമ്രാന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു. അന്വേഷണം പുരോഗമിക്കുന്നു.
Jun 29, 2025, 8:44 pm IST

തൃശൂര്‍ പുതുക്കാട്ടെ രണ്ട് കുഞ്ഞുങ്ങളെയും കൊന്നത് അമ്മ

പുതുക്കാട്ടെ നവജാത ശിശുക്കളെ കൊന്നത് അമ്മ എന്ന് എഫ്‌ഐആര്‍. അമ്മയുമായി തെളിവെടുപ്പ് നടത്തി. കുഞ്ഞിനെ കുഴിച്ചിട്ട സ്ഥലം അനീഷ പോലീസിന് കാണിച്ചുകൊടുത്തു. 2021 നവംബര്‍ ആറിന് ആദ്യ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നു. 2024 ആഗസ്റ്റ് 29ന് രണ്ടാമത്തെ കുഞ്ഞിനെയും അമ്മ അനീഷ കൊലപ്പെടുത്തി. ആദ്യത്തെ കുഞ്ഞിന്റെ അസ്ഥി പുറത്തെടുത്തത് എട്ട് മാസങ്ങള്‍ക്ക് ശേഷം. രണ്ടാമത്തെ കുഞ്ഞിന്റേത് നാല് മാസങ്ങള്‍ക്ക് ശേഷവും.
Jun 29, 2025, 8:07 pm IST

സൂംബയെ പിന്തുണച്ച് വെള്ളാപ്പള്ളി

സൂംബ നൃത്തം സ്‌കൂളുകളില്‍ നടപ്പാക്കുന്നതിനോട് യോജിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തെറ്റായി വ്യാഖ്യാനിച്ച് മുസ്ലിം സമുദായത്തിലെ ഒരു വിഭാഗം നിലപാട് എടുത്തത് ശരിയല്ല. മത സംസ്ഥാനം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരെങ്കിലും പറഞ്ഞാല്‍ കുറ്റം പറയാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Jun 29, 2025, 7:23 pm IST

ത്രിഭാഷാ നയത്തില്‍ പൊള്ളി മഹാരാഷ്ട്ര സര്‍ക്കാര്‍

കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെ ത്രിഭാഷാ നയം മഹാരാഷ്ട്ര സര്‍ക്കാര്‍ താല്‍ക്കാലികമായി മരവിപ്പിച്ചു. ഭാവി കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് മൂന്നംഗ സമിതിയെ നിയോഗിച്ചു. ശിവസേന ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഹിന്ദിക്ക് പ്രാധാന്യം നല്‍കുന്നതിനെതിരെ രംഗത്തുവന്നിരുന്നു.
Jun 29, 2025, 6:18 pm IST

എസ്എഫ്‌ഐക്ക് പുതിയ ഭാരവാഹികള്‍

ആദര്‍ശ് എം സജി എസ്എഫ്‌ഐ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ശ്രീജന്‍ ഭട്ടാചാര്യയാണ് ജനറല്‍ സെക്രട്ടറി. കോഴിക്കോട് നടന്ന അഖിലേന്ത്യാ സമ്മേളനമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. 87 അംഗ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.
Jun 29, 2025, 5:49 pm IST

സെന്‍സസ് ആദ്യ ഘട്ടം പ്രഖ്യാപിച്ചു

ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന സെന്‍സസിന്റെ ആദ്യഘട്ടം പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്ന് മുതലാണ് നടപടികള്‍ തുടങ്ങുക. ഇതുസംബന്ധിച്ച് രജിസ്ട്രര്‍ ജനറല്‍-സെന്‍സസ് കമ്മീഷണര്‍ മൃത്യുഞ്ജയ് കുമാര്‍ നാരായണ്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു.
Jun 29, 2025, 5:05 pm IST

സൂംബ; പക്വതയോടെ പ്രതികരിക്കണം

വര്‍ഗീയതയ്ക്ക് തിരികൊളുന്ന പ്രസ്താവനയില്‍ നിന്ന് എല്ലാവരും വിട്ടു നില്‍ക്കണം എന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെഎന്‍എം) സംസ്ഥാന അധ്യക്ഷന്‍ ടിപി അബ്ദുല്ലക്കോയ മദനി. കോഴിക്കോട് സംഘടനയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്തെ പോരായ്മകള്‍ പരിഹരിക്കുകയാണ് വേണ്ടത്. സൂംബ വിവാദത്തില്‍ പക്വതയോടെ പ്രതികരിക്കണം. സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കുന്ന സമീപനം പണ്ഡിതരുടെ ഭാഗത്തുനിന്നുണ്ടാകരുതെന്നും അബ്ദുല്ലക്കോയ മദനി ആവശ്യപ്പെട്ടു.
Jun 29, 2025, 3:58 pm IST

മഴ കുറയുന്നു

സംസ്ഥാനത്ത് മഴ കുറയുന്നു. നാളെ പ്രത്യേക മഴ മുന്നറിയിപ്പുകൾ ഇല്ല. അതേസമയം 3 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.
Jun 29, 2025, 3:17 pm IST

നവജാത ശിശുക്കളുടെ കൊലപാതകം; കൂടുതൽ വിവരങ്ങൾ പുറത്ത്

പുതുക്കാട് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അനീഷ ബന്ധത്തിൽ നിന്നും പിൻമാറാൻ ഒരുങ്ങുന്നതായി സംശയം തോന്നിയതോടെയാണ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ വിവരം പുറത്ത് പറയാൻ തീരുമാനിച്ചതെന്ന് ഭവിൻ പോലീസിനോട് പറഞ്ഞു. മരിച്ച രണ്ട് കുട്ടികളിൽ ഒരാളുടെ മൃതദേഹം തലയിൽ പൊക്കിൾകൊടി ചുറ്റിയ നിലയിലായിരുന്നു. കുട്ടി പ്രസവിക്കുമ്പോൾ തന്നെ മരിച്ചുവെന്നാണ് മൊഴി. എന്നാൽ രണ്ടാമത്തെ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്നും ഇരുവരും മൊഴി നൽകിയിട്ടുണ്ട്.
Jun 29, 2025, 2:32 pm IST

ഉക്രെയ്‌നില്‍ റഷ്യയുടെ വന്‍ വ്യോമാക്രമണം

ഉക്രെയ്‌നെതിരെ ശക്തമായ വ്യോമാക്രമണം നടത്തി റഷ്യ. 470 ലധികം ഡ്രോണുകളും 60 വിവിധ തരം മിസൈലുകളും ഉപയോഗിച്ചായിരുന്നു റഷ്യന്‍ ആക്രമണം. ആക്രമണത്തില്‍ ഒരു ഉക്രേനിയന്‍ എഫ്-16 പൈലറ്റ് കൊല്ലപ്പെട്ടു. യുഎസ് നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സമാധാന ശ്രമങ്ങള്‍ ഇതുവരെ ഒരു വഴിത്തിരിവും സൃഷ്ടിച്ചിട്ടില്ലാത്തതിനാല്‍ യുദ്ധം അവസാനിക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല.
Jun 29, 2025, 2:04 pm IST

തൃണമൂലില്‍ കലാപം

കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ഭിന്നത. തൃണമൂല്‍ നേതാക്കളുടെ അധിക്ഷേപകരമായ പരാമര്‍ശത്തിനെതിരെ മഹുവ മൊയ്ത്ര എംപി രംഗത്തെത്തിയതോടെ പാര്‍ട്ടിയിലെ ഭിന്നത രൂക്ഷമായി. കല്യാണ്‍ ബാനര്‍ജി എംപിയുടെയും മദന്‍ മിത്ര എംഎല്‍എയുടെയും വിവാദ പരാമര്‍ശങ്ങളില്‍ നിന്ന് പാര്‍ട്ടി അകലം പാലിച്ചതിന് പിന്നാലെ ഇരുവരുടേയും പ്രസ്താവനകള്‍ വെറുപ്പുളവാക്കുന്നവയാണ് എന്ന് മഹുവ വിശേഷിപ്പിച്ചു. അത്തരം പ്രസ്താവനകള്‍ ആരുണ്ടാക്കിയാലും, മറ്റ് പാര്‍ട്ടികളില്‍ നിന്ന് തൃണമൂല്‍ വ്യത്യസ്തമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിന് മഹുവ ഹണിമൂണ്‍ കഴിഞ്ഞ് വന്ന് കുടുംബം തകര്‍ക്കാന്‍ ശ്രമിക്കുകയാണ് എന്നായിരുന്നു കല്യാണ്‍ ബാനര്‍ജിയുടെ പ്രതികരണം
Jun 29, 2025, 12:45 pm IST

മുല്ലപ്പെരിയാര്‍ ഡാം തുറന്നു

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാം തുറന്നു. ഡാമിന്റെ 13 ഷട്ടറുകള്‍ ആണ് തുറന്നത്. 10 സെന്റിമീറ്റര്‍ വീതമാണ് തുറന്നത്. സെക്കന്റില്‍ 250 ഘനയടി വെള്ളമാണ് ഒഴുക്കി വിടുന്നത്.
Jun 29, 2025, 12:06 pm IST

മണ്ണിടിഞ്ഞ് അപകടം

കോഴിക്കോട് നെല്ലിക്കോട് മണ്ണിടിഞ്ഞ് വീണ് അപകടം. ഒരാള്‍ കുടുങ്ങി കിടക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും മണ്ണിടിഞ്ഞത് പ്രതിസന്ധി. ഫയര്‍ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി.
Jun 29, 2025, 11:28 am IST

കൊന്ന് കുഴിച്ചിട്ടതോ?

തൃശൂര്‍ പുതുക്കാടില്‍ നവജാത ശിശുക്കളെ കുഴിച്ചുമൂടി. സംഭവത്തില്‍ അവിവാഹിതരായ മാതാപിതാക്കള്‍ കസ്റ്റഡിയില്‍. 24 കാരനായ യുവാവും 21 കാരിയായ യുവതിയുമാണ് കസ്റ്റഡിയിലായിരിക്കുന്നത്. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ടതാണോ എന്ന് പരിശോധിക്കും
Jun 29, 2025, 11:25 am IST

കൊല്‍ക്കത്ത ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ പൊലീസിന്

സൗത്ത് കല്‍ക്കട്ട ലോ കോളേജ് കൂട്ടബലാത്സംഗത്തിലെ നിര്‍ണായക ദൃശ്യങ്ങള്‍ പൊലീസിന്. കോളേജില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥിനിയുടെ ബലാത്സംഗ പരാതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്നതാണ് എന്ന് പൊലീസ് പറഞ്ഞു. ജൂണ്‍ 25 ലെ സംഭവത്തിന് മുമ്പുള്ള ദൃശ്യങ്ങളില്‍, ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിനിയെ ഗാര്‍ഡിന്റെ മുറിയിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോകുന്നത് വ്യക്തമാണ്. മൂന്ന് പ്രതികളുടെയും സെക്യൂരിറ്റി ഗാര്‍ഡിന്റെയും ഇരയുടെയും നീക്കങ്ങള്‍ ഇതില്‍ കാണാം. നിലവില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ് എന്ന് പൊലീസ് പറഞ്ഞു.
Jun 29, 2025, 11:13 am IST

ഹാരിസ് സത്യസന്ധന്‍

ഡോ ഹാരിസ് പറഞ്ഞ ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഹാരിസ് ഉന്നയിച്ചത് സിസ്റ്റത്തിന്റെ പ്രശ്‌നമാണ് എന്നും അദ്ദേഹം സത്യസന്ധനായ ഡോക്ടറാണ് എന്നും വീണ ജോര്‍ജ്. സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്ന രോഗികളുടെ എണ്ണം കൂടിയെന്നും മന്ത്രി
Jun 29, 2025, 10:39 am IST

കപ്പല്‍ അവശിഷ്ടം കരയിലേക്ക്

എംഎസി എല്‍സ 3 കപ്പല്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ തീരങ്ങളില്‍ തുടര്‍ച്ചയായി പ്ലാസ്റ്റിക് അസംസ്‌കൃത വസ്തുക്കള്‍ അടിയുന്നതില്‍ ആശങ്കയുണ്ട് എന്ന് ഡിജി ഷിപ്പിംഗ്. നാല് ദിവസത്തില്‍ നീക്കം ചെയ്തത് 790 പ്ലാസ്റ്റിക് പെല്ലെറ്റുകളാണ് എന്നും ഇത് 14 മെട്രിക്ക് ടണ്‍ വരും എന്നും ഡിജി ഷിപ്പിംഗ് അറിയിച്ചു.
Jun 29, 2025, 10:14 am IST

പറഞ്ഞതെല്ലാം സത്യം, സംസാരിച്ചത് രോഗികള്‍ക്ക് വേണ്ടി

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സാ പ്രതിസന്ധിയുണ്ടെന്ന് ആവര്‍ത്തിച്ച് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കല്‍. ഉപകരണ ക്ഷാമം കാരണം രോഗികള്‍ക്ക് ചികിത്സ ലഭിക്കുന്നില്ലെന്നുള്ള വിവരം ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ പറഞ്ഞത് വസ്തുതയാണ്. രോഗികള്‍ക്ക് വേണ്ടിയാണ് താന്‍ സംസാരിക്കുന്നത് എന്നും ഹാരിസ് ചിറയ്ക്കല്‍
Jun 29, 2025, 9:34 am IST

ഭോപ്പാലിലെ 90 ഡിഗ്രി ലാഫിംഗ് സ്റ്റോക്ക് പാലം: എഞ്ചിനീയര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

മധ്യപ്രദേശ് സര്‍ക്കാരിന്റെ പൊതുമരാമത്ത് വകുപ്പിലെ ആറ് എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ഭോപ്പാലില്‍ പുതുതായി നിര്‍മ്മിച്ച റെയില്‍ ഓവര്‍ ബ്രിഡ്ജിന്റെ 'തെറ്റായ രൂപകല്‍പ്പന'യുമായി ബന്ധപ്പെട്ടാണ് നടപടി.
Jun 29, 2025, 9:07 am IST

തിക്കിലും തിരക്കിലും പെട്ട് അപകടം

ഒഡീഷയിലെ പുരിയില്‍ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജഗന്നാഥ ക്ഷേത്രത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ശ്രീ ഗുണ്ടിച്ച ക്ഷേത്രത്തിന് സമീപത്തുകൂടി ജഗന്നാഥന്‍, ബലഭദ്രന്‍, ദേവി ശുഭദ്ര എന്നിവരുടെ വിഗ്രഹങ്ങളുള്ള മൂന്ന് രഥങ്ങള്‍ കടന്നുപോകുമ്പോഴാണ് സംഭവം.
Jun 29, 2025, 8:57 am IST

ഡോ. ഹാരിസ് ചിറയ്ക്കലിന് പിന്തുണ

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ചികിത്സാ പ്രതിസന്ധി ആരോപണത്തില്‍ ഡോ ഹാരിസ് ചിറയ്ക്കലിനെ പിന്തുണച്ച് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍. ഡോ ഹാരിസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈകാരിക പ്രകടനമാണെന്ന ഡിഎംഇയുടെ വാദങ്ങള്‍ കെജിഎംസിടിഎ പ്രസിഡന്റ് ഡോ റോസനാര ബീഗം തള്ളി. ഹാരിസ് ചിറക്കലിനെതിരെ അച്ചടക്ക നടപടിയെടുത്താല്‍ സംഘടന ശക്തമായി ഇടപെടുമെന്നും അവര്‍ വ്യക്തമാക്കി.
Jun 29, 2025, 8:10 am IST

ഡിജെ പാര്‍ട്ടിക്കിടെ സംഘര്‍ഷം

എറണാകുളത്തെ കൃതക്കടവ് ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ സംഘര്‍ഷം. ഡിജെ പാര്‍ട്ടിക്കിടെ മോശമായി പെരുമാറിയെന്നാരോപിച്ച് യുവതി യുവാവിനെ ബിയര്‍ കുപ്പികൊണ്ട് കുത്തി. ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. പരിക്കുകളോടെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിനിമാതാരങ്ങളും പിന്നണി ഗായകരുമെല്ലാം എത്തിയ ഡിജെ പാര്‍ട്ടിക്കിടെയായിരുന്നു സംഭവം
Jun 29, 2025, 7:36 am IST

വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

ചികിത്സയില്‍ തുടരുന്ന മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. വൃക്കയുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ഉച്ചയ്ക്ക് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിടും
Jun 29, 2025, 7:10 am IST

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നു

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കാന്‍ തീരുമാനിച്ചു. വൃഷ്ടിപ്രദേശത്ത് ജലനിരപ്പുയരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ജലനിരപ്പ് 136 അടിയായതോടെ ഞായറാഴ്ച രാവിലെ 10 മണിക്ക് മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തും എന്നാണ് മിഴ്‌നാട് അറിയിച്ചിരിക്കുന്നത്. പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടും. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം
Jun 29, 2025, 6:46 am IST

പാകിസ്ഥാനില്‍ ഭൂചലനം

പാകിസ്ഥാനില്‍ ഇന്ന് പുലര്‍ച്ചെയോടെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+