ഗവര്‍ണര്‍-സര്‍ക്കാര്‍ പോരില്‍ സുപ്രീംകോടതി ഇടപെടല്‍; സെര്‍ച്ച് കമ്മിറ്റിയെ സുപ്രീംകോടതി നിയമിക്കും
സംസ്ഥാനത്തെ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ചാന്‍സലറായ ഗവര്‍ണറും സര്‍ക്കാരും യോജിപ്പില്‍ എത്താത്ത സാഹചര്യത്തില്‍ അസാധാരണ നടപടിയുമായി സുപ്രീംകോടതി. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലേക്ക് താത്കാലിക വിസിമാരെ കണ്ടെത്താനായി സുപ്രീംകോടതി സെര്‍ച്ച് കമ്മിറ്റിയെ നിയോഗിക്കും. കമ്മിറ്റിയിലേക്ക് 5 പേരുകള്‍ നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.
സര്‍ക്കാരിനും ഗവര്‍ണര്‍ക്കും യുജിസിക്കും നാളെ പേരുകള്‍ നിര്‍ദേശിക്കാം. എന്നിട്ട് സെര്‍ച്ച് കമ്മിറ്റി നിശ്ചയിച്ച് നല്‍കുന്ന പാനലില്‍ നിന്ന് ഗവര്‍ണര്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കോടതിയുടെ നിര്‍ദേശം. പ്രശ്‌നം പരിഹരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും സുപ്രീംകോടതി പറഞ്ഞു. അതേസമയം കേന്ദ്രമന്ത്രി സുരേഷ് ഗോപി അങ്കമാലിയില്‍ എത്തി ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ വീട് സന്ദര്‍ശിച്ചു. മറ്റ് വാര്‍ത്തകള്‍ അറിയാം

തൃശൂരിലെ കള്ളവോട്ട് ആരോപണത്തിൽ കൂടുതൽ വിശദാംശങ്ങളുമായി കോൺഗ്രസ് നേതാവ് ടിഎൻ പ്രതാപൻ. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനായി കേരളത്തിൽ വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ചുമതല വഹിച്ച സ്വകാര്യ സോഫ്റ്റ്‌വെയർ കമ്പനിയെ സ്വാധീനിച്ചാണ് ബിജെപി കേന്ദ്രനേതൃത്വം തൃശൂർ ലോക്‌സഭാമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ അവസാന നിമിഷം 30,000 ത്തിലേറെ വ്യാജ വോട്ടുകൾ തിരുകികയറ്റിയെതെന്നാണ് ആരോപണം. ഇതേക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബംഗാൾ ഉൾകടലിന് മുകളിൽ രൂപപ്പെട്ട ന്യൂന മർദ്ദം ശക്തിയാർജ്ജിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അടുത്ത 3 ദിവസം മഴ ഭീഷണി. ഇത് പ്രകാരം 3 ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ഉൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും 15 ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ബിഹാർ വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ പരിഹസിച്ച് രാഹുൽ ഗാന്ധി എംപി. തിരഞ്ഞെടുപ്പ് കമ്മീഷൻ കരട് വോട്ടർ പട്ടികയിൽ മരിച്ചതായി രേഖപ്പെടുത്തിയ വോട്ടർമാർക്കൊപ്പം ചായ കുടിക്കുന്ന വീഡിയോ പങ്കുവെച്ചാണ് അദ്ദേഹത്തിന്റെ പരിഹാസം. ബിഹാറിൽ മരിച്ചതായി രേഖപ്പെടുത്തിയ ഏഴ് വോട്ടർമാർക്കൊപ്പമാണ് ലോക്‌സഭയിലെ പ്രതിപക്ഷ നേതവ് കൂടിയായ രാഹുൽ ഗാന്ധി ചായ കുടിച്ചത്.
ഓട്ടോറിക്ഷയുടെ വെളിച്ചം കണ്ണിലടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവർക്ക് കുത്തേറ്റു. പരിക്കേറ്റ ഓട്ടോ ഡ്രൈവർ ദിലീപിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഖിൽ രാജ്, വിജയൻ എന്നിവരാണ് ആക്രമണത്തിന് പിന്നിൽ. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
പത്തനംതിട്ട നാറാണമൂഴിയിൽ അധ്യാപികയുടെ ശമ്പളക്കുടിശ്ശിക വൈകിയതിനെ തുടർന്ന് ഭർത്താവ് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ നീതി. മുടങ്ങി കിടന്ന ശമ്പള കുടിശ്ശിക അധ്യാപികയുടെ അക്കൗണ്ടിലെത്തി. 12 വർഷത്തെ ശമ്പള കുടിശ്ശിക ലഭിക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ കയറി മടുത്താണ് അധ്യാപികയുടെ ഭർത്താവ് ഷിജോ ആത്മഹത്യ ചെയ്‌തതെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു.
സ്‌കൂളുകൾ അടച്ചിടാൻ അനുവദിക്കില്ല; വി ശിവൻകുട്ടി
സംസ്ഥാനത്തെ ഒരു സ്‌കൂളും മാനേജ്‌മെന്റ് തർക്കങ്ങളുടെ പേരിൽ അടച്ചിടാൻ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാർത്ഥികളുടെ അധ്യയനം മുടക്കുന്ന ഒരു നടപടിയും അംഗീകരിക്കില്ല. ഇത്തരം സാഹചര്യങ്ങളിൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള വിദ്യാഭ്യാസ ചട്ടങ്ങൾ അനുസരിച്ച്, സ്‌കൂളുകൾ അടച്ചിടാൻ മാനേജ്‌മെന്‍റിനോ മറ്റ് വ്യക്തികൾക്കോ അധികാരമില്ലെന്നും അദ്ദേഹം പറയുന്നു.
വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തുന്നുവെന്ന ആരോപണവുമായി മുസ്ലീം ലീഗ് നേതാവ് എംകെ മുനീർ. മാറാട് ഒരു വീട് നമ്പറിൽ 327 വോട്ടുകൾ ചേർത്തുവെന്ന് അദ്ദേഹം പറയുന്നു. സിപിഎം നേതൃത്വത്തിലുള്ള സർവീസ് സഹകരണ ബാങ്കാണ് കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷൻ വിഷയം ഗൗരവമായി കാണണമെന്നും മുനീർ ആവശ്യപ്പെട്ടു.
കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ മലപ്പുറത്തെ ഓഫീസിൽ വിജിലൻസ് പരിശോധന. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പിവി അൻവർ 12 കോടി വായ്‌പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് വിജിലൻസ് റൈഡ്. 2015ൽ 12 കോടി എടുത്ത വായ്‌പ 22 കോടിയായി എന്നാണ് പരാതിയിൽ പറയുന്നത്. കെഎഫ്‌സിക്ക് ഭീമമായ നഷ്‌ടമുണ്ടായി എന്നായിരുന്നു കണ്ടെത്തൽ. തിരുവനന്തപുരത്ത് നിന്നുള്ള വിജിലൻസ് പ്രത്യേക സംഘമാണ് റെയ്‌ഡ് നടത്തിയത്.
വന്ദേഭാരതിന് നേരെ വീണ്ടും കല്ലേറ്
വന്ദേഭാരതിന് നേരെ വീണ്ടും കല്ലേറ്. മലപ്പുറം- താനൂരിനും തിരൂരിനുമിടയിൽ വച്ചാണ് കല്ലേറുണ്ടായത്. കല്ലേറിൽ സി 7 കോച്ചിലെ ചില്ല് തകർന്നുവീണിട്ടുണ്ട്. കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ട്രെയിനിന് നേരെയാണ് ആക്രമണം നടന്നത്. കല്ലേറിൽ യാത്രക്കാർക്ക് പരിക്കില്ലെന്നാണ് വിവരം. നിലവിൽ ട്രെയിൻ ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടരുകയാണ്.
പെട്രോൾ പമ്പിലെ ശുചിമുറി; ആർക്കും ഉപയോഗിക്കാമെന്ന് കോടതി
പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ ഭേദഗതി വരുത്തി. ആർക്ക് എപ്പോൾ വേണമെങ്കിലും പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കാമെന്നാണ് ഹൈക്കോടതി ഉത്തരവിൽ പറയുന്നത്. സുരക്ഷാ പ്രശ്‌നം ഉണ്ടെങ്കിൽ മാത്രമേ തടയാവൂ എന്നാണ് കോടതി അറിയിച്ചത്. എന്നാൽ അധികാരം സ്ഥാപിച്ച് ബോർഡ് വയ്ക്കരുതെന്ന് എതിർകക്ഷികളായ തൊടുപുഴ, തിരുവനന്തപുരം നഗരസഭകൾക്ക് കോടതി നിർദ്ദേശം നൽകിയിട്ടുമുണ്ട്.
ശിവൻകുട്ടി രാജിവെച്ചു
പത്തനംതിട്ട സിപിഎം റാന്നി ഏരിയ സെക്രട്ടറി ടിഎൻ ശിവൻകുട്ടി രാജിവെച്ചു. ചില നേതാക്കൾക്ക് എതിരെ ജില്ലാ നേതൃത്വത്തിന് പരാതി നൽകിയ ശേഷമാണ് രാജിവെച്ചതെന്നാണ് ലഭ്യമായ വിവരം. ഏരിയ സെക്രട്ടറിയുടെ പകരം ചുമതല അഡ്വ. കെപി സുഭാഷ് കുമാറിന് നൽകി. കഴിഞ്ഞ ദിവസമാണ് ശിവൻകുട്ടി പാർട്ടിയുടെ ജില്ലാ നേത്യത്വത്തിന് രാജി കത്ത് നൽകിയത്.
സഹായിച്ചതിന് നന്ദിയെന്ന് സുരേഷ് ഗോപി
വോട്ട് ക്രമക്കേട് ആരോപണങ്ങളിലടക്കം മാധ്യമപ്രവര്‍ത്തകരുടെ ഒരു ചോദ്യത്തിനും പ്രതികരിക്കാതെ സുരേഷ് ഗോപി എംപി. ഒടുവിൽ സഹായിച്ചതിന് നന്ദിയെന്ന് മാത്രം പറഞ്ഞ് ഒറ്റവരിയില്‍ മാധ്യമങ്ങളെ പരിഹസിച്ചു കൊണ്ടാണ് അദ്ദേഹം കടന്നുപോയത്. തിരുവനന്തപുരത്ത് നിന്നും വന്ദേഭാരതില്‍ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനിലിറങ്ങിയ സുരേഷ് ഗോപിയെ ബിജെപി പ്രവര്‍ത്തകര്‍ അഭിവാദ്യങ്ങളോടെയാണ് സ്വീകരിച്ചത്.
സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നു എന്നത് അടിസ്ഥാനരഹിതമായ പ്രചാരണമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. അത്തരം ഒരു നീക്കവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും സിഎം ഓഫീസ് വ്യക്തമാക്കി.
'കേര' പദ്ധതിക്ക് ലോകബാങ്ക് തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അതീവരഹസ്യ സ്വഭാവത്തിലുള്ള കത്തിൻ്റെ പകർപ്പ് മാധ്യമങ്ങളിൽ വരാൻ ഇടയായ സാഹചര്യത്തെ പറ്റി സർക്കാർ
അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
അതീവ രഹസ്യ സ്വഭാവത്തിലുള്ള ഇത്തരം കത്തുകൾ
ചോരുന്നതും അത് മാധ്യമങ്ങളിൽ അച്ചടിച്ച് വരുന്നതും
ഒരു ധനകാര്യ സ്ഥാപനത്തിൻ്റെ മുന്നിൽ സർക്കാരിൻ്റെ
വിശ്വാസ്യത ചോർച്ചക്ക് കാരണമാവും. അത്തരം ഒരു
വീഴ്ച്ച എങ്ങനെ ഉണ്ടായി എന്ന് മനസിലാക്കുന്നത് സർക്കാരിൻ്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമാണ്.
എന്നാൽ ഇതിനെ മാധ്യമ പ്രവർത്തകർക്ക് എതിരായ ഒന്നായി ചിത്രീകരിക്കുന്നത് വ്യാജ വാർത്താ പ്രചരണം തന്നെയാണ്.
തെറ്റായ രീതിയിൽ ഒരു വാർത്ത വന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കുന്നതിനേയും ഉത്തരവാദികളെ കണ്ടെത്താൻ ശ്രമിക്കുന്നതിനെയും മാധ്യമ വിരുദ്ധ നീക്കം ആയി വ്യാഖ്യാനിക്കേണ്ടതില്ല. ചുമതലാ നിർവഹണത്തിൽ വീഴ്ചയോ തെറ്റായ കാര്യങ്ങളോ ഉണ്ടായിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കുക എന്നത് സ്വാഭാവിക നടപടി ക്രമം ആണ്. അത് ആരുടെയെങ്കിലും തോന്നലിൻ്റെയോ നിർബന്ധത്തിൻ്റെയോ ഫലമായി ഉണ്ടായതല്ല.
നിയമപരവും ചട്ട പ്രകാരവുമുള്ള നടപടികൾ ആണ് സ്വീകരിച്ചിട്ടുള്ളത്. ഈ വസ്തുതാ അന്വേഷണത്തിൻ്റെ ഭാഗമായി മാധ്യമപ്രവർത്തകരെ വിളിച്ച് വരുത്തി തെളിവ് എടുക്കും എന്ന പ്രതീതി
സൃഷ്ടിക്കുന്നത് ശരിയല്ല.
കേരളത്തിലെ മാധ്യമങ്ങളെയും സർക്കാരിനോടുള്ള മാധ്യമ സമീപനത്തെയും മനസ്സിലാക്കുന്ന ആരും ഇത്തരം ഒരു ആരോപണം ഉന്നയിക്കില്ല.
സംസ്ഥാന സർക്കാരിനെ ലക്ഷ്യം വെച്ച് നേരിട്ടും അല്ലാതെയും നിരന്തരം വ്യാജവാർത്തകളും കുപ്രചാരണങ്ങളും ഉണ്ടാകുന്നു. തെറ്റായ വാർത്തകൾ തെളിവ് സഹിതം പൊളിയുമ്പോഴും തിരുത്താനോ ക്ഷമ പറയാനോ തയ്യാറാവാതെ വ്യാജ പ്രചാരണം ഏതാനും മാധ്യമങ്ങൾ ഒരു അനുഷ്ഠാനം പോലെ തുടരുന്നു. സർക്കാർ നേതൃത്വത്തെയും മന്ത്രിമാരെയും രാഷ്ട്രീയ നേതാക്കളെയും ഹീനമായി വ്യക്ത്യധിക്ഷേപം ചെയ്യുന്ന വാർത്തകൾ പോലും നിർലോപം അച്ചടി മാധ്യമങ്ങളും ദൃശ്യ-ഇലക്ട്രോണിക് മാധ്യമങ്ങളും ജനങ്ങൾക്ക് മുന്നിൽ എത്തിക്കുന്നു. ഇതിനെ എല്ലാം കേസെടുത്തോ അടിച്ചമർത്തിയോ നേരിടുക എന്നതല്ല സർക്കാർ നയം. കേരളീയരുടെ ഉയർന്ന മാധ്യമ സാക്ഷരതയും രാഷ്ട്രീയ ബോധ്യവും കൊണ്ടാണ് ഇത്തരം വാർത്തകൾക്ക് ജനങ്ങളെ സ്വാധീനിക്കാൻ കഴിയാത്തത്. വ്യാജ വാർത്തകളുടെ സ്രഷ്ടാക്കളെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുക എന്ന ദൗത്യമാണ് ജനാധിപത്യപരമായി കേരളീയർ ഏറ്റെടുത്തിട്ടുള്ളത്.
അടിയന്തരാവസ്ഥയും അതിൻ്റെ ഭാഗമായ സെൻസറിങ്ങും പിന്നീട് നിരവധി പത്രമാരണ നടപടികളും ഈ നാട്ടിൽ ഉണ്ടായിട്ടുണ്ട്. രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യം ലോക ശരാശരിയിൽ എത്രയോ പിന്നിലാണ് എന്നതും വസ്തുതയാണ്. വാർത്ത റിപ്പോർട്ട് ചെയ്തതിൻ്റെ പേരിൽ മാധ്യമ പ്രവർത്തകരും മാധ്യമ സ്ഥാപനങ്ങളും സമകാലീന ഇന്ത്യൻ സാഹചര്യത്തിൽ വലിയ വെല്ലുവിളിയും പ്രതിസന്ധിയും നേരിടുന്നുണ്ട് .അത്തരം ഒരു നടപടിയോടും ഈ സർക്കാർ യോജിക്കുന്നില്ല. അവയ്ക്കെതിരായ ശക്തമായ നിലപാടും സർക്കാരിനുണ്ട്. മാധ്യമങ്ങളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും എല്ലാ അർത്ഥത്തിലും സംരക്ഷിക്കപ്പെടും. അതേസമയം വ്യാജവാർത്തകൾ നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സർക്കാരിനെതിരെ വികാരം സൃഷ്ടിക്കാനും നടത്തുന്ന ശ്രമങ്ങളെ തുറന്നുകാട്ടുകയും ചെയ്യും.
മാധ്യമങ്ങളുമായി നല്ല ബന്ധം സൂക്ഷിക്കുക എന്നതാണ് സർക്കാരിൻ്റെ സുവ്യക്തമായ സമീപനം. സർക്കാരിനെ ബോധപൂർവ്വം അപകീർത്തിപ്പെടുത്താൻ തെറ്റിധാരണജനകമായ വാർത്ത ചോർത്തി നൽകുന്നതും അതുവഴി സ്ഥാപനങ്ങൾക്കിടയിൽ വിശ്വാസ്യത തകർക്കാൻ ശ്രമിക്കുന്നതും ഗൂഢപ്രവൃത്തിയാണ്. സദ്ദുദ്ദേശപരമല്ലാത്ത ഇത്തരം രീതികളോട് ഒരു വിട്ടുവീഴ്ച്ചയും സർക്കാർ കാണിക്കില്ല.
ഇല്ലാത്ത ഒരു സംഭവത്തെ ഉണ്ടെന്ന് ആവർത്തിച്ചു പറഞ്ഞു പ്രചരിപ്പിച്ച് , മാധ്യമസ്വാതന്ത്ര്യം ധ്വംസിക്കപ്പെടുന്ന ഇടങ്ങളോട് കേരളത്തെ സമീകരിക്കാൻ ഉള്ള ശ്രമമാണ് ദൗർഭാഗ്യവശാൽ ഇവിടെ ഉണ്ടായിട്ടുള്ളത്. ഇതിനെ ശക്തമായി അപലപിക്കുന്നു. കേരളത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ ഒരു നീക്കവും അനുവദിക്കില്ല എന്ന് ആവർത്തിച്ച് വ്യക്തമാക്കുന്നു
, പത്രക്കുറിപ്പിൽ പറഞ്ഞു.
പൗരത്വം ലഭിക്കുന്നതിന് മുമ്പ് സോണിയ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയിൽ ചേർത്തു; ബിജെപി
ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുമ്പ് സോണിയ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയിൽ ചേർത്തുവെന്ന ആരോപണവുമായി ബിജെപി. ഇത് നഗ്നമായ നിയമലംഘനമായിരുന്നെന്നും ബിജെപി ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യ പറഞ്ഞു. 1980 ലാണ് സോണിയയുടെ പേര് വോട്ടർ പട്ടികയിൽ ചേർത്തത്. ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് ഒരു വർഷം മുമ്പാണ് മുൻപാണിത്, അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
'ബീഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം വോട്ടര്‍ വിരുദ്ധമല്ല'
തിരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖ പരിശോധന വോട്ടര്‍ വിരുദ്ധവും ഒഴിവാക്കല്‍ നീക്കവുമാണെന്ന വാദം തള്ളി സുപ്രീം കോടതി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചിന്റേതാണ് നിരീക്ഷണം. ബീഹാറിലെ വോട്ടര്‍ പട്ടികകളുടെ പ്രത്യേക തീവ്ര പരിഷ്‌കരണവുമായിബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതി വാദത്തിലെ വിയോജിപ്പ് രേഖപ്പെടുത്തിയത്.
നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം
ജമ്മു കശ്മീരിലെ ഉറി സെക്ടറിലെ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി. മേഖലയില്‍ ബുധനാഴ്ച രാവിലെയും വെടിവയ്പ്പ് നടന്നിരുന്നുവെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൂലിയ്ക്ക് വേണ്ടി ശമ്പളത്തോട് കൂടി അവധി
രജനീകാന്തിന്റെ കൂലി കാണാന്‍ തമിഴ് തൊഴിലാളികള്‍ക്ക് ശമ്പളത്തോടുകൂടിയ അവധി നല്‍കി സിംഗപ്പൂര്‍ ഫാര്‍മേഴ്സ് കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്. FDFS ടിക്കറ്റുകളും ഭക്ഷണത്തിനും പാനീയങ്ങള്‍ക്കുമായുള്ള തുകയും കമ്പനി തന്നെ നല്‍കിയിട്ടുണ്ട്.
മോദിയും ട്രംപും വേദി പങ്കിടും
ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ പ്രഭാഷകരുടെ താല്‍ക്കാലിക പട്ടിക പുറത്ത്. സെപ്റ്റംബറില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ (യുഎന്‍ജിഎ) വാര്‍ഷിക ഉന്നതതല സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്‌തേക്കും. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സമ്മേളനത്തില്‍ പങ്കെടുക്കും
റമീസിന്റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും
കോതമംഗലത്ത് 23 കാരി ആത്മഹത്യ ചെയ്ത കേസില്‍ പ്രതി റമീസിന്റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും. ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തും. പെണ്‍കുട്ടി റമീസിന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്നവരെയും ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.
അങ്കണവാടിയില്‍ അണലി
അങ്കണവാടിയില്‍ മൂന്ന് വയസുകാരിയുടെ ദേഹത്തേക്ക് അണലി വീണു. കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ ഇല്ലത്തുമുകള്‍ സ്മാര്‍ട്ട് അങ്കണവാടിയില്‍ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. കുട്ടി കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. ഉച്ചഭക്ഷണം കഴിച്ചശേഷം കൈ കഴുകുന്നതിനിടെ കെട്ടിടത്തിന്റെ മുകള്‍ ഭാഗത്ത് നിന്ന് അണലി കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.
ലോട്ടറി മറിച്ചുവിറ്റ് തട്ടിപ്പ്
ലോട്ടറി വകുപ്പില്‍ അട്ടിമറി ആരോപണവുമായി സിഐടിയു. ആലപ്പുഴ ജില്ല ലോട്ടറി ഓഫീസര്‍ മകന്റെ പേരില്‍ ഏജന്‍സിയെടുത്തു എന്നാണ് സിഐടിയു ആരോപണം. കടയില്‍ വില്‍ക്കാതെ ലോട്ടറി മൊത്തവില്‍പ്പനക്കാര്‍ക്ക് മറിച്ചു വില്‍ക്കുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
സുരേഷ് ഗോപി തൃശൂരിലേക്ക്
കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി ഇന്ന് തൃശൂരില്‍ എത്തും. ഒരു മാസത്തിന് ശേഷമാണ് അദ്ദേഹം സ്വന്തം മണ്ഡലത്തിലേക്ക് എത്തുന്നത്. ഇന്നലെ രാത്രി സിപിഎം ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബിജെപി പ്രവര്‍ത്തകരെ അദ്ദേഹം ആശുപത്രിയിലെത്തി കാണും. വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് സുരേഷ് ഗോപി തൃശൂരില്‍ എത്തുന്നത്












Click it and Unblock the Notifications