Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണം; ഹർജികൾ സുപ്രീം കോടതി ഇന്ന് പരിശോധിക്കും..മറ്റ് പ്രധാന വാർത്തകൾ

കേരളത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിനെതിരായ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.എസ്ഐആർ നടപടികളിൽ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. നേരത്തേ വിഷയത്തിൽ സുപ്രീം കോടതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയിരുന്നു.

അതിനിടെ ഷാങ്ഹായ് വിമാനത്താവളത്തില്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ചെന്നും അപമാനിച്ചെന്നുമുള്ള അരുണാചല്‍ പ്രദേശ് സ്വദേശിനിയുടെ ആരോപണങ്ങളിൽ ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും ചൈനയുടെ സ്വന്തം കുടിയേറ്റ ചട്ടങ്ങളുടെയും വ്യക്തമായ ലംഘനമാണെന്ന് ഇന്ത്യ തുറന്നടിച്ചു. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യവും അനിഷേധ്യവുമായ ഭാഗമാണ്, ഇത് സ്വയം വ്യക്തമായ ഒരു യാഥാർത്ഥ്യമാണ്. ചൈനയുടെ നിഷേധങ്ങൾക്കൊന്നും ഈ തർക്കരഹിതമായ യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

ഇന്നത്തെ മറ്റ് പ്രധാന വാർത്തകൾ കൂടി അറിയാം

newproject8

Nov 26, 2025, 10:10 pm IST

അയോധ്യയിലെ രാമക്ഷേത്രത്തിലെ പതാക ഉയര്‍ത്തല്‍ ചടങ്ങുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി വിദേശകാര്യ മന്ത്രാലയം വിമര്‍ശിച്ചു. മതഭ്രാന്തിന്റെയും ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെയും നീണ്ട ചരിത്രമുള്ള ഇസ്ലാമാബാദിന് മറ്റുള്ളവരെ പഠിപ്പിക്കാന്‍ ധാര്‍മ്മിക അവകാശമില്ലെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ചടങ്ങിന് പിന്നാലെ ഇന്ത്യയുടെ പൈതൃകം ഇല്ലാതാക്കാനുള്ള ശ്രമമാണിതെന്ന് പാകിസ്ഥാന്‍ വിമര്‍ശിച്ചിരുന്നു.
Nov 26, 2025, 8:37 pm IST

ഹോങ്കോങ്ങില്‍ വന്‍ തീപിടിത്തം. പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ 13 പേര്‍ മരിച്ചു. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഒരു അഗ്‌നിരക്ഷാസേനാംഗവും മരിച്ചു. 31 നിലകളുള്ള കെട്ടിടത്തിലാണ് തീ ആളിക്കത്തിയത്. ഈ ഭാഗത്ത് രണ്ടായിരത്തോളം പാര്‍പ്പിടങ്ങളുണ്ട്.
Nov 26, 2025, 7:32 pm IST

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സസ്‌പെന്‍ഷന്‍ തന്റെ അറിവോടെ അല്ലെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. നടപടി എടുത്തത് തന്റെ അറിവോടെയല്ല. കോണ്‍ഗ്രസ് പാര്‍ട്ടി എടുത്ത തീരുമാനത്തിനൊപ്പം നില്‍ക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ ജീവിതശൈലി മാറ്റണം. അവനിലെ രാഷ്ട്രീയക്കാരനെ ഇല്ലാതാക്കുന്നതിനോട് യോജിപ്പില്ലെന്നും സുധാകരന്‍ പറഞ്ഞു.
Nov 26, 2025, 7:13 pm IST

2030-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയില്‍ നടക്കും. അഹമ്മദാബാദ് ആകും കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയാവുക. ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസ് വേദി ആകുന്നത് ഇത് രണ്ടാം തവണ. സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്‌സ് ജനറല്‍ അസംബ്ലിയിലാണ് പ്രഖ്യാപനമുണ്ടായത്.
Nov 26, 2025, 7:04 pm IST

പണമോ രേഖകളോ ഇല്ല എന്നതിന്റെ പേരിൽ ഒരു ആശുപത്രിയും ജീവൻ രക്ഷിക്കുന്നതിന് സഹായകമായ പ്രാഥമിക ചികിത്സ നിഷേധിക്കരുതെന്ന് നിർദ്ദേശവുമായി ഹൈക്കോടതി. മെച്ചപ്പെട്ട ചികിത്സ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റണമെങ്കിൽ, സുരക്ഷിതമായ മാറ്റം ആദ്യമെത്തിക്കുന്ന ആശുപത്രി ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
Nov 26, 2025, 7:04 pm IST

പത്തനംതിട്ടയില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുവീണ് ഒന്‍പത് വയസുകാരി മരിച്ചു. കരുമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ വിദ്യാര്‍ഥിനി ഭാഗ്യലക്ഷ്മിയാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടായിരുന്നു അപകടം. സ്‌കൂള്‍ വിട്ട ശേഷം വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. റോഡില്‍ കണ്ട പാമ്പിനെ വെട്ടിച്ചപ്പോള്‍ ഓട്ടോ തോട്ടിലേക്ക് മറിയുകയായിരുന്നു.
Nov 26, 2025, 7:03 pm IST

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ സസ്‌പെൻഷൻ തീരുമാനം തന്റെ അറിവോടെയല്ലെന്ന് വ്യക്തമാക്കി മുൻ കെപിസിസി അധ്യക്ഷനും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ കെ സുധാകരൻ. നടപടി എടുത്ത യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നും സുധാകരൻ പറയുന്നു. ഓരോ നേതാക്കൾക്കും അവരുടെ അവരുടെ അഭിപ്രായം ഉണ്ടാകും. പാർട്ടി എടുത്ത തീരുമാനത്തിനൊപ്പം നിൽക്കുമെന്നും സുധാകരൻ പറഞ്ഞു.
Nov 26, 2025, 4:03 pm IST

കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിന്റെ ഒരു കൈ വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും മറുകൈ ബിജെപിയുടെയും തോളിലാണെന്ന് വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപിക്ക് അനുകൂലമായി എല്ലാ ആഴ്‌ചയും ശശി തരൂരിന്റെ പ്രസ്‌താവന ഉണ്ടാകും. ഗാന്ധിയുടെ പാര്‍ട്ടിക്ക് ഇത് ശരിയായ കാര്യമാണോയെന്നും ബിനോയ് വിശ്വം ചോദിച്ചു.
Nov 26, 2025, 3:19 pm IST

കേരളത്തിൽ അടുത്ത 5 ദിവസം നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് അറിയിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Nov 26, 2025, 3:03 pm IST

ലേബർ കോ‍ഡിൽ പ്രതികരിച്ച് തൊഴിൽ-വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മാധ്യമങ്ങൾ തെറ്റായ വാർത്ത കൊടുക്കുന്നുവെന്ന് ശിവൻകുട്ടി വിമർശിച്ചു. കോഡ് അതേപടി നടപ്പാക്കാൻ കേരളം തയ്യാറായിരുന്നില്ല. നാളെ ട്രേഡ് യൂണിയനുകളുടെ യോ​ഗം വിളിച്ചിട്ടുണ്ട്. ചട്ടങ്ങൾ രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്ക്‌ മേൽ കടുത്ത സമ്മർദ്ദം ഉണ്ടായെന്നും എന്നാൽ കോഡ് അതേപടി നടപ്പാക്കാൻ കേരളം തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
Nov 26, 2025, 2:22 pm IST

കണ്ണൂർ പയ്യന്നൂരിൽ പോലീസിനെ ബോംബെറിഞ്ഞ കേസിൽ കോടതി തടവ് ശിക്ഷയ്ക്ക് വിധിച്ച വികെ നിഷാദ് സ്ഥാനാർത്ഥിയായി തുടരുമെന്ന് പാർട്ടി. സ്ഥാനാർത്ഥിത്വത്തിന് നിയമതടസമില്ലെന്നും വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്നും സിപിഎം അറിയിച്ചു. പയ്യന്നൂർ നഗരസഭയിലെ മത്സരിക്കുന്ന ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് നിഷാദ്, നന്ദകുമാർ എന്നിവരെയാണ് കോടതി 20 വർഷം തടവിന് ശിക്ഷിച്ചത്.
Nov 26, 2025, 1:40 pm IST

കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം തുടരുന്നതിന് തടസമില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ വോട്ടർപട്ടിക പരിഷ്‌കരണം നീട്ടിവെക്കണം എന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ കോടതി സ്‌റ്റേ അനുവദിച്ചില്ല. കേരളത്തിന്റെ കേസ് ഡിസംബര്‍ 2ന് പരിഗണിക്കും. ഹര്‍ജിയില്‍ ഇടപെടണോ എന്ന് രണ്ടിന് തീരുമാനിക്കാം എന്ന് കോടതി അറിയിച്ചു.
Nov 26, 2025, 12:41 pm IST

കാസർഗോഡ് റിമാൻഡ് പ്രതി ജയിലിനുള്ളിൽ മരിച്ച നിലയിൽ. ദേളി സ്വദേശി മുബഷിറാണ് മരണപ്പെട്ടത്. 2016 ലെ പോക്സോ കേസിൽ ഈ മാസമാണ് മുബഷിർ അറസ്‌റ്റിലായത്. കാസർഗോഡ് സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇന്ന് രാവിലെ ആശുപത്രിയിൽ എത്തിച്ചപ്പോളാണ് മരണം സ്ഥിരീകരിച്ചത്.
Nov 26, 2025, 12:39 pm IST

രണ്ടാം ടെസ്‌റ്റിൽ ഇന്ത്യക്കെതിരെ സൗത്താഫ്രിക്കയ്ക്കു 408 റണ്‍സ് ജയം. 549 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 140നു പുറത്തായി. 2 ടെസ്‌റ്റുകളുടെ പരമ്പര സൗത്താഫ്രിക്ക 2-0നു തൂത്തുവാരി.25 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയില്‍ അവര്‍ പരമ്പര നേടിയത്.
Nov 26, 2025, 11:46 am IST

ശബരിമല സ്വർണക്കൊള്ള കേസിൽ എ പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യും. രണ്ട് ദിവസമാണ് കസ്റ്റഡി അനുവദിച്ചിട്ടുള്ളത്. കേസിൽ ശബരിമല തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മോഹനരരുടെയും മൊഴി എസ്ഐടി രേഖപ്പെടുത്തി. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമായിരുന്നുവെന്ന് തന്ത്രിമാർ മൊഴി നൽകിയെന്നാണ് വിവരം. സ്വര്‍ണപ്പാളിയിൽ അനുമതി നൽകിയത് ഉദ്യോഗസ്ഥര്‍ പറഞ്ഞതുപ്രകാരമാണെന്നും ദൈവഹിതം നോക്കി അനുമതി നൽകുകമാത്രമാണ് ചുമതലയെന്നുമാണ് തന്ത്രിമാർ മൊഴി നൽകിയത്. ഉണ്ണികൃഷ്ണൻ പോറ്റിയെ സന്നിധാനത്ത് എത്തിച്ചത് താനല്ലെന്നും ശബരിമലയിൽ ജോലി ചെയ്തിരുന്ന ആളായതുകൊണ്ട് തനിക്ക് ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമെന്നും പിന്നീട് തന്ത്രി കണ്ഠരര് രാജീവരര് മാധ്യമങ്ങളോട് പറഞ്ഞു. താന്ത്രിക വിധി പ്രകാരമുള്ള കാര്യങ്ങൾ മാത്രമാണ് താൻ ചെയ്തതെന്നും സ്വത്തുക്കളുടെ ഉത്തരവാദിത്തം ദേവസ്വം ബോർഡിനാണെന്നും അദ്ദേഹം വിശദീകരിച്ചു.
Nov 26, 2025, 11:36 am IST

മുനമ്പത്തുകാർക്ക് ആശ്വാസമായി ഹൈക്കോടതി വിധി. തർക്കഭൂമിയിൽ കൈവശക്കാർക്ക് കരമടക്കാമെന്ന് ഹൈക്കോടതി. കേസിൽ അന്തിമവിധി വരും വരെ കരം സ്വീകരിക്കണമെന്നാണ് കോടതി റവന്യൂവകുപ്പിന് നൽകിയ നിർദേശം
Nov 26, 2025, 11:29 am IST

കൊല്ലം കരുനാഗപ്പള്ളിയിൽ ടിയർ ഗ്യാസ് പരിശീലനത്തിനിടയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്. ടിയർ ഗ്യാസ് പൊട്ടിയാണ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റത്. പരിക്കേറ്റ 3 പോലീസ് ഉദ്യോഗസ്ഥരെയും ചവറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Nov 26, 2025, 10:58 am IST

ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് വേദിയില്‍ ഉണ്ടാകില്ലെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി. തന്നെ വിജയിപ്പിച്ചവര്‍ക്ക് വേണ്ടി രാഹുല്‍ പ്രചരണം നടത്തുന്നുണ്ടാകാമെന്നും കെ മുരളീധരന്‍ പറയുന്നു.
Nov 26, 2025, 10:36 am IST

കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരന്റെ പിന്തുണയിൽ പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. സുധാകരനും ചെന്നിത്തലയും വിഡി സതീശനുമെല്ലാം എന്റെ നേതാക്കളാണ്. സസ്പെൻഷനിലായ ഞാൻ പാർട്ടി പരിപാടികളിൽ പങ്കെടുക്കരുതെന്നാണ് നേതാക്കൾ പറഞ്ഞത്. അത്‌ ഞാൻ അനുസരിക്കുന്നുണ്ട്. ഇപ്പോൾ നടക്കുന്നത് എന്നെ എംഎൽഎ ആക്കാൻ അധ്വാനിച്ചവർക്കുള്ള പ്രചരണമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
Nov 26, 2025, 10:11 am IST

അയൽരാജ്യമായ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടതായി താലിബാൻ സർക്കാർ വക്താവ് അറിയിച്ചു. മരിച്ചവരിൽ ഒമ്പത് കുട്ടികളും ഉൾപ്പെടുന്നു. പാകിസ്ഥാനിലെ പെഷവാർ നഗരത്തിലെ സുരക്ഷാ കോമ്പൗണ്ടിൽ ചാവേർ ആക്രമണം നടന്നതിന് തൊട്ടുപിന്നാലെയാണ് ഈ നടപടി. പാകിസ്ഥാൻ സൈന്യം ഒരു സാധാരണ പൗരൻ്റെ വീട് ബോംബിട്ടു. ഖോസ്റ്റ് പ്രവിശ്യയിൽ ഒമ്പത് കുട്ടികളും (അഞ്ച് ആൺകുട്ടികളും നാല് പെൺകുട്ടികളും) ഒരു സ്ത്രീയും രക്തസാക്ഷികളായി,” സബിഹുല്ല മുജാഹിദ് എക്സിൽ കുറിച്ചു. കുനാർ, പക്തിക അതിർത്തി പ്രദേശങ്ങളെ ലക്ഷ്യം വെച്ചുള്ള വ്യോമാക്രമണങ്ങളിൽ നാല് സാധാരണക്കാർക്ക് കൂടി പരിക്കേറ്റതായും വക്താവ് അറിയിച്ചു.
Nov 26, 2025, 10:08 am IST

പാകിസ്ഥാൻ-അഫ്ഗാൻ തർക്ക അതിർത്തിയായ ഡ്യൂറൻഡ് ലൈനിൽ സ്ഥിതിഗതികൾ രൂക്ഷമാകുന്നു. ഇരു രാജ്യങ്ങളും തങ്ങളുടെ അതിർത്തി പോസ്റ്റുകളിൽ സൈനിക വിന്യാസം വർധിപ്പിച്ചു.വലിയ രീതിയിൽ ആയുധങ്ങളും എത്തിച്ചിട്ടുണ്ട്.ചമൻ-സ്പിൻ ബോൾഡിക്, അംഗൂർ അഡ്ഡ, കുറാം-നൻഗഹർ, തോർഖം എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ പാകിസ്ഥാൻ ഡ്രോണുകൾ വ്യോമ നിരീക്ഷണം നടത്തുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.. ഇത് ഒരു സമ്പൂർണ്ണ സൈനിക ഏറ്റുമുട്ടലിനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നുണ്ട്.രണ്ട് രാജ്യങ്ങളും ഒരു സാധ്യമായ ഏറ്റുമുട്ടലിനായി തയ്യാറെടുക്കുകയാണെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Nov 26, 2025, 9:23 am IST

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹ മാധ്യമത്തിൽ നടത്തിയ കൊലവിളി പരാമർശത്തിൽ കന്യാസ്ത്രീയായിരുന്ന ടീന ജോസിനെതിരെ കേസ് എടുത്തു. തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത്.
Nov 26, 2025, 9:13 am IST

ഭാരതാംബയ്ക്ക് അയിത്തം കല്‍പ്പിക്കുന്നത് വിദ്യാഭ്യാസത്തിന്റെ മൂല്യശോഷണമാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അർലേക്കർ. ഭാരതാംബയുടെ ചിത്രം നോക്കി ഇവർ ഏതാണെന്നാണ് ചിലർ ചോദിക്കുന്നത്. അവരുടെ ചിന്ത എന്താണെന്ന് മനസിലാകുന്നില്ല. ഭാരത മാതാവിനെ ആഘോഷിക്കുന്നില്ലെങ്കില്‍ മറ്റെന്താണ് ആഘോഷിക്കേണ്ടത് എന്നും ഗവര്‍ണര്‍ ചോദിച്ചു.ഭാരതാംബ ചിത്രം വെച്ച് ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടിയിലായിരുന്നു ഗവര്‍ണറുടെ പ്രസംഗം.
Nov 26, 2025, 9:06 am IST

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ലേബര്‍ കോഡുകള്‍ക്കെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം. 10 തൊഴിലാളി യൂണിയനുകള്‍ ചേർന്നാണ് പ്രതിഷേധം നടത്തുന്നത്.ലേബര്‍ കോഡുകള്‍ പിന്‍വലിക്കണമെന്നും കര്‍ഷകസമരം ഒത്തുതീര്‍പ്പായ ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നുമാണ് യൂണിയനുകളുടെ ആവശ്യം.
Nov 26, 2025, 8:12 am IST

ഉപമുഖ്യമന്ത്രി ഡിക ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ഹൈക്കമാന്റിനെ കണ്ട് ഒരു വിഭാഗം കോൺഗ്രസ് എംഎൽഎമാർ. ഹൈക്കമാന്റ് എന്ത് തീരുമാനം എടുത്താലും അംഗീകരിക്കുമെന്നും എന്നാൽ ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും സംഘത്തിലുണ്ടായിരുന്ന രമണഗര എം.എൽ.എ. ഇഖ്ബാൽ ഹുസൈൻ പറഞ്ഞു. 'എൻ്റെ ആ പ്രസ്താവനയിൽ ഞാൻ ഉറച്ചുനിൽക്കുന്നു... 200 ശതമാനം അദ്ദേഹം ഉടൻ മുഖ്യമന്ത്രിയാകും. ഹൈക്കമാൻഡാണ് തീരുമാനമെടുക്കേണ്ടത്. ഞങ്ങളുടെ നേതാവ് (ശിവകുമാർ) പറഞ്ഞതുപോലെ, അധികാര കൈമാറ്റം അഞ്ചോ ആറോ പാർട്ടി നേതാക്കൾ തമ്മിലുള്ള രഹസ്യ ഇടപാടാണ്, ആ അഞ്ചോ ആറോ പേർ തന്നെ തീരുമാനമെടുക്കും," ഹുസൈൻ പറഞ്ഞു.
Nov 26, 2025, 8:08 am IST

ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മോഹനരരുടെയും മൊഴി രേഖപ്പെടുത്തി എസ്ഐടി. ഓഫീസിലെത്തിയാണ് മൊഴി നൽകിയത്. ശബരിമലയിലെ മുതിർന്ന തന്ത്രിമാരെന്ന നിലയ്ക്കാണ് നടപടി.
Nov 26, 2025, 6:32 am IST

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഇന്ത്യാ സന്ദർശനം സുരക്ഷാ കാരണങ്ങളെ തുടർന്നാണ് മാറ്റിവെച്ചതെന്ന വാർത്തകളിൽ വിശദീകരണവുമായി ഇസ്രായേൽ. പ്രധാനമന്ത്രി മോദിയുടെ കീഴിലെ സുരക്ഷയിൽ നെതന്യാഹുവിന് പൂർണ്ണ വിശ്വാസമുണ്ടെന്നും പുതിയ സന്ദർശന തീയതിക്കായി ഇരുരാജ്യങ്ങളിലെയും സംഘങ്ങൾ ചർച്ചകൾ നടത്തുകയാണെന്നും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള ബന്ധവും ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ തമ്മിലുള്ള സൗഹൃദവും വളരെ ശക്തമാണെന്നും കുറിപ്പിൽ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+