Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഹാർ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; നടക്കുക രണ്ട് ഘട്ടമായി, നവംബർ 6നും 11നും, ഫലം 14ന് അറിയാം

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതികൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇത്തവണ രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറ്, പതിനൊന്ന് തീയതികൾ ആയി തിരഞ്ഞെടുപ്പ് നടക്കും. നവംബർ പതിനാലിന് ഫലം പ്രഖ്യാപിക്കും. ആകെ 243 മണ്ഡലങ്ങളിലേക്ക് ആണ് ബിഹാറിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.

ജയ്പൂരില്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 6 രോഗികള്‍ മരിച്ചു. ഐസിയുവില്‍ ചികിത്സയിലായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. അഞ്ചോളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സർക്കാർ ആശുപത്രിയായ സവായ് മാൻ സിംഗ് ആശുപത്രിയില്‍ ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. ന്യൂറോ ഐസിയുവിന്റെ സ്റ്റോറേജ് ഏരിയയിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.

news-updates

മരിച്ചവരില്‍ നാല് പേർ പുരുഷന്മാരും രണ്ടുപേർ സ്ത്രീകളുമാണ്. പിന്റു (സികാർ), ദിലീപ് (ആന്ധി, ജയ്പൂർ), ശ്രീനാഥ്, രുക്മിണി, ഖുർമ (എല്ലാം ഭരത്പൂർ), ബഹാദൂർ (സംഗാനെർ, ജയ്പൂർ) എന്നീ രോഗികളാണ് മരിച്ചതെന്ന് ട്രോമാ സെന്റർ ഇൻ-ചാർജ് ഡോ. അനുരാഗ് ധാകഡ് വ്യക്തമാക്കി. 14 രോഗികൾ മറ്റൊരു ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു, അവരെയെല്ലാം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിയെന്നും അദ്ദേഹം അറിയിച്ചു.

കഫ് സിറപ്പ് കഴിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികൾ മരിക്കാൻ ഇടയായ സംഭവത്തിൽ കേരളത്തിലും ജാഗ്രത. പരാതിക്ക് ഇടയാക്കിയ കോൾഡ്രിഫ് സിറപ്പിന്റെ സാമ്പികളുകൾ ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധനയ്ക്കായി ശേഖരിച്ചു. കോഴിക്കോട്, മലപ്പുറം, കണ്ണൂർ മേഖലകളിൽ നിന്നായി 170ബോട്ടിലുകളാണ് കേരളത്തിൽ നിന്ന് ആകെ ശേഖരിച്ചത്. അപകടമുണ്ടാക്കിയതായി കരുതുന്ന എസ്.ആർ 13 ബാച്ച് കേരളത്തിൽ വിൽപനയ്ക്ക് എത്തിച്ചിട്ടില്ലെന്നാണ് ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ നിഗമനം. എങ്കിലും കോൾഡ്രിഫിന്റെ വിൽപന പൂർണമായി സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്.

Oct 07, 2025, 12:32 am IST

ഇഷ്‌ട വിഷയത്തിൽ ഹയർ സെക്കൻഡറി പ്രവേശനം ലഭിക്കാത്തതിനാൽ പഠനം പാതിവഴിയിൽ മുടങ്ങിയ ജില്ലയിലെ 35 പട്ടികവര്‍ഗ വിദ്യാര്‍ത്ഥികൾക്ക് തുണയായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ ഇടപടൽ. പ്ലസ് വൺ പ്രവേശനത്തിന് യോഗ്യത നേടി സുൽത്താൻ ബത്തേരി താലൂക്കിലെ വിവിധ സ്‌കൂളുകളിൽ പ്രവേശനത്തിന് അപേക്ഷ നൽകുകയും അഡ്‌മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികൾക്കാണ് ഇഷ്‌ട വിഷയങ്ങളിൽ പ്രവേശനം ഉറപ്പാക്കിയത്.
Oct 07, 2025, 12:05 am IST

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബിജെപി പ്രതിഷേധം. രാഹുലിന്റെ മുഖംമൂടി ധരിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ ഇവിടെ പ്രതിഷേധം നടന്നിയത്. രാത്രി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിൽ എത്തി ഉദ്ഘാടനം ചെയ്യുന്നത് പ്രതീകാത്മകമായി ചിത്രീകരിച്ചു കൊണ്ടായിരുന്നു ബിജെപി പ്രതിഷേധം.
Oct 06, 2025, 11:41 pm IST

തെലുഗു യുവനടൻ വിജയ് ദേവരക്കൊണ്ട സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. ജോഗുലാംബ ഗഡ്‌വാല ജില്ലയിലെ ഉണ്ടവല്ലിക്ക് സമീപമുള്ള റോഡിൽ വച്ചാണ് നടൻ വിജയ് ദേവരകൊണ്ട സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. വിജയ് ദേവരകൊണ്ട സഞ്ചരിച്ചിരുന്ന ലെക്‌സസ് കാർ ഒരു ബൊലേറോയുമായി കൂട്ടിയിടിച്ചു. പെട്ടെന്ന് വലത്തേക്ക് തിരിഞ്ഞതാണ് അപ്രതീക്ഷിത അപകടത്തിന് കാരണമായത്. അപകടത്തിൽ എല്ലാവരും സുരക്ഷിതരെന്ന് താരം തന്നെ എക്‌സ് പോസ്‌റ്റിലൂടെ അറിയിച്ചു.
Oct 06, 2025, 11:12 pm IST

എയ്‌ഡഡ്‌ മേഖലയിലെ ഭിന്നശേഷി സംവരണ വിഷയത്തിൽ ചർച്ചയ്ക്കായി മുഖ്യമന്ത്രിയെ സന്ദർശിച്ച് കെസിബിസി അധ്യക്ഷൻ മാർ ക്ലീമിസ് ബാവ. വിഷയത്തിൽ നിയമപദേശം തേടി ഉടൻ പരിഹാരമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായാണ് വിവരം. ചർച്ച പോസിറ്റീവ് ആയിരുന്നുവെന്നും മാർ ക്ലീമിസ് ബാവ ഇതിന് ശേഷം പ്രതികരിച്ചു. വിദ്യാഭ്യസ മന്ത്രി വി ശിവൻകുട്ടിയുമായി നാളെ കൂടിക്കാഴ്‌ച നടത്തും.
Oct 06, 2025, 10:48 pm IST

സംസ്ഥാനത്തെ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിക്കാനായി നിയോഗിച്ച മൂന്നംഗ വിദഗ്‌ധ സമിതി ആരോഗ്യ വകുപ്പിന് അടിയന്തര റിപ്പോര്‍ട്ട് കൈമാറി. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍, ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍, ഐഎപി സംസ്ഥാന പ്രസിഡന്റ് എന്നിവർ അടങ്ങിയ സമിതിയാണ് റിപ്പോർട്ട് നൽകിയത്. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് സംസ്ഥാനം പ്രത്യേകം മാര്‍ഗരേഖ പുറത്തിറക്കും.
Oct 06, 2025, 10:13 pm IST

ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ഉദ്യോഗസ്ഥ വീഴ്ച്ച എണ്ണിപ്പറഞ്ഞ് ദേവസ്വം വിജിലൻസ്. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് വിശദീകരണം. 2019ൽ ദ്വാരപാലക ശിൽപത്തിലെ സ്വർണ്ണപ്പാളി, ചെമ്പു പാളി എന്ന് റിപ്പോർട്ട് നൽകിയത് ഉദ്യോഗസ്ഥരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അന്നത്തെ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബു, തിരുവാഭരണ കമ്മീഷണർ കെഎസ് ബൈജു, എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് എന്നിവർക്കെതിരെയാണ് കണ്ടെത്തൽ.
Oct 06, 2025, 9:46 pm IST

റേഷൻ കടകളിലെ ഇ-പോസ് മെഷീനിന്റെ പ്രവർത്തനം തകരാറിലായി റേഷൻ വിതരണം തടസപ്പെടുന്നത് പോലുള്ള സംഭവങ്ങൾ ആവർത്തിക്കരുതെന്ന് നിർദ്ദേശവുമായി മനുഷ്യാവകാശ കമ്മീഷൻ ചെയർ പേഴ്‌സൺ ജസ്‌റ്റിസ് അലക്‌സാണ്ടർ തോമസ്. ഉപഭോക്തൃകാര്യ കമ്മീഷണർക്കാണ് നിർദ്ദേശം നൽകിയത്.ഇ-പോസ് മെഷീനിന്റെ പ്രവർത്തനം തടസപ്പെടുന്നതിനെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി.
Oct 06, 2025, 8:53 pm IST

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) ഏറ്റവും പുതിയ ഡാറ്റ പ്രകാരം, ഇന്ത്യയിലെ 19 മെട്രോകളിൽ ഏറ്റവും സുരക്ഷിതമായ നഗരം കൊൽക്കത്ത. 2023-ൽ ഏറ്റവും കുറഞ്ഞ കുറ്റകൃത്യ നിരക്ക് രേഖപ്പെടുത്തിയത് കൊൽക്കത്തയിലാണ്. പട്ടികയിൽ അവസാന സ്ഥാനത്താണ് കൊച്ചി ഉള്ളത്. റിപ്പോർട്ട് ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ കണക്ക് വച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
Oct 06, 2025, 8:01 pm IST

ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തില്‍ കടുത്ത സമരത്തിലേക്ക് നീങ്ങാന്‍ ഒരുങ്ങി കോൺഗ്രസ്. സംസ്ഥാനവ്യാപകമായ് നാല് മേഖലാജാഥകൾ നടത്താനാണ് തീരുമാനം. പന്തളത്ത് ജാഥകളും മഹാസമ്മേളനവും സംഘടിപ്പിക്കുവാനും ധാരണയായിട്ടുണ്ട്. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലാണ് തീരുമാനം. സ്വര്‍ണപ്പാളി വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് പ്രതിരോധം ശക്തമാക്കാനുള്ള കോണ്‍ഗ്രസ് നീക്കം.
Oct 06, 2025, 7:38 pm IST

സംസ്ഥാനത്ത് ഇടിയോട് കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. ബുധനാഴ്ച്ച മുതല്‍ ഒറ്റപ്പെട്ട മഴയ്ക്കുളള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. മറ്റന്നാൾ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്‌ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും വെളളിയാഴ്ച്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒക്ടോബര്‍ 8 മുതല്‍ 10 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 കിലോമീറ്റര്‍ മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
Oct 06, 2025, 6:57 pm IST

പ്ലാസ്‌റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൽ നടപടി നേരിട്ട കെഎസ്ആർടിസി ഡ്രൈവർ ഡ്യൂട്ടിയ്ക്കിടെ കുഴഞ്ഞുവീണു. പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവറായ ജയ്മോൻ ജോസഫാണ് കുഴഞ്ഞ് വീണത്. കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ വെച്ചാണ് സംഭവം. ഇയാളെ ഉടൻ തന്നെ കാഞ്ഞിരപ്പള്ളി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Oct 06, 2025, 6:28 pm IST

സിഎംആര്‍എൽ -എക്‌സാലോജിക് മാസപ്പടി ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെ വിമർശിച്ച് എ റഹീം എംപി. കുഴൽനാടന് അറ്റൻഷൻ സീക്കിങ് സിൻഡ്രോം എന്ന രോഗമാണെന്നും ഇപ്പോഴത് സുപ്രീം കോടതിയും ശരിവച്ചെന്നും എഎ റഹീം പരിഹസിച്ചു. മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും സംശയത്തിന്റെ നിഴലിൽ നിർത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ഇറങ്ങിയതായിരുന്നു കുഴൽനാടനെന്നും റഹീം പറഞ്ഞു.
Oct 06, 2025, 6:03 pm IST

തമിഴ്‌നാട്ടിലെ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം തിരിച്ചെത്തി. ഇന്ന് വൈകീട്ടോടെയാണ് സിംഹം കൂട്ടിൽ തിരിച്ചെത്തിയത്. രണ്ട്‌ ദിവസമായി സിംഹത്തിനായുള്ള തിരച്ചിൽ നടത്തുകയായിരുന്നു. സിംഹത്തെ പാർപ്പിച്ചിരുന്ന 50 ഏക്കർ പരിധിയിൽ തെർമൽ ഇമേജിങ് ഡ്രോണും ക്യാമറകളും സ്ഥാപിച്ച് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. 50 ഏക്കർ പരിധിയിൽ സിംഹം ഉണ്ടാകുമെന്ന് ഉറപ്പായിരുന്നുവെന്ന് മൃ​ഗശാല അധികൃതർ നേരത്തെ പറഞ്ഞിരുന്നു.
Oct 06, 2025, 5:21 pm IST

അപ്രതീക്ഷിത രാജിയുമായി ഫ്രഞ്ച് പ്രധാനമന്ത്രി. ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തിങ്കളാഴ്‌ചയാണ് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണുവിന്റെ രാജി സ്വീകരിച്ചത്. മന്ത്രിസഭ നിലവിൽ വന്നതിന് മണിക്കൂറുകൾക്ക് ശേഷമാണ് അദ്ദേഹം രാജിവച്ചത്. ഇതോടെ യൂറോപ്യൻ രാജ്യം കൂടുതൽ രാഷ്ട്രീയ പ്രതിസന്ധിയിലായി.
Oct 06, 2025, 5:03 pm IST

ശബരിമല സ്വർണ്ണപ്പാളി വിവാദത്തില്‍ പ്രതികരണവുമായി എൽഡിഎഫ് മുൻ കൺവീനർ ഇപി ജയരാജൻ. ഒരാളുടെയും വിശ്വാസത്തെയോ ആചാരത്തെയോ തകർക്കാൻ സർക്കാർ കൂട്ടുനില്‍ക്കില്ലെന്നും‌ ഒരു കുറ്റവാളിയെയും രക്ഷപെടാൻ സർക്കാർ അനുവദിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സത്യം കണ്ടെത്തി കുറ്റവാളികളെ ശിക്ഷിക്കണം. ഇതാണ് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും നിലപാടെന്നും ജയരാജൻ കൂട്ടിച്ചേർത്തു
Oct 06, 2025, 4:40 pm IST

ബിഹാർ തിരഞ്ഞെടുപ്പ് ചൂടിലേക്ക്

വോട്ടെടുപ്പ് നടക്കുക രണ്ട് ഘട്ടമായി. നവംബർ 6നും 11നും വോട്ടെടുപ്പ് നടക്കും. ഫലം പ്രഖ്യാപിക്കുക നവംബർ 14ന്.
Oct 06, 2025, 4:31 pm IST

എല്ലാ തിരഞ്ഞെടുപ്പ് ആപ്പുകളുടെയും മാതാവ് എന്നറിയപ്പെടുന്ന ഇസിഐയുടെ പുതിയ "നെറ്റ്-വൺ" സിംഗിൾ-വിൻഡോ ആപ്പ് ബിഹാർ തിരഞ്ഞെടുപ്പ് മുതൽ ആരംഭിക്കുമെന്നും പൂർണ്ണമായും പ്രവർത്തനക്ഷമമാകുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു.
Oct 06, 2025, 4:30 pm IST

ബിഹാറിൽ ആകെ 7.42 കോടി വോട്ടർമാരാണുള്ളത്, അതിൽ 3.92 കോടി പുരുഷന്മാരും 3.5 കോടി സ്ത്രീകളുമാണ്, ഇതിൽ 14 ലക്ഷം പേർ ആദ്യമായി വോട്ട് ചെയ്യുന്നവരാണെന്ന് സിഇസി ഗ്യാനേഷ് കുമാർ. പട്ടികയിൽ പുതുതായി പേര് ചേർത്തവർക്ക് പുതിയ വോട്ടർ കാർഡുകൾ നൽകുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു.
Oct 06, 2025, 4:19 pm IST

ബിഹാർ തിരഞ്ഞെടുപ്പ്; വാർത്താസമ്മേളനം തുടങ്ങി ഇലക്ഷൻ കമ്മീഷൻ

'അഞ്ച് വർഷത്തിന് ശേഷമാണ് ബിഹാർ തിരഞ്ഞെടുപ്പ് നടത്താൻ പോകുന്നത്. വോട്ടർ പട്ടിക പുതുക്കുന്നതിലൂടെയാണ് പ്രക്രിയ ആരംഭിച്ചത്, വോട്ടെടുപ്പിൽ അവസാനിക്കും. 2025 ജൂൺ 24ന് വോട്ടർ പട്ടിക പരിഷ്‌കരണം ആരംഭിച്ചു, ഓഗസ്‌റ്റ് 1ന് കരട് പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ 1 വരെ അവകാശവാദങ്ങളോ എതിർപ്പുകളോ സമർപ്പിക്കാൻ പൗരന്മാർക്ക് സമയം നൽകി. സെപ്റ്റംബർ 30 ന് അന്തിമ വോട്ടർ പട്ടിക പുറത്തിറങ്ങി. ശേഷിക്കുന്ന പിശകുകൾക്കുള്ള അപ്പീലുകൾ ഇപ്പോഴും ജില്ലാ മജിസ്‌ട്രേറ്റിൽ സമർപ്പിക്കാം' മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു.
Oct 06, 2025, 3:56 pm IST

വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം മൂന്ന് ശാസ്ത്രജ്ഞർക്ക്. അമേരിക്കൻ ശാസ്ത്രജ്ഞരായ മേരി ഇ. ബ്രൻകോവ്, ഫ്രെഡ് റാംസ്ഡെൽ, ജപ്പാനിലെ ഒസാക സർവകലാശാലയിലെ ഷിമോൺ സകാഗുച്ചി എന്നിവർക്കാണ് 2025-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചത്. രോഗപ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ട നിർണായക കണ്ടെത്തലുകൾക്കാണ് ഇവർ പുരസ്കാരം പങ്കിട്ടത്.
Oct 06, 2025, 3:32 pm IST

കുമ്പള ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ കലോത്സവ വേദിയിൽ തടഞ്ഞുവെക്കപ്പെട്ട മൈം, അതേ വേദിയിൽ അവതരിപ്പിക്കാൻ അവരസം ഉറപ്പ് നല്‍കുമെന്ന വാക്ക് പാലിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി
Oct 06, 2025, 3:28 pm IST

സംഘപരിവാർ നട്ടുവളർത്തിയ വിദ്വേഷത്തിന്റെ വിഷമാണ് ഇന്ന് സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസിന് നേരെ ചീറ്റിയതെന്ന് മുഖ്യമന്ത്രി . ബഹു. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്ക്കു നേരെ കോടതി മുറിയിൽ നടന്ന അക്രമശ്രമത്തെ ശക്തമായി അപലപിക്കുന്നു. സനാതന ധർമ്മത്തിനെതിരെ പ്രവർത്തിക്കുന്നുവെന്നാരോപിച്ചാണ് ഒരു അഭിഭാഷക വേഷധാരി ഷൂ എറിയാനാഞ്ഞത് എന്നാണ് റിപ്പോർട്ട്. നിലതെറ്റിയ വ്യക്തിയുടെ വികാരപ്രകടനമായി ഈ അതിക്രമത്തെ ചുരുക്കി കാണാൻ കഴിയില്ല. സംഘപരിവാറിന്റെ വിഷലിപ്തമായ വർഗ്ഗീയ പ്രചാരണമാണ് അപകടകരമായ ഈ മാനസിക നിലയിലേക്ക് വ്യക്തികളെ കൊണ്ടെത്തിക്കുന്നത്. വെറുപ്പും അപര വിദ്വേഷവും ജനിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ ഉൽപ്പന്നങ്ങളാണ് പരമോന്നത കോടതിക്കകത്ത് പോലും ഉണ്ടാകുന്ന ഇത്തരം കടന്നാക്രമണങ്ങൾ. ആർഎസ്എസും അതിൻ്റെ പരിവാരവും നൂറു വർഷംകൊണ്ടു സൃഷ്ടിച്ചുവെച്ച അസഹിഷ്ണുതയാണ് ഇതിൻ്റെ ഇന്ധനം. മഹാത്മാഗാന്ധിക്കു നേരെ നിറയൊഴിക്കാൻ മടിച്ചിട്ടില്ലാത്ത വർഗീയ ഭ്രാന്തിന് ഒട്ടും കുറവു വന്നിട്ടില്ല എന്ന് ഓർമ്മിപ്പിക്കുന്ന സംഭവമാണ് സുപ്രീം കോടതിയിൽ ഇന്നുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Oct 06, 2025, 3:26 pm IST

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് നേരെ കോടതി മുറിക്കുള്ളിൽ ആക്രമണശ്രമം. ഒരു അഭിഭാഷകൻ കോടതി മുറിക്കുള്ളിൽ ഷൂ എറിയാൻ ശ്രമിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാർ അഭിഭാഷകനെ പിടികൂടി. ഖജുരാഹോവിലെ വിഷ്ണു വിഗ്രഹവുമായി ബന്ധപ്പെട്ട പരാമർശത്തിന്റെ പേരിലാണ് ഷൂ എറിയാൻ ശ്രമിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം
Oct 06, 2025, 2:20 pm IST

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരു മരണം, മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കൊല്ലപ്പെട്ടത് പന്നിയാർ സ്വദേശി ജോസഫ്. പ്രദേശത്ത് നിലയുറപ്പിച്ച് പത്തിലധികം കാട്ടാനകള്‍
Oct 06, 2025, 1:32 pm IST

സിഎംആര്‍എല്‍- എക്‌സാലോജിക് കരാറുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന് സുപ്രീംകോടതിയില്‍ നിന്ന് വന്‍ തിരിച്ചടി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ സ്ഥാപനമായ എക്‌സാലോജിക് സൊലൂഷ്യന്‍സിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള കുഴല്‍നാടന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. രാഷ്ട്രീയതര്‍ക്കങ്ങള്‍ തിരഞ്ഞെടുപ്പില്‍ വേദിയാക്കരുത് എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു. വിജിലന്‍സ് അന്വേഷണമെന്ന കുഴല്‍നാടന്റെ ആവശ്യം തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു
Oct 06, 2025, 1:20 pm IST

ബംഗാളിലെ മാല്‍ദഹ ഉത്തര്‍ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപി ഖഗേന്‍ മുര്‍മുവിന് സംസ്ഥാനത്തെ വെള്ളപ്പൊക്ക ബാധിത പ്രദേശമായ ജല്‍പായ്ഗുരി മേഖലയില്‍ നടന്ന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. മുര്‍മുവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രക്തസ്രാവം ഉണ്ടായി. മുര്‍മുവിനെയും പ്രാദേശിക എംഎല്‍എ ശങ്കര്‍ ഘോഷ് ഉള്‍പ്പെടെയുള്ള മറ്റ് ബിജെപി നേതാക്കളെയും വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്ക് ദുരിതാശ്വാസ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിനിടെയാണ് ആക്രമിച്ചത്
Oct 06, 2025, 1:10 pm IST

ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിഞ്ഞ് അഭിഭാഷകന്‍. സനാതന ധര്‍മ്മത്തെ അപമാനിക്കുന്നത് സഹിക്കില്ലെന്ന് പറഞ്ഞാണ് അഭിഭാഷകന്റെ നടപടി. പ്രതിയെ ഉടന്‍ കസ്റ്റഡിയിലെടുത്തു. അതേസമയം ചീഫ് ജസ്റ്റിസ് ശാന്തനായി തുടരുകയും തടസമില്ലാതെ കോടതി നടപടികള്‍ തുടരുകയും ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പ് ഒരു കേസ് പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് ഗവായി നടത്തിയ പോയി വിഷ്ണുവിനെ പ്രാര്‍ത്ഥിക്കൂ എന്ന് പറഞ്ഞിരുന്നു.
Oct 06, 2025, 12:41 pm IST

ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം ആലപ്പുഴ ജില്ലയില്‍ തുറവൂര്‍ സ്വദേശി ശരത് എസ് നായര്‍ക്ക്. 'ടിഎച്ച് 577825' എന്ന ടിക്കറ്റിനാണ് ഓണം ബമ്പറിലെ ഒന്നാം സമ്മാനം ലഭിച്ചത്.
Oct 06, 2025, 12:29 pm IST

ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ എസ്‌ഐടി അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു എന്ന് മുന്‍ ദേവസ്വം പ്രസിഡന്റ് പത്മകുമാര്‍. അന്വേഷണം നടക്കട്ടെ എന്നും കുറ്റവാളികള്‍ ആരെന്ന് വെളിപ്പെടും എന്നും അദ്ദേഹം പറഞ്ഞു.
Oct 06, 2025, 12:20 pm IST

പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച സഭ വീണ്ടും തുടങ്ങിയെങ്കിലും പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ ബഹളം. മുദ്രാവാക്യം വിളികളുമായിട്ടാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. ശബരിമലയിലെ സ്വര്‍ണപ്പാളി വിഷയത്തില്‍ ര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് എംബി രാജേഷ് വ്യക്തമാക്കി. ചര്‍ച്ചയില്‍ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നുവെന്നും പ്രതിപക്ഷത്തിന് ചര്‍ച്ചയെ ഭയമെന്നും മന്ത്രി വിമര്‍ശിച്ചു. സ്പീക്കറുടെ ഇരിപ്പിടത്തെ മറച്ചു കൊണ്ടാണ് പ്രതിപക്ഷം ബാനര്‍ ഉയര്‍ത്തിയത്.
READ MORE

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+