Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂട്ടാനിൽ നിന്നുള്ള കാർകടത്തിൽ അന്വേഷണം തുടരുന്നു, റഷ്യ കടലാസുപുലിയെന്ന് ട്രംപ്...മറ്റ് വാർത്തകൾ

ഭൂട്ടാൻ വാഹന കള്ളക്കടത്ത് കേസിൽ വിവരശേഖരണം തുടങ്ങി എൻഐഎയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും. കസ്റ്റംസിൽ നിന്ന് ഇഡി ഉദ്യോഗസ്ഥര്‍ വിവരങ്ങൾ തേടിയതായാണ് റിപ്പോർട്ട്. ജി എസ് ടി വകുപ്പും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. കേന്ദ്ര ജിഎസ്ടി വിഭാഗമാകും തട്ടിപ്പ് അന്വേഷിക്കുക . സംസ്ഥാന പൊലീസും സംസ്ഥാന മോട്ടോർ വാഹനവകുപ്പും അന്വേഷണത്തിൽ പങ്കാളികളാകും. വ്യാജരേഖ നി‌ർമാണവും കള്ള രജിസ്ട്രേഷനുമാകും ഈ വിഭാഗങ്ങൾ അന്വേഷിക്കുക.

അതിനിടെ യൂറോപ്യൻ യൂണിയന്റെ പിന്തുണയോടെ യുക്രൈന് അവരുടെ രാജ്യത്തിന്റെ പൂർണ്ണ നിയന്ത്രണം തിരിച്ചുപിടിക്കാനും വിജയിക്കാനും സാധിക്കുമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. മൂന്നര വർഷമായി റഷ്യ ഒരു ലക്ഷ്യവുമില്ലാതെ യുദ്ധം ചെയ്യുകയാണ്. യഥാർത്ഥ സൈനിക ശക്തിക്ക് ഒരാഴ്ച പോലും വേണ്ടി വരില്ലായിരുന്നു ഈ യുദ്ധം ജയിക്കാൻ. ഇത് റഷ്യയെ സംബന്ധിച്ചിടത്തോളം ഒരു നേട്ടമായി കാണാൻ സാധിക്കില്ല. സത്യത്തിൽ, ഇത് അവരെ ഒരു 'പേപ്പർ പുലി'യാക്കുകയാണ്. ട്രംപ് പറഞ്ഞു. മറ്റ് പ്രധാന വാർത്തകൾ കൂടി വായിക്കാം

newproject8-

Sep 24, 2025, 11:34 pm IST

സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്റെ കാലാവധി നീട്ടി

സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്റെ കാലാവധി നീട്ടി നല്‍കി കേന്ദ്ര സര്‍ക്കാര്‍. അടുത്ത വര്‍ഷം മെയ് വരെയാണ് നീട്ടിയത്. 2022 സെപ്റ്റംബറിലാണ് ഇദ്ദേഹം സംയുക്ത സൈനിക മേധാവിയായി ചുമതല ഏറ്റെടുക്കുന്നത്. ഈ മാസം മുപ്പതിന് കാലാവധി അവസാനിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.
Sep 24, 2025, 8:53 pm IST

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) 2026-ലെ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളുടെ താത്കാലിക ടൈംടേബിള്‍ പുറത്തിറക്കി. പരീക്ഷകള്‍ ഫെബ്രുവരി 17-ന് ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകള്‍ മാര്‍ച്ച് 9-നും പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ 2026 ഏപ്രില്‍ 9-നും അവസാനിക്കും. പത്താം ക്ലാസ് പരീക്ഷകള്‍ മാര്‍ച്ച് ഒന്‍പതിനും പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ ഏപ്രില്‍ ഒന്‍പതിനുമാണ് തീരുന്നത്. പത്തിലെ രണ്ടാം ബോര്‍ഡ് പരീക്ഷ മെയ് 15-ന് ആരംഭിക്കും. ജൂണ്‍ ഒന്നിന് അവസാനിക്കും.
Sep 24, 2025, 8:44 pm IST

ലഡാക്കില്‍ പ്രക്ഷോഭം; നാല് പേര്‍ കൊല്ലപ്പെട്ടു

ലഡാക്കിന് സംസ്ഥാന പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. പ്രക്ഷോഭകരും പൊലീസുമായി ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരിക്കേറ്റു. കേന്ദ്ര ഭരണ പ്രദേശത്ത് പ്രക്ഷോഭം അക്രമാസക്തമായതോടെ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ബിജെപിയുടെയും ഹില്‍ കൗണ്‍സിലിന്റെയും ആസ്ഥാനത്തേക്ക് ചില യുവാക്കള്‍ കല്ലെറിഞ്ഞതോടെ സ്ഥിതി കൂടുതല്‍ വഷളായി. ഈ ആവശ്യവുമായി 15 ദിവസമായി നിരാഹാരമിരുന്ന കാലാവസ്ഥാ പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് സമരം പിന്‍വലിച്ച് സമാധാനത്തിനായി അഭ്യര്‍ത്ഥിച്ചു.
Sep 24, 2025, 8:19 pm IST

പഹല്‍ഗാമില്‍ 26 പേരെ കൂട്ടക്കൊല ചെയ്ത ഭീകരാക്രമണത്തിന് സഹായം ചെയ്തു കൊടുത്ത ജമ്മു കശ്മീര്‍ സ്വദേശി പിടിയില്‍. മുഹമ്മദ് കഠാരിയയാണ് ജമ്മു കാശ്മീര്‍ പൊലീസിന്റെ പിടിയിലായത്. ഓപ്പറേഷന്‍ മഹാദേവിനിടെ കൊല്ലപ്പെട്ട ഭീകരരുടെ ആയുധങ്ങളില്‍ നിന്ന് ലഭിച്ച തെളിവുകളില്‍ നിന്നാണ് മുഹമ്മദ് കഠാരിയയിലേക്കുള്ള സൂചന ലഭിച്ചത്.
Sep 24, 2025, 6:48 pm IST

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണക്കേസില്‍ യൂട്യൂബര്‍ കെഎം ഷാജഹാന്‍ ചോദ്യം ചെയ്യലിന് ഹാജരായി. ആലുവയിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് കെഎം ഷാജഹാനെ ചോദ്യം ചെയ്യുകയാണ്. പൊലീസ് സംരക്ഷണത്തിലാണ് കെഎം ഷാജഹാന്‍ ചോദ്യം ചെയ്യലിന് എത്തിയത്.
Sep 24, 2025, 6:45 pm IST

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ ഒരു കാര്‍ കൂടി കസ്റ്റംസ് പിടിച്ചെടുത്തു. കുണ്ടന്നൂരില്‍ നിന്നാണ് ലാന്‍ഡ് ക്രൂയിസര്‍ പിടിച്ചെടുത്തത്. അരുണാചല്‍ പ്രദേശിലാണ് രജിസ്‌ട്രേഷന്‍ നടത്തിയത്.
Sep 24, 2025, 6:17 pm IST

വ്യാവസായിക ഇടനാഴി പദ്ധതി പ്രകാരം ഒരു സംയോജിത നിര്‍മ്മാണ ക്ലസ്റ്ററിനുള്ള അടിസ്ഥാന സൗകര്യ വികസന കരാര്‍ നല്‍കുന്ന പ്രക്രിയ പൂര്‍ത്തിയാക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറി. കൊച്ചി-ബെംഗളൂരു വ്യാവസായിക ഇടനാഴിയുടെ ആദ്യ നോഡായ പാലക്കാട് സ്മാര്‍ട്ട് സിറ്റിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള കരാര്‍ ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡിന്റെയും (ഡിബിഎല്‍) പിഎസ്പി പ്രോജക്ട്‌സ് ലിമിറ്റഡിന്റെയും സംയുക്ത സംരംഭത്തിനാണ് ലഭിച്ചത്
Sep 24, 2025, 5:16 pm IST

ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്ന അമേരിക്കന്‍ ഭരണകൂടത്തിന്റെ നയങ്ങളില്‍ യുഎസിലെ ഇന്ത്യന്‍ വംശജര്‍ പുലര്‍ത്തുന്ന മൗനത്തില്‍ ആശങ്ക രേഖപ്പെടുത്തി കേണ്‍ഗ്രസ് നേതാവും വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ശശി തരൂര്‍. യുഎസില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗങ്ങളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയങ്ങളില്‍ എന്തുകൊണ്ടാണ് പ്രവാസികള്‍ ഇത്ര നിശബ്ദത പാലിക്കുന്നതെന്നും ശശി തരൂര്‍ ചോദിച്ചു.
Sep 24, 2025, 3:48 pm IST

വിഎസ് ചന്ദ്രശേഖരനെതിരായ കേസ് വ്യാജമെന്ന് പോലീസ്

ലോയേഴ്സ് കോൺഗ്രസ് മുന്‍ നേതാവ് വിഎസ് ചന്ദ്രശേഖരനെതിരെ നടി നൽകിയ പീഡന പരാതിയിലെ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. പരാതി വ്യാജമാണെന്നും മുൻ വൈരാഗ്യമാണ് പരാതിക്ക് കാരണമെന്നും പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണസംഘം റിപ്പോർട്ട് നൽകിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ആലുവ സ്വദേശിയായ നടി വി എസ് ചന്ദ്രശേഖരൻ ഉൾപെടെ 7 പേർക്ക് എതിരെയാണ് പരാതി നൽകിയിരുന്നത്...
Sep 24, 2025, 3:35 pm IST

ഡോ. സി ജി ജയചന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പുതിയ സൂപ്രണ്ട്

ഡോ. സി ജി ജയചന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പുതിയ സൂപ്രണ്ട്, ഡോ. ബി എസ് സുനിൽകുമാറിന് പകരക്കാരനായാണ് ഡോ ജയചന്ദ്രൻ എത്തുന്നത്. ഗവേഷണ ആവശ്യം മുന്‍നിര്‍ത്തി വിടുതല്‍ നല്‍കണമെന്ന ആവശ്യം പരിഗണിച്ച് സുനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റുന്നു എന്നാണ് ഉത്തരവ്. ഡോ. ഹാരിസിന്റെ തുറന്നു പറച്ചിൽ, പിന്നാലെ ഡോ ഹാരിസിന് എതിരെ സൂപ്രണ്ടായിരുന്ന സുനിൽകുമാറും പ്രിൻസിപ്പാളും നടത്തിയ വാർത്താസമ്മേളനം ഇതെല്ലാം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സൂപ്രണ്ട് സ്ഥാനം ഒഴിയാൻ ഡോ സുനിൽകുമാർ സന്നദ്ധത അറിയിച്ചത്...
Sep 24, 2025, 3:17 pm IST

ഇന്ത്യൻ ഉദ്യോഗാർത്ഥികളെ ക്ഷണിച്ച് ജർമ്മനി

ട്രംപ് ഭരണകൂടം എച്ച് 1 ബി വിസ പ്രോഗ്രാമിനുള്ള ഫീസ് 100,000 ഡോളറായി വർദ്ധിപ്പിച്ചതിന് പിന്നാലെ ഇന്ത്യൻ പ്രൊഫഷണലുകളെ തങ്ങളുടെ രാജ്യത്തേക്ക് സ്വാഗതം ചെയ്ത് ജർമ്മനി. ജർമ്മൻ അംബാസഡർ ഫിലിപ്പ് അക്കർമാൻ ആണ് ഉദ്യോഗാർത്ഥികളെ ക്ഷണിച്ച് കൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചത്. ജർമ്മനിയുടെ സ്ഥിരതയുള്ള കുടിയേറ്റ നയങ്ങളും ഐ.ടി, മാനേജ്‌മെന്റ്, സയൻസ്, ടെക്‌നോളജി മേഖലകളിലെ തൊഴിലവസരങ്ങളും അദ്ദേഹം എടുത്തു കാണിച്ചു.
Sep 24, 2025, 2:59 pm IST

കേരളത്തിന്റെ ആരോഗ്യ രംഗത്തെ അഭിനന്ദിച്ച് മഹാരാഷ്ട്ര ആരോഗ്യമന്ത്രി

കേരളത്തിന്റെ ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രി പ്രകാശ് അഭിത്കർ. സംസ്ഥാനത്തെ ആശുപത്രികൾ സന്ദർശിച്ച ശേഷം ആരോഗ്യ വകുപ്പുമായി നടത്തിയ ചർച്ചയിലാണ് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള ടീം കേരളത്തെ അഭിനന്ദിച്ചത്. കേരളത്തിലെ മാതൃകാപരമായ പദ്ധതികളും ആരോഗ്യ കേന്ദ്രങ്ങളും അടുത്തറിയാനാണ് സംഘം കേരളത്തിലെത്തിയത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജുമായും സംഘം കൂടിക്കാഴ്ച നടത്തി. സ്വീകാര്യമായ മാതൃകകൾ മഹാരാഷ്ട്രയിൽ നടപ്പിലാക്കുന്നതിന് മന്ത്രി എല്ലാ പിന്തുണയും അറിയിച്ചു.
Sep 24, 2025, 2:07 pm IST

ലഡാക്കിന് സംസ്ഥാന പദവി; ലേയിൽ പ്രതിഷേധക്കാരും പോലീസും തമ്മിൽ സംഘർഷം

ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനാപരമായ സുരക്ഷയും ആവശ്യപ്പെട്ട് ലേയിൽ നടന്ന പ്രതിഷേധം അക്രമാസക്തമായി. പ്രകടനക്കാർ പോലീസുമായി ഏറ്റുമുട്ടി. പ്രതിഷേധക്കാർ പോലീസിനെ നേരെ കല്ലെറിയുകയും ബിജെപി ഓഫീസ് ആക്രമിക്കുകയും ഒരു പോലീസ് വാഹനം കത്തിക്കുകയും ചെയ്തതയായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂട്ടമായി എത്തിയ പ്രക്ഷോഭകരെ നിയന്ത്രിക്കാൻ പോലീസ് കണ്ണീർ വാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു. മുൻപ് നടന്ന നിരാഹാര സമരങ്ങൾക്കും സമ്പൂർണ്ണ ബന്ദിനും ശേഷമാണ് ലേയിൽ ഇത്തരമൊരു സംഘർഷമുണ്ടായത്.
Sep 24, 2025, 1:11 pm IST

കളമശ്ശേരിയില്‍ ജുഡീഷ്യല്‍ സിറ്റി; അംഗീകാരം നൽകി മന്ത്രി സഭ

കളമശ്ശേരിയില്‍ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകി മന്ത്രിസഭ. എം.ടി യുടെ കൈവശമുള്ള 27 ഏക്കർ ഭൂമി ഏറ്റെടുത്ത് ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാനാണ് തീരുമാനം. പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി. 12 ലക്ഷത്തിലധികം ചതുരശ്ര അടി കെട്ടിട സൗകര്യമുൾപ്പെടെ രാജ്യാന്തര തലത്തിലുള്ള ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളും ഉള്ള ജുഡീഷ്യല്‍ സിറ്റിയാണ് വിഭാവനം ചെയ്യുന്നത്. ചീഫ് ജസ്റ്റിസിൻ്റേതുൾപ്പെടെ 61 കോടതി ഹാളുകൾ, രജിസ്ട്രാർ ഓഫീസ്. ഓഡിറ്റോറിയം, വിവിധ കമ്മിറ്റികൾക്കുള്ള മുറികൾ, ഭരണ വിഭാഗത്തിനുള്ള സൗകര്യങ്ങൾ, ലൈബ്രറി ബ്ലോക്ക്, ആർബിട്രേഷൻ സെൻ്റർ, റിക്രൂട്ട്മെന്റ് സെൽ, ഐ.ടി വിഭാഗം, ഇൻഫർമേഷൻ സെൻ്റർ തുടങ്ങി അതിവിപുലമായ സൗകര്യങ്ങൾ ഉണ്ടാകും. ഇതിനു പുറമേ അഡ്വക്കേറ്റ് ജനറൽ ഓഫീസ്, അഭിഭാഷകരുടെ ചേംബറുകൾ, പാർക്കിംഗ് സൗകര്യം, മഴവെള്ള സംഭരണി എന്നിവയും രൂപകൽപന ചെയ്തിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലും കെട്ടിട നിർമ്മാണവുമുൾപ്പെടെ 1000 കോടിയിൽപരം രൂപയുടെ ചെലവാണ് കണക്കാക്കുന്നത്...
Sep 24, 2025, 1:01 pm IST

കൊൽക്കത്തയിൽ ദുരിത പെയ്ത്ത്; ഇതുവരെ 10 മരണം

നിർത്താതെ പെയ്ത പേമാരിയിയുണ്ടാക്കിയ ദുരിതമൊഴിയാതെ കൊൽക്കത്ത നഗരം. 37 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ് കൊൽക്കത്തയിൽ കഴിഞ്ഞ ദിവസം പെയ്തത്. മഴക്കെടുതികളിൽ പത്ത് പേർ മരിച്ചെന്നാണ് വിവരം. ഇവരിൽ അഞ്ച് പേരും മഴയത്ത് പൊട്ടിവീണ വൈദ്യുതകമ്പിയിൽ നിന്ന് വൈദ്യുതാഘാതമേറ്റാണ് മരിച്ചത്. പല റോഡുകളും വെള്ളത്തിലായി. റോഡ്, റെയിൽ,വ്യോമഗതാഗതം താറുമാറായി. തൊണ്ണൂറിലധികം വിമാനസർവീസുകൾ റദ്ദാക്കി. സബർബൻ, മെട്രോ സർവീസുകളും തടസ്സപ്പെട്ടു. ദുർഗ പൂജയുടെ ഒരുക്കങ്ങളും മഴ തടസ്സപ്പെടുത്തി. മുഖ്യമന്ത്രി മമത ബാനർജിയുടെ ദുർഗ പൂജ പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്. മഴ ഇനിയും പെയ്യുമെന്നാണ് കാലാവസ്ഥാപ്രവചനം. ..
Sep 24, 2025, 11:58 am IST

ഓപ്പറേഷൻ നുംകൂറിൽ തുടർനടപടികളുമായി കസ്റ്റംസ്

ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ആഡംബരകാറുകൾ ഇന്ത്യയിലെത്തിച്ചുള്ള തട്ടിപ്പ് കണ്ടെത്താനാനുള്ള ഓപ്പറേഷൻ നുംകൂറിൽ തുടർനടപടികളുമായി കസ്റ്റംസ്. റെയ്‍ഡിൽ പിടിച്ചെടുത്ത ആഡംബരക്കാറുകൾ സൂക്ഷിക്കാൻ ഉടമകളെ തന്നെ ഏൽപിക്കും. സേഫ് കസ്റ്റഡിയിൽ വെക്കാൻ നോട്ടീസ് നൽകും. നിയമനടപടികൾ തീരുന്നതു വരെ ഉപയോഗിക്കാൻ അനുവദിക്കില്ല. നിയമവിരുദ്ധമായല്ല വാഹനങ്ങൾ എത്തിച്ചത് എന്ന് തെളിയിക്കേണ്ടത് ഉടമകളാണ്. വളഞ്ഞ വഴിയിലൂടെ എത്തിയ, തട്ടിപ്പ് വാഹനങ്ങളാണ് വാങ്ങിയതെന്ന് അറിയാമായിരുന്നുവെന്ന് തെളിഞ്ഞാൽ താരങ്ങൾ ഉൾപെടെയുള്ള ഉടമകൾക്ക് ക്രിമിനൽ കേസുകൾ ഉൾപെടെ നേരിടേണ്ടി വരും. അതല്ല, ഇടനിലക്കാരാണ് തട്ടിപ്പ് കാണിച്ചതെന്ന് തെളിഞ്ഞാൽ ഉടമകൾ രക്ഷപ്പെടാൻ കഴിയും.
Sep 24, 2025, 11:32 am IST

എൻ എം വിജയന്റെ കടബാധ്യത തീർത്ത് കോൺഗ്രസ്

മുൻ ഡിസിസി ട്രഷറർ എൻ എം വിജയന്റെ കടബാധ്യത തീർത്ത് കോൺഗ്രസ് . അ‌ർബൻ ബാങ്കിനുണ്ടായിരുന്ന ബാധ്യതയാണ് തീർത്തത്. 63 ലക്ഷം രൂപയുടെ കടമാണ് കോൺഗ്രസ് അടച്ചുതീർത്തത്. നേരത്തെ 30 ലക്ഷം രൂപയുടെ കടവും തീർത്തിരുന്നു. വിജയന്റെ കടബാധ്യത തീർക്കുമെന്ന് കെപിസിസി പ്രഖ്യാപിച്ചിരുന്നതാണ്. ഇത് പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് കുടുംബം ആക്ഷേപിച്ചിരുന്നതുമാണ്...
Sep 24, 2025, 10:58 am IST

എം എസ് സുബ്ബലക്ഷ്മി പുരസ്കാരം കെ ജെ യേശുദാസിന്

തമിഴ്നാട് സർക്കാരിന്റെ എം എസ് സുബ്ബലക്ഷ്മി പുരസ്കാരം കെ ജെ യേശുദാസിന്. സംഗീതമേഖലക്ക് നൽകിയ സംഭാവനകൾ മാനിച്ചാണ് പുരസ്കാരമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വിശദീകരിച്ചു. 2023ലെ കലൈ മാമണി പുരസ്കാരം ഗായിക ശ്വേത മോഹനാണ്. നടൻ മണികണ്ഠൻ‌, ജോർജ് മാരിയൻ, ഛായാഗ്രാഹകൻ സന്തോഷ് കുമാർ, പിആർഒ നികിൽ മരുകൻ എന്നിവരും ശ്വേത മോഹനൊപ്പം പുരസ്കാരത്തിന് അർഹരായിട്ടുണ്ട്. 2022ലെ പുരസ്കാരം നടൻ വിക്രം പ്രഭു, ജയ വി.സി. ഗുഹനാഥൻ‌, ഗാനരചയിതാവ് വിവേക, പിആർഒ ഡയമണ്ട് ബാബു എന്നിവർക്കാണ്. 2021ലെ കലൈ മാമണി പുരസ്കാരത്തിന് അർഹരായവർ നടി സായ് പല്ലവി നടൻ എസ് ജെ സൂര്യ,സംവിധായകൻ ലിംഗു സ്വാമി എന്നിവരാണ് . അടുത്ത മാസം ചെന്നൈയിലാണ് പുരസ്കാരവിതരണം.
Sep 24, 2025, 10:55 am IST

തായ്‍വാനിലും വലിയ നാശം വിതച്ച് 'റഗാസ'

ഫിലിപ്പീൻസിന് പിന്നാലെ തായ്‍വാനിലും വലിയ നാശം വിതച്ച് കൊടും ചുഴലിക്കാറ്റ്.റഗാസ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഇക്കൊല്ലത്തെ ഏറ്റവും തീവ്രതയേറിയതാണെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. വടക്കൻ ഫിലിപ്പീൻസിൽ നിന്ന് നൂറുകണക്കിന് പേരെയാണ് ചുഴലി കാരണം മാറ്റി പാർപ്പിച്ചത്. പിന്നെ തായ്‍വാനിലേക്ക് പ്രവേശിച്ച ചുഴലിയിൽ പാലങ്ങളും തടാകങ്ങളും തകർന്നു. പത്തിലധികം പേർ മരിച്ചു. നിരവധി പേരെ കാണാതായി. ഹോങ്കോങ്ങിലേക്ക് വീശിയടിച്ച് തുടങ്ങിയതോടെ റോഡുകൾ വെള്ളത്തിലായി. എഴുന്നൂറിലധികം ഹോങ്കോങ് വിമാനങ്ങളാണ് റദ്ദാക്കിയത്. തിരമാലകൾ വീശിയടിക്കുകയാണ്. തെക്കൻ ചൈനയിൽ നിന്ന് പതിനായിരങ്ങളെ മാറ്റി പാർപ്പിക്കുകയാണ്.
Sep 24, 2025, 10:54 am IST

സ്വന്തം ജനതയെ ബോംബിട്ട് കൊല്ലുന്ന പാക്കിസ്ഥാൻ ആദ്യം സമ്പദ് വ്യവസ്ഥ ശ്രദ്ധിക്കൂ; ഇന്ത്യ

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ (UNHRC) പാകിസ്താനെതിരെ രൂക്ഷ വിമർശനമുയർത്തി ഇന്ത്യ. സ്വന്തം രാജ്യത്തിലെ ജനങ്ങളെ ഖൈബർ പഖ്തൂൺഖ്വയിൽ ബോംബിട്ട് കൊല്ലുന്ന പാകിസ്താൻ, ഇന്ത്യക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കാൻ യുഎൻഎച്ച്ആർസി വേദി ദുരുപയോഗം ചെയ്യുകയാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി.ന്ത്യയെ ലക്ഷ്യമിടുന്നതിന് പകരം തകർന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയെയും മനുഷ്യാവകാശ ലംഘനങ്ങളെയും പീഡനങ്ങളേയും അഭിമുഖീകരിക്കാൻ പാകിസ്താൻ തയ്യാറാകണമെന്ന് ഇന്ത്യ വ്യക്തമാക്കി.
Sep 24, 2025, 10:50 am IST

ആശ്രമം ഡയറക്ടർക്കെതിരെ ലൈംഗികാതിക്രമ ആരോപണം; കേസെടുത്ത് പോലീസ്

ഡൽഹിയിലെ വസന്ത് കുഞ്ച് മേഖലയിലെ പ്രശസ്ത ആശ്രമത്തിൻ്റെ ഡയറക്ടർക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്ത് പോലീസ്. ഒരു ഡസനിലധികം വിദ്യാർത്ഥിനികളെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്‌മെൻ്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതി എന്ന പാർത്ഥ സാരഥിക്ക് എതിരെയാണ് കേസെടുത്തത്. പോലീസ് 32 പേരുടെ മൊഴി രേഖപ്പെടുത്തി. ഇയാളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ വനിതാ അധ്യാപകരും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫും വിദ്യാർത്ഥിനികളെ നിർബന്ധിച്ചതായും അതിക്രമത്തിന് ഇരയായവർ മൊഴി നൽകിയിട്ടുണ്ട്.
Sep 24, 2025, 10:32 am IST

വിവാദങ്ങൾക്കിടെ പാലക്കാട്ടെത്തി രാഹുൽ മാങ്കൂട്ടത്തിൽ

വിവാദങ്ങൾക്കിടെ പാലക്കാട് എത്തി എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ലൈംഗികാതിക്രമ ആരോപണത്തിൽ പാർട്ടിയിൽ നിന്ന് നടപടി നേരിട്ടതിന് ശേഷം ഇതാദ്യമായാണ് രാഹുൽ പാലക്കാടേക്ക് വരുന്നത്. പാലക്കാട് എത്തുന്ന രാഹുലിന് വലിയ സ്വീകരണം ഒരുക്കാൻ നിൽക്കുകയാണ് പ്രവർത്തകർ
Sep 24, 2025, 9:25 am IST

കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 20 ഓളം പേർക്ക് പരിക്ക്

വട്ടപ്പാറ മരുതൂർ പാലത്തിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 ഓളം പേർക്ക് പരിക്ക്. ചിലരുടെ നില ഗുരുതരമാണ്. തിരുവനന്തപുരം – പത്തനംതിട്ട കെഎസ്ആർടിസി ബസ്സാണ് അപകടത്തിൽപെട്ടത്.പുലർച്ചെയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Sep 24, 2025, 8:25 am IST

ചൈനയും ഇന്ത്യയുമാണ് യുക്രെയ്ൻ യുദ്ധത്തിന് സാമ്പത്തിക സ്രോതസ് ഉറപ്പാക്കുന്നത്; ട്രംപ്

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതിലൂടെ ചൈനയും ഇന്ത്യയുമാണ് യുക്രെയ്ൻ യുദ്ധത്തിന് സാമ്പത്തിക സ്രോതസ് ഉറപ്പാക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യവെയാണ് ട്രംപിന്റെ വിമർശനം.നാറ്റോ രാജ്യങ്ങൾ പോലും റഷ്യൻ ഊർജ്ജ ഉൽപ്പന്നങ്ങൾ കാര്യമായി ഒഴിവാക്കിയിട്ടില്ല എന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്നും ട്രംപ് വിമർശിച്ചു.
Sep 24, 2025, 8:22 am IST

ഇപിഎഫ്ഒ നിയമങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ

എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) നിയമങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ.വരിക്കാർക്ക് അവരുടെ സമ്പാദ്യം ഉപയോഗിക്കുന്നതിൽ കൂടുതൽ സ്വാതന്ത്ര്യം നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.ഭവനം, വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്കുള്ള പിൻവലിക്കൽ പരിധികൾ ലഘൂകരിക്കും. നിലവിൽ, ഇപിഎഫ്ഒ അംഗങ്ങൾക്ക് 58 വയസ്സിൽ വിരമിച്ചതിന് ശേഷമോ, അല്ലെങ്കിൽ രണ്ട് മാസത്തിൽ കൂടുതൽ തൊഴിലില്ലാതെ ഇരിക്കുകയാണെങ്കിലോ മാത്രമേ മുഴുവൻ തുകയും പിൻവലിക്കാൻ കഴിയൂ. ഭാഗികമായ പിൻവലിക്കലുകൾ അനുവദനീയമാണെങ്കിലും, അവ ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ്. ഭവനം, വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്കുള്ള പിൻവലിക്കൽ പരിധികൾ ലഘൂകരി
Sep 24, 2025, 6:59 am IST

7 യുദ്ധങ്ങൾ അവസാനിപ്പിച്ചു; ആവർത്തിച്ച് ട്രംപ്

താൻ ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്ന വാദം ഐക്യരാഷ്ട്ര സഭ പൊതുസമ്മേളനത്തിലും ആവർത്തിച്ച് ട്രംപ്. ഇസ്രായേലും ഇറാനും, ഇന്ത്യയും പാക്കിസ്ഥാനും, റുവാണ്ടയും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും, തായ്‌ലൻഡും കംബോഡിയയും, അർമേനിയയും അസർബൈജാനും, ഈജിപ്തും എത്യോപ്യയും, സെർബിയയും കൊസോവോയും തമ്മിലുള്ള സംഘർഷങ്ങളാണ് താൻ അവസാനിപ്പിച്ചതെന്നാണ് ട്രംപിന്റെ വാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+