Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്‌നാട്ടില്‍ വിജയ് നയിച്ച റാലി വന്‍ ദുരന്തമായി മാറി; തിക്കിലും തിരക്കിലും 36 മരണം; പ്രധാന വാര്‍ത്തകള്‍

തമിഴ്‌നാട്ടില്‍ നടന്‍ വിജയ് നയിച്ച തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) റാലി വന്‍ ദുരന്തത്തില്‍ കലാശിച്ചു. തിക്കിലും തിരക്കിലും 36 പേര്‍ മരിച്ചു. മരണസംഖ്യ ഉയരുമെന്നാണ് സൂചന. നിരവധി പേര്‍ തിക്കിലും തിരക്കിലും കുഴഞ്ഞുവീണു. 12 പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരില്‍ ആറ് കുട്ടികളും 10 സ്ത്രീകളും ഒന്‍പത് പുരുഷന്മാരും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. വിജയ്യുടെ കരൂര്‍ റാലിയിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവമുണ്ടായത്.

50 പേരോളമാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നത്. തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ കുഴഞ്ഞുവീഴുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വിജയ് പ്രസംഗം പൂര്‍ത്തിയാക്കാതെ കാരവാനിലേക്ക് മടങ്ങി. സംഭവത്തില്‍ വിജയ്‌ക്കെതിരെ കേസെടുത്തേക്കും.

സംസ്ഥാനത്ത് കനത്ത മഴ തുടരും. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ യെല്ലോ അലർട്ടാണ് നല്‍കിയിരിക്കുന്നത്. ബംഗാൾ ഉൾക്കടൽ തീവ്ര ന്യുന മർദ്ദം തെക്കൻ ഒഡീഷയിലെ ഗോപാൽപൂരിന് സമീപം രാവിലെയോടെ കരയിൽ പ്രവേശിച്ചു. നിലവിൽ തെക്കൻ ഒഡീഷയ്ക്ക് മുകളിൽ സ്ഥിതിചെയ്യുന്നു. ഇത് തുടർന്ന് പടിഞ്ഞാറോട്ട് നീങ്ങി തെക്കൻ ഒഡീഷക്കും ഛത്തീസ്ഗഢുംവഴി നീങ്ങി, അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തികൂടിയ ന്യുനമർദ്ദമായി (well marked low pressure area) മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

അതിനിടെ ലഡാക്ക് സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത മാഗ്സസെ പുരസ്ക്കാര ജേതാവ് കൂടിയായ സമര നേതാവ് സോനം വാങ് ചുക്കിയെ ജോധ്പൂരിലേക്ക് മാറ്റി. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് തീരുമാനം. വാങ്ചുക്കിന്റെ അറസ്റ്റിൽ ആം ആദ്മിയും കോൺഗ്രസും വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. അതേസമയം ലഡാക്കില്‍ പ്രതിഷേധിച്ച സംഘടനകളുടെ പ്രതിനിധികളുമായി ഇന്ന് ആഭ്യന്തര മന്ത്രാലയം ചര്‍ച്ച നടത്തും. ലഡാക്ക് അപക്സ് ബോഡി, കാര്‍ഗില്‍ ഡമോക്രാറ്റിക് അലയന്‍സ് എന്നീ സംഘനകളുടെ ആറ് പ്രതിനിധികളുമായാണ് ചർച്ച നടത്തുന്നത്. മറ്റ് പ്രധാന വാർത്തകൾ കൂടി അറിയാം

newproject8-175

Sep 28, 2025, 5:03 am IST

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ദുരന്തസ്ഥലത്തെത്തി. കരൂര്‍ മെഡിക്കല്‍ കോളജില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് തമിഴ്നാട് മുഖ്യമന്ത്രി എത്തിയത്. റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പരിക്കേറ്റ് ചികിത്സയിലുള്ളവരെയും അദ്ദേഹം സന്ദര്‍ശിച്ചു.
Sep 28, 2025, 4:58 am IST

കരൂര്‍ ദുരന്തത്തില്‍ പരിക്കേറ്റ 111 പേര്‍ ആശുപത്രിയില്‍. 17 പേര്‍ അതീവ ഗുരുതരാവസ്ഥയില്‍
Sep 28, 2025, 2:52 am IST

കരൂര്‍ ദുരന്തത്തെതുടര്‍ന്ന് വിജയ്‌യുടെ ചെന്നൈയിലെ വീടിന് സുരക്ഷ കൂട്ടി.
Sep 28, 2025, 2:49 am IST

തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ ഫോണില്‍ വിളിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്രസഹായം വാഗ്ദാനം ചെയ്തു
Sep 28, 2025, 2:48 am IST

ദുരന്തത്തില്‍ പൊലീസിന് വീഴ്ചയില്ലെന്ന് തമിഴ്‌നാട് ഡിജിപി. വിജയ് എത്താന്‍ വൈകിയതാണ് ദുരന്തത്തിന് കാരണമെന്നും വിശദീകരണം.
Sep 28, 2025, 2:47 am IST

കരൂരിലുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 39 ആയി ഉയര്‍ന്നു.
Sep 28, 2025, 12:00 am IST

വേദനാജനകമെന്ന് കമല്‍ഹാസന്‍

എന്റെ ഹൃദയം നുറുങ്ങുന്നു. കരൂരില്‍ നിന്നുള്ള വാര്‍ത്ത ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണ്. തിക്കിലും തിരക്കിലും ജീവന്‍ നഷ്ടപ്പെട്ട നിരപരാധികള്‍ക്ക് എന്റെ അഗാധമായ അനുശോചനം അറിയിക്കാന്‍ എനിക്ക് വാക്കുകള്‍ പോര. തിക്കിലും തിരക്കിലും പെട്ട് രക്ഷപ്പെട്ടവര്‍ക്ക് ഉചിതമായ ചികിത്സയും ഇരകള്‍ക്ക് ഉചിതമായ ആശ്വാസവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ തമിഴ്നാട് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.
Sep 27, 2025, 11:53 pm IST

കരൂര്‍ ദുരന്തത്തില്‍ അനുശോചിച്ച് രജനീകാന്ത്
Sep 27, 2025, 11:52 pm IST

കരൂര്‍ ദുരന്തത്തെ കുറിച്ച് അന്വേഷിക്കാന്‍ ഏകാംഗ കമ്മീഷനെ നിയോഗിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ജസ്റ്റിസ് അരുണ ജഗദീശനാണ് അന്വേഷിക്കുക. നേരത്തെ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് പ്രതിഷേധത്തിനിടെ നടന്ന വെടിവയ്പിനെ കുറിച്ച് അന്വേഷിച്ച കമ്മീഷനാണിത്.
Sep 27, 2025, 11:50 pm IST

കരൂർ ദുരന്തത്തിൽ ഹൃദയം തകർന്നിരിക്കുകയാണെന്ന് വിജയ്. വാക്കുകളാൽ പറഞ്ഞറിയിക്കാൻ കഴിയാത്ത വേദനയാണിതെന്നും വിജയ് എക്സിൽ കുറിച്ചു
Sep 27, 2025, 11:09 pm IST

വിജയ് നടത്തിയ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സംഭവം അത്യധികം ദുഃഖകരമാണെന്നും മരണങ്ങളില്‍ അതീവ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നുവെന്നും പിണറായി അറിയിച്ചു.
Sep 27, 2025, 11:06 pm IST

ദുരന്തത്തില്‍ അതിയായി വേദനിക്കുന്നുവെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. മരിച്ചവരുടെ കുടുംബങ്ങളോട് രാഷ്ട്രപതി അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ക്ക് എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും രാഷ്ട്രപതി ആശംസിച്ചു.
Sep 27, 2025, 10:47 pm IST

മരിച്ചവര്‍ക്ക് 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അനുവദിച്ചു.
Sep 27, 2025, 10:01 pm IST

വിജയ്യുടെ റാലിയില്‍ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തില്‍ മരണസംഖ്യ ഉയരുമെന്ന് കരൂര്‍ ആശുപത്രി സൂപ്രണ്ട്. മാധ്യമങ്ങളോടു പ്രതികരിക്കാതെ വിജയ് മടങ്ങി. വിജയ്ക്കെതിരേ വിമര്‍ശനവുമായി മറ്റ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍.
Sep 27, 2025, 9:59 pm IST

ദുരന്തസ്ഥലത്തേക്ക് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ നാളെയെത്തും. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘം കരൂരിലേക്കു പുറപ്പെട്ടു. ട്രിച്ചി, ഡിണ്ടിഗല്‍ കലക്ടര്‍മാര്‍ ഉടന്‍ സ്ഥലത്തെത്തും.
Sep 27, 2025, 9:55 pm IST

വിജയ്യുടെ റാലിയില്‍ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തില്‍ 12 പേരു2െ നില അതീവ ഗുരുതരം
Sep 27, 2025, 9:45 pm IST

തമിഴ്‌നാട്ടിലെ കരൂരില്‍ വിജയ്യുടെ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അര്‍പ്പിച്ചു. ദൗര്‍ഭാഗ്യകരമായ സംഭവമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Sep 27, 2025, 8:59 pm IST

വിജയ് നയിച്ച റാലിയില്‍ തിക്കും തിരക്കും; 29 മരണം

തമിഴ്‌നാട്ടില്‍ നടന്‍ വിജയ് നയിച്ച തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) റാലിയില്‍ വന്‍ ദുരന്തം. തിക്കിലും തിരക്കിലും മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ 29 പേര്‍ മരിച്ചു. മരണസംഖ്യ ഉയരുമെന്ന് സൂചന. നിരവധി പേര്‍ തിക്കിലും തിരക്കിലും കുഴഞ്ഞുവീണു.
Sep 27, 2025, 8:03 pm IST

കേന്ദ്ര ഭരണപ്രദേശമായ ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് ബുധനാഴ്ച നടന്ന അക്രമാസക്തമായ പ്രക്ഷോഭത്തിന്റെ പേരില്‍ അറസ്റ്റിലായ കാലാവസ്ഥാ പ്രവര്‍ത്തകനും ലേ അപെക്സ് ബോഡി (എല്‍എബി) എന്ന സംഘടനയിലെ അംഗവുമായ സോനം വാങ്ചുക്കിന് പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം. വാങ്ചുക് പാക് മാധ്യമമായ ഡോണ്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുത്തതായും കേന്ദ്രവുമായുള്ള സംസ്ഥാന പദവി ചര്‍ച്ചകള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും ഡിജിപി ആരോപിച്ചു.
Sep 27, 2025, 6:36 pm IST

2050-ല്‍ കേരളത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുകയാണ് ലക്ഷ്യം: മുഖ്യമന്ത്രി

2050 ആകുമ്പോഴേക്കും കേരളത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓറ 2025 ഇന്റര്‍നാഷണല്‍ എന്‍വിറോണ്‍മെന്റ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത സുസ്ഥിര വികസനവും വികസനത്തെ അട്ടിമറിക്കാത്ത പാരിസ്ഥിതിക സംരക്ഷണവും എന്ന നയമാണ് നാം നടപ്പാക്കി വരുന്നതെന്നും ഇ - മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
Sep 27, 2025, 6:07 pm IST

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള ഒരു കാർ കൂടി കണ്ടെത്തി . കൊച്ചിയിൽ ബന്ധുവിന്റെ ഫ്ലാറ്റിൽ നിന്നാണ് നിസാൻ പട്രോൾ വാഹനം കണ്ടെത്തിയത്. ഹിമാചൽ സ്വദേശിയിൽ നിന്നാണ് ദുൽഖർ വാഹനം വാങ്ങിയതെന്നാണ് രേഖ. ഫസ്റ്റ് ഓണർ ഇന്ത്യൻ സൈന്യമാണെന്നാണ് രേഖകളിലുള്ളത്. നേരത്തെ ദുൽഖറിന്റെ ലാൻഡ് റോവറും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഇതിന് എതിരെ ദുൽഖർ ഇന്നലെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വാഹനത്തിന് രേഖകളുണ്ടെന്നും വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. ഇതിനിടെയാണ് വീണ്ടും ഒരു വാഹനം കൂടി കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.
Sep 27, 2025, 5:20 pm IST

കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയായ സിയാൽ നടപ്പിലാക്കുന്നത് 1,400 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിയാൽ ഓഹരിയുടമകളുടെ വാർഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി. 2024 -2025 സാമ്പത്തിക വർഷം 1,142 കോടി രൂപയാണ് സിയാലിന്റെ മൊത്ത വരുമാനം. ലാഭം 489 .84 കോടി. നിക്ഷേപകർക്ക് ഡയറക്ടർ ബോർഡ് ശുപാർശ ചെയ്ത 50 ശതമാനം ലാഭവിഹിതം വാർഷിക പൊതുയോഗം അംഗീകരിക്കുകയും ചെയ്തു.
Sep 27, 2025, 4:44 pm IST

ബിജെപിയുമായി ഒരിക്കലും സഖ്യം രൂപീകിരിക്കില്ലെന്ന് വ്യക്തമാക്കി നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. തമിഴ്നാട്ടില്‍ ഡിഎംകെയും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടാണെന്നും ഡിഎംകെയ്ക്ക് വോട്ടുചെയ്യുന്നത് ബിജെപിക്ക് വോട്ടുചെയ്യുന്നതു പോലെയാണെന്നും വിജയ് പറഞ്ഞു.
Sep 27, 2025, 3:43 pm IST

ലഡാക്ക് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ. സോനം വാങ്ചുകിനെ ദേശീയ സുരക്ഷാ നിയമം ഉള്‍പ്പെടെ ചുമത്തി ജയിലില്‍ അടച്ചത് ബിജിപിയുടെ സ്വേഛാതിപത്യ നടപടിയാണെന്ന് സി പി എം വിമർശിക്കുന്നു
Sep 27, 2025, 3:00 pm IST

വാങ്ചുക്കിന് പാക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കും; ഡിജിപി

ലഡാക്കിൽ കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തതിനെ ന്യായീകരിച്ച് ഡിജിപി എസ്.ഡി. സിംഗ് ജംവാൽ.വാങ്ചുക്കിന്റെ പ്രതിഷേധ പരിപാടി സാമൂഹ്യ വിരുദ്ധരെ പ്രോത്സാഹിപ്പിക്കുകയും അക്രമത്തിന് കളമൊരുക്കുകയും ചെയ്തുവെന്ന് ജംവാൽ വിമർശിച്ചു. വാങ്ചുക്കിന്റെ പാകിസ്താൻ സന്ദർശനങ്ങളെക്കുറിച്ചും ഇസ്ലാമാബാദിലെ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചകളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ടെന്ന് ജംവാൽ കൂട്ടിച്ചേർത്തു. ഇതിന് പാകിസ്താനുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. ആസൂത്രണവും ഏകോപനവും മുൻകൂട്ടി നടന്നിട്ടുണ്ട്. കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാൻ ഈ അറസ്റ്റ് അനിവാര്യമായിരുന്നുവെന്നും ഡിജിപി പറഞ്ഞു.
Sep 27, 2025, 2:17 pm IST

നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
Sep 27, 2025, 1:16 pm IST

കോൺഗ്രസ് അന്നും ഇന്നും വിശ്വാസികൾക്കും; വിഡി സതീശൻ

ശബരിമല വിഷയത്തിൽ കോൺഗ്രസ് അന്നും ഇന്നും വിശ്വാസികൾക്കും അയ്യപ്പ ഭക്തർക്കും ഒപ്പമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എൻഎസ്എസിന് ഇഷ്ടമുള്ള രാഷ്ട്രീയ തീരുമാനം എടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും അതിൽ കോൺഗ്രസിന് ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.
Sep 27, 2025, 12:08 pm IST

രണ്ട് വയസുകാരിയുടെ കൊലപാതകം; കുട്ടിയുടെ അമ്മയും അറസ്റ്റിൽ

ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അമ്മ ശ്രീതുവും അറസ്റ്റില്‍. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. കേസിലെ ഒന്നാം പ്രതിയും ശ്രീതുവിന്റെ സഹോദരനുമായി ഹരികുമാറിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാളും ശ്രീതുവിനെതിരെ മൊഴി നൽകിയെന്നാണ് വിവരം
Sep 27, 2025, 11:49 am IST

ഡോ. മാലതി ദാമോദരൻ്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

മഹാനായ അച്ഛൻ്റെ ജീവിതാദർശങ്ങളെ മുറുകെ പിടിച്ച് ജീവിച്ച മകളായിരുന്നു ഡോ. മാലതി ദാമോദരൻ. പെൺകുട്ടികൾ അച്ഛൻ്റെയോ ഭർത്താവിൻ്റെയോ മേൽവിലാസത്തിൽ അല്ല അറിയപ്പെടേണ്ടതെന്ന ഇ എം എസിൻ്റെ കാഴ്ച്ചപ്പാട് ജീവിതത്തിൽ പകർത്തി അവർ. ശിശുരോഗ വിദഗ്ദ്ധ എന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ജനകീയ പൊതുജനാരോഗ്യ പ്രവർത്തക കൂടിയായിരുന്നു ഡോ. മാലതി. ലാളിത്യമായിരുന്നു അവരുടെ മുഖമുദ്ര. സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിൽ കൃത്യമായ അഭിപ്രായം ഡോ. മാലതിക്ക് ഉണ്ടായിരുന്നു. സ്വന്തമായതെല്ലാം സമൂഹത്തിനും പ്രസ്ഥാനത്തിനും കരുതി വെച്ച ഡോ. മാലതിക്ക് ശാസ്ത്രീയമായ സാമൂഹ്യ വീക്ഷണവും ഉണ്ടായിരുന്നു. കേരളം മലയാളികളുടെ മാതൃഭൂമി എന്ന ഇ എം എസ് എഴുതിയ പുസ്തകമായിരുന്നു മാലതിക്ക് അച്ഛൻ നൽകിയ വിവാഹ സമ്മാനം. കാളിദാസൻ്റെ ശാകുന്തളം ഉദ്ധരിച്ച് ഇ എം എസ് അതിൻ്റെ പുറംച്ചട്ടയിൽ എഴുതിയ വാക്യങ്ങൾ ഒരു അച്ഛനും മകളും തമ്മിലുള്ള സവിശേഷമായ ഹൃദയബന്ധം വരച്ച് കാട്ടുന്നതായിരുന്നു. ചിക്കൻ പോക്സ് ബാധിതനായ തൻ്റെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്യുന്ന ഘട്ടത്തിൽ തൊട്ടുതലേ ദിവസം പ്രസവിച്ച് കിടക്കുന്ന അമ്മ ആര്യാ അന്തർജനത്തെ എട്ടാം വയസ്സിൽ പരിചരിച്ചതിനെപ്പറ്റി ഡോ. മാലതി പിന്നീട് പറഞ്ഞിരുന്നു. ഇഎംഎസിന്റെ മകൾ എന്ന നിലയിൽ പ്രത്യേക അടുപ്പം അവരുമായി ഉണ്ടായിരുന്നുവെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Sep 27, 2025, 11:16 am IST

കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

വൈക്കം തലയോലപ്പറമ്പില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. കരിപ്പാടം സ്വദേശി മുര്‍ത്താസ് അലി റഷീദ് (27), വൈക്കം സ്വദേശി ഋതിക് (29) എന്നിവരാണ് മരിച്ചത്.
READ MORE

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+