Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമയ്ക്കും താരിഫ് പ്രഖ്യാപിച്ച് ട്രംപ്; ലഡാക്ക് ചര്‍ച്ച വഴിമുട്ടി, ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കത്തിനെതിരെ ഏകകണ്‌ഠേന പ്രമേയം പാസാക്കി കേരള നിയമസഭ. എസ്‌ഐആര്‍ പ്രക്രിയ ദേശീയ പൗരത്വ രജിസ്റ്ററിന്റെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എസ്‌ഐആറിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചു.

അതിനിടെ ഏഷ്യാ കപ്പ് പുരസ്‌കാരദാന ചടങ്ങുകളിലെ വിവാദത്തിന്റെ അലയൊലികള്‍ ഇന്ത്യയിലും പാകിസ്ഥാനിലും തുടരുകയാണ്. രാഷ്ട്രീയ നേതാക്കളും ഇതില്‍ പ്രതികരണവുമായി എത്തിയതോടെ സംഭവം ഒരിക്കല്‍ കൂടി ഇന്ത്യ-പാക് വാക്‌പോരിന് വഴിവെച്ചിരിക്കുകയാണ്. ഇന്ത്യന്‍ വിജയത്തെ ഓപ്പറേഷന്‍ സിന്ദൂരിലെ വിജയത്തോട് ഉപമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. എന്നാല്‍ ഇതിന് പിന്നാലെ മറുപടിയുമായി പിസിബി മേധാവി മൊഹ്സിന്‍ നഖ്വി രംഗത്തെത്തി. നിരവധി പ്രധാന സംഭവങ്ങള്‍ ഇന്നുണ്ടായിട്ടുണ്ട്. ചുരുക്കി അറിയാം...

ivee-175

Sep 30, 2025, 8:46 am IST

ഇസ്രായേല്‍ സൈന്യം പലസ്തീനിലെ ഗാസ പിടിച്ചടക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അടുത്ത് നിര്‍ത്തിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അമേരിക്ക മുന്നോട്ടുവച്ച സമാധാന കരാര്‍ നെതന്യാഹു അംഗീകരിച്ചുവെന്നും ഹമാസും അംഗീകരിച്ചാല്‍ സമാധാനം പുലരുമെന്നും ട്രംപ് പറഞ്ഞു.
Sep 30, 2025, 8:28 am IST

കരൂർ ദുരന്തത്തില്‍ കൂടുതല്‍ നടപടിയുമായി തമിഴ്നാട് സർക്കാർ. ടിവികെ നേതാവ് പൗന്‍രാജിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. പരിപാടിക്ക് അനുമതി നല്‍കിയ അപേക്ഷയില്‍ ഒപ്പിട്ടത് പൗന്‍രാജായിരുന്നു
Sep 30, 2025, 8:00 am IST

അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ച് താലിബാന്‍ ഭരണകൂടം. സദാചാര നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം. പുതിയ നിർേദേശ പ്രകാരം തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടു. തിങ്കളാഴ്ച മുതല്‍ രാജ്യത്തുടനീളം ഫൈബര്‍-ഒപ്റ്റിക് ഇന്റര്‍നെറ്റ് വിച്ഛേദിച്ചേക്കാമെന്ന് സ്വകാര്യ ടെലിവിഷന്‍ ചാനലായ ടോളോ ന്യൂസും റിപ്പോർട്ട് ചെയ്തിരുന്നു.
Sep 29, 2025, 10:33 pm IST

കരൂര്‍ ദുരന്തത്തില്‍ ആദ്യ അറസ്റ്റ്

വിജയുടെ പാര്‍ട്ടി നടത്തിയ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ച സംഭവത്തില്‍ ആദ്യ അറസ്റ്റ്. തമിഴക വെട്രി കഴകം (ടിവികെ) ജില്ലാ സെക്രട്ടറി മതിയഴകനെയാണ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹം ഒളിവിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്. മനപ്പൂര്‍വമല്ലാത്ത നരഹത്യ വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.
Sep 29, 2025, 10:05 pm IST

കോണ്‍ഗ്രസില്‍ മാറ്റം

ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷനായി റാവു നരേന്ദര്‍ സിങിനെ ഹൈക്കമാന്റ് നിയമിച്ചു. ഭൂപീന്ദര്‍ സിങ് ഹൂഡ നിയമസഭാ കക്ഷി നേതാവാകും. മാസങ്ങളായി തുടരുന്ന അനിശ്ചിത്വം ഇതോടെ അവസാനിച്ചു. മുന്‍ എംഎല്‍എയാണ് റാവു നരേന്ദര്‍. ബിജെപി ഭരിക്കുന്ന ഹരിയാനയില്‍ കഴിഞ്ഞ മൂന്ന് തവണയായി പ്രതിപക്ഷത്താണ് കോണ്‍ഗ്രസ്.
Sep 29, 2025, 9:33 pm IST

റിട്ടയേഡ് ജഡ്ജി അന്വേഷിക്കും

ശബരിമലയിലെ സ്വത്തുവകകള്‍ സംബന്ധിച്ച് വിഷയങ്ങള്‍ റിട്ട. ജസ്റ്റിസ് കെടി ശങ്കരന്‍ അന്വേഷിക്കും. അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സ്വത്തുക്കളിലെ അവ്യക്തത പരിശോധിക്കും. ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം.
Sep 29, 2025, 8:21 pm IST

സുകുമാരന്‍ നായര്‍ക്കെതിരെ പ്രതിഷേധം

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ പ്രതിഷേധം. എറണാകുളം കോലഞ്ചേരിയില്‍ പ്രതിഷേധ ബോര്‍ഡ് സ്ഥാപിച്ചു. സുകുമാരന്‍ നായര്‍ കട്ടപ്പ എന്നാണ് വിമര്‍ശനം. പിണറായി വിജയന് പാദസേവ ചെയ്യുന്നു എന്നും ആരോപണം. ചെങ്ങന്നൂര്‍ പേരിശേരിയിലും ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.
Sep 29, 2025, 7:16 pm IST

കാനഡ ഭീകരരായി പ്രഖ്യാപിച്ചു

ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തെ ഭീകര ഗ്രൂപ്പായി കാനഡ പ്രഖ്യാപിച്ചു. ഭീകരതയ്ക്ക് കനേഡിയന്‍ മണ്ണില്‍ സ്ഥാനമില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. കാനഡയിലെ ക്രിമിനല്‍ നിയമം അടിസ്ഥാനമാക്കിയാണ് പുതിയ തീരുമാനം എന്നും പ്രസ്താവനയില്‍ പറയുന്നു.
Sep 29, 2025, 7:05 pm IST

സിനിമയ്ക്ക് 100 ശതമാനം താരിഫ് പ്രഖ്യാപിച്ച് യുഎസ്

അമേരിക്കക്ക് പുറത്ത് നിര്‍മിക്കുന്ന സിനിമകള്‍ക്ക് 100 ശതമാനം താരിഫ് പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. വിദേശ സിനിമകള്‍ അമേരിക്കയില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ പ്രതിസന്ധി നേരിടുന്നതാണ് പുതിയ തീരുമാനം. അമേരിക്കയില്‍ സിനിമ നിര്‍മിക്കുന്നതിന് പ്രേരിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
Sep 29, 2025, 6:53 pm IST

ആദ്യ കോള്‍ നടന്‍ ടൊവിനോയുടേത്

സിഎം വിത്ത് മി പരിപാടിയുടെ കണക്ട് സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വിശ്വസനീയ ജനസേവന സംവിധാനമായി ഈ പരിപാടി മാറുമെന്ന് മുഖ്യമന്ത്രി. ജനങ്ങള്‍ക്ക് പോരായ്മകള്‍ ചൂണ്ടിക്കാട്ടാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യ കോള്‍ വന്നത് നടന്‍ ടൊവിനോയുടേത്. പരിപാടിയെ ടൊവിനോ പ്രശംസിച്ചു. അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണെന്ന് മുഖ്യമന്ത്രിയും.
Sep 29, 2025, 5:56 pm IST

ലഡാക്ക് ചര്‍ച്ച വഴിമുട്ടി

സമാധാനം തിരിച്ചുവരാതെ ചര്‍ച്ചയ്ക്ക് ഇല്ലെന്ന് ലേ അപെക്‌സ് ബോഡി. ഇതോടെ ഒക്ടോബര്‍ ആറിന് നടക്കേണ്ട ലഡാക്ക് സമാധാന ചര്‍ച്ച അനിശ്ചിതത്വത്തിലായി. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്ത് നല്‍കി. നാല് പേര്‍ കൊല്ലപ്പെട്ട വെടിവയ്പ്പില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം എന്നും ലേ അപക്‌സ് ബോഡി ആവശ്യപ്പെട്ടു. ലഡാക്കിന് സംസ്ഥാന പദവി, പ്രത്യേക പരിഗണന എന്നിവ ആവശ്യപ്പെട്ടാണ് സമരം. സമര നേതാവ് വാങ്ചുക്കിന്റെ സ്ഥാപനം പൂട്ടാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് അധികൃതര്‍. പ്രതികാര നടപടിയാണിത് എന്ന് അദ്ദേഹത്തിന്റെ ഭാര്യ ആരോപിച്ചു.
Sep 29, 2025, 5:22 pm IST

എംവിഡിക്കെതിരെ മന്ത്രി ഗണേഷ് കുമാര്‍

2 വാഹനങ്ങളുടെ ഫ്‌ളാഗ്ഓഫ് മന്ത്രി ഗണേശ് കുമാര്‍ നിര്‍വഹിച്ചില്ല. തിരുവനന്തപുരം കനകക്കുന്നിലെ പരിപാടി മന്ത്രി റദ്ദാക്കി. പരിപാടിയില്‍ പങ്കെടുത്തത് കുറച്ച് പേര്‍ മാത്രം. സംഘാടനത്തില്‍ വീഴ്ച എന്ന് മന്ത്രി. സംഘാടകനായ എംവിഡി ഉദ്യോഗസ്ഥനെതിരെ നടപടി വന്നേക്കും.
Sep 29, 2025, 5:00 pm IST

അതുല്യയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി

ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ കേസില്‍ ഭര്‍ത്താവ് സതീശിന്റെ മുന്‍കൂര്‍ ജാമ്യം കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റദ്ദാക്കി. ആത്മഹത്യാ പ്രേരണയ്ക്കുള്ള വകുപ്പുകള്‍ പ്രോസിക്യൂഷന്‍ ചേര്‍ക്കാത്തതില്‍ കോടതി നിരാശ പ്രകടിപ്പിച്ചു. കൊലപാതകത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും കൊലപാതക വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
Sep 29, 2025, 4:49 pm IST

എസ്‌ഐആറില്‍ എല്‍ഡിഎഫ് പ്രതിഷേധത്തിന്

വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ വലിയ പ്രതിഷേധത്തിന് ഇടതുപക്ഷം ഒരുങ്ങുന്നു. ഒക്ടോബര്‍ 21 മുതല്‍ വിവിധ ജില്ലകളില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ എല്‍ഡിഎഫ് തീരുമാനം. എസ്‌ഐആറില്‍ നിന്ന് കേരളത്തെ ഒഴിവാക്കണം എന്നും ആവശ്യം. ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ അറിയിച്ചു.
Sep 29, 2025, 3:48 pm IST

പാക് അധിനിവേശ കശ്മീരില്‍ വലിയ പ്രക്ഷോഭവുമായി അവാമി ആക്ഷന്‍ കമ്മിറ്റി (എഎസി). പ്രക്ഷോഭം നേരിടാന്‍ സുരക്ഷാ സേനയെ വിന്യസിക്കുകയും അര്‍ദ്ധരാത്രി മുതല്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുകയും ചെയ്തിരിക്കുകയാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന രാഷ്ട്രീയ പാര്‍ശ്വവല്‍ക്കരണവും സാമ്പത്തിക അവഗണനയും ചൂണ്ടിക്കാട്ടിയാണ് എഎസി ആയിരക്കണക്കിന് ആളുകളെ അണിനിരത്തി പ്രതിഷേധം നടത്തുന്നത്. പാകിസ്ഥാനില്‍ താമസിക്കുന്ന കശ്മീരി അഭയാര്‍ത്ഥികള്‍ക്കായി നീക്കിവച്ചിരിക്കുന്ന പിഒകെ അസംബ്ലിയിലെ 12 നിയമസഭാ സീറ്റുകള്‍ നിര്‍ത്തലാക്കുന്നത് ഉള്‍പ്പെടെയുള്ള ഘടനാപരമായ പരിഷ്‌കാരങ്ങള്‍ ആണ് പ്രതിഷേധത്തിനാധാരം
Sep 29, 2025, 3:40 pm IST

എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ ഇന്ന് വൈകുന്നേരം 4.30 ന് എകെജി സെന്ററില്‍ മാധ്യമങ്ങളെ കാണും.
Sep 29, 2025, 3:39 pm IST

കരൂര്‍ ദുരന്തത്തിന് പിന്നാലെ ടിവികെ സ്ഥാപക നേതാവും നടനുമായ വിജയ് കടുത്ത മാനസിക സംഘര്‍ഷത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്. വിജയ് അസുഖബാധിതന്‍ ആണെന്ന് ബിജെപി നേതാവ് അമര്‍ പ്രസാദ് ആശംസിച്ചു. രാഹുല്‍ ഗാന്ധി വിജയ്‌യെ ഫോണില്‍ വിളിച്ചു വിവരങ്ങള്‍ തേടി എന്നും റിപ്പോര്‍ട്ടുണ്ട്‌
Sep 29, 2025, 3:08 pm IST

ഇത് രാജ്യസ്നേഹമില്ലായ്മയുടെ സൂചന; കോൺഗ്രസിനെതിരെ ബിജെപി

പാകിസ്ഥാനെതിരായ ഏഷ്യാ കപ്പ് വിജയത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ രാഹുൽ ഗാന്ധി അഭിനന്ദിച്ചില്ലെന്ന വിമർശനവുമായി ബിജെപി നേതാവ് അമിത് മാളവ്യ. സൈനിക വിജയങ്ങളോട് കോൺഗ്രസ് സ്വീകരിക്കുന്ന സമീപനം കായിക രംഗത്തും ആവർത്തിക്കുകയാണെന്ന് മാളവ്യ ആരോപിച്ചു. ഇത് രാജ്യസ്നേഹമില്ലായ്മയുടെ സൂചനയാണ്. ഇന്ത്യൻ സായുധ സേന "ഓപ്പറേഷൻ സിന്ദൂർ" വഴി പാകിസ്ഥാനെ ലക്ഷ്യമിട്ടപ്പോഴും കോൺഗ്രസ് സമാനമായ നിലപാടാണ് സ്വീകരിച്ചതെന്ന് മാളവ്യ കുറ്റപ്പെടുത്തി.ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിജയത്തിൽ രാജ്യത്തോടൊപ്പം ചേർന്ന് ആഘോഷിക്കുന്നതിന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയിൽ നിന്നും മറ്റ് അധികാരികളിൽ നിന്നും അനുമതി കാത്തിരിക്കുകയായിരിക്കും കോൺഗ്രസ് എന്നും മാളവ്യ വിമർശിച്ചു.
Sep 29, 2025, 2:30 pm IST

കേരളം ഒറ്റക്കെട്ട്;തീവ്ര വോട്ടര്‍ പട്ടിക പുനഃപരിശോധനയ്‌ക്കെതിരെ പ്രമേയം പാസാക്കി

തീവ്ര വോട്ടര്‍ പട്ടിക പുനഃപരിശോധനയ്‌ക്കെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ. പ്രതിപക്ഷത്തിൻറെ ഭേദഗതി നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് പ്രമേയം പാസാക്കിയത്.തിടുക്കത്തിൽ എസ്ഐആർ കൊണ്ടുവരുന്നത് നിഷ്‌കളങ്കമല്ലെന്നും മൗലികാവകാശത്തെ ഹനിക്കുന്ന ഇത്തരം നടപടിയിൽനിന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പിന്മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Sep 29, 2025, 1:55 pm IST

പ്രഥമ ശുശ്രൂഷാ പരിശീലനം വ്യാപകമാക്കും : മുഖ്യമന്ത്രി

അടിയന്തര സാഹചര്യങ്ങളിൽ പ്രഥമ ശുശ്രൂഷ നൽകുന്നതിനുള്ള പരീശീലനം വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സി.പി.ആർ. പരിശീലന ബോധവൽക്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിയമസഭാ ശങ്കര നാരായണൻ തമ്പി ഹാളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളം എന്നും ലോകത്തിന് മാതൃകയാണ്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും നമ്മൾ കൈവരിച്ച നേട്ടങ്ങൾ നിസാരമല്ല. എന്നാൽ, ഇന്ന് ഹൃദയസ്തംഭനം മൂലമുള്ളതും കുഴഞ്ഞു വീണുമുള്ള മരണങ്ങൾ വർദ്ധിക്കുന്നു. ഈ മരിച്ചവരിൽ ചിലരെങ്കിലും, സമയത്ത് പ്രാഥമിക ശുശ്രൂഷ ലഭിച്ചിരുന്നെങ്കിൽ, ഒരുപക്ഷേ ഇന്നും നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു. ഈയൊരു അവസ്ഥ ഇനിയും ഉണ്ടാകരുത്. നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ കാരണം, ഹൃദയ രോഗങ്ങളും മറ്റ് ജീവിതശൈലീ രോഗങ്ങളും വർദ്ധിക്കുകയാണ്. ഇവ തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും ആരോഗ്യകരമായ ജീവിതരീതിയെക്കുറിച്ചും നമ്മൾ ഓരോരുത്തരെയും ബോധവൽക്കരിക്കണം. അതോടൊപ്പം, ഒരാൾക്ക് പെട്ടെന്ന് ഹൃദയസ്തംഭനം സംഭവിച്ചാൽ ജീവൻ രക്ഷിക്കാൻ നമുക്ക് കഴിയണം. അതിനായുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് സി.പി.ആർ. (Cardiopulmonary Resuscitation). ഇത് ഹൃദയസ്തംഭനം മൂലം പെട്ടെന്നുള്ള മരണം കുറയ്ക്കുന്നതിൽ ഏറ്റവും നിർണ്ണായകമായ പ്രഥമ ശുശ്രൂഷയാണ്. സി.പി.ആർ. പരിശീലനം നേടുന്നതിലൂടെ, നിങ്ങളിൽ ഓരോരുത്തർക്കും ഒരു ജീവൻ രക്ഷിക്കാൻ കഴിയും', മുഖ്യമന്ത്രി പറഞ്ഞു.
Sep 29, 2025, 1:21 pm IST

ഏഷ്യാകപ്പ്; ബിജെപിക്കെതിരെ കോൺഗ്രസ്

ഏഷ്യാ കപ്പിലെ ഇന്ത്യയുടെ വിജയത്തെ 'ഓപ്പറേഷൻ സിന്ദൂറുമായി' ബന്ധിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ്. ഓപ്പറേഷൻ സിന്ദൂർ നടക്കുകയാണെങ്കിൽ, നമ്മൾ പാക്കിസ്ഥാനുമായി കളിക്കാൻ പാടില്ലായിരുന്നു. സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ ചർച്ചകൾ നടക്കുകയാണെങ്കിൽ, കായിക മത്സരങ്ങൾ അതിനൊരു ഉപാധിയാകാം. പക്ഷേ എല്ലാത്തിനെയും ഓപ്പറേഷൻ സിന്ദൂറുമായി ബന്ധിപ്പിക്കുന്നത് ശരിയല്ല, കോൺഗ്രസ് നേതാവ് വിജയ് പാട്ടീൽ പറഞ്ഞു.
Sep 29, 2025, 12:50 pm IST

പാക് അധീന കശ്മീരിൽ വൻ പ്രതിഷേധം

പാക് അധീന കശ്മീരിൽ (PoK) അവാമി ആക്ഷൻ കമ്മിറ്റിയുടെ (AAC) നേതൃത്വത്തിൽ സർക്കാരിനെതിരെ വൻ പ്രതിഷേധം. ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. പ്രതിഷേധങ്ങൾ തടയാൻ സർക്കാർ വൻതോതിൽ സുരക്ഷാ സേനയെ വിന്യസിച്ചു. ഇന്റർനെറ്റും വിച്ഛേദിച്ചു. ദശാബ്ദങ്ങളായുള്ള രാഷ്ട്രീയ അവഗണനയ്ക്കും സാമ്പത്തിക പ്രതിസന്ധിക്കും എതിരെയാണ് പ്രതിഷേധം. പാകിസ്ഥാനിലെ അഭയാർത്ഥികൾക്കായി സംവരണം ചെയ്ത 12 നിയമസഭാ സീറ്റുകൾ റദ്ദാക്കുക, മംഗള അണക്കെട്ടുമായി ബന്ധപ്പെട്ട് ന്യായമായ വൈദ്യുതി താരിഫുകൾ നടപ്പിലാക്കുക, സബ്‌സിഡിയോടെയുള്ള ധാന്യങ്ങൾ ലഭ്യമാക്കുക, ദീർഘകാലമായി വാഗ്ദാനം ചെയ്ത ഘടനാപരമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുക തുടങ്ങിയ 38 ആവശ്യങ്ങളാണ് എഎസി മുന്നോട്ട് വെയ്ക്കുന്നത്. പ്രതിഷേധം ശക്തമായതോടെ മേഖലയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
Sep 29, 2025, 12:06 pm IST

സ്വര്‍ണപാളി വിവാദം;അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

ശബരിമല സ്വര്‍ണപാളി വിവാദത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ചീഫ് വിജിലൻസ് ഓഫീസർ വിശദമായി അന്വേഷിക്കണമെന്നും വിരമിച്ച ജില്ലാ ജഡ്ജി അന്വേഷണത്തിന് നേതൃത്വം നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
Sep 29, 2025, 11:52 am IST

ഏഷ്യാ കപ്പ് മത്സര ഫീസ് പഹൽഗാം ഭീകരാക്രമണ ഇരകൾക്കും സായുധ സേനയ്ക്കും സംഭാവന ചെയ്യുമെന്ന് സൂര്യകുമാർ യാദവ്
Sep 29, 2025, 11:01 am IST

ഒന്നാംതീയതി മുതൽ ഷൂട്ടിങ് സെറ്റിൽ

ബുധനാഴ്ച മുതൽ ഹൈദരാബാദിൽ ഷൂട്ടിങ് സൈറ്റിൽ മമ്മൂട്ടി എത്തുന്നത് റിപ്പോർട്ട്.
Sep 29, 2025, 10:56 am IST

കരൂർ ദുരന്തം; ടിവികെ നൽകിയ ഹർജി ഇന്ന് പരിഗണിക്കില്ല

കരൂർ അപകടത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല. പ്രത്യേക സിറ്റിങ് റദ്ദാക്കിയെന്ന് ‍ജഡ്ജിമാർ അറിയിച്ചു. അവധിക്കാല ബെഞ്ച് ഇനി ഹർജി വെള്ളിയാഴ്ച പരിഗണിച്ചേക്കും..
Sep 29, 2025, 10:09 am IST

സാമ്പത്തികപ്രതിസന്ധി നിയമസഭ ചർച്ച ചെയ്യും. ഉച്ചക്ക് 12 മണി മുതലാണ് ചർച്ച. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നൽകി..
Sep 29, 2025, 9:23 am IST

കരൂറിൽ റാലി സമയത്ത് വൈദ്യുതി മുടങ്ങിയിട്ടില്ല; സർക്കാർ

കരൂറിൽ റാലി സമയത്ത് വൈദ്യുതി മുടങ്ങിയിട്ടില്ലെന്ന് തമിഴ്നാട് സർക്കാർ. റാലിക്കിടെ വൈദ്യുതി മുടങ്ങിയതാണ് ജനങ്ങളെ പരിഭ്രാന്തരാക്കിയതെന്ന വാദം സർക്കാർ നിഷേധിച്ചു. 'പരിപാടിയിൽ വൈദ്യുതി മുടക്കം ഉണ്ടായിട്ടില്ല. ടിവികെ പാർട്ടി വൈദ്യുതി വിതരണം തടസ്സപ്പെടുത്താൻ ആവശ്യപ്പെട്ടിരുന്നു. കുറച്ച് ലൈറ്റുകൾ മങ്ങിയത് പാർട്ടിയുടെ ക്രമീകരണത്തിലെ ജനറേറ്റർ തകരാർ കാരണമാണ്', കരൂർ കളക്ടറെയും എഡിജിപിയെയും ഉദ്ധരിച്ച് സംസ്ഥാനത്തിന്റെ ഫാക്ട്-ചെക്ക് ടീം എക്സിൽ കുറിച്ചു. വിജയ് വൈകുന്നേരം 7 നും 7:30 നും ഇടയിൽ എത്തിയപ്പോൾ ഏകദേശം 30 മിനിറ്റോളം വൈദ്യുതി മുടങ്ങിയെന്ന് ടിവികെ ഇന്നലെ പറഞ്ഞിരുന്നു.
Sep 29, 2025, 9:15 am IST

ഏഷ്യാ കപ്പ് കിരീടം 'നിഷേധിക്കപ്പെട്ട സംഭവം; പ്രതിഷേധം അറിയിക്കുമെന്ന് ബിസിസിഐ

ഏഷ്യാ കപ്പ് ട്രോഫി വിതരണവുമായി ബന്ധപ്പെട്ട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്‌വിക്കെതിരെ ബിസിസിഐ പ്രതിഷേധം രേഖപ്പെടുത്തും. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ചെയർമാനായ നഖ്‌വി, ഇന്ത്യ ട്രോഫി സ്വീകരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് അത് സ്റ്റേജിൽ നിന്ന് കൊണ്ടുപോയ സംഭവത്തെ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ ശക്തമായി അപലപിച്ചു. നവംബറിൽ നടക്കുന്ന അടുത്ത ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ബോർഡ് മീറ്റിംഗിൽ ഈ വിഷയം ഉന്നയിക്കുമെന്ന് സൈകിയ സ്ഥിരീകരിച്ചു. ഇന്ത്യയുടെ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ടീം ട്രോഫിയില്ലാതെ ആഘോഷം അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു സൈകിയയുടെ ഈ പ്രതികരണം. 'പാകിസ്താന്റെ പ്രധാന നേതാക്കളിലൊരാളായ എസിസി ചെയർമാൻ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. പക്ഷേ, അതുകൊണ്ട് ആ മാന്യൻ ട്രോഫി എടുത്തുകൊണ്ടുപോകണമെന്നല്ല അർത്ഥമാക്കുന്നത്,' സൈകിയ പറഞ്ഞു. ട്രോഫി സ്വീകരിക്കില്ലെന്ന ബിസിസിഐയുടെ നിലപാടിന് പിന്നാലെയാണ് നഖ്‌വി ട്രോഫിയുമായി സ്റ്റേജ് വിട്ടത്.
Sep 29, 2025, 9:01 am IST

കരൂർ ദുരന്തം; 41 പേർ ചികിത്സയിൽ

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 41 ആയി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 65കാരി സുഗുണയാണ് മരിച്ചതെന്നാണ് സൂചന. ചികിത്സയില്‍ കഴിഞ്ഞിരുന്ന 55 പേര്‍ ആശുപത്രി വിട്ടു. നിലവിൽ 50 പേരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
READ MORE

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+