Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ ദ്വിതല ജിഎസ്‌ടി ഘടന സെപ്റ്റംബർ 22 മുതൽ നിലവിൽ വരും; ഇന്നത്തെ മറ്റ് പ്രധാന വാർത്തകളും അറിയാം

ജി എസ് ടി കൗൺസിൽ യോഗം ഡൽഹിയിൽ തുടങ്ങി. ചെലവ് കുറയ്ക്കാനും ഉത്പാദനം വർദ്ധിപ്പിക്കാനും സാമ്പത്തിക പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കാനുമുള്ള നിരവധി നിർദ്ദേശങ്ങൾ കൗൺസിലിന്റെ പരിഗണനയിലുണ്ട്. കൃഷി, ടെക്സ്റ്റൈൽസ്, വളങ്ങൾ, നിർമ്മാണം, ഗതാഗതം, പുനരുപയോഗ ഊർജ്ജം, കരകൗശല വസ്തുക്കൾ, ഇൻഷുറൻസ് തുടങ്ങിയ മേഖലകളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

മെഡിക്കൽ ഇൻഷുറൻസിനും ടേം ഇൻഷുറൻസിനുമുള്ള ജിഎസ്ടി എടുത്തു കളയണമെന്ന നിർദേശം കൗൺസിൽ പരി​ഗണിച്ചേക്കും.ഇത് പ്രതിവർഷം ഏകദേശം 10,000 കോടി രൂപയുടെ ബാധ്യത സർക്കാരിന് വരുത്തിവെക്കും. നിലവിൽ 12% നികുതി സ്ലാബിലുള്ള കണ്ടൻസ്ഡ് പാൽ, ചീസ്,ഡ്രൈഫ്രൂട്ട്സ് ,പച്ചക്കറികൾ എന്നിവയുൾപ്പെടെ ഏകദേശം 50 ഉൽപ്പന്നങ്ങൾ 5% സ്ലാബിലേക്ക് മാറ്റാനും ആലോചിക്കുന്നുണ്ട്. ഇത് സാധാരണക്കാർക്ക് വലിയ ആശ്വാസമാകും.

കൂടാതെ, ചോക്ലേറ്റ്, ഐസ്‌ക്രീം, കേക്കുകൾ, കോൺഫ്ലേക്സ് തുടങ്ങിയ ഏകദേശം 25 ഉൽപ്പന്നങ്ങൾ 18% സ്ലാബിൽ നിന്ന് 5% ലേക്ക് മാറ്റാനുള്ള നിർദേശവും കൗൺസിലിന്റെ പരിഗണനയിലുണ്ട്. ഈ മാറ്റങ്ങൾ വിപണിയിലും ഉപഭോക്താക്കൾക്കിടയിലും വലിയ സ്വാധീനം ചെലുത്തും.

newproject8-

അതിനിടെ ഇന്ത്യയ്ക്ക് ചുമത്തിയ താരിഫിൽ നിന്നും പിന്നോട്ടില്ലെന്ന് അറിയിച്ച് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്.അമേരിക്കയും ഇന്ത്യയും തമ്മിൽ വളരെ നല്ല ബന്ധമാണുള്ളതെന്നും എന്നിരുന്നാലും ഇന്ത്യ തങ്ങൾക്ക് വലിയ നികുതി ചുമത്തുകയാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഇന്നത്തെ മറ്റ് പ്രധാന വാർത്തകൾ കൂടി അറിയാം

Sep 04, 2025, 12:18 am IST

തൃശൂർ കുന്നംകുളത്തെ പോലീസ് മർദ്ദനത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. വിവിധ മാധ്യമ വാർത്തകളെ തുടർന്ന് സ്വമേധയാ കേസെടുക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് വിഎസിനെ കുന്നംകുളം സ്‌റ്റേഷനിലെ പോലീസുകാർ അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. രണ്ട് വർഷം മുൻപ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് കോടതി ഇടപെടലിലാണ്.
Sep 03, 2025, 11:50 pm IST

പോലീസിലെ ക്രിമിനലുകളുടെ നിയന്ത്രിക്കാന്‍ ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി തയ്യാറാകണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ സ്‌റ്റേഷനില്‍ കൊണ്ടുവന്ന് മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന്റെ ക്രൂരത വെളിവാക്കുന്നതാണെന്നും സിപിഎം ക്രിമിനലുകള്‍ക്ക് മുന്നില്‍ മുട്ട് വിറയ്ക്കുന്ന പോലീസുകാരാണ് അനീതി ചോദ്യം ചെയ്‌ത പൊതുപ്രവര്‍ത്തകന്റെ ദേഹത്ത് മൂന്നാംമുറ പ്രയോഗിച്ചതെന്നും വേണുഗോപാൽ പറഞ്ഞു.
Sep 03, 2025, 11:39 pm IST

സനാതന ധര്‍മ്മത്തെക്കുറിച്ചുളള തന്റെ പരാമര്‍ശം വളച്ചൊടിച്ച് സംഘപരിവാര്‍ രാജ്യമെങ്ങും പ്രചരിപ്പിച്ചെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്‌റ്റാലിന്‍. സമത്വത്തെയും സാമൂഹിക ഐക്യത്തെയും കുറിച്ചുളള ചര്‍ച്ചയ്ക്കിടെ നടത്തിയ സനാതന ധര്‍മ്മ പരാമര്‍ശങ്ങള്‍ സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതിനുളള ആയുധമായി പ്രചരിപ്പിച്ചുവെന്നും ഉദയനിധി ആരോപിച്ചു.
Sep 03, 2025, 11:01 pm IST

തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പരാതി നൽകി വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചെന്ന് ആരോപിച്ച് അഡ്വ. എം മുനീറിനെതിരെ മാനനഷ്‌ടക്കേസ് നൽകി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ. 15 ദിവസത്തിനകം ആരോപണങ്ങൾ പിൻവലിച്ച് മാപ്പുപറയുകയും ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകുകയും ചെയ്‌തില്ലെങ്കിൽ സിവിൽ-ക്രിമിനൽ നടപടികൾ നേരിടേണ്ടി വരുമെന്നും നോട്ടീസിൽ പറയുന്നു.
Sep 03, 2025, 10:41 pm IST

പുതിയ ദ്വിതല ജിഎസ്‌ടി ഘടന സെപ്റ്റംബർ 22 മുതൽ നിലവിൽ വരും

സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരുന്ന 5 ശതമാനവും 18 ശതമാനവും ഉള്ള ദ്വിതല നിരക്ക് ഘടനയ്ക്ക് ബുധനാഴ്‌ച ജിഎസ്‌ടി കൗൺസിൽ അംഗീകാരം നൽകി.
Sep 03, 2025, 10:29 pm IST

ഷൊര്‍ണൂര്‍ നഗരസഭയില്‍ പത്ത് വര്‍ഷമായി കൗണ്‍സിലറായിരുന്ന വനിത കൗണ്‍സിലര്‍ രാജിവെച്ചു. 31ആം വാര്‍ഡ് കൗണ്‍സിലറായ സി സന്ധ്യയാണ് അപ്രതീക്ഷിതമായി രാജിവെച്ചത്. ലൈംഗികാരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് രാജിവെച്ചതെന്നാണ് ലഭ്യമായ വിവരം.
Sep 03, 2025, 10:11 pm IST

പ്രളയത്തിൽ വിറങ്ങലിച്ച് പഞ്ചാബ്

1988ന് ശേഷമുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് പഞ്ചാബ് നേരിടുന്നത്. വെള്ളപ്പൊക്കത്തിൽ 37 പേർ മരിക്കുകയും 3.5 ലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും ചെയ്‌തുവെന്നാണ് പ്രാഥമിക വിവരം. സംസ്ഥാനത്തെ 23 ജില്ലകളിലും വെള്ളപ്പൊക്കം ബാധിച്ചു. സത്‌ലജ്, ബിയാസ്, രവി തുടങ്ങിയ നദികൾ കരകവിഞ്ഞൊഴുകുന്നതും ഹിമാചൽ പ്രദേശിലും ജമ്മു കശ്‌മീരിലും ഉണ്ടായ കനത്ത മഴയിൽ വെള്ളം കയറിയതോടെ 1655 ഗ്രാമങ്ങളെ ബാധിച്ചതായി ഉദ്യോഗസ്ഥർ അറിയിക്കുന്നു.
Sep 03, 2025, 9:49 pm IST

നെല്ല് സംഭരണ പദ്ധതി പ്രകാരം കേരളത്തിലെ കർഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്റെ വില പൂർണ്ണമായും കൊടുത്തു തീർക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനില്‍. 2024-25 സംഭരണ വർഷത്തില്‍ 207143 കർഷരില്‍ നിന്നായി ആകെ സംഭരിച്ച നെല്ലിന്റെ വിലയായ 1645 കോടി രൂപയില്‍ 1399 കോടി രൂപയും നല്‍കിയിട്ടുണ്ടെന്നും. 10,568 കർഷകർക്കായി 246 കോടി രൂപയാണ് നല്‍കാന്‍ ശേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Sep 03, 2025, 8:55 pm IST

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ നിയമനത്തില്‍ അമര്‍ഷം പരസ്യമാക്കി സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ജഷീര്‍ പളളിവയല്‍. അധ്യക്ഷനെ തീരുമാനിക്കുക അല്ലെങ്കില്‍ പിരിച്ചുവിടുക എന്നാണ് ജഷീര്‍ പളളിവയല്‍ ആവശ്യപ്പെടുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ നിയമിക്കുന്നത് വൈകുന്ന സാഹചര്യത്തിലാണ് ഉള്ളിൽ നിന്ന് തന്നെ വിമർശനം. സാമൂഹ്യമാധ്യമത്തിലൂടെയാണ് ജഷീറിന്റെ പ്രസ്‌താവന.
Sep 03, 2025, 8:14 pm IST

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജുകളും നഴ്‌സിംഗ് കോളേജുകളും യാഥാര്‍ത്ഥ്യമായെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വയനാട്, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയതോടെയാണ് ഇത് സാധ്യമായതെന്ന് മന്ത്രി പറഞ്ഞു. പത്തനംതിട്ട, ഇടുക്കി മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെ 4 മെഡിക്കല്‍ കോളേജുകള്‍ക്കാണ് അനുമതി ലഭിച്ചതെന്നും മന്ത്രി അറിയിച്ചു.
Sep 03, 2025, 7:25 pm IST

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ സ്ഥിരം ജീവനക്കാര്‍ക്ക് ഉത്സവബത്തയായി 7,000 രൂപ വീതവും താല്‍ക്കാലിക ജീവനക്കാര്‍ക്ക് പരമാവധി 3,500 രൂപയും അനുവദിക്കാൻ തീരുമാനം. ഉത്സവബത്ത നല്‍കാന്‍ മതിയായ വരുമാനം ഇല്ലാത്ത ഗ്രേഡ് മൂന്ന്, ഗ്രേഡ് നാല് ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് കൂടി ആനുകൂല്യം ലഭ്യമാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Sep 03, 2025, 6:55 pm IST

സർവമത സമ്മേളനം നടത്താൻ കാരണം മാപ്പിള ലഹള; വെള്ളാപ്പള്ളി

ശ്രീനാരായണ ഗുരു ആലുവയിൽ സർവമത സമ്മേളനം നടത്താൻ കാരണം മാപ്പിളലഹളയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മാപ്പിളമാർ ഹിന്ദുമതത്തിലുള്ളവരെ കൊന്നൊടുക്കുന്നത് കണ്ടതുകൊണ്ടാണ് ഗുരു എല്ലാ മതത്തിന്റെയും ആശയം ഒന്നാണെന്ന് പഠിപ്പിക്കാൻ വേണ്ടി സർവമത സമ്മേളനം നടത്തിയത്. ഈ മാപ്പിള ലഹളയെ പറ്റി കുമാരനാശാൻ കവിത എഴുതിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
Sep 03, 2025, 6:27 pm IST

എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി. ഗുരുവിനെ പകർത്തിയ നേതാവാണ് വെള്ളാപ്പള്ളിയെന്ന് പിണറായി പറഞ്ഞു. ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങൾ വെള്ളാപ്പള്ളി പകർത്തി. അദ്ദേഹത്തിന്റെ കാലത്ത് എസ്എൻഡിപി യോഗം സാമ്പത്തിക ഉന്നതിയിലേക്ക് ഉയർന്നുവെന്നും വെള്ളാപ്പള്ളിയുടേത് മാതൃകാപരമായ പ്രവർത്തനമാണെന്നും പിണറായി വിജയൻ വേദിയിൽ പറഞ്ഞു.
Sep 03, 2025, 5:41 pm IST

അപൂര്‍വ അമീബിക് മസ്‌തിഷ്‌ക ജ്വരവും ആസ്‌പര്‍ജില്ലസ് ഫ്‌ളാവസ് ഫംഗസ് അണുബാധയും ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന 17 വയസുകാരന് പുതുജീവൻ. ലോകത്ത് തന്നെ വളരെ അപൂര്‍വമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ രണ്ട് മസ്‌തിഷ്‌ക അണുബാധയും ഒരുമിച്ച് ബാധിച്ച ഒരാള്‍ രക്ഷപ്പെടുന്നത് ഇതാദ്യമായാണ് എന്നതാണ് പ്രത്യേകത.
Sep 03, 2025, 5:15 pm IST

ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ യുഡിഎഫ് പങ്കെടുക്കുന്ന കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി പ്രതിപക്ഷ നേതാവ്. ശബരിമല വികസനത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒന്‍പത് വര്‍ഷം എന്ത് ചെയ്‌തുവെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കിയാല്‍ അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്താമെന്നും വിഡി സതീശന്‍ പറയുന്നു. ആഗോള അയ്യപ്പ സംഗമം ബഹിഷ്‌കരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
Sep 03, 2025, 4:38 pm IST

കേരളത്തിൽ അടുത്ത 5 ദിവസം കൂടി മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ഒഡിഷ തീരത്തിന് സമീപം ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നതാണ് പ്രത്യേകത. ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Sep 03, 2025, 4:10 pm IST

സമയക്രമത്തില്‍ മാറ്റം വരുത്തി വിമാനം നാലര മണിക്കൂര്‍ മുന്‍പേ പറന്നു. കോഴിക്കോട് വിമാനത്താവളത്തില്‍ ആണ് സംഭവം. സമയം മാറ്റിയത് അറിയിച്ചില്ലെന്ന് പറഞ്ഞ് ചില യാത്രക്കാര്‍ വിമാനത്താവളത്തില്‍ ബഹളം വച്ചു. ബെംഗളൂരുവിലേക്ക് ഇന്നലെ രാത്രി 8.30നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് വൈകിട്ട് നാലിനു പുറപ്പെട്ടത്.
Sep 03, 2025, 3:48 pm IST

തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴ കണക്കിലെടുത്ത് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സെപ്റ്റംബര്‍ 7 വരെ അവധി പ്രഖ്യാപിച്ചു. നിലവിലുള്ള കാലാവസ്ഥയില്‍ വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എല്ലാ സ്‌കൂളുകളും കോളേജുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടാന്‍ വിദ്യാഭ്യാസ സെക്രട്ടറി രാകേഷ് കന്‍വാര്‍ ബുധനാഴ്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു.
Sep 03, 2025, 3:45 pm IST

പൗരത്വ ഭേദഗതി നിയമത്തില്‍ വലിയ ഇളവുമായി കേന്ദ്ര സര്‍ക്കാര്‍. പൗരത്വത്തിന് അപേക്ഷിക്കാനുള്ള കട്ട് ഓഫ് തീയതി 2014 ല്‍ നിന്ന് 2024 ആക്കി മാറ്റി ഉത്തരവിറക്കി. 2024 ഡിസംബര്‍ 31 വരെ അയല്‍ രാജ്യങ്ങളില്‍ നിന്നും വന്ന മുസ്ലീം ഇതര വിഭാഗങ്ങള്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാം.
Sep 03, 2025, 3:18 pm IST

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും
Sep 03, 2025, 3:02 pm IST

സെപ്റ്റംബര്‍ 13 അല്ലെങ്കില്‍ 14 തീയതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വംശീയ കലാപബാധിതമായ മണിപ്പൂര്‍ സന്ദര്‍ശിച്ചേക്കും. സെപ്റ്റംബര്‍ 13 മുതല്‍ രണ്ട് ദിവസത്തെ അസം സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി എത്തും. ഈ സമയത്ത് അദ്ദേഹം സംസ്ഥാനത്തെ ഒന്നിലധികം പരിപാടികളില്‍ പങ്കെടുക്കും. 51.38 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബൈറാബി-സൈരാങ് റെയില്‍വേ പാത ഉദ്ഘാടനം ചെയ്യാനിരിക്കുന്ന മിസോറാമിലെ ഐസ്വാളും മോദി സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്.
Sep 03, 2025, 2:41 pm IST

പിതാവ് പാർട്ടിയിൽ നിന്നും സസ്പെന്‌റ് ചെയ്തു; പിന്നാലെ രാജി വെച്ച് കവിത

തെലങ്കാന രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ. സസ്പെന്റ് ചെയ്യപ്പെട്ടതിന് പിന്നാലെ ഭാരത് രാഷ്ട്രീയ സമിതിയിൽ നിന്നും രാജിവെച്ച് കവിത. പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കെതിരെ നടത്തിയ പരാമർശത്തിൽ പാർട്ടി വിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടി പിതാവായ കെ ചന്ദ്രശേഖർ റാവു കവിതയെ സസ്പെന്റ ചെയ്തിരുന്നു. പിന്നാലെയാണ് നടപടി. തെലങ്കാന നിയമനിർമ്മാണ കൗൺസിൽ (MLC) അംഗത്വവും പാർട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവെച്ചതായി കെ. കവിത മാധ്യമങ്ങളെ അറിയിച്ചു. സസ്പെൻഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് കവിത ഈ തീരുമാനം പ്രഖ്യാപിച്ചത്.രാജിക്കത്ത് സ്പീക്കർക്കും പിതാവും പാർട്ടി അധ്യക്ഷനുമായ ചന്ദ്രശേഖർ റാവുവിനും അയച്ചതായി കവിത വ്യക്തമാക്കി. നിലവിൽ ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരാൻ താൽപ്പര്യമില്ലെന്നും, തെലങ്കാന ജാഗൃതിയിലെ അംഗങ്ങളുമായി ചർച്ച ചെയ്ത ശേഷം ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്നും അവർ കൂട്ടിച്ചേർത്തു
Sep 03, 2025, 2:03 pm IST

അത് രാഷ്ട്രീയ മുതലെടുപ്പ്; അയപ്പ സംഗമത്തിനെതിരെ വിഡി സതീശൻ

ദേവസ്വം ബോര്‍ഡിനെ മുന്നില്‍ നിര്‍ത്തി സര്‍ക്കാര്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യവും രാഷ്ട്രീയ മുതലെടുപ്പും കപട അയ്യപ്പ സ്‌നേഹവുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎമ്മും എല്‍.ഡി.എഫുമാണ് ശബരിമലയെ സങ്കീര്‍ണമായ അവസ്ഥയിലെത്തിച്ചത്. സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തിയാണ് ആചാരലംഘനത്തിന് സര്‍ക്കാര്‍ കൂട്ടുനിന്നത്. സത്യവാങ്മൂലം ഇപ്പോഴും നിലനില്‍ക്കുകയാണ്. ആചാരലംഘനം നടത്താന്‍ സൗകര്യം ചെയ്തുകൊടുക്കുന്ന സത്യവാങ്മൂലം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറുണ്ടോയെന്നും സതീശൻ ചോദിച്ചു.
Sep 03, 2025, 1:25 pm IST

ആഗോള അയ്യപ്പ സംഗമം; സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

അയ്യപ്പ സംഗമത്തിൽ സർക്കാരിനോടും ദേവസ്വം ബോർഡിനോടും ചോദ്യങ്ങളുമായി ഹൈക്കോടതി. ദേവസ്വം ബോർഡിന് കീഴിൽ മറ്റ് ക്ഷേത്രങ്ങളും ഉണ്ടെന്നിരിക്കെ എന്തുകൊണ്ടാണ് അയ്യപ്പ സംഗമം എന്ന് പേര് നൽകിയതെന്നും സ്പോണർഷിപ്പിലൂടെ പരിപാടി സംഘടിപ്പിക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു. പരിപാടിയുടെ സംഘാടനത്തിൽ സർക്കാരിനും ബോർഡിനും വ്യക്തതയില്ലേ എന്നും കോടതി ചോദിച്ചു. പരിപാടിയുടെ സാമ്പത്തിക ചെലവുകളും ഫണ്ട് സമാഹരണവും സംബന്ധിച്ച വിശദമായ റിപ്പോർട്ട്‌ സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
Sep 03, 2025, 1:00 pm IST

സമയത്തിന് മുന്നേ പറന്ന് എയർ ഇന്ത്യ; പ്രതിഷേധിച്ച് യാത്രക്കാർ

എയർ ഇന്ത്യ എക്സ്പ്രസിന്റെ ബെംഗളൂരുവിലേക്കുള്ള വിമാനമാണ് ഷെഡ്യൂൾ ചെയ്ത സമത്തിന് മുൻപേ പുറപ്പെട്ടത്. കരിപ്പൂരിൽ നിന്നും രാത്രി 8.30ന് പുറപ്പെടേണ്ടിയിരുന്നെങ്കിലും നാലര മണിക്കൂർ നേരത്തെ വൈകിട്ട് 4 മണിയോടെ വിമാനം പോകുകയായിരുന്നു . സമയമാറ്റം അറിയാതെ വിമാനത്താവളത്തിൽ എത്തിയ ചില യാത്രക്കാർ സംഭവത്തിൽ ശക്തമായി പ്രതിഷേധിച്ചു. തങ്ങൾക്ക് സമയമാറ്റം സംബന്ധിച്ച് യാതൊരു അറിയിപ്പും ലഭിച്ചില്ലെന്ന് യാത്രക്കാർ ആരോപിച്ചു. അതേസമയം യാത്രക്കാർക്ക് മുൻകൂട്ടി വിവരം നൽകിയിരുന്നുവെന്ന് വിമാനക്കമ്പനി അധികൃതർ വ്യക്തമാക്കി. പ്രതിഷേധം കനത്തതോടെ ടിക്കറ്റ് തുക തിരികെ നൽകാമെന്ന് എയർ ഇന്ത്യ ഉറപ്പ് നൽകിയതായി യാത്രക്കാർ അറിയിച്ചു.
Sep 03, 2025, 12:01 pm IST

ഭീഷണിപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് കരുതേണ്ട; യുഎസിന് മുന്നറിയിപ്പുമായി ഷീ ജിൻപിങ്

ചൈനീസ് ജനതയെ ഭീഷണിപ്പെടുത്തി കീഴ്പ്പെടുത്താൻ ആർക്കും സാധ്യമല്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് . സ്വാതന്ത്ര്യത്തെ വിലമതിക്കുകയും മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു മഹത്തായ രാഷ്ട്രമാണ് ചൈന. ബീജിങ്ങിൽ നടന്ന സൈനിക പരേഡിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.സമാധാനമോ യുദ്ധമോ, സംഭാഷണങ്ങളോ സംഘർഷമോ, സഹകരണമോ മത്സരമോ ഇതിലേത് വേണമെന്ന് മനുഷ്യരാശിക്ക് വീണ്ടും തിരഞ്ഞെടുക്കേണ്ടി വന്നിരിക്കുകയാണ്.ചൈനീസ് ജനത ചരിത്രത്തിന്റെ ശരിയായ പാതയിൽ ഉറച്ചുനിൽക്കുന്നുവെന്നും ഷീ പറഞ്ഞു.
Sep 03, 2025, 11:23 am IST

ഡൽഹിയിൽ ഇന്നും കനത്ത മഴ

ഡൽഹിയിൽ ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നോയിഡ, ഗാസിയാബാദ്, ഗ്രേറ്റർ നോയിഡ ഉൾപ്പെടെയുള്ള നിരവധി പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുമ്ട്. ഗൗതം ബുദ്ധനഗറിൽ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴ ഉണ്ടായേക്കുമെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി. മഴ മുന്നറിയിപ്പിനെ തുടർന്ന് നോയിഡയിലും ഗാസിയാബാദിലുമുള്ള സ്കൂളുകൾക്ക് ഇന്നും അവധിയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്നാണ് പലയിടങ്ങളിലും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.നോയിഡ 62, 18, ഗ്രേറ്റർ നോയിഡയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ മഴയെ തുടർന്ന് വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.
Sep 03, 2025, 10:30 am IST

റഷ്യയില്‍നിന്ന് കൂടുതല്‍ എസ്-400 സംവിധാനങ്ങള്‍ വാങ്ങാൻ ഇന്ത്യ

ഇന്ത്യക്ക് കൂടുതൽ എസ്-400 മിസൈൽ സംവിധാനങ്ങൾ കൈമാറുന്നതിനെക്കുറിച്ച് ചർച്ചകൾ പുരോഗമിക്കുന്നതായി റഷ്യ. റഷ്യൻ സ്റ്റേറ്റ് വാർത്താ ഏജൻസിയായ ടാസിനോട് മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്.നിലവില്‍ റഷ്യന്‍ നിര്‍മിത എസ്-400 സംവിധാനം ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. ഓപ്പറേഷൻ സിന്ദൂറിലും ഇന്ത്യ ഈ മിസൈലുകൾ വിജയകരമായി ഉപയോഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നീക്കം. അഞ്ച് എസ്-400 ട്രയംഫ് മിസൈൽ സംവിധാനങ്ങൾ വാങ്ങുന്നതിന് 2018-ൽ മോസ്കോയുമായി 5.5 ബില്യൺ ഡോളറിന്റെ കരാർ ഇന്ത്യ ഒപ്പിട്ടിരുന്നു. ഈ കരാർ പലതവണ വൈകുകയും, അവസാനത്തെ രണ്ട് യൂണിറ്റുകളുടെ വിതരണം 2026-ലേക്കും 2027-ലേക്കും മാറ്റിവെക്കുകയും ചെയ്തിരുന്നു.
Sep 03, 2025, 10:18 am IST

സിപിഎം വിശ്വാസികള്‍ക്കൊപ്പം തന്നെ; എംവി ഗോവിന്ദൻ

ഇന്നലെയും ഇന്നും നാളെയും സിപിഎം വിശ്വാസികള്‍ക്കൊപ്പം തന്നെയെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.ശബരിമല സ്ത്രീ പ്രവേശനം കഴിഞ്ഞപോയ അധ്യായമാണെന്നാണ് പറഞ്ഞതെന്നും അടഞ്ഞ അധ്യായം എന്നല്ല എന്നും എംവി ഗോവിന്ദൻ പറഞ്ഞു. വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാനെന്നും അദ്ദേഹം പറഞ്ഞു.
Sep 03, 2025, 9:14 am IST

വമ്പൻ സൈനീക പ്രകടനവുമായി ചൈന

രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ എൺപതാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി സൈനിക പരേഡുമായി ചൈന. 50,000ത്തോളം വരുന്ന സൈനികരാണ് പരേഡിൽ അണിനിരന്നത്. പുത്തൻ ആയുധ ശേഖരങ്ങൾ ഉൾപ്പെടെ പ്രദർശിപ്പിച്ചായിരുന്നു പരേഡ്. ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ഇറാൻ പ്രസിഡന്റ് തുടങ്ങിയ നേതാക്കൾ പരേഡിൽ പങ്കെടുത്തു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ നേതാക്കളും പരേഡിന് സാക്ഷ്യം വഹിച്ചു.
READ MORE

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+