Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഹാര്‍ എസ്ഐആറില്‍ ആധാർ കാർ‍ഡ് രേഖയാക്കണമെന്ന് സുപ്രീം കോടതി; മറ്റ് പ്രധാന വാർത്തകൾ

ബിഹാറിൽ കരട്‌ വോട്ടർപ്പട്ടികയിൽനിന്ന്‌ പുറത്തായവർക്ക് തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് സമർപ്പിക്കാമെന്ന് സുപ്രീം കോടതി. തെരഞ്ഞെടുപ്പ്‌ കമീഷൻ നിർദേശിച്ച 11 രേഖകൾക്ക് പുറമെയാണിത്.എന്നിരുന്നാലും, ആധാർ പൗരത്വത്തിന്റെ തെളിവല്ലെന്നും രേഖകളുടെ ആധികാരികത പരിശോധിക്കാൻ ഇസിഐക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജോയ് മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

അതിനിടെ നേപ്പാളിൽ സാമൂഹിക മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെയും സർക്കാരിൻ്റെ അഴിമതിക്കെതിരെയും ജെൻസി പ്രക്ഷോഭം ശക്തമാകുന്നു. കെപി ശർമ്മ ഒലി സർക്കാരിനെതിരായ തിങ്കളാഴ്ച പാർലമെന്റിന് സമീപം നടന്ന പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറി. സുരക്ഷാ സേനയുടെ വെടിവെപ്പിൽ 20 പേർ മരിക്കുകയും 80-ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഓൺലൈനിൽ ആരംഭിച്ച പ്രതിഷേധമാണ് ഇപ്പോൾ തെരുവുകളിലേക്ക് വ്യാപിച്ചിരിക്കുന്നത്. കാഠ്മണ്ഡുവിൽ ആയിരക്കണക്കിന് യുവാക്കളാണ് 'ജനറേഷൻ Z വിപ്ലവം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പ്രതിഷേധത്തിൽ പങ്കെടുത്തത്. നിരവധി പേർ നിയന്ത്രിത മേഖലകളിൽ പ്രവേശിക്കുകയും പോലീസ് ബാരിക്കേഡുകൾ തകർക്കുകയും ചെയ്തു. സംഘർഷം രൂക്ഷമായതോടെ പോലീസ് പലയിടത്തും വെടിയുതിർത്തു. തലസ്ഥാനത്ത് നിലവിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. അഴിമതിക്കും സാമൂഹിക മാധ്യമ നിയന്ത്രണങ്ങൾക്കുമെതിരെ യുവതലമുറ നടത്തുന്ന ഈ പ്രക്ഷോഭം രാജ്യത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.

മറ്റ് പ്രധാന വാർത്തകൾ കൂടി അറിയാം

newproject8-1757294241 jpg -Propertie

Sep 09, 2025, 12:15 am IST

ഫ്രാന്‍സില്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ നടന്ന അവിശ്വാസവോട്ടെടുപ്പില്‍ പ്രധാനമന്ത്രി ഫ്രാങ്കോയിസ് ബെയ്റു പരാജയപ്പെട്ടു. 194 വോട്ടുകള്‍ക്കെതിരെ 364 വോട്ടിനായിരുന്നു ബെയ്‌റുവിന്റെ തോല്‍വി. ഇതോടെ ഫ്രാങ്കോയിസ് ബെയ്റുവിന് പ്രധാനമന്ത്രി സ്ഥാനം രാജി വെക്കേണ്ടി വരും.
Sep 08, 2025, 9:55 pm IST

ജറുസലേമിലുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തി. ജറുസലേമില്‍ നിരപരാധികളായ സാധാരണക്കാര്‍ക്ക് നേരെയുണ്ടായത് ഹീനമായ ഭീകരാക്രമണമാണ് എന്നും ഇരകളുടെ കുടുംബങ്ങള്‍ക്ക് ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു
Sep 08, 2025, 9:32 pm IST

കൊട്ടരക്കരയില്‍ ട്രെയിനിന് അടിയില്‍പ്പെട്ട് സ്ത്രീ മരിച്ചു. ട്രെയിനില്‍ ലഗേജ് വെച്ച് തിരിച്ചിറങ്ങവെ ആയിരുന്നു അപകടം. മകളെ യാത്രയാക്കാനായി എത്തിയ കടയ്ക്കല്‍ സ്വദേശിനി മിനിയാണ് മരിച്ചത്.
Sep 08, 2025, 9:01 pm IST

നേപ്പാളില്‍ ജെന്‍സി പ്രക്ഷോഭം ശക്തമാകുന്നതിനിടെ ആഭ്യന്തര മന്ത്രി രാജി വെച്ചു. ജെന്‍സി പ്രതിഷേധത്തില്‍ 20 പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രി രമേശ് ലേഖക്ക് രാജി വെച്ചത്‌
Sep 08, 2025, 8:51 pm IST

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിക്ക് ക്ഷണമില്ല. വ്യവസായ വകുപ്പ് പാലക്കാട് കഞ്ചിക്കോട് ഫോറം സംഘടിപ്പിക്കുന്ന കിഫ് ഇന്‍ഡ് സമ്മിറ്റ് പരിപാടിയിലേക്കാണ് ജില്ലയിലെ മന്ത്രിയായ കൃഷ്ണന്‍കുട്ടിയെ ക്ഷണിക്കാത്തത്. ഇതില്‍ അതൃപ്തിയിലാണ് മന്ത്രി. പാലക്കാട് ജില്ല ചുമതലയുള്ള മന്ത്രിയാണ് കെ കൃഷ്ണന്‍കുട്ടി. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ പി രാജീവ്, എംബി രാജേഷ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
Sep 08, 2025, 8:46 pm IST

കോഴിക്കോട് ഹണി ട്രാപ്പില്‍ കുടുക്കി യുവാവില്‍ നിന്നും പണം തട്ടിയ കേസില്‍ യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പൊലീസ് പിടിയിലായി. മാവേലിക്കര സ്വദേശി ഗൗരി നന്ദ, പാണഞ്ചേരി സ്വദേശി അന്‍സിന, ഭര്‍ത്താവ് മുഹമ്മദ് അഫീഫ് എന്നിവരാണ് പിടിയിലായത്. യുവാവുമായി അടുപ്പം സ്ഥാപിച്ച് പണം തട്ടിയെടുത്തു എന്നാണ് ഇവര്‍ക്കെതിരായ പരാതി. യുവാവിനെ മടവൂരിലുള്ള വീട്ടിലേക്ക് വിളിച്ചു വരുത്തി 1.35 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. യുവാവിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം നടത്തി പ്രതികളായ മൂന്നുപേരെ പിടികൂടുകയായിരുന്നു
Sep 08, 2025, 8:04 pm IST

ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ആശുപത്രിയില്‍. അസുഖബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ് എന്നും അതിനാല്‍ സെപ്റ്റംബര്‍ 6 മുതല്‍ പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും മന്ത്രി തന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഇനിയും രണ്ട് ദിവസത്തേക്ക് കൂടി ചികിത്സ തുടരേണ്ടതിനാല്‍ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും മന്ത്രി അറിയിച്ചു.
Sep 08, 2025, 7:37 pm IST

നേപ്പാളില്‍ പൊട്ടിപ്പുറപ്പെട്ട അശാന്തി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലി അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ രാജ്യത്ത് നിരോധിച്ചതിന് പിന്നാലെയാണ് യുവാക്കള്‍ രാജ്യമൊന്നാകെ തെരുവിലിറങ്ങിയത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 19 ഓളം പേര്‍ മരിച്ചതായാണ് വിവരം
Sep 08, 2025, 7:18 pm IST

രാഗ രഞ്ജിനിക്കെതിരേ മാനനഷ്ടത്തിന് നോട്ടീസ് അയച്ചതായി സൗമ്യ സരിന്‍. ഡോ. സരിനെതിരെ ഫേസ്ബുക്കിലൂടെ രാഗരഞ്ജിനി ആരോപണം ഉന്നയിച്ചിരുന്നു. ഇതിലാണ് സൗമ്യ സരിന്റെ നടപടി
Sep 08, 2025, 6:44 pm IST

ഓണാഘോഷത്തിന്റെ കലാശക്കൊട്ടായി ശക്തന്റെ തട്ടകത്തില്‍ പുലികള്‍ ഇറങ്ങി. ചുവടുവെച്ച് പുലികള്‍ തൃശൂര്‍ സ്വരാജ് റൗണ്ടിലേക്ക് കയറിയതോടെ ആവേശം വാനോളമായി. ഇത്തവണ ഒമ്പത് സംഘങ്ങളിലും ആവേശമാകാന്‍ കുട്ടിപ്പുലികളും രംഗത്തിറങ്ങിയിട്ടുണ്ട്. നിരവധിപേരാണ് പുലിക്കളി കാണാനെത്തിയിരിക്കുന്നത്. തൃശൂര്‍ നഗരവീഥിയാകെ പുലിത്താളത്തിന്റെ ആവേശം വിതറി. 459 പുലികളാണ് തൃശ്ശൂര്‍ നഗരത്തിലിറങ്ങിയത്‌
Sep 08, 2025, 5:51 pm IST

വടക്കൻ ജറുസലേമിൽ വെടിവയ്പിൽ ആറു പേർ മരിച്ചു. 9 പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. രണ്ട് പലസ്തീനികളാണ് അക്രമികളെന്നും ഇവരെ വധിച്ചെന്നും ഇസ്രായേൽ പൊലീസ് അറിയിച്ചു. ബസിനുള്ളിലുണ്ടായിരുന്ന ആക്രമികൾ പുറത്തേക്കും ബസിനുള്ളിലും വെടിവെപ്പ് നടത്തിയെന്നാണ് റിപ്പോർട്ട്. സംഭവസ്ഥലം സന്ദർശിച്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഭീകരവാദത്തിന് എതിരെയുള്ള പോരാട്ടം തുടരുമെന്നും പറഞ്ഞു. ഗാസയിലുൾപ്പെടെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളോടുള്ള സ്വാഭാവിക പ്രതികരണമാണ് ആക്രമണമെന്ന് പ്രതികരിച്ച ഹമാസ് ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല
Sep 08, 2025, 5:29 pm IST

നേപ്പാളിൽ യുവാക്കളുടെ പ്രതിഷേധം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നു. പാർലമെന്റിലേക്ക് മാർച്ച് നടത്തിയ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് നടത്തിയ വെടിവെയ്പിൽ മരണം 14 ആയി. നൂറിലധികം പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പ്രതിഷേധം വ്യാപിക്കുന്നതും ശക്തി പ്രാപിക്കുന്നതും കണക്കിലെടുത്ത് കൂടുതൽ നഗരങ്ങളിൽ സൈനികവിന്യാസം ശക്തമാക്കിയിട്ടുണ്ട്. 26 സാമൂഹിക മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാക്കൾ തെരുവിലിറങ്ങിയത്. സ്ഥിതി ചർച്ച ചെയ്യാൻ നേപ്പാൾ സർക്കാർ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്
Sep 08, 2025, 4:49 pm IST

ക്ലിഫ് ഹൗസിനും ജില്ലാ കോടതിക്കും വീണ്ടും ബോംബ് ഭീഷണി. ജില്ലാ കോടതിയിലാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. പൊലിസും ബോംബ് സ്‌ക്വാഡും എല്ലായിടത്തും പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്ന് മൂന്ന് മണിക്ക് ബോംബ് സ്‌ഫോടനം നടക്കും എന്ന് ഭീഷണിപ്പെടുത്തിയായിരുന്നു സന്ദേശം
Sep 08, 2025, 3:53 pm IST

ബിഹാര്‍ എസ്ഐആറില്‍ ആധാർ കാർ‍ഡ് രേഖയാക്കണമെന്ന് സുപ്രീം കോടതി

ബിഹാറിൽ കരട്‌ വോട്ടർപ്പട്ടികയിൽനിന്ന്‌ പുറത്തായവർക്ക് തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് സമർപ്പിക്കാമെന്ന് സുപ്രീം കോടതി. തെരഞ്ഞെടുപ്പ്‌ കമീഷൻ നിർദേശിച്ച 11 രേഖകൾക്ക് പുറമെയാണിത്.എന്നിരുന്നാലും, ആധാർ പൗരത്വത്തിന്റെ തെളിവല്ലെന്നും രേഖകളുടെ ആധികാരികത പരിശോധിക്കാൻ ഇസിഐക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജോയ് മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
Sep 08, 2025, 2:34 pm IST

നിരോധിച്ചത് 26 സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ

ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം, എക്‌സ് (മുമ്പ് ട്വിറ്റർ), ലിങ്ക്ഡ്ഇൻ, റെഡിറ്റ്, വാട്ട്‌സ്ആപ്പ്, സ്നാപ്ചാറ്റ് എന്നിവയുൾപ്പെടെ 26 പ്രധാന സോഷ്യൽ മീഡിയ, ആശയവിനിമയ പ്ലാറ്റ്‌ഫോമുകൾക്കാണ് നേപ്പാളിൽ വിലക്ക് ഏർപ്പെടുത്തിയത്. സർക്കാർ നിശ്ചയിച്ച ഏഴു ദിവസത്തെ സമയപരിധിക്കുള്ളിൽ ഈ കമ്പനികൾ രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു ഈ തീരുമാനം. രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ ആഭ്യന്തര, വിദേശ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും അധികാരികളിൽ രജിസ്റ്റർ ചെയ്യണമെന്നും അനാവശ്യ ഉള്ളടക്കങ്ങൾ നിരീക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്നായിരുന്നു നടപടി.
Sep 08, 2025, 2:06 pm IST

തിരുവനന്തപുരം കോർപറേഷനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച ഉച്ചക്ക് ശേഷം അവധി

ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് ചൊവ്വാഴ്ച ഉച്ചക്ക് ശേഷം നഗരത്തിലെ സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. .
Sep 08, 2025, 1:46 pm IST

ടെറ്റ് യോഗ്യത നിർബന്ധമാക്കിയ സുപ്രീം കോടതി വിധിയിൽ പുനഃപരിശോധനാ ഹർജി നൽകും: മന്ത്രി വി. ശിവൻകുട്ടി

അധ്യാപക നിയമനത്തിന് ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (ടെറ്റ്) യോഗ്യത നിർബന്ധമാക്കിയ സുപ്രീം കോടതി വിധിയിൽ സംസ്ഥാന സർക്കാർ പുനഃപരിശോധനാ ഹർജി നൽകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇൻ-സർവീസ് അധ്യാപകർക്കു വിധി ബാധകമാക്കിയ സാഹചര്യത്തിൽ, ഇത് കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങുന്ന സുപ്രീം കോടതി ബഞ്ചാണ് വിവിധ ഹൈക്കോടതികളിൽ നിന്നുള്ള 28 അപ്പീലുകൾ പരിഗണിച്ച് സെപ്റ്റംബർ 14ന് വിധി പ്രഖ്യാപിച്ചത്. അധ്യാപക നിയമനത്തിനും സ്ഥാനക്കയറ്റത്തിനും ടെറ്റ് യോഗ്യത നിർബന്ധമാണോ എന്നതായിരുന്നു കോടതി പ്രധാനമായും പരിഗണിച്ചത്.വിധിയുടെ പശ്ചാത്തലത്തിൽ പ്രൊമോഷനുകളും പുതിയ നിയമനങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങൾ സങ്കീർണ്ണമാകും. സാധാരണയായി ഒരു തൊഴിൽ മേഖലയിലെ യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുമ്പോൾ നിലവിലുള്ളവരെ സംരക്ഷിക്കാറുണ്ട്. എന്നാൽ കേന്ദ്രസർക്കാരുകൾ ഇതിന് തയ്യാറായില്ല. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയമായതിനാൽ കേന്ദ്ര നിയമങ്ങൾക്കാണ് മുൻഗണന. ഈ പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാർ നിയമനിർമ്മാണം നടത്തേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Sep 08, 2025, 1:02 pm IST

ടി സിദ്ധിഖിന് രണ്ട് വോട്ട്; ആരോപണവുമായി സിപിഎം

കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖിന് തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക പ്രകാരം രണ്ടിടത്ത് വോട്ടുണ്ടെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ്. കോഴിക്കോട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്തിലെ 20ാം വാർഡായ പന്നിയൂർകുളത്ത് ക്രമനമ്പർ 480 ലും വയനാട് ജില്ലയിൽ കൽപ്പറ്റ നഗരസഭയിലെ ഡിവിഷൻ 25 ഓണിവയലിൽ ക്രമനമ്പർ 799 ലും ആണ് പേരുള്ളത്. ഉത്തരവാദിത്വപ്പെട്ട ഒരു ജനപ്രതിനിധി തന്നെ ഇത്തരത്തിൽ നിയമവിരുദ്ധമായി, ജനാധിപത്യവിരുദ്ധമായി പ്രവർത്തിക്കുന്നത്, കള്ളവോട്ട് ചേർക്കുന്നത് ജനാധിപത്യ സംവിധാനങ്ങളെ ദുർബലപ്പെടുത്തുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവുമാണെന്നും റഫീഖ് പറഞ്ഞു.
Sep 08, 2025, 12:46 pm IST

മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും ഇൻചാർജുമാർ; വിവാദ പരാമർശവുമായി ഡോ.ബഹാഉദ്ദീൻ നദ്വി

മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും എതിരെ വിവാദ പരാമർശവുമായി സമസ്ത നേതാവ് ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി. ഭാര്യയുണ്ടെങ്കിൽ ഇവരിൽ പലർക്കും വൈഫ് ഇൻചാർജുമാരുണ്ടെന്നും ഇവരൊക്കെയാണ് ബഹുഭാര്യത്വത്തെ കുറ്റം പറയുന്നതെന്നും നദ്വി പറഞ്ഞു.
Sep 08, 2025, 12:21 pm IST

താരിഫ് വിഷയത്തിൽ യുഎസിനെ പിന്തുണച്ച് സെലൻസ്കി

റഷ്യയുമായി വ്യാപാരബന്ധം തുടരുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ യുഎസ് തീരുവ ചുമത്തിയ നടപടിയെ അനുകൂലിച്ച് യുക്രൈൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ഉചിതമായ നീക്കം എന്നാണ് സെലൻസ്കി പ്രതികരിച്ചത്.
Sep 08, 2025, 12:01 pm IST

അമീബിക് മസ്തിഷ്ക ജ്വരം; ഒരാൾ കൂടി മരിച്ചു

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. മലപ്പുറം വണ്ടൂർ തിരുവാലി സ്വദേശി എം ശോഭനയാണ് മരിച്ചത്. കോഴിക്കോട് മെ‍‍ഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞ വ്യാഴാഴ്ച മുതൽ ചികിത്സയിലായിരുന്നു ശോഭന. 56 വയസ്സായിരുന്നു. രോഗലക്ഷണങ്ങൾ പ്രകാരം മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചുള്ള അഞ്ചാമത്തെ മരണമാണിത്. നിലവിൽ പത്ത് പേരാണ് ഇപ്പോഴും ഈ രോഗബാധ കാരണം കോഴിക്കോട് ചികിത്സയിലുള്ളത്. ഒരാളുടെ നില ഗുരുതരമാണ്. ..
Sep 08, 2025, 10:45 am IST

പികെ ഫിറോസിന് മറുപടിയുമായി കെടി ജലീൽ

ബിനാമി ആരോപണത്തിന് മറുപടി നൽകിയ ഫിറോസിന് ഫെയ്സ്ബുക്കിലൂടെ മറുപടിയുമായി കെടി ജലീൽ എംഎൽഎ. പട്ടാമ്പി കൊപ്പത്തെ കട തന്റേതെന്ന് ഫിറോസ് സമ്മതിച്ചതിന് ഒരായിരം നന്ദിയുണ്ടെന്നും കത്വ-ഉന്നാവോ പെൺകുട്ടികളുടെ കണ്ണീരിൻ്റെ നനവ് ആ കടയുടെ സുഷിരങ്ങളിൽ ശ്വസിച്ചുവെന്നും ജലീൽ കുറിച്ചു. 'ഒരായിരം നന്ദി:പട്ടാമ്പിക്കടുത്ത കൊപ്പത്തെ "Yummy Fried Chicken" ഷോപ്പ് തൻ്റേതാണെന്ന് (പി.കെ ഫിറോസിൻ്റേതാണെന്ന്) സമ്മതിച്ചതിന്! തിരുനാവായക്കാരൻ വെള്ളടത്ത് മുഹമ്മദ് അഷ്റഫ് സ്വന്തം ബിനാമിയാണെന്ന് അംഗീകരിച്ചതിന്! NB: കത്വ-ഉന്നാവോ പെൺകുട്ടികളുടെ കണ്ണീരിൻ്റെ നനവ് ഞാനാ ഷോപ്പിൻ്റെ ഓരോ സുഷിരത്തിലും അനുഭവിച്ചു. "ദോതി ചാലഞ്ചിൽ" പററിക്കപ്പെട്ട ലീഗുകാരുടെ മനോവേദന അവിടെ മുറ്റി നിൽക്കുന്നത് മനസ്സിനെ വല്ലാതെ മഥിച്ചു', പോസ്റ്റിൽ പറഞ്ഞു.
Sep 08, 2025, 10:04 am IST

യൂറോപ്യൻ യൂണിയനുമായി കൈകോർക്കാൻ ഇന്ത്യ; വ്യാപാരക്കരാറിൽ ചർച്ച തുടരും

യൂറോപ്യൻ യൂണിയൻ നേതാക്കൾ ഇന്ത്യയിലേക്ക്.വ്യാപാരം, കൃഷി എന്നീ മേഖലകളുടെ ചുമതലയുള്ള മാറോസ് സെഫ്‌കോവിച്ച്, ക്രിസ്റ്റോഫ് ഹാൻസെൻ എന്നിവരാണ് ഈ ആഴ്ച ഡൽഹിയിലെത്തുന്നത്. ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാർ (എഫ്.ടി.എ) വേഗത്തിൽ പൂർത്തിയാക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യൂറോപ്യൻ യൂണിയൻ നേതാക്കളും ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരുടെ വരവ്.കരാറിലെ തർക്കവിഷയങ്ങൾ പരിഹരിക്കുകയാണ് ലക്ഷ്യം.
Sep 08, 2025, 8:42 am IST

സുരേഷ് ഗോപിയെ ഡൽഹിക്ക് വിളിപ്പിച്ച് പ്രധാനമന്ത്രി

കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഡൽഹിക്ക് വിളിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉടൻ ഡൽഹിയിലേക്ക് പോകേണ്ടതിനാൽ തിങ്കളാഴ്ച പങ്കെടുക്കാനിരുന്ന പുലി കളി ഉൾപ്പെടെയുള്ള പരിപാടികളിൽ തന്റെ സാന്നിധ്യം ഉണ്ടാകില്ലെന്ന് അദ്ദേഹം അറിയിച്ചു.
Sep 08, 2025, 7:04 am IST

ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം; കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പ്രിൻസ് ലൂക്കോസ് (53) അന്തരിച്ചു. കുടുംബത്തോടൊപ്പം വേളാങ്കണ്ണി യാത്ര നടത്തി തിരികെ വരുന്നതിനിടയിലാണ് ഹൃദയാഘാതം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
Sep 08, 2025, 6:56 am IST

ഹമാസിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

ഇസ്രായേലുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ തന്റെ നിബന്ധനകൾ ഹമാസ് അംഗീകരിക്കണമെന്ന് ട്രംപ്.'എല്ലാവരും ബന്ദികളെ തിരികെ വീട്ടിൽ എത്തിക്കാൻ ആഗ്രഹിക്കുന്നു. ഈ യുദ്ധം അവസാനിക്കണമെന്നും എല്ലാവരും ആഗ്രഹിക്കുന്നു! ഇസ്രായേലികൾ എന്റെ നിബന്ധനകൾ അംഗീകരിച്ചു. ഹമാസിനും ഇത് അംഗീകരിക്കേണ്ട സമയമാണിത്. അംഗീകരിക്കാതിരുന്നാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് ഞാൻ ഹമാസിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്', ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇത് തന്റെ അവസാന മുന്നറിയിപ്പാണെന്നും പോസ്റ്റിൽ ട്രംപ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+