റാപ്പർ ഡാബ്സി അറസ്റ്റില്‍, കൂടെ മൂന്ന് സുഹൃത്തുക്കളും: രാത്രിയില്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന്
മലപ്പുറം: പ്രശസ്ത മലയാളി റാപ്പർ ഡാബ്സി എന്ന മുഹമ്മദ് ഫാസിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മലപ്പുറം ചങ്ങരംകുളം പൊലീസാണ് ഡാബ്സിയെ പിടികൂടിയത്. അറസ്റ്റിന് പിന്നാലെ താരത്തെ ജാമ്യത്തിൽ വിട്ടയച്ചതായി പോലീസ് അറിയിച്ചു. ഡാബ്സിയോടൊപ്പം മൂന്ന് സുഹൃത്തുക്കളും കേസിൽ അറസ്റ്റിലായിരുന്നു.
കാഞ്ഞൂർ സ്വദേശിയായ ബാസിൽ എന്ന വ്യക്തിയുടേയും അദ്ദേഹത്തിന്റെ പിതാവും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് താരത്തിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഡാബ്സിയും സംഘവും ഇന്നലെ രാത്രിയോടെ തന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ബഹളം വയ്ക്കുകയും ചെയ്തതായി ബാസില്‍ ആരോപിച്ചു. തർക്കം രൂക്ഷമായതിനെ തുടർന്ന് ബാസിൽ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ നിന്നും എത്തിയ ഉദ്യോഗസ്ഥർ ഡാബ്സിയെയും മൂന്ന് സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 351(2) (ക്രിമിനൽ ഭീഷണി) ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, പ്രാഥമിക അന്വേഷണത്തിന് ശേഷം ഡാബ്സിയെയും സംഘത്തെയും ജാമ്യത്തിൽ വിട്ടയച്ചതായി പോലീസ് വ്യക്തമാക്കി.
ബാസിലിനെ ഡാബ്സി നേരത്തെ സാമ്പത്തികപരമായി സഹായിച്ചിരുന്നുവെന്നും ഈ തുക തിരികെ ലഭിക്കാത്തതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയത് എന്ന തരത്തിലുള്ള വിവരവും പുറത്ത് വരുന്നുണ്ട്.
മലപ്പുറം ചങ്ങരംകുളം സ്വദേശിയായ ഡാബ്സി റാപ്പ് സംഗീതത്തിലൂടെയാണ് മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനായി മാറുന്നത്. 2022-ൽ ടോവിനോ തോമസ് നായകനായ 'തല്ലുമാല' എന്ന ചിത്രത്തിലെ 'മണവാളൻ തഗ്' എന്ന ഗാനം അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവായി മാറി. ഈ ഗാനം യൂട്യൂബിൽ 11 കോടിയിലെ കാഴ്ചക്കാരെ നേടിക്കൊണ്ട്, മലയാള ഹിപ്-ഹോപ്പ് രംഗത്ത് ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു.
ഇല്ലുമിനാറ്റി (ആവേശം), മലബാരി ബാംഗർ (തല്ലുമാല), വട്ടേപ്പം (മന്ദാകിനി), ഹബീബി ഡ്രിപ്പ് തുടങ്ങിയ ഗാനങ്ങളിലൂടെ ഡാബ്സി മലയാള സിനിമയിലും സ്വതന്ത്ര സംഗീത രംഗത്തും തന്റേതായ ഒരു ഇടം കണ്ടെത്തി. മലബാർ പ്രദേശത്തിന്റെ ഭാഷാ-സാംസ്കാരിക ഘടകങ്ങൾ തന്റെ ഗാനങ്ങളിൽ ഉൾപ്പെടുത്തുന്ന ഡാബ്സി, ചുരുങ്ങിയ കാലത്തിനിടയില്‍ തന്നെ യുവാക്കൾക്കിടയിൽ വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കി.
ഈ വര്‍ഷം ജനുവരിയില്‍ ഒരു വര്‍ഷത്തേക്ക് ഇടവേളയെടുക്കുന്നതായി ഡബ്‌സി പ്രഖ്യാപിച്ചിരുന്നു. കരിയര്‍ വളര്‍ച്ചയിലും ക്രിയേറ്റിവിറ്റിയിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ഇതെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയിരുന്നത്. അതേസമയം ചില സ്റ്റേജ് ഷോകള്‍ പരാജയപ്പെട്ടത് താരത്തിനെതിരായ വലിയ രീതിയിലുള്ള വിമർശനങ്ങള്‍ക്കും ഇടയാക്കി.












Click it and Unblock the Notifications