വയോധികന്‍ വീട്ടിലെത്തിയതോടെ വിവസ്ത്രയായി, സീരിയല്‍ നടിയുടെ ഹണിട്രാപ്പ്; തട്ടിയത് 11 ലക്ഷം
കൊല്ലം: വയോധികനെ ഹണിട്രാപ്പില്‍ കുടുക്കി 11 ലക്ഷം രൂപ തട്ടിയ കേസില്‍ സീരിയല്‍ നടിയും സുഹൃത്തും അറസ്റ്റില്‍. കൊല്ലം പരവൂരിലാണ് സംഭവം. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശി, പരവൂര്‍ കലയ്‌ക്കോട് സ്വദേശി ബിനു എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരം പട്ടത്ത് താമസിക്കുന്ന മുന്‍ സൈനികനും കേരള സര്‍വ്വകലാശാല ജീവനക്കാരനായിരുന്ന 75കാരനാണ് ഇവരുടെ ചതിയില്‍പ്പെട്ടത്.
മേയ് 24ന് ആണ് ഇവര്‍ ഹണി ട്രാപ്പിനായി കെണിയൊരുക്കിയത്. വയോധികന്റെ കലയ്‌ക്കോട്ടെ വീട് വാടകയ്ക്ക് ചോദിച്ച് ഫോണിലൂടെ ബന്ധം സ്ഥാപിക്കുകയായിരുന്നു. പിന്നാലെ ദിവസവും ഫോണ്‍ വിളിച്ച് സൗഹൃദം ഊട്ടിയുറപ്പിച്ചു. ഒരു ദിവസം വയോധികന്‍ കലയ്‌ക്കോട്ടെ വീട്ടിലെത്തിയപ്പോള്‍ ഭീഷണിപ്പെടുത്തി വസ്ത്രങ്ങള്‍ അഴിപ്പിച്ച് വിവസ്ത്രയായ നിത്യയ്‌ക്കൊപ്പം ചിത്രങ്ങള്‍ എടുപ്പിച്ചു.

വയോധികന്റെ ബന്ധു കൂടിയായ ബിനുവായിരുന്നു ചിത്രങ്ങള്‍ പകര്‍ത്തിയത്. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഭീഷണി തുടര്‍ന്നതോടെ 11 ലക്ഷം രൂപ നല്‍കി. എന്നാല്‍ വീണ്ടും പണം ആവശ്യപ്പെട്ട് പ്രതികള്‍ ഭീഷണി തുടര്‍ന്നതോടെ വയോധികന്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് ആവശ്യപ്പെട്ട പ്രകാരം ബാക്കി പണം നല്‍കാനെന്ന പേരില്‍ പരാതിക്കാരന്‍ പ്രതികളെ പട്ടത്തെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി. അവിടെ വച്ച് പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.












Click it and Unblock the Notifications