നടന്‍ ജയകൃഷ്ണന്‍ അറസ്റ്റില്‍; മുസ്ലിം ഡ്രൈവറെ ഭീകരവാദി എന്ന് വിളിച്ചു, സംഭവം ഇങ്ങനെ
പ്രമുഖ സിനിമാ നടന്‍ എന്‍ ജയകൃഷ്ണന്‍ അറസ്റ്റില്‍. മുസ്ലിം കാര്‍ ഡ്രൈവറെ ഭീകരവാദി എന്ന് വിളിച്ച് അധിക്ഷേപിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്. ജയകൃഷ്ണനൊപ്പം രണ്ടുപേരുണ്ടായിരുന്നു എങ്കിലും ഒരാളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇയാള്‍ രക്ഷപ്പെട്ടു എന്നും വൈകാതെ പിടികൂടുമെന്നും പോലീസ് അറിയിച്ചു. വ്യാഴാഴ്ച നടന്ന സംഭവത്തില്‍ ഇന്നലെ രാത്രിയാണ് അറസ്റ്റുണ്ടായത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.
മംഗലാപുരത്തെ ഉര്‍വ പോലീസ് ആണ് ജയകൃഷ്ണനെ അറസ്റ്റ് ചെയ്തത്. നടന്റെ സുഹൃത്തുക്കളായ സന്തോഷ് എബ്രഹാം, വിമല്‍ എന്നിവരും കേസില്‍ പ്രതികളാണ്. ഇതില്‍ വിമലിനെ പിടികൂടാന്‍ സാധിച്ചിട്ടില്ല. പ്രാഥമിക അന്വേഷണത്തില്‍ പ്രതികള്‍ കുറ്റം ചെയ്തുവെന്ന് പോലീസിന് ബോധ്യമായിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് കേസെടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും.

കാര്‍ ഡ്രൈവറെ മതത്തിന്റെ പേരില്‍ അധിക്ഷേപിച്ചു എന്നാണ് പരാതി. ഭീകരവാദി എന്ന് വിളിക്കുകയും ഇത് ചോദ്യം ചെയ്തപ്പോള്‍ ഡ്രൈവറുടെ അമ്മയെ അധിക്ഷേപിച്ചു എന്നും പരാതിയില്‍ പറയുന്നു. സംഭവം മംഗലാപുരത്ത് വലിയ വിവാദമാകുകയും പ്രതിഷേധം ശക്തമാകുകയും ചെയ്തതോടെ പോലീസ് അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു. സോഷ്യല്‍ മീഡിയയിലും നടന്റെ ചിത്രം വച്ച പ്രചാരണങ്ങളുണ്ടായി. ജയകൃഷ്ണന്‍ പോലീസ് സ്‌റ്റേഷനില്‍ പരാതിക്കാരനോട് സംസാരിക്കുന്ന വീഡിയോ പുറത്തുവന്നു.
ഷഫീഖ് അഹമ്മദ് എന്ന കാര്‍ ഡ്രൈവറാണ് പരാതിക്കാരന്‍. ബെജായില്‍ നിന്ന് റെയില്‍വെ സ്റ്റേഷനിലേക്ക് പോകാന്‍ പ്രതികള്‍ കാര്‍ ബുക്ക് ചെയ്തിരുന്നു. പിക് ചെയ്യുന്ന സ്ഥലം ഉറപ്പിക്കാന്‍ ഡ്രൈവര്‍ വിളിച്ചപ്പോഴാണ് പ്രതികള്‍ മോശമായി സംസാരിച്ചത് എന്ന് പരാതിയില്‍ പറയുന്നു. ഹിന്ദിയിലും മലയാളത്തിലുമാണ് പ്രതികള്‍ തെറി വിളിച്ചത് എന്നും പരാതിയില്‍ പറയുന്നു.
പോലീസ് പറയുന്നത്
ബിഎന്‍എസ് സെക്ഷന്‍ 352, 353 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത് എന്ന് ഉര്‍വ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഗുരപ്പ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. ജയകൃഷ്ണന്‍, സന്തോഷ് എബ്രഹാം എന്നിവരെ ശനിയാഴ്ച കസ്റ്റഡിയില്‍ എടുത്തു. വിമല്‍ മുങ്ങിയിട്ടുണ്ട്. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അറസ്റ്റിലായ പ്രതികളെ ഉടന്‍ കോടതിയല്‍ ഹാജരാക്കുമെന്നും ഇന്‍സ്‌പെക്ടര്‍ ഗുരുപ്പ പറഞ്ഞു.
ജയകൃഷണന്റെയും കൂട്ടുപ്രതികളുടെ ഫോണും മറ്റു ഉപകരണങ്ങളും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അവ ശാസ്ത്രീയ പരിശോധന നടത്തിയ ശേഷമാകും വിട്ടുനല്‍കുക. കാര്‍ ഡ്രൈവറുടെ അന്തസ്സിന് കോട്ടം തട്ടുന്ന പ്രവര്‍ത്തനമാണ് പ്രതികള്‍ ചെയ്തതെന്നും നിയമ നടപടി എടുത്തിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അറസ്റ്റിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. മതപരമായ വേര്‍ത്തിരിവ്, മതത്തിന്റെ പേരിലുള്ള അധിക്ഷേപം എന്നിവ സമൂഹത്തില്‍ ചിദ്രതയുണ്ടാക്കുമെന്നും അതുകൊണ്ടാണ് കടുത്ത നടപടി എടുക്കുന്നതെന്നും പോലീസ് പറഞ്ഞു. ജയകൃഷ്ണന്‍ ഉള്‍പ്പെട്ട കേസായതിനാല്‍ കന്നഡ മാധ്യമങ്ങളും ദേശീയ മാധ്യമങ്ങളും വളരെ പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications