'മുങ്ങിയതല്ല, പുണ്യസ്ഥലങ്ങള്‍ സന്ദർശിക്കാന്‍ പോയതാണ്': ബിജു കൂര്യന്‍ ഇസ്രായേലില്‍ നിന്നും തിരിച്ചെത്തി
27 അംഗ സംഘമായിരുന്നു കൃഷിരീതികള്‍ പഠിക്കാനായി ഇസ്രായേലേക്ക് പോയത്

മലപ്പുറം: ഇസ്രായേലില്‍ മുങ്ങിയ മലയാളി കർഷകന്‍ ബിജു കൂര്യന്‍ കേരളത്തിലെത്തി. പുലർച്ചെ നാല് മണിയോടെയാണ് ബിജു കൂര്യന്‍ കരിപ്പൂരില്‍ വിമാനമിറങ്ങിയ ബിജു സ്വദേശമായ കണ്ണൂർ ഇരിട്ടിയിലേക്ക് തിരിച്ചു. ആധുനിക കൃഷിരീതികള്‍ പഠിക്കുന്നതിന് വേണ്ടി സർക്കാർ സംഘത്തിനൊപ്പം ഇസ്രയിലേക്ക് പോയ ബിജു കൂര്യനെ പിന്നീട് കാണാതാവുകയായിരുന്നു.
ബിജു സംഘത്തില്‍ നിന്നും മുങ്ങിയതാണെന്ന് മനസ്സിലായതോടെ ബാക്കിയുള്ളവർ നാട്ടില്‍ തിരിച്ചെത്തുകയും ബിജുവിനെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ എംമ്പസി തലത്തില്‍ ആരഭിക്കുകയുമായിരുന്നു. അതേസമയം, പുണ്യസ്ഥലങ്ങള്‍ സന്ദർശിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംഘത്തില്‍ നിന്നും വിട്ടുനിന്നതെന്നാണ് ബിജു പറയുന്നത്.

ഒരു അന്വേഷണ ഏജന്‍സിയും അന്വേഷിച്ച് വന്നിട്ടില്ല
ഒരു അന്വേഷണ ഏജന്‍സിയും തന്നെ അന്വേഷിച്ച് വന്നിട്ടില്ല. സ്വമേധയാ ആണ് തിരിച്ച് വരുന്നത്. സഹോദരനാണ് ടിക്ക് എടുത്ത് നല്‍കിയതെന്നും ബിജു വ്യക്തമാക്കുന്നു. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുക ആയിരുന്നു ലക്ഷ്യം. ഇത് സംഘത്തോട് പറഞ്ഞാൽ അനുവാദം കിട്ടില്ലെന്ന് കരുതി. ആദ്യം പോയത് ജറുസലേം സന്ദർശിക്കാനാണ്. അതിന് പിറ്റേ ദിവസം ബത്ലഹേമിലേക്കും പോയെന്നും ബിജു അവകാശപ്പെടുന്നു.

മറ്റൊരാളുടെ സഹായത്തോടെയാണ് വീട്ടിലേക്ക് വിളിച്ചതും സുരക്ഷിതനാണെന്ന് അറിയിച്ചതും. സഹോദരനുമായി ബന്ധപ്പെട്ടതിന് ശേഷമാണ് മറ്റൊരാളുടെ സഹായത്തോടെ അദ്ദേഹം എനിക്ക് ടിക്കറ്റ് എടുത്ത് തരുന്നത്. അങ്ങനെയാണ് തിരിച്ച് വരാനുള്ള കാര്യങ്ങള്‍ ശരിയായത്. പോയ സംഘത്തോടൊപ്പം തിരിച്ച് വരാന്‍ കഴിയാത്തതില്‍ വീട്ടുകാരോടും ഒപ്പമുണ്ടായിരുന്നവരോടും കൃഷി വകുപ്പിനോടും ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബിജുവിനെതിരെ പ്രതികാര നടപടികളുണ്ടാവില്ല
നാട്ടില്‍ തിരിച്ചെത്തുന്ന ബിജുവിനെതിരെ പ്രതികാര നടപടികളുണ്ടാവില്ലെന്ന് വ്യക്തമാക്കി കൃഷിമന്ത്രി പി പ്രസാദ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിസ റദ്ദാക്കല്‍ നടപടികളിലേക്കടക്കം സര്‍ക്കാര്‍ കടന്നതോടെയാണ് ബിജു തിരിച്ചുവരുന്നതായി അറിയിച്ചത്. മടങ്ങിയെത്തിയ ബിജുവില്‍ നിന്നും സർക്കാർ ഔദ്യോഗികമായി തന്നെ വിവരങ്ങള്‍ തേടും.

ഇസ്രായേലില്‍ തങ്ങാനുള്ള പദ്ധതി വളരെ നേരത്തെ തന്നെ ബിജു കൂര്യന്‍ തയ്യാറാക്കിയിരുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. കേരളത്തില്‍ നിന്നും പോയ സംഘം മടങ്ങുന്നതിന്റെ തൊട്ടുതലേന്നാണ് ബിജു കൂര്യനെ കാണാതാവുന്നത്. അതുകൊണ്ട് തന്നെ അവിടെ വെച്ച് അദ്ദേഹത്തെ കൂടുതല്‍ അന്വേഷിക്കാനും സാധിച്ചില്ല.

ഇസ്രായേലില്‍ ജീവിച്ചാലുള്ള നേട്ടങ്ങളെക്കുറിച്ച്
ഇസ്രായേലില്‍ ജീവിച്ചാലുള്ള നേട്ടങ്ങളെക്കുറിച്ച് ബിജു സംഘത്തിലുള്ള മറ്റുള്ളവരോട് പറയാറുണ്ടായിരുന്നു. ഇസ്രായേലിലേക്ക് കൃഷിപഠിക്കാനായി കർഷകരുടെ സംഘത്തെ അയക്കുന്നുവെന്ന വാർത്ത പുറത്ത് വന്നയുടന്‍ തന്നെ ബിജു തന്റെ നീക്കങ്ങള്‍ ആരംഭിക്കുകയായിരുന്നു. പായം കൃഷി ഓഫീസിലെത്തി തനിക്കും സംഘത്തില്‍ ചേരാന്‍ താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കി അപേക്ഷ സമർപ്പിച്ചു. മികച്ച കർഷകനായ ബിജുവിന്റെ കൃഷിയിടം കൃഷി ഓഫിസർ പരിശോധിച്ച് ഉറപ്പ് വരുത്തിയാണ് ബിജുവിനെ തെരഞ്ഞെടുക്കുകയായിരുന്നു.

ഹോട്ടലില്‍ താമസിക്കുന്നതിനിടെ തലവേദനക്ക്
ഹോട്ടലില്‍ താമസിക്കുന്നതിനിടെ തലവേദനക്ക് മരുന്ന് വാങ്ങണമെന്ന് പറഞ്ഞ് പുറത്തിറങ്ങിയ ബിജുവിനെ പിന്നീട് കാണാതാവുകയായിരുന്നു. 27 അംഗ സംഘമായിരുന്നു കൃഷിരീതികള്‍ പഠിക്കാനായി ഇസ്രായേലേക്ക് പോയത്. മേയ് എട്ടു വരെ വിസയ്ക്കു കാലാവധിയുണ്ടെങ്കിലും ഔദ്യോഗിക സംഘത്തിന്റെ നിർദേശങ്ങള്‍ ലംഘിച്ചതിനാലാണ് ബിജുവിനെതിരായ നടപടികള്‍ ആരംഭിച്ചത്.












Click it and Unblock the Notifications