പിറകെ നടന്ന് ശല്യം ചെയ്തു.. പ്രണയം നിരസിച്ചപ്പോൾ കുത്തിക്കൊന്നു.. ദാരുണാന്ത്യം മലയാളി പെൺകുട്ടിക്ക്
സുള്ള്യ: പ്രണയം നിരസിച്ചതിന്റെ പേരില്‍ മലയാളിപ്പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. കർണാടകയിലെ സുള്ള്യയിലാണ് നാടിനെ നടുക്കിയ സംഭവം. രണ്ടാം വര്‍ഷ ബിഎസ്സി വിദ്യാര്‍ത്ഥിനി അക്ഷതയാണ് കൊല്ലപ്പെട്ടത്. സഹപാഠിയായ എസ് കാര്‍ത്തികാണ് അക്ഷതയെ കൊലപ്പെടുത്തിയത്.
ഏറെ നാളുകളായി അക്ഷതയെ കാര്‍ത്തിക് പലതരത്തില്‍ ശല്യം ചെയ്തുവരികയായിരുന്നെന്ന് പോലീസ് പറയുന്നു. അക്ഷത പോലീസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് കാര്‍ത്തിക് കൊലപാതകം നടത്തിയത്.

ക്രൂരമായ കൊലപാതകം
സുള്ള്യ നെഹ്രു മെമ്മോറിയല്‍ കോളേജ് രണ്ടാം വര്‍ഷ ബിഎസ്സി വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട അക്ഷിത. മുള്ളേരിയ കാറഡുക്ക ശാന്തിനഗറിലെ കരണി രാധാകൃഷ്ണ ഭട്ടിന്റെയും ദേവകിയുടേയും മകളായ അക്ഷിത ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് പൊതുനിരത്തില്‍ ആക്രമിക്കപ്പെട്ടത്. അക്ഷിതയ്ക്ക് 19 വയസ്സാണ് പ്രായം.

പ്രണയം നിരസിച്ചു
നെല്ലൂര്‍ കേമ്രാജെ ഗ്രാമം നാര്‍ണകജ സ്വദേശിയാണ് 24കാരനായ എസ് കാര്‍ത്തിക്. ഇയാള്‍ നെഹ്രു കോളേജില്‍ അക്ഷതയുടെ സഹപാഠിയാണ്. ഇയാള്‍ അക്ഷതയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നെങ്കിലും നിരസിക്കപ്പെടുകയായിരുന്നു. അതിന് ശേഷം കാര്‍ത്തിക് നിരന്തരമായി അക്ഷതയെ ശല്യം ചെയ്തു.

പിന്നാലെ നടന്ന് ശല്യം
ഫോണില്‍ വിളിച്ചും മെസ്സേജുകള്‍ അയച്ചും കാര്‍ത്തിക് അക്ഷതയെ ശല്യം ചെയ്തിരുന്നതായി പോലീസ് പറയുന്നു. ഇതേത്തുടര്‍ന്ന് കാര്‍ത്തികിനെ കുറിച്ച് പ്രിന്‍സിപ്പാളിന് പരാതി നല്‍കുമെന്ന് അക്ഷത ഭീഷണിപ്പെടുത്തി. ഇതോടെ അക്ഷതയെ കാര്‍ത്തിക്ക് ആക്രമിക്കുകയായിരുന്നു. കോളേജ് വിട്ട് വരുന്ന വഴിക്കായിരുന്നു ആക്രമണം.

പിന്നിൽ നിന്നും ആക്രമണം
കോളേജില്‍ നിന്നും ചെറിയ റോഡിലൂടെ പ്രധാന റോഡിലേക്ക് നടന്ന് വരികെയാണ് ആക്രമിക്കപ്പെട്ടത്. ബൈക്കില്‍ വന്ന കാര്‍ത്തിക് പിറകില്‍ നിന്നാണ് ആക്രമിച്ചത്. ഏഴ് പ്രാവശ്യമാണ് കാര്‍ത്തിക് അക്ഷതയെ കത്തി കൊണ്ട് കുത്തിയത്. വയറിനും നെഞ്ചിനും മൂന്ന് കുത്തുകളും കഴുത്തിന് ഒരു കുത്തുമാണേറ്റത്.

ശരീരത്തിൽ 7 കുത്തുകൾ
അക്ഷതയെ കുത്തി വീഴ്ത്തിയ ശേഷം കാര്‍ത്തിക് സംഭവസ്ഥലത്ത് വെച്ച് തന്നെ ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തിയിരുന്നു. കൈത്തണ്ട മുറിച്ചായിരുന്നു ആത്മഹത്യയ്ക്കുള്ള കാര്‍ത്തികിന്റെ ശ്രമം. എന്നാല്‍ നാട്ടുകാരുടെ ശ്രദ്ധയില്‍ ഇക്കാര്യം പെട്ടതോടെ ആളുകള്‍ കാര്‍ത്തികിനെ തടയുകയായിരുന്നു. കാര്‍ത്തികിനെ പിന്നീട് പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.

പോലീസ് പറയുന്നത്
നല്ല തിരക്കുള്ള റോഡില്‍ വെച്ചാണ് അക്ഷത ആക്രമിക്കപ്പെട്ടതെന്ന് പോലീസ് പറയുന്നു. അക്ഷത പഠിക്കുന്ന കോളേജില്‍ നിന്നും പ്രധാന റോഡിലേക്ക് ഒന്നര കിലോമീറ്ററോളം ദൂരമുണ്ട്. കോളേജില്‍ നിന്നിറങ്ങി ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നിലെത്തിയപ്പോഴാണ് കാര്‍ത്തിക് അക്ഷതയെ പിന്നില്‍ നിന്നും കുത്തിയതെന്നും പോലീസ് പറയുന്നു.












Click it and Unblock the Notifications