അതിഥി തൊഴിലാളികളെ ആൽമരത്തിൽ കയറ്റി, ഫോണും പണവും തട്ടി മലയാളി സ്ഥലംവിട്ടു!
തൃപ്രയാർ: പലതരത്തിലുള്ള തട്ടിപ്പിനെക്കുറിച്ചും വെട്ടിപ്പിനെക്കുറിച്ചും ഉള്ള വാർത്തകൾ ഒരുപാട് കേൾക്കാറില്ലേ. ഇപ്പോൾ ഇത്തരത്തിൽ പറ്റിക്കപ്പെട്ടിരിക്കുകയാണ് നാല് അതിഥി തൊഴിലാളികൾ. കേരളത്തിൽ തൊഴിൽ ചെയ്ത് ഉപജീവനം തേടുന്ന അതിഥി തൊഴിലാളികളെയാണ് ജോലി ചെയ്യാൻ വിളിപ്പിച്ച് ഇവരുടെ പണം മോഷ്ടിച്ചത്.
ഒരു ക്ഷേത്രത്തിലേക്ക് ആലില പറിക്കണം എന്നു പറഞ്ഞായിരുന്നു 4 അതിഥി തൊഴിലാളികളെ മലയാളിയായ ഒരാൾ ഇന്നലെ രാവിലെ വിളിച്ചത്. പണി എടുക്കാൻ വന്ന ഇവരോട് ക്ഷേത്രത്തിൽ ആയതുകൊണ്ട് ശുദ്ധി വേണമെന്നു പറഞ്ഞ് അതിഥി തൊഴിലാളികളോട് വസ്ത്രം ഊരാൻ പറഞ്ഞു.

തൊഴിലാളികളെ കൊണ്ട് അടിവസ്ത്രമടക്കം അഴിപ്പിച്ചു. തോർത്തു മാത്രം ഉടുത്ത തൊഴിലാളികളെ ചേർക്കര റോഡരികിലെ ആലിന്റെ മുകളിലേക്കു കയറ്റി.ആലില പറിക്കുന്നതിനിടെ തൊഴിലാളികൾ താഴേക്ക് നോക്കിയപ്പോഴാണ് അത് കാണുന്നത്. ജോലിക്കു വിളിച്ചയാൾ തങ്ങളുടെ വസ്ത്രങ്ങളും 16,000 രൂപ വില വരുന്ന 2 മൊബൈൽ ഫോണുകളും പണവുമായി കടന്നു കളയുന്നതാണ് കണ്ടത്.
പിന്നാലെ ആലിനു മുകളിൽ നിന്ന് വേഗം ഇറങ്ങിയെങ്കിലും അപ്പോഴേക്കും ആൾ അവിടെ നിന്ന് പോയെന്ന് തൊഴിലാളികൾ പറയുന്നത്. വസ്ത്രങ്ങൾ പിന്നീട് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
വലപ്പാട് സ്റ്റേഷനിലെത്തിയ ഇവർ ഇൻസ്പെക്ടർ കെ.എസ്. സുശാന്തിന് ഇയാളുടെ ഫോൺ നമ്പർ നൽകി. അതിൽ വിളിച്ചെങ്കിലും ആരും എടുത്തില്ല. ജാർഖണ്ഡ് സ്വദേശി വിനോദ് എന്ന ആളുടെ പേരിലാണ് സിം കാർഡ്. അതിഥി തൊഴിലാളികളെ പറ്റച്ച് പണം മോഷ്ടിച്ച ആളെ പിടികൂടാൻ പൊലീസ് അന്വേഷണം തുടങ്ങി.












Click it and Unblock the Notifications