ഇസ്രായേലിലേക്ക് കടക്കവെ മലയാളി വെടിയേറ്റ് മരിച്ചു; മറ്റൊരാള്‍ക്ക് പരിക്കേറ്റു, രണ്ട് പേര്‍ ജയിലില്‍
തിരുവനന്തപുരം: ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിക്കവെ മലയാളി വെടിയേറ്റ് മരിച്ചു. തുമ്പ മേനംകുളം സ്വദേശി ഗബ്രിയേല്‍ പെരേര ആണ് കൊല്ലപ്പെട്ടത്. ജോര്‍ദാന്‍ വഴി ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിച്ച നാലംഗ സംഘത്തിലുള്ള വ്യക്തിയായിരുന്നു ഗബ്രിയേല്‍. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ബന്ധു കൂടിയായ എഡിസണ് കാലിന് വെടിയേറ്റിട്ടുണ്ട്. ചികില്‍സയിലായിരുന്ന ഇയാള്‍ ഇപ്പോള്‍ നാട്ടില്‍ തിരിച്ചെത്തി.
എഡിസണ്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് ഗബ്രേയില്‍ കൊല്ലപ്പെട്ടുവെന്ന് ബന്ധുക്കള്‍ അറിയുന്നത്. പിന്നാലെ എംബസിയില്‍ നിന്ന് വിവരം ലഭിച്ചുവെന്നും പറയപ്പെടുന്നു. ഗബ്രിയേലിനും എഡിസണും ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ ഇസ്രായേല്‍ സൈന്യം പിടികൂടി ജയിലില്‍ അടച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ വിവരങ്ങളില്‍ ഔദ്യോഗിക പ്രതികരണം കൂടി ലഭിേേക്കണ്ടതുണ്ട്...

വിസിറ്റിങ് വിസയില്‍ ജോര്‍ദാനിലെത്തിയതായിരുന്നു നാലംഗ മലയാളി സംഘം. ഇവിടെ നിന്ന് ഇസ്രായേലിലേക്ക് കടക്കാനായിരുന്നുവത്രെ പദ്ധതി. ഈ വേളയിലാണ് സൈന്യം വെടിവച്ചത്. ഇസ്രായേല്‍ സൈന്യമാണ് വെടി വച്ചത് എന്നാണ് പുറത്തുവരുന്ന ഒരു വിവരം. അതേസമയം, ജോര്‍ദാന്‍ സൈന്യമാണ് വെടിവച്ചത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരണം.
അനധികൃ കുടിയേറ്റത്തിന് ശ്രമിച്ചവരാണ് നാല് പേരും എന്നാണ് സൂചന. മത വിശ്വാസത്തിന്റെ ഭാഗമായും ജോലി തേടിയുമെല്ലാം ഇസ്രായേലിലേക്ക് കുടിയേറ്റം നടക്കാറുണ്ട്. വെടിയേറ്റ മലയാളികള്‍ എന്തിനാണ് ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിച്ചത് എന്ന് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷണം നടക്കേണ്ടതുണ്ട്. വെടിയേറ്റ് തിരിച്ചെത്തിയ എഡിസണെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‌തേക്കും.
ആഴ്ചകള്‍ മുമ്പ് വരെ ഇസ്രായേല്‍ യുദ്ധത്തിലായിരുന്നു. ഈ വേളയില്‍ പോലും കുടിയേറ്റം നടക്കുന്നു എന്നാണ് പുതിയ സംഭവത്തില്‍ നിന്ന് മനസിലാകുന്നത്. കുടിയേറ്റത്തിന് സഹായിക്കാന്‍ ചില സംഘങ്ങള്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഇതുസംബന്ധിച്ച് വിശദമായ വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം തേടും. കൊല്ലപ്പെട്ട ഗബ്രേയിലിന് തലയ്ക്കാണ് വെടിയേറ്റത്.












Click it and Unblock the Notifications