കേരളത്തില്‍ കേക്ക്, ഛത്തീസ്ഗഡില്‍ ആക്രമണം; സംഘപരിവാറിനെ വിമര്‍ശിച്ച് സതീശനും ചെന്നിത്തലയും
കൊച്ചി: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ മതപരിവര്‍ത്തനം ആരോപിച്ച് ജയിലില്‍ അടച്ചതില്‍ പ്രതിഷേധം വ്യാപിക്കുന്നു. അവരുടെ മോചനത്തിന് വേണ്ടി ഇടപെടണം എന്നാവശ്യപ്പെട്ട് ക്രൈസ്തവ നേതാക്കള്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കത്ത് നല്‍കി. സംഭവത്തില്‍ കേരളത്തിലെ ബിജെപിയും സംഘപരിവാര്‍ നേതാക്കളും പ്രതിരോധത്തിലായിരിക്കുകയാണ്.
കേരളത്തില്‍ കേക്കുമായി ക്രൈസ്തവ വീടുകളില്‍ വരുന്ന സംഘപരിവാര്‍ ഛത്തീസ്ഗഡില്‍ ക്രൂരമായ ആക്രമണമാണ് നടത്തുന്നത് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. ആട്ടിന്‍ത്തോലണഞ്ഞ ചെന്നൈയ്ക്കളാണ് സംഘപരിവാര്‍ എന്നും സതീശന്‍ പറഞ്ഞു. കന്യാസ്ത്രീകള്‍ക്കെതിരായ ആള്‍ക്കൂട്ട വിചാരണ മതേതര ഇന്ത്യയുടെ അടിവേരറുക്കുന്നതാണ് എന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

രമേശ് ചെന്നിത്തലയുടെ വാക്കുകള്‍: 'ഛത്തീസ്ഗഢീല്‍ രണ്ടു കന്യാസ്ത്രീകള്‍ക്കു നേരെ ഉണ്ടായ ആള്‍ക്കൂട്ട വിചാരണയും പോലീസ് കേസും മതേതര ഇന്ത്യ എന്ന സങ്കല്‍പത്തിന്റെ അടിവേരറുക്കാന്‍ പോന്നവയാണ്. ഇന്ത്യ എന്ന രാഷ്ട്രസങ്കല്‍പത്തിനെ തകര്‍ത്തുകളയുന്ന കാര്യങ്ങളാണ് സംഘ് പരിവാറും രാജ്യം ഭരിക്കുന്ന ബിജെപിയും ഉത്തരേന്ത്യയില്‍ നടത്തുന്നത്.
വൈദികരെയും കന്യാസ്ത്രീകളെയും വേട്ടയാടുന്ന നടപടി സംഘ് പരിവാര്‍ അവസാനിപ്പിക്കണം. ബിജെപി ഭരിക്കുന്ന ഉത്തേരന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ പുരോഹിതര്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ്. കന്യാസ്ത്രീകള്‍ക്കു തിരുവസ്ത്രം ധരിച്ചു പോലും പുറത്തിറങ്ങാന്‍ പറ്റാത്ത നിലയിലേക്ക് ഉത്തരേന്ത്യയില്‍ ക്രൈസ്തവ സമുദായം അടിച്ചമര്‍ത്തപ്പെടുന്നു.
ഇത് ക്രൂരവും മനുഷ്യന്റെ അടിസ്ഥാനപരമായ അവകാശങ്ങളുടെ ലംഘനവുമാണ്. സഭാവസ്ത്രം ധരിച്ചതു കൊണ്ടു മാത്രം ഒരാള്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുകയെന്നത് ചിന്തിക്കാന്‍ പോലുമാകുന്നില്ല. ഇതല്ല ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര ഇന്ത്യ. ഇതല്ല ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും ഒരുമിച്ചു കൈകോര്‍ത്തു നില്‍ക്കുന്ന ഇന്ത്യ. അപരവിദ്വേഷത്തിന്റെ വിഷം വിതച്ച് ഒരു രാജ്യം കെട്ടിപ്പടുക്കാനാവില്ല.'
വിഡി സതീശന്റെ പ്രതികരണം: 'ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കളാണ് സംഘ്പരിവാര്‍. അവര്‍ കേരളത്തില്‍ പള്ളിമേടകളിലും ക്രൈസ്തവ ഭവനങ്ങളിലും കേക്കുമായെത്തും. അതേസമയം മറ്റിടങ്ങളില്‍ ക്രൈസ്തവരുടെ എല്ലാ ആഘോഷങ്ങളും തടസപ്പെടുത്തും. ക്രൂരമായി ആക്രമിക്കും. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ചത്തീസ്ഗഡില്‍ കണ്ടത്.
ബി.ജെ.പി ഭരിക്കുന്ന ചത്തിസ്ഗഡില്‍ മലയാളികളായ രണ്ട് കന്യാസ്ത്രീകളാണ് ക്രൂരമായ പോലീസ് വേട്ടയാടലിന് ഇരയായത്. കന്യാസ്ത്രീകള്‍ക്കെതിരെ ആള്‍ക്കൂട്ട വിചാരണ നടന്നു. പിന്നീട് കള്ളക്കേസെടുത്തു. ഭീഷണി കണക്കിലെടുത്ത് ഒരു മുന്‍കരുതലെന്ന നിലയില്‍ പൊതുവിടങ്ങളില്‍ സഭാ വസ്ത്രം ഉപേക്ഷിച്ച് സാധാരണ വേഷം ധരിക്കാന്‍ മുതിര്‍ന്ന വൈദികര്‍ കന്യാസ്ത്രീകള്‍ക്ക് അനൗദ്യോഗിക നിര്‍ദേശം നല്‍കിയെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. എത്രത്തോളം ഭീതിജനകമായ അന്തരീക്ഷമാണിത്?
മതത്തിന്റേയോ ജാതിയുടേയോ പേരിലുള്ള വേട്ട അംഗീകരിക്കാനാകില്ല. വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘ്പരിവാറിന് കുഴലൂതുകയല്ല ചത്തിസ്ഗഡ് സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റേയും ജോലി. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ എല്ലാവര്‍ക്കുമുള്ളതാണ്. അത് ബി.ജെ.പിയുടെയോ ആര്‍.എസ്.എസിന്റെയോ ഔദാര്യമല്ല. ചത്തീസ്ഗഡില്‍ കളളക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളെ ഉടന്‍ മോചിപ്പിക്കണം.'












Click it and Unblock the Notifications