പച്ചയ്ക്ക് വര്‍ഗീയത പറയാന്‍ മടിയില്ലാത്ത രീതി കേരളത്തിലും; ബിജെപിയെ വിമര്‍ശിച്ച് കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ മതപരിവര്‍ത്തനം ആരോപിച്ച് ജയിലില്‍ അടച്ച സംഭവത്തെ അപലപിച്ച് മുസ്ലിം ലീഗ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും അവരുടെ സ്വാധീന മേഖലകളിലും മറ്റു മത ചിഹ്നങ്ങള്‍ സേഫ് അല്ല എന്നാണ് ഈ സംഭവം വ്യക്തമാക്കുന്നതെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സുരക്ഷിതമായ സഞ്ചാരം ഇന്ത്യയില്‍ മുമ്പ് സാധ്യമായിരുന്നു. ഇന്ന് കാര്യങ്ങള്‍ അങ്ങനെ അല്ല എന്ന സ്ഥിതി വന്നു. വേഷങ്ങള്‍ നോക്കി രോഷം വരുന്ന ആളുകളുണ്ട്. ആള്‍ക്കൂട്ടങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന ഭരണകൂടങ്ങളുമുണ്ട് എന്നതാണ് ഛത്തീസ്ഗഡിലെ സംഭവം കാണിക്കുന്നത്. ബിജെപിയുടെ യഥാര്‍ഥത്തിലുള്ള കൈയ്യിലിരിപ്പ് ഇതാണ് എന്ന് എല്ലാ മതേതര വിശ്വാസികളും നേരത്തെ പറഞ്ഞിരുന്നു എന്നും കുഞ്ഞാലികുട്ടി പറഞ്ഞു.

രാജ്യത്തെ മതേതര സാഹചര്യങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്ന അവസ്ഥയാണുള്ളത്. ഇതിനെ ശക്തമായി മുസ്ലിം ലീഗ് അപലപിക്കുന്നു. പ്രസ്താവനകളിലും പാഠ്യ പദ്ധതികളിലും വര്‍ഗീയത കലര്‍ത്തുകയാണ്. വളരെ പച്ചയ്ക്ക് വര്‍ഗീയത പറയാന്‍ മടിയില്ലാത്ത സ്ഥിതി കേരളത്തില്‍ പോലും പതിവായി മാറുകയാണ്. ഇതെല്ലാം സമൂഹത്തിന്റെ നിലനില്‍പ്പിന് ഭീഷണിയാണ് എന്ന് എല്ലാവരും തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യുപിയിലും മറ്റു പല സംസ്ഥാനങ്ങളിലും വാര്‍ത്തയില്‍ വരാത്ത സംഭവങ്ങള്‍ ഒട്ടേറെയാണ്. ഇതിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ഇന്ന് ഒരു വിഭാഗത്തിന് എതിരെയാണ് അവര്‍ വന്നിരിക്കുന്നത്. നാളെ മറ്റൊരു കൂട്ടര്‍ക്കെതിരെയാകും. പിന്നെ എല്ലാവര്‍ക്കുമെതിരെ തിരിയും. ലോകം മൊത്തം അങ്ങനെയാണല്ലോ കണ്ടിയിട്ടുള്ളത് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം: ''ന്യൂനപക്ഷ മതവിഭാഗങ്ങളുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കേണ്ടതില്ലെന്ന ധാര്‍ഷ്ഠ്യമാണ് ഇന്ത്യയിലെ വര്‍ഗീയ, ഫാസിസ്റ്റ് ഭരണകൂടങ്ങളെ നയിക്കുന്നത്. കഴിഞ്ഞ ദിവസം ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം വ്യക്തമാക്കുന്നത് അതാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ ഭരണകൂടങ്ങളില്‍ നിന്നും നേരിടുന്നത് കടുത്ത പീഡനങ്ങളാണ്.
ആസാമിലും യു.പിയിലുമുള്‍പ്പടെ നടന്നുകൊണ്ടിരിക്കുന്ന ബുള്‍ഡോസര്‍ രാജ്, മതപ്രബോധകരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് അറസ്റ്റ് ചെയ്യുന്നത്, ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് നേരെ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് അക്രമണങ്ങള്‍, നീതി നിഷേധങ്ങള്‍ എന്നിവ ഭരണഘടനക്കു നേരെയുള്ള കടന്നുകയറ്റമായാണ് കാണേണ്ടത്.
ഭരണഘടന വായിക്കുകയോ പഠിക്കുകയോ അതിനെ കുറിച്ച് കേവലമായ അവബോധമോ ഇല്ലാത്തവര്‍ ഭരണം നിയന്ത്രിക്കുന്ന ഘട്ടത്തില്‍ ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് സാധാരണമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ നീതിന്യായ കോടതികള്‍ ഈ സാഹചര്യത്തില്‍ കണ്ണുതുറന്ന് പിടിക്കണം. ഇന്ത്യയുടെ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍, പൈതൃകത്തിന്റെ കാവലാളുകളാകാന്‍ കോടതികള്‍ നീതി നിഷേധങ്ങള്‍ക്കെതിരെ ശബ്ദിക്കണം.''












Click it and Unblock the Notifications