നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഒരുങ്ങുന്നതായുള്ള സന്ദേശം വ്യാജം; സ്ഥിരീകരിച്ച് ഇന്ത്യന്‍ എംബസി
സന: യെമനില്‍ ജയിലില്‍ കഴിയുന്ന പാലക്കാട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ നടപടികള്‍ ആരംഭിച്ചെന്ന് അറിയിച്ച് ലഭിച്ച ശബ്ദസന്ദേശം വ്യാജമെന്ന് ഇന്ത്യന്‍ എംബസി. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് സനാ ജയില്‍ അധികൃതര്‍ അറിയിച്ചതായി യെമനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. വനിതാ അഭിഭാഷക എന്ന പറഞ്ഞാണ് ദുരൂഹമായ ഫോണ്‍കോള്‍ ലഭിച്ചത്.
ജയിലില്‍ നിമിഷപ്രിയയ്ക്ക് വനിത അഭിഭാഷകയുടെ ഫോണ്‍ കോള്‍ ലഭിച്ചതായി റിപ്പോര്‍ട്ട് വന്നതോടെയാണ് പ്രതികരണവുമായി ഇന്ത്യന്‍ എംബസി രംഗത്തെത്തിയത്. നിലവില്‍ യെമന്റെ തലസ്ഥാനമായ സനയിലെ ജയിലിലാണ് നിമിഷ.
വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവായെന്ന് അറിയിച്ചായിരുന്നു നിമിഷപ്രിയയ്ക്ക് ഫോണ്‍ കോള്‍ ലഭിച്ചത്. വധശിക്ഷയുടെ തീയതി തീരുമാനിച്ചതായി അഭിഭാഷക പറഞ്ഞെന്ന് നിമിഷപ്രിയ വ്യക്തമാക്കിയിരുന്നു. അമ്മയ്ക്ക് അയച്ച ശബ്ദ സന്ദേശത്തിലാണ് നിമിഷപ്രിയ, അഭിഭാഷകയുടെ ഫോണ്‍കോളിന്റെ കാര്യം പറയുന്നത്. നിമിഷപ്രിയയുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ കൗണ്‍സിലിന്റെ കണ്‍വീനര്‍ ജയന്‍ എടപ്പാളിനും ഇക്കാര്യം പറഞ്ഞുകൊണ്ടുള്ള നിമിഷപ്രിയയുടെ ശബ്ദസന്ദേശം ലഭിച്ചു.

'അരമണിക്കൂര്‍ മുന്‍പ് ഒരു ഫോണ്‍ കോള്‍ വന്നു. അതൊരു ലോയര്‍ സ്ത്രീയുടേതാണ്. ജയില്‍ ഓഫിസിലേക്കു വിളിച്ചിട്ട് നിമിഷപ്രിയയുമായി സംസാരിക്കണമെന്നു പറഞ്ഞു. ചര്‍ച്ചയുടെ കാര്യങ്ങളൊക്കെ എന്തായെന്ന് അവര്‍ ചോദിച്ചു. ഒന്നുമായില്ല, കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞു. അപ്പോഴാണ് അവര്‍ പറഞ്ഞത് വധശിക്ഷയുടെ ഓര്‍ഡര്‍ ഇവിടെ ജയില്‍ വരെ എത്തിയിട്ടുണ്ടെന്ന്. ഈദിന്റെ അവധിയൊക്കെ തീരുമ്പോഴേയ്ക്ക് എന്താകുമെന്ന് അറിയില്ല. എല്ലാവരും വളരെ വിഷമത്തോടെയാണ് എന്നോട് പെരുമാറുന്നത്. എന്താണ്? എന്തെങ്കിലും അറിഞ്ഞോ? സാമുവല്‍ സാറിനോട് ഒന്നു പറഞ്ഞേക്ക്' - ശബ്ദ സന്ദേശത്തില്‍ നിമിഷ പറഞ്ഞു. എന്നാല്‍ ആരാണ് ഈ വനിതാ അഭിഭാഷക എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം, റമസാന്‍ മാസത്തില്‍ നടപടിക്ക് സാധ്യതയില്ലെന്നു മനുഷ്യാവകാശ പ്രവര്‍ത്തകനും മോചനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുന്ന സാമുവല്‍ ജെറോം പ്രതികരിച്ചിരുന്നു.
ഇതുസംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയോ ഇന്ത്യന്‍ എംബസി അധികൃതരുടെയോ ഔദ്യോഗിക അറിയിപ്പൊന്നും ആദ്യം വന്നിരുന്നില്ല. അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് യെമനിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കിയത്.
യെമന്‍ പൗരനെ വധിച്ച കേസിലാണ് മലയാളി നഴ്‌സായ നിമിഷപ്രിയ ജയിലില്‍ കഴിയുന്നത്. 2017 ജൂലൈയില്‍ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് യെമനി പൗരനായ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നതാണ് കേസ്. നിമിഷപ്രിയയുടെ വധശിക്ഷ യെമനിലെ അപ്പീല്‍കോടതിയും സുപ്രീം കോടതിയും ശരിവെച്ചിരുന്നു.
2009ലാണു പാലക്കാട് സ്വദേശിനി നിമിഷപ്രിയ നഴ്‌സായി യെമനില്‍ ജോലിക്കെത്തിയത്. 2012ല്‍ തൊടുപുഴ സ്വദേശി ടോമി തോമസിനെ വിവാഹം കഴിച്ചു. വൈകാതെ ടോമിയും യെമനിലെത്തി. അവിടെവച്ചു മകള്‍ ജനിച്ചു. മകളുടെ മാമോദീസാ ചടങ്ങുകള്‍ക്കായി 2014 ല്‍ നിമിഷപ്രിയയും ടോമിയും കേരളത്തിലെത്തി. ഇവരുടെ സുഹൃത്ത് കൂടിയായിരുന്ന അബ്ദുമഹ്ദിയും നാട്ടിലേക്കുള്ള യാത്രയില്‍ ഒപ്പമുണ്ടായിരുന്നു. സൗഹൃദത്തിന്റെ പുറത്ത് അബ്ദുമഹ്ദിയെ സ്‌പോണ്‍സറാക്കി യെമനില്‍ നിമിഷ ക്ലിനിക് ആരംഭിച്ചു. പിന്നീട്, ബന്ധം മോശമായതിനെ തുടര്‍ന്ന് 2017-ല്‍ കൊല നടന്നത്. വീടിന് മുകളിലെ ജലസംഭരണിയില്‍ വെട്ടിനുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
അബ്ദുമഹ്ദിയെ താന്‍ മയക്കുമരുന്ന് കുത്തിവച്ച് മയക്കുക മാത്രമാണ് ചെയ്തതെന്ന് നിമിഷ വാദിച്ചു. പിന്നീട് സംഭവിച്ചതിനെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നായിരുന്നു വാദം. വിചാരണയ്ക്ക് ശേഷം 2018ല്‍ യെമന്‍ കോടതി നിമിഷയ്ക്ക് വധശിക്ഷ വിധിച്ചു. കൊലക്ക് കൂട്ടുനിന്ന ഹനാന്‍ എന്ന യുവതിക്ക് ജീവപര്യന്തം തടവും വിധിച്ചു. വിധിക്കെതിരായ അപ്പീലുകള്‍ വിവിധ കോടതികള്‍ തള്ളി. മേല്‍ക്കോടതിയും വധശിക്ഷ 2020ല്‍ ശരിവെച്ചു. 'ബ്ലഡ്മണി' നല്‍കി നിമിഷയെ മോചിപ്പിക്കാനുള്ള ശ്രമങ്ങളും ഫലം കണ്ടിരുന്നില്ല.












Click it and Unblock the Notifications