മൈസൂരുവില്‍ കാറപകടത്തില്‍ മലയാളി റിയാലിറ്റി ഷോ താരം മരിച്ചു; അപകടം നൃത്തപരിപാടിക്കായി പോകുമ്പോള്‍
മൈസൂരു: കര്‍ണാടകയിലെ മൈസൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി റിയാലിറ്റി ഷോ താരം മരിച്ചു. മാനന്തവാടി സ്വദേശിനിയും നൃത്ത അധ്യാപികയുമായ അലീഷയാണ് മരിച്ചത്. കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടമുണ്ടായത്. വ്യാഴാഴ്ച അര്‍ധരാത്രിയാണ് ദാരുണമായി സംഭവമുണ്ടായത്.
ബംഗളൂരുവില്‍ ഒരു നൃത്ത പരിപാടിക്കായി പോകുകയായിരുന്നു അലീഷയും ഭര്‍ത്താവ് ജോബിനും. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞെന്നാണ് പ്രാഥമിക വിവരം. കാറില്‍ നിന്നു പുറത്തെടുത്ത അലീഷയെ ഗുരുതരാവസ്ഥയില്‍ മൈസൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിദഗ്ധ ചികിത്സയ്ക്കായി അലീഷയെ നാട്ടിലേക്ക് കൊണ്ടു വരുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. ഗുണ്ടല്‍പേട്ടില്‍ വെച്ച് ആരോഗ്യ സ്ഥിതി വഷളാകുകയും തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നു. അപകടത്തില്‍ പരുക്കേറ്റ ഭര്‍ത്താവ് ജോബിന്‍ ചികിത്സയില്‍ കഴിയുകയാണ്.
മാനന്തവാടിയില്‍ എബിസിഡി എന്ന നൃത്ത വിദ്യാലയം നടത്തിവരികയായിരുന്നു. ടിവി ചാനലുകളിലും മറ്റും ധാരാളം റിയാലിറ്റി ഷോകളിലും അലീഷ പങ്കെടുത്തിട്ടുണ്ട്. മകള്‍: എലൈന എഡ്വിഗ ജോബിന്‍. റിട്ട. പൊലീസ് സബ് ഇന്‍സ്‌പെക്ടറായ ജോസിന്റെയും റീനയുടെയും മകളാണ് അലീഷ.












Click it and Unblock the Notifications