വിവാഹ അവധിക്ക് ശേഷം തിരിച്ച് ലഡാക്കിലേക്ക്, രണ്ടാം മാസം മലയാളി സൈനികന്‍ മരിച്ചനിലയില്‍
തിരുവനന്തപുരം: തിരുവനന്തപുരം പുല്ലുവിള സ്വദേശിയായ സൈനികനെ ലഡാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പുല്ലുവിള ചെമ്പകരാമന്‍തുറ പീരുപ്പിള്ള വിളാകത്ത് ശിലുവയ്യന്റെയും ബെല്ലര്‍മിയുടെയും മകന്‍ സാംസണ്‍ ശിലുവയ്യനെ (28) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ലഡാക്കിലെ സൈനിക ക്യാമ്പ് അധികൃതര്‍ സൈനികന്റെ ബന്ധുക്കള്‍ക്ക് നല്‍കി. ബുധനാഴ്ച രാത്രിയോടെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിക്കുന്നത്.

എന്നാല്‍ സൈനികന്റെ മരണത്തില്‍ കൂടുതല്‍ വ്യക്തത വേണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. സാംസണെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് അറിയിച്ച ശേഷം പലതവണ ഇത് സംബന്ധിച്ച് വിവരങ്ങള്‍ ആരാഞ്ഞിട്ടും അധികൃതര്‍ വ്യക്തമായി ഒന്നും പറയുന്നില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അതുകൊണ്ട് സാംസണ് എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് സാംസണിന്റെ വിവാഹം. വിവാഹ അവധി കഴിഞ്ഞ് ലഡാക്കിലേക്ക് പോയിട്ട് രണ്ട് മാസമായി. ചൊവ്വാഴ്ച രാത്രി ഭാര്യ ബിനയേയും ബന്ധുക്കളെയും വീഡിയോ കോള്‍ വിളിച്ച് സംസാരിച്ചിരുന്നു. സാംസണ്‍ ജീവനൊടുക്കിയെന്നാണ് എന്നാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.
എന്നാല്‍ ജീവനൊടുക്കാന്‍ വേണ്ട ഒരു സാഹചര്യവും ഇല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും അറിയിക്കാത്തതിനാല്‍ സംസ്‌കാരം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ പോലും കഴിയുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ജനപ്രതിനിധികളുടെ സഹായത്തോടെ അന്വേഷിച്ചിട്ടും ആധികാരികമായി വിവരങ്ങള്‍ ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കുന്നു. ശിലുവയ്യന്‍ ബെല്ലര്‍മി ദമ്പതികളുടെ 4 മക്കളില്‍ ഇളയതാണ് സാംസണ്‍. മൂത്ത സഹോദരങ്ങളായ സജന്‍, സജീവ് എന്നിവര്‍ വൃക്കരോഗം ബാധിച്ച് പത്തു വര്‍ഷം മുന്‍പ് മരിച്ചിരുന്നു. സരോജയാണ് ഏക സഹോദരി.












Click it and Unblock the Notifications