രാജ്യത്തെ നടുക്കിയ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും
തൃശൂര്‍: സംയുക്ത കരസേനാ മേധാവി ബിപിന്‍ റാവത്ത് അടക്കമുളളവര്‍ കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും. തൃശൂര്‍ ജില്ലയിലെ പുത്തൂര്‍ സ്വദേശിയായ പ്രദീപാണ് മരണപ്പെട്ടത്. പ്രദീപ് വ്യോമസേനയിലെ ജൂനിയര്‍ വാറന്റ് ഓഫീസറാണ്. അടുത്തിടെ നാട്ടില്‍ എത്തിയ പ്രദീപ് നാല് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് ജോലിയില്‍ തിരികെ പ്രവേശിച്ചത്.
പ്രദീപിന് ഭാര്യയും രണ്ട് മക്കളുമാണ് ഉളളത്. അച്ഛന്റെ ചികിത്സയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായിരുന്നു പ്രദീപ് ലീവെടുത്ത് നാട്ടില്‍ എത്തിയത്. മകന്റെ പിറന്നാളും ആഘോഷിച്ച ശേഷമാണ് തിരികെ മടങ്ങിയത്. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം പ്രദീപിനെ മരണം കവര്‍ന്നു. പ്രദീപിന്റെ നാടിനും വീടിനും തീരാവേദനയായിരിക്കുകയാണ് ഈ ദുരന്തം.

Recommended Video
2004ല്‍ ആണ് പ്രദീപ് വ്യോമസേനയുടെ ഭാഗമായി മാറിയത്. പിന്നീട് എയര്‍ ക്രൂ ആയി തിരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും അടക്കമുളളവര്‍ സഞ്ചരിച്ചിരുന്ന ഇന്ത്യന്‍ വ്യോമസേനയുടെ MI 17V5 ഹെലികോപ്റ്ററിലെ ഫ്‌ളൈറ്റ് ഗണ്ണര്‍ ആയിരുന്നു പ്രദീപ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രദീപ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.












Click it and Unblock the Notifications