നാട്ടിലേക്കു വരാനാണ് ആഗ്രഹമെന്ന് കാശ്മീരിലെ മലയാളി വിദ്യാര്‍ത്ഥികള്‍; തിരുവനന്തപുരത്ത് കണ്‍ട്രോള്‍ റൂം
തിരുവനന്തപുരം: പാകിസ്ഥാന്റെ ആക്രമണങ്ങള്‍ക്ക് ഇന്ത്യ കനത്ത തിരിച്ചടി നല്‍കിയതോടെ രാജ്യത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങള്‍ അതീവ ജാഗ്രതയിലാണ്. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ ഇന്ത്യന്‍ വ്യോമ പ്രതിരോധമായ എസ്-400 പരാജയപ്പെടുത്തിയിരുന്നു.
ജമ്മു കാശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ചണ്ഡീഗഡ് സംസ്ഥാനങ്ങളില്‍ നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍ കനത്ത ജാഗ്രതാ നിര്‍ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. പാക് അതിര്‍ത്തിയോടു ചേര്‍ന്ന സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങള്‍ അനിശ്ചിത കാലത്തേക്ക് അടയ്ക്കുകയും ചെയ്തു. അതിര്‍ത്തി ഗ്രാമങ്ങളില്‍ സുരക്ഷയും ശക്തമാക്കി.

ഈ സംസ്ഥാനങ്ങളില്‍ എല്ലാം നിരവധി മലയാളികള്‍ താമസിക്കുന്നുണ്ട്. വിവിധ കോളജുകളിലും യൂണിവേഴ്‌സിറ്റികളിലുമായി നിരവധി മലയാളി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുമുണ്ട്. ഇവര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കാന്‍ കേരളത്തില്‍ കണ്‍ട്രോള്‍ ആരംഭിച്ചു. സെക്രട്ടറിയേറ്റിലും നോര്‍ക്കയിലും ആണ് കണ്‍ട്രോള്‍ റൂം തുറന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് കണ്‍ട്രോള്‍ റൂം തുറക്കാന്‍ നിര്‍ദേശം നല്‍കിയത്.
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് അതതു സ്ഥലങ്ങളില്‍ സുരക്ഷിതരായി ഇരിക്കണം. സഹായം ആവശ്യമുള്ള പക്ഷം കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്നും നിര്‍ദേശമുണ്ട്. സെക്രട്ടേറിയറ്റ് കണ്‍ട്രോള്‍ റൂം: 0471-2517500/2517600. ഫാക്സ്: 0471 -2322600. ഇ-മെയില്‍: [email protected]. നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്റര്‍: 18004253939 (ടോള്‍ ഫ്രീ നമ്പര്‍).
അതേസമയം, തങ്ങള്‍ സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും കാശ്മീരില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു. സാഹചര്യങ്ങള്‍ അനുവദിക്കുകയാണെങ്കില്‍ നാട്ടിലേക്ക് മടങ്ങണമെന്നാണ് ആഗ്രഹമെന്നും ഇവര്‍ പറഞ്ഞു
നൂറിലേറെ മലയാളി വിദ്യാര്‍ഥികളാണ് കാശ്മീരില്‍ പഠിക്കുന്നത്. അതില്‍ തന്നെ നിരവധി വിദ്യാര്‍ത്ഥികള്‍ ജമ്മു കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നുണ്ട്.
ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് തങ്ങള്‍ ഇവിടെ കഴിയുന്നതെന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വിമാനത്താവളങ്ങളും റോഡ് മാര്‍ഗവുമുള്ള ഗതാഗതം തടസപ്പെട്ടിരിക്കുന്നതിനാല്‍ നിലവില്‍ സംസ്ഥാനത്തിനു പുറത്തേക്കുള്ള യാത്ര സാധ്യമല്ല. സര്‍ക്കാര്‍ സഹായത്തോടെ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹമുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ജമ്മുവിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് പാകിസ്ഥാന്‍ നിരന്തരം ഷെല്ലാക്രമണങ്ങള്‍ നടത്തുന്നുണ്ട്. ജമ്മു കാശ്മീരിലെ ഉറിയില്‍ പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിനിടെ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു കുടുംബത്തോടൊപ്പം രക്ഷപ്പെടുന്നതിനിടെയാണ് ഷെല്ല് വന്നു പതിച്ചത്.
ജമ്മുവിലെ പൂഞ്ച്, രജൗരി എന്നിവിടങ്ങളില്‍ തുടര്‍ച്ചയായി അപായ സൈറന്‍ മുഴങ്ങിയിരുന്നു. ഇതിന് പിന്നാലെ സമ്പൂര്‍ണ ബ്ലാക്ക്ഔട്ടും പ്രഖ്യാപിച്ചു. പാകിസ്ഥാന്‍ നടത്തിയ ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടമായവരുടെ എണ്ണം 16 ആയി.












Click it and Unblock the Notifications