''എന്റെ കല്ല്യാണം കഴിഞ്ഞിട്ടില്ല, ജാതി, ജാതകം വിഷയമല്ല'' ഫേസ്ബുക്കിലൂടെ വരനെ തേടി മലയാളി പെൺകുട്ടി!
ഒരു മലയാളി പെൺകുട്ടിയുടെ വിവാഹപരസ്യമാണ് കുറച്ചുദിവസങ്ങളായി ഫേസ്ബുക്കിൽ വൈറലായിരിക്കുന്നത്.
മലപ്പുറം: ഫേസ്ബുക്കിൽ സജീവമായിട്ടുള്ളവർ ആരും രഞ്ജിഷ് മഞ്ചേരി എന്ന ചെറുപ്പക്കാരനെ മറന്നിട്ടുണ്ടാവില്ല. ഫേസ്ബുക്ക് എന്ന സമൂഹമാധ്യമത്തിലൂടെ വിവാഹാലോചന ക്ഷണിച്ചാണ് രഞ്ജിഷ് മഞ്ചേരി എന്ന പ്രൊഫഷണൽ ഫോട്ടോഗ്രാഫർ വാർത്തകളിലിടം നേടിയത്. ഒടുവിൽ മാസങ്ങൾ ശേഷം ഫേസ്ബുക്കിലൂടെ തന്നെ രഞ്ജിഷിന് വധുവിനെ ലഭിച്ചു. സരിഗമ എന്ന അദ്ധ്യാപികയെയാണ് ആഴ്ചകൾക്ക് മുൻപ് രഞ്ജിഷ് താലിച്ചാർത്തിയത്.
രഞ്ജിഷിന്റെ ഫേസ്ബുക്ക് വിവാഹപരസ്യം വൈറലായതോടെ മറ്റു ചില യുവാക്കളും സമാനമായ രീതിയിൽ ഫേസ്ബുക്കിലൂടെ ജീവിതപങ്കാളിയെ തേടി. എന്നാൽ അതൊന്നും വൈറലായി മാറിയില്ല. പക്ഷേ, കുറച്ചുദിവസങ്ങളായി ഒരു വിവാഹപരസ്യം വീണ്ടും ഫേസ്ബുക്കിൽ വൈറലായിട്ടുണ്ട്. പതിവുപോലെ ഏതെങ്കിലും യുവാക്കളാവും ഈ പോസ്റ്റിന്റെയും പിന്നിലെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. വിവാഹാലോചനകൾ ക്ഷണിച്ചുള്ള ഒരു പെൺകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റായിരുന്നു അത്.

പെൺകുട്ടി...
ഒരു മലയാളി പെൺകുട്ടിയുടെ വിവാഹപരസ്യമാണ് കുറച്ചുദിവസങ്ങളായി ഫേസ്ബുക്കിൽ വൈറലായിരിക്കുന്നത്. മലപ്പുറം സ്വദേശിനിയായ ജ്യോതിയാണ് ഫേസ്ബുക്കിലൂടെ വിവാഹാലോചനകൾ ക്ഷണിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. നേരത്തെ ഒരുപാട് യുവാക്കൾ ഇത്തരത്തിൽ വിവാഹപരസ്യം നൽകിയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരു പെൺകുട്ടി ഫേസ്ബുക്ക് വിവാഹപരസ്യം നൽകുന്നത്. എന്റെ കല്ല്യാണം കഴിഞ്ഞിട്ടില്ല എന്ന് തുടങ്ങുന്ന ആ ചെറിയ പോസ്റ്റ് നിമിഷങ്ങൾക്കം ഫേസ്ബുക്കിൽ വൈറലായി മാറി. പോസ്റ്റ് ചെയ്ത് രണ്ട് ദിവസം പിന്നിടുമ്പോൾ ജ്യോതിയുടെ വിവാഹപരസ്യത്തിന് ആറായിരത്തിലേറെ ലൈക്കുകളും നാലായിരത്തിലേറെ ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്.

പോസ്റ്റ്...
ഫാഷൻ ഡിസൈനിങ് ബിരുദധാരിയായ ജ്യോതി ഏപ്രിൽ 26നാണ് തനിക്ക് വേണ്ടി വിവാഹാലോചനകൾ ക്ഷണിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. രഞ്ജിഷ് മഞ്ചേരിയുടെ വിവാഹപരസ്യവും അതിനുലഭിച്ച വൻ പിന്തുണയുമായിരുന്നു ഇത്തരമൊരു പോസ്റ്റിന് പിന്നിലെ പ്രചോദനം. ജാതി, ജാതകം ഒന്നും വിഷയമല്ലെന്ന് പ്രഖ്യാപിച്ചാണ് ജ്യോതി വരനെ തേടിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ജ്യോതിയുടെ ഈ വിവാഹപരസ്യത്തിന് കുടുംബത്തിന്റെയും ബന്ധുക്കളുടയും പൂർണ്ണ പിന്തുണയുണ്ടെന്നാണ് മംഗളം ഓൺലൈൻ റിപ്പോർട്ട് ചെയ്തത്.

എന്റെ കല്ല്യാണം കഴിഞ്ഞിട്ടില്ല...
വിവാഹാലോചനകൾ ക്ഷണിച്ചുള്ള ജ്യോതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:- '' Hi, friends... എന്റെ കല്യാണം കഴിഞ്ഞിട്ടില്ല ,സുഹൃത്തുക്കെളുടെ അറിവില്‍ ഉണ്ടെങ്കില്‍ അറിയിക്കുക.ഡിമാന്റുകള്‍ ഇല്ല, ജാതി ജാതകം വിഷയമല്ല , എന്റെ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല ഞാന്‍ ഫാഷന്‍ ഡിസൈനിംങ് പഠിച്ചിട്ടുണ്ട് age28 സഹോദരന്‍മുബൈയില്‍ സീനിയര്‍ ആര്‍ട്ട് ഡയറക്ടര്‍ (advertising) ആണ് അനിയത്തി civil engineering പഠിക്കുന്നു.എന്റെ ആവശ്യം സുഹൃത്തുക്കളോട് അറിയിച്ചതാണ് അശ്ലീല കമന്റുകള്‍ പാടില്ല നിയമപ്രകാരം കുറ്റകരമാണ് ഫേസ്ബുക്ക് മാട്രിമോണി എല്ലാവര്‍ക്കും ഉപകാരപെടട്ടെ''.

മികച്ച പ്രതികരണം...
വിവാഹപരസ്യത്തോടൊപ്പം ആലോചനകളുമായി ബന്ധപ്പെടേണ്ട ഫോൺ നമ്പറും ജ്യോതി നൽകിയിട്ടുണ്ട്. എന്തായാലും ജ്യോതിയുടെ സുഹൃത്തുക്കൾ മാത്രമല്ല, ഫേസ്ബുക്കിലെ മലയാളികൾ മുഴുവനും ജ്യോതിയുടെ വിവാഹ പരസ്യം ഏറ്റെടുത്തു. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം ലഭിച്ച ലൈക്കുകളും ഷെയറുകളും അതിന് തെളിവാണ്. കൂടാതെ ചില യുവാക്കളെല്ലാം സ്വന്തം ഫോട്ടോയും ഫോൺ നമ്പറും കമന്റ് ചെയ്തിട്ടുമുണ്ട്. മറ്റു ചിലരാകട്ടെ ജ്യോതിക്ക് വേണ്ടി നല്ലൊരു ചെറുക്കനെ കണ്ടുപിടിക്കുമെന്നും പറഞ്ഞു.

ആദ്യം...
രഞ്ജിഷ് മഞ്ചേരിയാണ് ഇത്തരത്തിൽ ഫേസ്ബുക്കിലൂടെ വിവാഹപരസ്യം നൽകി നേരത്തെ വാർത്തകളിലിടം നേടിയ വ്യക്തി. ബ്രോക്കർമാരെയും മാട്രിമോണിയൽ സൈറ്റുകളെയും ആശ്രയിക്കാതെ എല്ലാം തുറന്നുപറഞ്ഞ് രഞ്ജിഷ് ജീവിതപങ്കാളിയെ തേടിയപ്പോൾ കേരളം അത് ഏറ്റെടുത്തു. ഒടുവിൽ രഞ്ജിഷിന് ഫേസ്ബുക്ക് തന്നെ വധുവിനെ കണ്ടെത്തി നൽകുകയും ചെയ്തു. 2018 ഏപ്രിൽ 18ന് ഗുരുവായൂരിൽ വച്ചായിരുന്നു രഞ്ജിഷും സരിഗമയും തമ്മിലുള്ള വിവാഹം. വിവാഹത്തിന് പിന്നാലെ ഫേസ്ബുക്കിനും മാധ്യമങ്ങൾക്കും നന്ദി അറിയിച്ച് വിവാഹ ഫോട്ടോകൾ സഹിതം രഞ്ജിഷ് മറ്റൊരു പോസ്റ്റും ഇട്ടിരുന്നു.












Click it and Unblock the Notifications