അന്ന് എന്നെ എല്ലാവരും കളിയാക്കി, തന്ത വൈബിലേക്ക് മാറേണ്ട സമയമായെന്ന് മനസിലായില്ലേ: ദേവനന്ദ
മാളികപ്പുറം എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ ബാലതാരമാണ് ദേവനന്ദ. തൊട്ടപ്പന്‍ എന്ന സിനിമയിലൂടെയാണ് ദേവനന്ദ അഭിനയരംഗത്തേക്ക് എത്തിയത്. മാളികപ്പുറം കൂടാതെ മൈ സാന്റ, 2018, നെയ്മര്‍ എന്നിങ്ങനെ 20 ലേറെ സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. അരണ്‍മനൈ 4 എന്ന തമിഴ് ചിത്രത്തിലും ദേവനന്ദ അഭിനയിച്ചിട്ടുണ്ട്. ദേവനന്ദയുടെ അഭിമുഖങ്ങളിലെ പരാമര്‍ശം അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു.
ഇപ്പോഴത്തെ കുട്ടികള്‍ ഒരുപാടു മാറി എന്നും ക്യൂട്ട്‌നെസ് നോക്കി നില്‍ക്കുന്നവരല്ല എന്നും ആയിരുന്നു ദേവനന്ദ പറഞ്ഞത്. ഈ ജനറേഷനിലുള്ള എന്റെ പ്രായത്തിലുള്ള കുട്ടികള്‍ കുറച്ചു കൂടി അപ്‌ഡേറ്റഡ് ആണ്. കാലം മാറി എന്നൊക്കെ ആയിരുന്നു താരം പറഞ്ഞിരുന്നത്. ദേവനന്ദയുടെ ഈ പരാമര്‍ശം ഒരുപാട് ട്രോളുകള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇതിന് മറുപടിയായി രംഗത്തെത്തിയിരിക്കുകയാണ് താരം.

മുമ്പ് അച്ഛനൊപ്പം നല്‍കിയ അഭിമുഖം പങ്ക് വെച്ചായിരുന്നു ദേവനന്ദയുടെ പ്രതികരണം. ഒരാളെ ഉള്ളൂവെങ്കിലും സമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയില്‍ വളരണം, ഞങ്ങള്‍ ഭയങ്കര സ്ട്രിക്ടാണ് എന്ന് അച്ഛന്‍ പറയുന്നതായിരുന്നു വീഡിയോ. ഈ അഭിമുഖവും അന്ന് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ കേരളത്തിലെ സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആണ് ദേവനന്ദ പഴയ അഭിമുഖത്തിന്റെ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തു വരുന്ന വാര്‍ത്തകള്‍ കാണുമ്പോള്‍ രക്ഷിതാക്കള്‍ 'തന്ത വൈബി'ലേക്ക് മാറേണ്ട സമയമായെന്ന് തോന്നുന്നു എന്നാണ് ദേവനന്ദ പറയുന്നത്. 'ഒരു വര്‍ഷം മുന്‍പ് ഈ ഇന്റര്‍വ്യൂ കൊടുത്തപ്പോള്‍ ഒരുപാട് പേര് പറഞ്ഞു, തന്ത വൈബ്ന്ന്. ഇപ്പോള്‍ കുറച്ചു ദിവസം ആയി കാണുന്ന / കേള്‍ക്കുന്ന കുട്ടികളുടെ ന്യൂസ് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ആകുന്നു, ഈ തന്ത വൈബിലേക്ക് രക്ഷിതാക്കള്‍ മാറേണ്ട സമയം ആയി എന്ന്,' എന്നാണ് താരം പറയുന്നു.
കേരളത്തില്‍ അടുത്തിടെയായി ഏറെ ചര്‍ച്ചയായ വെഞ്ഞാറമൂട് കൂട്ടക്കൊല, താമരശ്ശേരിയിലെ അതിക്രമം എന്നിവയുടെ പശ്ചാത്തലത്തില്‍ ആണ് ദേവനന്ദയുടെ പ്രതികരണം. യുവാക്കളില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നതും അക്രമവാസന വളരുന്നതും ഈ രണ്ട് സംഭവങ്ങളുടേയും പശ്ചാത്തലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. വിദ്യാര്‍ത്ഥികളെ അടിച്ച് പഠിപ്പിച്ച അധ്യാപകരുടെ കാലം കഴിഞ്ഞതാണ് ഇതിനെല്ലാം കാരണം എന്നും പലരും വിമര്‍ശനം ഉന്നയിച്ചിരുന്നു.












Click it and Unblock the Notifications