മല്ലു ട്രാവലര്‍ കോടതിയെ സമീപിച്ചു; പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയ പിന്നാലെ
കൊച്ചി: സൗദി അറേബ്യന്‍ യുവതിയെ ലൈംഗികമായി ആക്രമിച്ചുവെന്ന പരാതിയില്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയ പിന്നാലെ വ്‌ളോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷാക്കിര്‍ സുബ്ഹാന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. യുവതിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തെങ്കിലും നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാനായിട്ടില്ല. മല്ലു ട്രാവലര്‍ വിദേശത്ത് നിന്ന് തിരിച്ചുവരാത്തതാണ് കാരണം.
വേഗം നാട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് പോലീസ് മല്ലു ട്രാവലറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിന് ആസ്പദമായ സംഭവം നടന്ന പിന്നാലെ കാനഡയിലേക്ക് പോയ മല്ലു ട്രാവലര്‍ ഇപ്പോള്‍ എവിടെയാണ് എന്ന് പോലീസിനും വ്യക്തതയില്ല. തുടര്‍ന്നാണ് ഇന്ന് രാവിലെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

ഇതോടെ നാട്ടിലെത്തിയാല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് പ്രതി ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ലൈംഗിക പീഡന കേസായതിനാല്‍ ജാമ്യം ലഭിക്കാന്‍ സാധ്യത കുറവാണെന്ന് നിയമ വിദഗ്ധര്‍ പറയുന്നു. അതേസമയം, ജില്ലാ കോടതി ഹര്‍ജി തള്ളിയാല്‍ പ്രതി ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം.
അഭിഭാഷകന്‍ മുഖേനയാണ് പ്രതി മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഈ മാസം 13ന് കൊച്ചിയിലെ ഹോട്ടലിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇന്റര്‍വ്യൂവിനെന്ന പേരില്‍ വിളിച്ചുവരുത്തിയ സൗദി യുവതിയെ മല്ലു ട്രാവലര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. യുവതിയുടെ പ്രതിശ്രുത വരന്‍ മുറിയില്‍ നിന്ന് പുറത്തേക്ക് പോയ ഘട്ടത്തിലായിരുന്നു ലൈംഗിക ആക്രമണം എന്നാണ് പരാതി.
മല്ലു ട്രാവലര്‍ ക്ഷണിച്ചത് പ്രകാരമാണ് സൗദി യുവതിയും അവരുടെ മലയാളിയായ പ്രതിശ്രുത വരനും കൊച്ചിയിലെ ഹോട്ടലില്‍ എത്തിയതത്രെ. അവിടെ വച്ച് ഇരുവരോടും സംസാരിക്കുന്നതിനിടെ കൂടെയുണ്ടായിരുന്ന യുവാവ് പുറത്തേക്ക് പോയ വേളയില്‍ സൗദി യുവതിയെ സ്വകാര്യ ഭാഗങ്ങളില്‍ പിടിച്ചുവെന്നാണ് ആരോപണം. എന്നാല്‍ മല്ലു ട്രാവലര്‍ പറയുന്നത് മറ്റൊന്നാണ്.
സൗദി യുവതിയും അവരുടെ കൂടെ വന്ന യുവാവും തന്നോട് ബന്ധപ്പെട്ട് കാണണം എന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരമാണ് കൊച്ചിയില്‍ വന്ന വേളയില്‍ കാണാം എന്ന് അറിയിച്ചത്. ഇരുവരും തമ്മില്‍ ഒത്തുപോകില്ലെന്ന് തന്നോട് പറഞ്ഞുവെന്ന് മല്ലു ട്രാവലര്‍ വീഡിയോയില്‍ വിശദീകരിച്ചിരുന്നു. ഇവര്‍ക്കിടയില്‍ തര്‍ക്കമുണ്ടെന്നും ഷാക്കിര്‍ പറഞ്ഞു.
ഇവരുടെ തര്‍ക്കം പരിഹരിക്കാന്‍ താന്‍ ശ്രമിച്ചു. അന്ന് രാത്രി തന്റെ കാറില്‍ മൂന്നു പേരും ഡ്രൈവിന് പോയി. തിരിച്ച് ഹോട്ടലില്‍ എത്തിയ ശേഷം അവര്‍ മടങ്ങി. യുവാവ് കൂടെയില്ലാതെ തനിക്കൊപ്പം സൗദി യുവതി ഏതാനും നിമിഷങ്ങള്‍ മാത്രമാണ് മുറിയിലുണ്ടായിരുന്നത്. പീഡിപ്പിക്കാന്‍ ശ്രമിച്ചാല്‍ യുവതി ബഹളം വയ്ക്കില്ലേ. എന്തൊക്കെ നടന്നുവെന്ന് ഹോട്ടലിലെ സിസിടിവി ക്യാമറയില്‍ കാണില്ലേ. തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും മല്ലു ട്രാവലര്‍ പറഞ്ഞു.












Click it and Unblock the Notifications