യുഎഇയില്‍ നിന്നും മമത മടങ്ങിയത് 'കോടിക്കണക്കിന് ദിർഹവുമായി': വന്‍ വിജയമെന്ന് ബംഗാള്‍ മുഖ്യമന്ത്രി
കൊല്‍ക്കത്ത: പന്ത്രണ്ട് ദിവസത്തെ വിദേശ പര്യടനം വിജയകരമാക്കി പൂർത്തിയാക്കി മടങ്ങിയെത്തി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. യു എ ഇ, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളാണ് മമത സന്ദർശിച്ചത്. സംസ്ഥാനത്തിലേക്കുള്ള നിക്ഷേപം ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി നടത്തിയ യാത്ര പൂർണ്ണ വിജയമായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
" വളരെ മികച്ച യാത്രയായിരുന്നു. ജീവിതത്തിൽ ഇത്രയും വിജയകരമായ ഒരു വിദേശ പര്യടനം ഞാൻ നടത്തിയിട്ടില്ല. ബംഗാളിനായി ഇത്രയധികം ചെയ്യാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്," യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ വിമാനത്താവളത്തില്‍ വെച്ച് മാധ്യമപ്രവർത്തകരോടായി മമത ബാനർജി പറഞ്ഞു. ദുബായിലെത്തിയ മമത ബാർനർജി മലയാളി വ്യവസായി എംഎ യൂസഫലി അടക്കമുള്ള പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സായ എഫ് ഐ സി സി സി ഐ നിരവധി മീറ്റിംഗുകൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും അതിൽ പ്രധാന ധാരണാപത്രങ്ങൾ (എം ഒ യു) ഒപ്പുവച്ചതായും മുഖ്യമന്ത്രി വെളിപ്പെടുത്തി. ഈ ധാരണാപത്രങ്ങൾ പശ്ചിമ ബംഗാളിൽ ശതകോടികളുടെ ഗണ്യമായ നിക്ഷേപങ്ങൾക്ക് വഴിയൊരുക്കുമെന്നും അതുവഴി സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മമത പറഞ്ഞു.
സ്‌പെയിനിൽ നിന്നും ദുബായിൽ നിന്നുമുള്ള നിക്ഷേപങ്ങൾക്കും പങ്കാളിത്തത്തിനുമുള്ള മികച്ച ഓഫറുകളുമായാണ് താൻ തിരിച്ചെത്തിയതെന്ന് ബാനർജി വ്യക്തമാക്കുന്നു. പശ്ചിമ ബംഗാളിലെ വികസന പദ്ധതികൾക്ക് കാര്യമായ സംഭാവന നൽകാൻ കഴിയുന്ന അന്താരാഷ്ട്ര സഹകരണത്തിന്റെ സാധ്യതയെ ഇത് സൂചിപ്പിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
"സ്‌പെയിനിൽ നിന്നും ദുബായിൽ നിന്നുമുള്ള നിക്ഷേപങ്ങൾക്കും പങ്കാളിത്തത്തിനും വേണ്ടിയുള്ള മികച്ച ഓഫറുകളുമായിട്ടാണ് കൊൽക്കത്തയിലേക്ക് മടങ്ങിയിരിക്കുന്നത്. ആരംഭിച്ച കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി വിദേശ പ്രതിനിധികൾ നവംബറിൽ ബംഗാളിലേക്ക് എത്തുമെന്നും," മമത ബാനർജി പിന്നീട് എക്സില്‍ കുറിച്ചു.
തന്റെ പര്യടനം ഫലപ്രദമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച എല്ലാവരോടും നന്ദി പറയുന്നു. ഇന്ത്യൻ എംബസികൾ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി ഐ ഐ), ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ഇൻഡസ്ട്രി (ഫിക്കി), ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് (ഐ സി സി), തന്നോടൊപ്പമുള്ള വ്യവസായ-ബിസിനസ് പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ എന്നിവർക്കെല്ലാം നന്ദി അറിയിക്കുന്നുവെന്നും മമത കൂട്ടിച്ചേർത്തു.












Click it and Unblock the Notifications