രാഷ്ട്രീയത്തില്‍ പ്രവേശിച്ചപ്പോള്‍ മമ്മൂട്ടി ഉപദേശിച്ചു, വെളിപ്പെടുത്തി രമേശ് പിഷാരടി
കൊച്ചി: മലയാളിയുടെ കോമഡി വേദികളില്‍ അരങ്ങ് തകര്‍ക്കുന്ന താരമാണ് രമേശ് പിഷാരടി. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു പിഷാരടിയുടെ മറ്റൊരു മുഖം കേരളക്കര കണ്ടത്. കോണ്‍ഗ്രസില്‍ ചേരുന്നതും പ്രചാരണം നടത്തുന്നതുമൊക്കെ അതുവരെയില്ലാത്ത പിഷാരടിയുടെ മുഖമായിരുന്നു. പിന്നീട് അത്ര സജീവമായി അദ്ദേഹത്തെ രാഷ്ട്രീയത്തില്‍ കണ്ടിട്ടില്ല.
ഇപ്പോഴിതാ രാഷ്ട്രീയ പ്രവേശത്തെ കുറിച്ചുള്ള നിലപാടുകള്‍ രമേശ് പിഷാരടി തുറന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് പിഷാരടി നിലപാടുകള്‍ തുറന്ന് പറഞ്ഞത്. ഒപ്പം സൂപ്പര്‍ താരം മമ്മൂട്ടിയുമായുള്ള ബന്ധത്തെ കുറിച്ചും, അദ്ദേഹം നല്‍കിയ ഉപദേശത്തെ കുറിച്ചും പിഷാരടി പറയുന്നുണ്ട്.

രാഷ്ട്രീയ പ്രവര്‍ത്തനം ഒരു അഡ്മിനിസ്‌ട്രേറ്റീവ് ജോലിയാണെന്നാണ് തന്റെ അഭിപ്രായമെന്ന് രമേശ് പിഷാരടി പറയുന്നു. കേരളത്തില്‍ പക്ഷേ രാഷ്ട്രീയത്തിലെത്തുമ്പോള്‍ മറ്റ് പല കാര്യങ്ങളുമാണ് ചോദിക്കുന്നത്. അത് ഇവിടെ മാത്രം നടക്കുന്ന കാര്യമാണ്. ഇവിടെ രാഷ്ട്രീയത്തിലെത്തുമ്പോള്‍ നിങ്ങള്‍ പണ്ട് പോസ്റ്റര്‍ ഒട്ടിച്ചിട്ടുണ്ടോ, പണ്ട് പോലീസിന്റെ തല്ല് കൊണ്ടിട്ടുണ്ടോ എന്നൊക്കെയാണ് ചോദിക്കുന്നത്. പോസ്റ്റര്‍ ഒട്ടിക്കുന്നത് ഒരിക്കലും നല്ല രാഷ്ട്രീയക്കാരനാവുന്നതിന്റെ മാനദണ്ഡമല്ല. അങ്ങനെ കരുതുന്നുമില്ലെന്ന് പിഷാരടി പറയുന്നു. അതേസമയം താന്‍ മുഴുവന്‍ സമയ രാഷ്ട്രീയക്കാരനല്ലെന്നും പിഷാരടി വ്യക്തമാക്കുന്നു. നേരത്തെ തിരഞ്ഞെടുപ്പ് കാലത്ത് പിഷാരടിയുടെ വരവ് കോണ്‍ഗ്രസ് ആഘോഷിച്ചിരുന്നു.

ധര്‍മജന് വേണ്ടിയും രമേശ് ചെന്നിത്തലയ്ക്ക് വേണ്ടിയുമൊക്കെ പ്രചാരണത്തിന് ഇറങ്ങിയിരുന്നു പിഷാരടി. സിപിഎം സൈബറിടങ്ങളില്‍ വ്യാപക വിമര്‍ശനവും താരത്തിനെതിരെ ഉയര്‍ന്നിരുന്നു. താനൊരു കോണ്‍ഗ്രസുകാരനാണെന്ന് പിഷാരടി ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. താന്‍ പ്രചാരണത്തിനിറങ്ങിയതിനെ കുറിച്ചും പിഷാരടി തുറന്ന് പറഞ്ഞു. താനൊരു കലാകാരനാണ്. പൂര്‍ണമായ അര്‍ത്ഥത്തിലുള്ള രാഷ്ട്രീയക്കാരനല്ല. രാഷ്ട്രീയത്തില്‍ ഇടപടൊന്‍ ആ സമയത്ത് തിരഞ്ഞെടുപ്പ് വേണ്ടി വന്നുവെന്ന് മാത്രമാണെന്ന് താരം വ്യക്തമാക്കി. ധര്‍മജന്‍ എന്റെ അടുത്ത സുഹൃത്താണ്. അവന്‍ പ്രചാരണത്തിന് വിളിച്ചപ്പോള്‍ അവന് വേണ്ടി പ്രചാരണത്തിനിറങ്ങിയെന്നും പിഷാരടി വ്യക്തമാക്കി.

ധര്‍മജന് വേണ്ടി മാത്രമല്ല സിനിമാ മേഖലയിലുള്ള വേറെയും ആളുകള്‍ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ട്. ഞാന്‍ മുകേഷിനും ഇന്നസെന്റിനും വേണ്ടി വരെ പ്രചാരണത്തിന് പോയിട്ടുണ്ട്. രാഷ്ട്രീയത്തില്‍ അഭിഭാഷകരും എഞ്ചിനീയര്‍മാരും യോഗികളും വരെയുണ്ട്. അതുപോലെ തന്നെയുള്ള കാര്യമാണ് സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ രാഷ്ട്രീയക്കാരനാവുന്നതെന്നും പിഷാരടി പറഞ്ഞു. ഭഗവന്ത് മന്നിനെയും സെലെന്‍സ്‌കിയെയും ഉദാഹരണമാക്കിയായിരുന്നു രമേശ് പിഷാരടിയുടെ മറുപടി. അതേസമയം സിനിമയില്‍ സ്വീകാര്യത കിട്ടാന്‍ വൈകിയെന്ന വാദത്തെ പിഷാരടി അംഗീകരിക്കച്ചു. സര്‍ഫ് കമ്പനി നാളെ ചായപ്പൊടി ഇറക്കിയാലും അതെത്ര നല്ലതായാലും ആളുകള്‍ തുടക്കത്തില്‍ അംഗീകരിക്കില്ലെന്ന് പിഷാരടി വ്യക്തമാക്കി.

മമ്മൂക്കയുമായി ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ കഥയൊക്കെ പറഞ്ഞിരിക്കുന്ന സമയത്താണ് ഇന്ന് കാണുന്ന സൗഹൃദം തുടങ്ങുന്നതെന്ന് പിഷാരടി പറയുന്നു. 2018ല്‍ നാട്ടില്‍ വെള്ളപ്പൊക്കമുണ്ടാകുന്നു. ആ സമയത്താണ് മമ്മൂക്ക ഒരു ഓണക്കാലത്ത് എന്നെ വിളിക്കുന്നത്. ഈ ഓണം പിഷാരടിക്ക് വീട്ടില്‍ തന്നെ ഉണ്ണണമെന്ന് നിര്‍ബന്ധമുണ്ടോയെന്നായിരുന്നു ചോദ്യം. ഒരു നിര്‍ബന്ധവുമില്ലെന്ന് ഞാന്‍ പറഞ്ഞു. എങ്കില്‍ തന്നോട് കൂടെ വരാന്‍ വിളിച്ചു. ഞാന്‍ ചില ക്യാമ്പിലൊക്കെ പോകും. അവരോട് സംസാരിക്കും. അവര്‍ എല്ലാം നഷ്ടപ്പെട്ടിരിക്കുന്നവരാണ്. ഞാന്‍ എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ല. നീ രണ്ട് വാക്ക് സംസാരിച്ചാല്‍ അവര്‍ക്ക് അതൊരു സന്തോഷമാകുമെന്ന് മമ്മൂട്ടി പറഞ്ഞു. അങ്ങനെയാണ് അദ്ദേഹത്തിനൊപ്പം പോകുന്നത്.

മമ്മൂക്കയുമൊത്തുള്ള ആ യാത്രയാണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ മാര്‍ജിന്‍ മാറ്റി വരച്ചത്. എന്നെ സംബന്ധിച്ചിടത്തോളം വലിയ അദ്ഭുതമാണ് മമ്മൂക്ക. അദ്ദേഹത്തിനൊപ്പമുള്ള യാത്രകള്‍ ഓരോ തവണയും എന്നെ പുതുക്കുന്നുണ്ട്. ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ച സമയത്ത് എന്നെ ഉപദേശിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളുണ്ട്. രാഷ്ട്രീയം ഒരു തെറ്റായ കാര്യമല്ല. അതില്‍ നില്‍ക്കണമെങ്കില്‍ പക്ഷേ ഇറങ്ങി പ്രവര്‍ത്തിക്കണം. സിനിമയുടെ അഡ്രസുമായി അങ്ങോട്ട് പോകുന്നതാണ് പ്രശ്‌നമെന്നും മമ്മൂട്ടി പറഞ്ഞുവെന്ന് പിഷാരടി പറഞ്ഞു. അതേസമയം താന്‍ പൊടിപ്പും തൊങ്ങലും വെച്ച് പറഞ്ഞ നിര്‍ദോഷമായ തമാശകള്‍ തിരിച്ചടിച്ച കാര്യവും പിഷാരടി വെളിപ്പെടുത്തി. തന്നോട് സുഹൃത്ത് പറഞ്ഞ സതീശന്‍ മാസ്റ്ററുടെ കഥ ഗോപാലകൃഷ്ണന്‍ എന്നാക്കി ഞാന്‍ അവതരിപ്പിച്ചിരുന്നു. പക്ഷേ സുഹൃത്ത് എന്നോട് പേര് തെറ്റിച്ചായിരുന്നു പറഞ്ഞത്. അയാളുടെ യഥാര്‍ത്ത പേര് ഗോപാലകൃഷ്ണന്‍ എന്നായിരുന്നുവെന്ന് പിന്നീട് സുഹൃത്ത് പറഞ്ഞുവെന്നും പിഷാരടി പറഞ്ഞു.












Click it and Unblock the Notifications