ഒടുക്കം മൗനം വെടിഞ്ഞ് മമ്മൂട്ടിയും മഞ്ജു വാര്യരും, യുവാക്കളെ കേൾക്കണമെന്ന് മമ്മൂട്ടി, മിണ്ടാതെ മോഹൻലാൽ
നീറ്റ് പരീക്ഷാക്രമക്കേടിനെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് മലയാളത്തിലെ സൂപ്പര്‍ താരങ്ങളും. മമ്മൂട്ടിയും മഞ്ജു വാര്യരുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഡല്‍ഹി പോലീസിന്റെ നരനായാട്ട് നടന്ന് ദിവസങ്ങള്‍ക്ക് ശേഷം പ്രതികരിച്ച് രംഗത്ത് വന്നിരിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുളള മുന്‍നിര താരങ്ങള്‍ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ വരുമ്പോള്‍ മൗനം പാലിക്കുന്നതിനെതിരെ വലിയ വിമര്‍ശനം ഉയരുന്നതിനിടെയാണ് താരങ്ങളുടെ പ്രതികരണം.
''യുവാക്കളാണ് നമ്മുടെ രാജ്യത്തിന്റെ യഥാര്‍ത്ഥ സമ്പത്ത്. അവരുടെ ശബ്ദത്തിന് ചെവി കൊടുക്കൂ. അവരെ സംരക്ഷിക്കൂ, അവരെ ശക്തിപ്പെടുത്തൂ'' എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. യുവതലമുറയ്ക്ക് ചോദ്യങ്ങൾ ചോദിക്കാനുളള അവകാശം ഉണ്ടെന്നും നമ്മുടെ വിദ്യാഭ്യാസ പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം ശക്തിപ്പെടണമെന്നും മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

മഞ്ജു വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ്: '' മാനുഷികത. അതാണ് എല്ലാ രാഷ്ട്രീയത്തിനും മേലെ നിൽക്കേണ്ടത്. നമ്മുടെ യുവതലമുറയ്ക്ക് അവരുടെ ചോദ്യങ്ങൾ ചോദിക്കാനും, ആശങ്കകൾ പങ്കുവെക്കാനും, സമാധാനപരമായി പ്രതിഷേധിക്കാനും അവകാശമുണ്ട്. ഇന്ത്യയിലെവിടെയായാലും പരീക്ഷാ സമ്പ്രദായങ്ങളുടെ വിശ്വാസ്യത കാത്തുസൂക്ഷിച്ചേ പറ്റൂ. നമ്മുടെ വിദ്യാഭ്യാസ പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം ശക്തിപ്പെടണം. മെറിറ്റിനും സത്യസന്ധതയ്ക്കും നീതിക്കും എന്നും മുൻഗണന ലഭിക്കണം. നമ്മുടെ മക്കൾക്ക് ഭയമല്ല, പ്രതീക്ഷയാണ് നാം സമ്മാനിക്കേണ്ടത്. അവരുടെ ഭാവി സുരക്ഷിതമാകട്ടെ. അവരുടെ സ്വപ്നങ്ങൾ സംരക്ഷിക്കപ്പെടട്ടെ''.
പാർവ്വതി തിരുവോത്തും ടൊവിനോ തോമസും മുതൽ നസ്ലിനും മമിത ബൈജുവും അടക്കമുളള യുവതാരങ്ങളിൽ മിക്കവരും വിദ്യാർത്ഥി സമരത്തിന് പിന്തുണ നൽകിയിട്ടും മോഹൻലാലും മമ്മൂട്ടിയും പ്രതികരിക്കാത്തതിന് എതിരെ വലിയ വിമർശനം ഉയർന്നിരുന്നു. അതേസമയം മോഹൻലാൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ കഴിഞ്ഞ ദിവസം സമരത്തെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. അതിന് പിന്നാലെ വലിയ സൈബർ ആക്രമണം ആണ് വിസ്മയ മോഹൻലാൽ നേരിട്ടത്.



Click it and Unblock the Notifications