'മമ്മൂട്ടിയും മോഹൻലാലും ആണ് ഒതുക്കിയത്, അവർ പലരേയും പുറത്താക്കി'; ശ്രീകുമാരൻ തമ്പി
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന പവർ ഗ്രൂപ്പിനെ സംബന്ധിച്ച ചർച്ചകൾക്ക് ഇപ്പോഴും അവസാനം ആയിട്ടില്ല. സൂപ്പർ സ്റ്റാറുകളായ മോഹൻലാലും മമ്മൂട്ടിയും ഈ പവർ ഗ്രൂപ്പിന്റെ ഭാഗമാണെന്ന് പലരും ആരോപണം ഉയർത്തിയിരുന്നു. എന്നാൽ തനിക്ക് ഈ പവർ ഗ്രൂപ്പ് എന്താണെന്ന് പോലും അറിയില്ലെന്നായിരുന്നു മോഹൻലാൽ പ്രതികരിച്ചത്. മമ്മൂട്ടി പറഞ്ഞത് അത്തരമൊരു ശക്തി കേന്ദ്രം സിനിമയിൽ ഇല്ലെന്നും അങ്ങനെയൊരു ഗ്രൂപ്പിന് സിനിമ മേഖലയിൽ നിലനിൽക്കാൻ സാധിക്കില്ലെന്നുമായിരുന്നു. എന്നാൽ ഇപ്പോഴിതാ ഇർവർക്കെതിരേയും തുറന്നടിക്കുകയാണ് ഗാനരചയിതാവും നിർമ്മാതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. ഇരുവരുടേയും ആദ്യ ഇര താനാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ ആരോപിച്ചു.
'മോഹൻലാലും മമ്മൂട്ടിയും ആദ്യം ഒതുക്കിയത് എന്നെയായിരുന്നു. പവർ ഗ്രൂപ്പിന്റെ തുടക്കം അതായിരുന്നു. കാരണം തമ്പി സാർ ആളാകും എന്ന് പറയും. നമ്മളെ വളരാൻ അങ്ങേര് സമ്മതിക്കില്ലെന്ന് പറയും. അങ്ങനെ അവർ എനിക്ക് കാസ്റ്റിങ് തരാറായി. മുന്നേറ്റം എന്ന സിനിമയാണ് മമ്മൂട്ടിയുടെ ആദ്യ ചിത്രം. അതിൽ നായകനായിരുന്ന രതീഷിനെ ഞാൻ വില്ലനാക്കി. എന്നിട്ട് അറിയപ്പെടാത്ത മമ്മൂട്ടിയെ നായകനാക്കി. അത്രയും വിനീതനായ മമ്മൂട്ടിയെ പിന്നെ എനിക്ക് കാണാൻ സാധിച്ചിട്ടില്ല.

ഞാൻ നിർമ്മാതാവായിരുന്ന കാലത്ത് ഞങ്ങൾ നിർമ്മാതാക്കളും സംവിധായകരുമാണ് ആര് അഭിനയിക്കണമെന്ന് തീരുമാനിച്ചിരുന്നത്. എന്നാൽ 90കൾക്ക് ശേഷം സൂപ്പർ താരം മെഗാ താരം എന്നൊക്കെ പേര് സ്വീകരിച്ച് നിന്ന സമയത്ത് കഥ മാറി. ഞങ്ങളെ സംവിധാനം ചെയ്യേണ്ടത് ആരാണെന്ന് അവർ തീരുമാനിച്ചു. അപ്പോഴാണ് താരമേധാവിത്വം വന്നത്. അവരെ വേണമെങ്കിൽ പവർ ഗ്രൂപ്പെന്ന് വിളിക്കാം. മോഹൻലാലിന് ഇഷ്ടപ്പെടുന്ന കഥ എഴുതുന്ന എഴുത്തുകാരൻ, ഷോട്ട് എടുക്കുന്ന സംവിധായകൻ അങ്ങനെ അവർ സൃഷ്ടിച്ച് തുടങ്ങി. ഒരാൾ കഥ പോയി പറഞ്ഞാൽ ഈ കഥ ഈ സംവിധായകന് കൊടുക്കാമെന്ന് അവർ തീരുമാനിച്ചു.
ഇന്നിപ്പോൾ പവർ ഗ്രൂപ്പ് തകർന്നു. ബുദ്ധിയുള്ള മമ്മൂട്ടി, നിയമം അറിയാവുന്ന മമ്മൂട്ടി അതുകൊണ്ടാണ് പ്രൊഡക്ഷൻ തുടങ്ങിയത്. പല നിർമ്മാതാക്കളേയും ഇവർ അന്ന് പുറത്താക്കിയിരുന്നു. സംവിധായകർ ക്രീയേറ്റേഴ്സ് മാത്രമാണ്. ക്രിയേറ്ററുടെ പ്രാധാന്യം പെർഫോമേഴ്സിന് ഇല്ല. അവരുടെ കൂടെ ആള് കൂടുമായിരിക്കും, പക്ഷെ പെർഫോമേഴ്സിന് രണ്ടാം സ്ഥാനമേ ഉള്ളൂ.
മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയുമായിരുന്നു ഒരു കാലത്ത് സൂപ്പർ സ്റ്റാർ ആയിരുന്നല്ലോ. സുരേഷ് ഗോപി പിന്നീട് പിന്തള്ളപ്പെട്ടു. ഈ താരങ്ങളെ കുറിച്ച് ഏതെങ്കിലും നടിമാർ ആരോപണം ഉന്നയിച്ചിട്ടുണ്ടോ? ഗണേഷ് കുമാറിനെതിരെ നിരവഝി ആരോപണം ഉണ്ടായിട്ടുണ്ട്. പക്ഷെ ഈ സമയത്ത് ഗണേശിനെതിരെ ഏതെങ്കിലും നടി ആരോപണവുമായി വന്നിട്ടുണ്ടോ? പീഡനത്തെ ഞാൻ പിന്തുണയ്ക്കുന്നില്ല, തെറ്റാണ്. മുകേഷ് ചെയ്താലും തെറ്റുതന്നെ. ഈ സമീപനം 100 ശതമാനം തെറ്റാണ്. അവരെ രക്ഷിക്കാനൊന്നുമല്ല വര്‍ത്താസമ്മേളനം വിളിച്ചത്. പക്ഷെ ജൂനിയർ ആർട്ടിസ്റ്റുകൾ ഉന്നയിക്കുന്ന പരാതിയുടെ പേരിൽ മലയാള സിനിമയെ ഒന്നടങ്കം നശിപ്പിക്കാൻ ശ്രമിക്കരുത്. ഡബ്ല്യുസിസിയെ ഞാൻ പിന്തുണക്കുന്നു. കമ്മീഷനെ രൂപീകരിച്ചതിൽ സർക്കാരിനെ അഭിനന്ദിക്കുന്നു. പക്ഷെ നാല് വർഷം റിപ്പോർട്ട് പുറത്തുവിടാതിരുന്നത് തെറ്റ് തന്നെയാണ്', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications