മോഹന്‍ലാലിനെ ആദരിച്ച് മമ്മൂട്ടി; 'ലാലുവിന് സ്‌നേഹപൂര്‍വ്വം': ഇതില്‍പരം ഇനി എന്ത് വേണമെന്ന് ആരാധകര്‍
ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്‌കാരമായ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് സ്വന്തമാക്കിയ മോഹന്‍ലാലിനെ ആദരിച്ച് മമ്മൂട്ടി. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം പാട്രിയറ്റിന്റെ സെറ്റാണ് മനോഹരമായ ഈ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചത്.
മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ബിഗ് സ്‌ക്രീനില്‍ വീണ്ടും ഇരുവരും ഒന്നിക്കുന്നതിന്റെ സന്തോഷത്തിനൊപ്പമാണ് മോഹന്‍ലാലിനെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചത്.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന, ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ത്രില്ലര്‍ ചിത്രമാണ് പാട്രിയറ്റ്. ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയതിന് ശേഷം ആദ്യമായാണ് മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ നേരിട്ടു കാണുന്നത്. മോഹന്‍ലാലിനെ ആദരിക്കുന്ന ചിത്രങ്ങള്‍ മമ്മൂട്ടി സമൂഹ മാധ്യമങ്ങളിലും പങ്കുവെച്ചു. 'ഫാല്‍ക്കെ അവാര്‍ഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്‌നേഹപൂര്‍വ്വം..... എന്നാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പായി മമ്മൂട്ടി നല്‍കിയിരിക്കുന്നത്. നിരവധി ആരാധകരാണ് ഈ ചിത്രങ്ങള്‍ക്കു താഴെ സന്തോഷം അറിയിച്ച് പ്രതികരിക്കുന്നത്. 'ഫാല്‍ക്കെ നേടിയ ലാലേട്ടന്.. കിട്ടിയ മറ്റൊരു മനോഹരമായ.. ആദരവ്.. സ്വന്തം ഇച്ചാക്കയില്‍ നിന്ന്.. ഇതില്‍പരം ഇനി എന്ത് വേണം.. നമ്മുടെ മലയാള സിനിമയ്ക്ക്..' എന്നാണ് ഒരു ആരാധകന്‍ കമന്റ് ബോക്‌സില്‍ കുറിച്ചത്.

പാട്രിയറ്റ് സിനിമയിലെ മുഴുവന്‍ അണിയറ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലാണ് മമ്മൂട്ടി മോഹന്‍ലാലിനെ പൊന്നാട അണിയിച്ച് ആദരിച്ചത്. സംവിധായകനായ മഹേഷ് നാരായണന്‍, നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, സിആര്‍ സലിം, ആന്റോ ജോസഫ്, കുഞ്ചാക്കോ ബോബന്‍, രമേശ് പിഷാരടി തുടങ്ങിയ നിരവധി പേര്‍ ഈ സന്തോഷ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചു.
ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ക്കാണ് 2023 ലെ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് മോഹന്‍ലാലിന് ലഭിച്ചത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പാട്രിയറ്റ് സിനിമ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നയന്‍താര, രേവതി തുടങ്ങിയ നിരവധി താരങ്ങള്‍ അണിനിരക്കുന്ന മലയാളത്തിലെ ഏറ്റവും വലിയ മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളില്‍ ഒന്നാണ്. അടുത്ത വര്‍ഷം ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications