മമ്മൂട്ടിയും കമലും മോഹന്‍ലാലും മാത്രമല്ല, മഞ്ജുവും ശോഭനയുമുണ്ട്: യൂസഫലി അടക്കമുള്ളവരും നാളെ തലസ്ഥാനത്ത്
തിരുവനന്തപുരം: കേരളീയം 2023 ന്റെ ഉദ്ഘാടനം നവംബര്‍ ഒന്നിന് രാവിലെ 10 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. ഉദ്ഘാടന ചടങ്ങില്‍ യു.എ.ഇ, ദക്ഷിണ കൊറിയ, നോര്‍വേ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍, ചലച്ചിത്ര താരങ്ങളായ കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജു വാര്യര്‍, വ്യവസായപ്രമുഖരായ എം.എ. യൂസഫലി, രവി പിള്ള, ആരോഗ്യമേഖലയിലെ പ്രമുഖ വ്യക്തിത്വമായ ഡോ. എം.വി.പിള്ള എന്നിവരുള്‍പ്പെടെ വലിയൊരു നിര പങ്കെടുക്കും.

സാഹോദര്യവും സ്നേഹവും പ്രസരിപ്പിക്കുന്ന കേരളത്തിന്റെ സംസ്‌കാരത്തെ ആഘോഷിക്കേണ്ടതുണ്ടെന്നും അതിനുള്ള അവസരമാണു കേരളീയം ഓരോ മലയാളിക്കും ഒരുക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജാതീയതയുടേയും ജന്മിത്തത്തിന്റെയും നുകങ്ങളിൽ നിന്നു മോചിപ്പിച്ച് മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും വിളനിലമായി കേരളത്തെ നാം എങ്ങനെ മാറ്റിയെടുത്തുവെന്നു ലോകം അറിയണം. മതവർഗീയതയ്ക്ക് ഈ നാട്ടിലിടമില്ല എന്ന് അടിവരയിട്ടു പറയേണ്ടതുണ്ട്. 'കേരളീയം 2023' എന്ന മലയാളികളുടെ മഹോത്സവം കേരളത്തിന്റെ തനിമയെന്തെന്ന് ലോകത്തിനു മുന്നിൽ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാനുള്ള അവസരമാണ്. ഏറ്റവും മികച്ച രീതിയിൽ അതേറ്റെടുത്ത് വിജയിപ്പിക്കാൻ ഏവരോടും അഭ്യർത്ഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
കവടിയാര്‍ മുതല്‍ കിഴക്കേ കോട്ട വരെ 42 വേദികളിലായാണ് കേരളീയം അരങ്ങേറുന്നത്. നവകേരളത്തിന്റെ ഭാവി രൂപരേഖ തയാറാക്കുക എന്ന ലക്ഷ്യത്തോടെയുള്ള 25 സെമിനാറുകളാണ് 5 വേദികളിലായി നടക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം ആറു മുതല്‍ കലാപരിപാടികള്‍ അരങ്ങേറും. എക്സിബിഷന്‍, ട്രേഡ് ഫെയര്‍, ഭക്ഷ്യമേളകള്‍ തുടങ്ങി മറ്റെല്ലാ പരിപാടികളും രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെ ഉണ്ടാകും.
25 പ്രദർശനങ്ങളും 30 വേദികളിലായി 4100 ഓളം കലാകാരന്മാരെ പങ്കെടുപ്പിച്ചു 300ലധികം കലാപരിപാടികളും കേരളീയത്തിൽ അരങ്ങേറും. വിവിധ സർക്കാർ വകുപ്പുകളിലൂടെ നടപ്പാക്കിവരുന്നതും കേരളത്തിന്റെ സമഗ്രമായ പുരോഗതിക്കു കാരണമായിട്ടുള്ളതുമായ വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള എട്ടു പ്രധാന എക്സിബിഷനുകളാണ് പ്രദർശനങ്ങളുടെ ആദ്യഭാഗം. കനകക്കുന്ന്, ടാഗോർ തീയറ്റർ, യൂണിവേഴ്സിറ്റി കോളേജ്, അയ്യൻകാളി ഹാൾ, സെൻട്രൽ സ്റ്റേഡിയം, പുത്തരിക്കം എന്നീ വേദികളിലാണ് ഈ എക്സിബിഷനുകൾ ഒരുങ്ങുന്നത്.കേരളീയത്തിന്റെ ബ്രാൻഡിംഗ് ഡിസൈൻ ഏകോപിപ്പിക്കുന്നതും, കേരളത്തിന്റെ പൊതു സ്മാരകങ്ങൾ പ്രദർശന സങ്കേതങ്ങൾ എന്നിവ അന്തർദേശീയ ധാരയിൽ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ റിയാസ് കോമു തയ്യാറാക്കുന്ന ആർട്ട് ഡോക്യുമെറ്റേഷനും എക്സിബിഷന്റെ ഭാഗമാണ്.












Click it and Unblock the Notifications