'മമ്മൂട്ടി ബാലയ്യയെ പോലെ തീവണ്ടി പിടിച്ച് വലിക്കാത്തത് കൊണ്ടാണോ പദ്മഭൂഷൺ കൊടുക്കാത്തത്?'; വിമർശനം,ചർച്ച
മമ്മൂട്ടിയെ പദ്മ പുരസ്കാരത്തിന് പരിഗണിക്കാത്തതിൽ പ്രതിഷേധം ശക്തം. ഇത്തവണയെങ്കിലും മലയാളത്തിന്റെ മഹാനടന് രാജ്യം പദ്മഭൂഷൺ നൽകി ആദരിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ ഇക്കുറിയും അദ്ദേഹത്തെ തഴഞ്ഞിരിക്കുകയാണ് കേന്ദ്രസർക്കാർ. തെലുങ്ക് താരം ബാലയ്യക്ക് (നന്ദമൂരി ബാലകൃഷ്ണ) അടക്കം പുരസ്കാരം പ്രഖ്യാപിച്ചപ്പോഴാണ് മമ്മൂട്ടിയോടുള്ള കേന്ദ്രത്തിന്റെ അവഗണന.
കഴിഞ്ഞ മൂന്ന് തവണയും പദ്മ പുരസ്കാരം നൽകി ആദരിക്കേണ്ടവരുടെ പട്ടിക കേന്ദ്രത്തിന് കൈമാറിയപ്പോൾ സംസ്ഥാന സർക്കാർ മമ്മൂട്ടിയുടെ പേര് ഉൾപ്പെടുത്തിയിരുന്നു. എന്നാൽ കേന്ദ്രം മമ്മൂട്ടിയെ തഴഞ്ഞു. ഇത്തവണ പക്ഷെ മമ്മൂട്ടിയുടെ പേര് സംസ്ഥാന സർക്കാർ നൽകിയിരുന്നോയെന്ന് വ്യക്തമല്ല.

തെലുങ്ക് താരമായ ബാലയ്യക്ക് കൊടുത്തിട്ടും എന്തുകൊണ്ടാണ് മമ്മൂട്ടിയെ തഴയുന്നത് എന്ന ചോദ്യമാണ് അദ്ദേഹത്തിന്റെ ആരാധകർ ഉയർത്തുന്നത്. ബാലയ്യയുടെ എൻഡിഎ ബന്ധമാണ് അദ്ദേഹത്തെ പരിഗണിക്കാനുള്ള കാരണമായി നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നത്. എൻ ഡി എ സഖ്യകക്ഷിയായ ചന്ദ്രബാബു നായിഡുവിന്റെ ടി ഡി പിയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് ബാലയ്യ. ഇതായിരിക്കാം ബാലയ്യയെ പരിഗണിക്കാൻ മോദി ഭരണകുടത്തെ പ്രേരിപ്പിച്ചതെന്നാണ് ചിലർ പറയുന്നത്.
നടി ശോഭനയ്ക്ക് പുരസ്കാരം നൽകിയതിലും ചിലർ സംശയം ഉയർത്തുന്നുണ്ട്. ശോഭയുടെ അഭിനയപാടവത്തിൽ യാതൊരു തർക്കവുമില്ലെങ്കിലും ഇത്രയും നാൾ പരിഗണിക്കാതെ ഇപ്പോൾ പുരസ്കാരത്തിന് പരിഗണിച്ചതാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാന സർക്കാർ പലപ്പോഴായി ശോഭനയുടെ പേര് കൈമാറിയിരുന്നെങ്കിലും അന്നെല്ലാം കേന്ദ്രം താരത്തെ തഴഞ്ഞു. എന്നാൽ അടുത്തിടെയായി ബി ജെ പി അനുകൂല നിലപാട് അവർ പങ്കുവെയ്ക്കുന്നുണ്ട്. കേരളത്തിൽ മോദി പങ്കെടുത്ത ബി ജെ പി പരിപാടിയിൽ ശോഭന എത്തി. തിരുവനന്തപുരത്ത് ബി ജെ പി സ്ഥാനാർത്ഥിയായിരുന്ന രാജീവ് ചന്ദ്രശേഖരന് വേണ്ടി വോട്ട് അഭ്യർത്ഥിച്ചും അവർ ബി ജെ പി പരിപാടിയിൽ പങ്കെടുത്തു. ഇതെല്ലാം തന്നെയാണ് ഇപ്പോൾ ശോഭനയെ പരിഗണിക്കാനുള്ള കാരണമെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്.
മലയാളത്തിലെ സൂപ്പർ താരങ്ങളിൽ മോഹൻലാലിന് മാത്രമാണ് പദ്മവിഭൂഷൺ ലഭിച്ചത്. അതും മോദി ഭരണത്തിന് കീഴിൽ തന്നെ. പരസ്യമായ ബി ജെ പി അനുകൂല നിലപാട് മോഹൻലാൽ സ്വീകരിച്ചിട്ടില്ലെങ്കിലും ബി ജെ പിയോട് ചേർന്ന് നിൽക്കുന്ന സമീപനം സ്വീകരിച്ച നടൻ കൂടിയാണ് മോഹൻലാൽ. മോദി ഭരണകുടത്തിന് പ്രീയപ്പെട്ടവനാകാത്തതാണോ മമ്മൂട്ടിയെ പുരസ്കരാത്തിന് പരിഗണിക്കാത്തതിന് കാരണമെന്നാണോ പലരും ചോദിക്കുന്നത്.
അതേസമയം ബാലയ്യയുടെ ഒക്കെ കൂടെ നിന്നു പദ്മഭൂഷൻ മേടിക്കണ്ട ഗതികേടൊന്നും മമ്മൂട്ടിക്ക് വന്നിട്ടില്ല എന്ന് മലയാളി തിരിച്ചു ചിന്തിച്ചാൽ തീരുന്ന വിലയെ ഇതിനൊക്കെ ഉള്ളുവെന്നാണ് ഇത് സംബന്ധിച്ച സോഷ്യൽ മീഡിയ ചർച്ചകളിൽ ഒരാൾ പ്രതികരിച്ചത്. അവാർഡുകൾ മഹത്തരമാകുന്നത് അത് അർഹിക്കുന്നവരുടെ കയ്യിൽ എത്തുമ്പോഴാണെന്നും കമന്റിൽ പറയുന്നു.
'മോഹൻലാലിന് 2001 ലാണ് പദ്മശ്രീ ലഭിച്ചത്. മമ്മൂട്ടിക്ക് 1998 ൽ കിട്ടി. 2009 വരെ 3 ദേശീയ പുരസ്കാരങ്ങൾ നേടിയ ഒരേയൊരു മലയാള താരം മമ്മൂട്ടി ആയിരുന്നു. പദ്മശ്രീ ആദ്യം ലഭിച്ചിട്ട് കൂടി മമ്മൂട്ടിയെ തഴഞ്ഞാണ് പിന്നീട് പദ്മശ്രീ ലഭിച്ച മോഹൻലാലിന് പദ്മഭൂഷൺ നൽകി. മമ്മൂട്ടിയെ പോലെ തന്നെ മോഹൻലാലും അതിന് അർഹനാണെന്നതിനാൽ വലിയ പ്രശ്നമല്ല. പക്ഷെ ബാലയയ്യെ പോലൊരാൾക്ക് പദ്മഭൂഷൺ നൽകിയതാണ് അത്ഭുതപ്പെടുത്തുന്നത്', മറ്റൊരാൾ കുറിച്ചു. പദ്മ പുരസ്കാരങ്ങളൊക്കെ ഇപ്പോൾ ഒരു തമാശയല്ലേയെന്നാണ് മറ്റൊരു കമന്റ്.












Click it and Unblock the Notifications