മമ്മൂട്ടിയുടെയും ലാലിന്റെയും രാഷ്ട്രീയം
തമിഴ്‌നാട്ടില്‍ എം ജി ആര്‍, കരുണാനിധി, ജയലളിത, വിജകാന്ത്. ആന്ധ്രയില്‍ ചിരഞ്ജീവി. രാഷ്ട്രീയത്തില്‍ സൂപ്പര്‍ താരങ്ങള്‍ സജീവമാകുന്നത് അയല്‍ സംസ്ഥാനങ്ങളില്‍ കുറവല്ല. കേരളത്തിലും സൂപ്പര്‍സ്റ്റാറുകള്‍ക്ക് കുറവൊന്നുമില്ല. പക്ഷേ അവരാരും രാഷ്ട്രീയത്തില്‍ അത്ര സജീവമല്ല.
സിനിമയ്ക്കും പരസ്യത്തിനും പുറത്ത് വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ അവരെ ബധിക്കാറുളളൂ എന്ന് തോന്നും പൊതുരംഗത്തെ സിനിമാക്കാരുടെ ഇടപെടല്‍ കണ്ടാല്‍. മെഗാസ്റ്റാറുകളായ മമ്മൂട്ടിയും മോഹന്‍ലാലും ഇക്കാര്യത്തില്‍ അധികമൊന്നും വ്യത്യസ്തരല്ല. പാര്‍ട്ടി രാഷ്ട്രീയം പോകട്ടെ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളില്‍ താരങ്ങളുടെ അഭിപ്രായം എങ്ങനെയാണ്.
എന്താണ് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും രാഷ്ട്രീയം. എന്തായാലും രണ്ട് പേരുടെയും രാഷ്ട്രീയം ഒന്നല്ല.

മമ്മൂട്ടി
ഇടതുപക്ഷ സഹയാത്രികന്‍ എന്ന ലേബലിലാണ് മമ്മൂട്ടി അറിയപ്പെടുന്നത്. ഡി വൈ എഫ് ഐയുടെയും സി എമ്മിന്റെയും പരിപാടികളില്‍ അതിഥിയായി മമ്മൂട്ടി പ്രത്യക്ഷപ്പെടാറുണ്ട്.

മോഹന്‍ലാല്‍
സ്‌ക്രീനില്‍ ഒരുപാട് രാഷ്ട്രീയക്കാരെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും തന്റെ രാഷ്ട്രീയപാര്‍ട്ടി ഏതെന്ന് മോഹന്‍ലാല്‍ തുറന്നുപറഞ്ഞിട്ടില്ല. പക്ഷേ ചില സൂചനകള്‍ മോഹന്‍ലാല്‍ വിട്ടുനല്‍കാറുണ്ട്.

മാതൃക പിണറായി
സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കുട്ടികള്‍ മാതൃകയാക്കണം എന്നാണ് ഒരിക്കല്‍ മോഹന്‍ലാല്‍ പറഞ്ഞത്. ജീവിത പ്രതിസന്ധികള്‍ മറികടന്ന് മുന്നോട്ടുപോകുന്ന പിണറായിയുടെ നിശ്ചയദാര്‍ഢ്യമാണ് സൂപ്പര്‍താരത്തെ ആകര്‍ഷിച്ചത്.

ടി പി വധം
ടി പി വധത്തില്‍ സി പി എമ്മിന് എതിരായി മോഹന്‍ലാല്‍ ബ്ലോഗില്‍ എഴുതിയിരുനു. കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്ന ഈ നാട്ടില്‍ ജീവിക്കാന്‍ ഭയം തോന്നുന്നു എന്നായിരുന്നു ലാല്‍ എഴുതിയത്. കേരളം ചര്‍ച്ച ചെയ്ത ഒരു വിഷയത്തില്‍ അഭിപ്രായം പറയുകയായിരുന്നു മോഹന്‍ലാല്‍

മമ്മൂട്ടി മിണ്ടിയില്ല
ടി പി വധം പോലെ കേരളക്കരയെ ഇളക്കിമറിച്ച ഒരു സംഭവത്തെക്കുറിച്ച് ഒരക്ഷരം പോലും മമ്മൂട്ടി മിണ്ടിയില്ല. സിനിമാതാരമായ മമ്മൂട്ടിക്ക് ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ട കാര്യമില്ല എന്നൊക്കെ പറയാം. എന്നാലും മോഹന്‍ലാല്‍ പ്രതികരിച്ചപ്പോള്‍ മമ്മൂട്ടിയും എന്തെങ്കിലും പറയുമെന്ന് ആരാധകര്‍ കരുതി.

കൈരളി ചെയര്‍മാന്‍
കൈരളി, പീപ്പിള്‍ ചാനലുകള്‍ അടങ്ങിയ മലയാളം കമ്മ്യൂണിക്കേഷന്റെ ചെയര്‍മാനാണ് മമ്മൂട്ടി. ഇതിനെ നിയന്ത്രിക്കുന്നത് സി പി എമ്മും.

കോട്ടയത്തേക്ക്
മമ്മൂട്ടിയുടെ ഈ പാര്‍ട്ടി ബന്ധം കോട്ടയത്ത് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കാരണമാകും എന്ന് വരെ റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ താന്‍ പാര്‍ട്ടിക്കാരനല്ല എന്ന് പറഞ്ഞ് മമ്മൂട്ടി ഈ വാര്‍ത്തകള്‍ നിഷേധിച്ചു.

ദത്തിനെ വെറുതെ വിടണം
സഞ്ജയ് ദത്തിനെ വെറുതെ വിടണം എന്നായിരുന്നു മോഹന്‍ലാലിന്റെ ഒരു പൊതു അഭ്യര്‍ഥന. സഞ്ജയ് ദത്ത് ഒരിക്കലും തെറ്റ് ചെയ്യില്ല എന്നും തനിക്ക് അടുത്തറിയാവുന്ന ആളാണ് എന്നും മോഹന്‍ലാല്‍ പറഞ്ഞു. പൊതുവിഷയങ്ങളില്‍ മോഹന്‍ലാല്‍ നടത്തിയ വിവാദമായ ഒരു ഇടപെടലാണ് ഇത്.

അമ്മയ്ക്ക് വേണ്ടി
ഏറ്റവും ഒടുവില്‍ മാതാ അമൃതാനന്ദ മയി വിവാദത്തില്‍ അമ്മയ്ക്ക് വേണ്ടിയും ലാല്‍ രംഗത്തെത്തി. നാല്‍പത് വര്‍ഷമായി താന്‍ അമ്മയുടെ വിശ്വാസിയാണെന്നും ആര് വിചാരിച്ചാലും അമ്മയുടെ പ്രഭാവം കുറയ്ക്കാനാകില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാല്‍ ശക്തമായി വിമര്‍ശിക്കപ്പെടാന്‍ ഈ പ്രസ്താവന കാരണമായി.

മമ്മൂട്ടിയോ ലാലോ
കൃത്യമായി രാഷ്ട്രീയ നിരീക്ഷണം നടത്തുന്ന, കാര്യങ്ങളില്‍ ഇടപെടുന്ന നമ്മുടെ മെഗാതാരം ആരാണ്. എം ജി ആറിനെയോ കരുണാനിധിയെയോ ജയലളിതയെ പോലെ സിനിമയില്‍ നിന്നും നമുക്കും ഒരു മുഖ്യമന്ത്രിയെ പ്രതീക്ഷിക്കാമെങ്കില്‍ അത് ആരായിരിക്കും, മമ്മൂട്ടിയോ അതോ മോഹന്‍ലാലോ?












Click it and Unblock the Notifications