മമ്മൂട്ടി ചേട്ടനാണെന്ന് കടന്നപ്പള്ളി, ഇത്രയും പ്രായമുള്ള അനിയനുള്ളത് സന്തോഷമെന്ന് മമ്മൂട്ടി
തിരുവനന്തപുരം: ചലച്ചിത്രതാരം മമ്മൂട്ടിയെ താന്‍ ചേട്ടന്‍ എന്നാണ് വിളിക്കുന്നത് എന്ന് പറഞ്ഞ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് മെഗാസ്റ്റാറിന്റെ മറുപടി. ഇത്രയും പ്രായമുള്ള അനിയന്‍ ഉണ്ട് എന്ന് പറയുന്നതില്‍ ഏറെ സന്തോഷമുണ്ട്. അത്ഭുതകരമായ കാര്യം എന്റെ മകനെയും കടന്നപ്പള്ളി ചേട്ടന്‍ എന്നാണ് വിളിക്കുന്നത്- ശാന്തിഗിരിയില്‍ മമ്മൂട്ടിയ്ക്ക് നവതി പുരസ്‌കാരം സമ്മാനിച്ച വേദിയിലായിരുന്നു രസകരമായ പ്രസംഗം.

വയസ്സ് പുറത്ത് പറയില്ലെന്നും, പറഞ്ഞാല്‍ ജനങ്ങള്‍ വിശ്വസിക്കില്ല എന്നും പറഞ്ഞുകൊണ്ടാണ് മമ്മൂട്ടി സംസാരിച്ചു തുടങ്ങിയത്. ചിങ്ങത്തിലെ വിശാഖം നാളിലാണ് എന്റെ ജനനം. ജന്മദിനാഘോഷത്തിന് ഇനി രണ്ട് ദിവസം കൂടെയുണ്ട്. ഒരേ നാട്ടില്‍ അയല്‍വാസികളായി, അടുത്തടുത്ത ദിവസങ്ങളിലാണ് എന്റെയും കരുണാകര ഗുരുവിന്റെയും ജനനം. എന്നാലും അക്കാലങ്ങളില്‍ ഗുരുവിനെ കണ്ടതായോ കേട്ടതായോ ഓര്‍മയില്ല.
പില്‍ക്കാലത്ത് ആത്മീയ ഗുരു ആയ ശേഷമാണ് അദ്ദേഹത്തിന്റെ മഹത്വം അറിയാന്‍ കഴിഞ്ഞത്. അതിനാല്‍ ഈ പുരസ്‌കാരം ഏറെ മധുരം നിറഞ്ഞതാണ്. ഇനിയൊരിക്കലും നവതി വരില്ലാത്തതിനാല്‍ ഈ അവാര്‍ഡ് ഇനി ആര്‍ക്കും അവകാശപ്പെടാന്‍ കഴിയില്ല- മമ്മൂട്ടി പറഞ്ഞു.

സിനിമയിലെ കഥാപാത്രങ്ങളില്‍ നിന്ന് വിട്ടു നിന്നാല്‍ താന്‍ സാധാരണ വ്യക്തിയാണെന്നും മെഗാസ്റ്റാര്‍ പറഞ്ഞു. ആത്മീയത എന്നാല്‍ മനുഷ്യനെ സ്‌നേഹിക്കുക എന്നതാണ്. ഈശ്വരന്‍ സൗഭാഗ്യങ്ങള്‍ വാരിക്കോരി തരുമ്പോള്‍, തിരികെ ഈശ്വരനെ സ്‌നേഹിക്കേണ്ടത് സമസൃഷ്ടികളെ സഹായിക്കുന്നതിലൂടെയാവണം. ഉപദേശങ്ങള്‍ ഏറെ നല്‍കിയ ഗുരുവിന്റെ ജന്മദിനാഘോഷം അധ്യാപക ദിനത്തില്‍ വന്നത് ഉചിതമായെന്നും മമ്മൂട്ടി പറഞ്ഞു.












Click it and Unblock the Notifications