'ലൈക്ക് കൊടുത്ത് എനിക്ക് പൈസ കിട്ടിയിട്ടില്ല, അന്ന് പറഞ്ഞത് അവിവേകമായെന്ന് തോന്നുന്നില്ല'; മമ്മൂട്ടി
കൃഷിയിൽ അൽപമെങ്കിലും താത്പര്യം കാണിക്കാൻ ആളുകൾ തയ്യാറാവണമെന്ന് നടൻ മമ്മൂട്ടി. വലിയ ജോലിയൊക്കെ ഉള്ളവർ അതുപേക്ഷിച്ച് കൃഷിയിലേക്ക് വരുന്നതൊക്കെ അത്ഭുതമാണ്. ആ ധൈര്യമുള്ളവർ ഉള്ളത് കൊണ്ടാണ് നമ്മളെ പോലുള്ളവരൊക്കെ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാർഷിക മേഖലയിലെ മികവിനുള്ള കൈരളി ടിവിയുടെ കതിർ അവാർഡുകൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മമ്മൂട്ടിയുടെ വാക്കുകളിലേക്ക്
ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും കിട്ടുന്ന ലൈക്ക് കഴിച്ചാണ് നമ്മളൊക്കെ ഇപ്പോൾ ജീവിച്ച് പോകുന്നത്. ഈ ലൈക്കൊക്കെ ഇല്ലാതായി കഴിഞ്ഞാൽ നമ്മളെങ്ങനെ ജീവിക്കും. അതിനെ കുറിച്ച് ആലോചിക്കണം. കാലത്തും വൈകീട്ടും പത്തോ നാൽപതോ ലൈക്ക് കടയിൽ കൊടുത്ത് കഴിഞ്ഞാൽ ഒരു കിലോ അരി കിട്ടില്ല. അതുകൊണ്ട് ലൈക്കിന് വേണ്ടി കാലത്തും വൈകീട്ടും നോക്കി നിൽക്കുന്നവർ പാടത്ത് എന്തെങ്കിലും കുത്തിവെച്ചാൽ വൈകുന്നേരം ഉണ്ണാൻ ഉള്ള അരി എങ്കിലും കിട്ടും.

നമ്മൾ ഇങ്ങോട്ട് അങ്ങോട്ടും ലൈക്ക് ചെയ്തത് കൊണ്ട് കാര്യമുണ്ടോ? ഞാൻ ലൈക്ക് കൊണ്ട് കൊടുത്തിട്ട് ആരും എനിക്ക് പത്ത് പൈസ തന്നിട്ടില്ല. ആ സമയത്ത് എന്തെങ്കിലും വീട്ടിൽ ഉണ്ടാക്കിയാൽ ഒരു നേരത്തേക്കുള്ള പച്ചക്കറിയെങ്കിലും കിട്ടും. പിന്നെ പുരുഷൻമാർ വീട്ടിൽ വന്നാൽ അത്യാവശ്യം വെള്ളം കോരുകയോ ഇടക്കൊക്കെ കുത്തിക്കൊടുക്കുകയോ ഒക്കെ ചെയ്യാം. സ്ത്രീകൾക്കാണ് അടുക്കളത്തോട്ടത്തിന്റെ ജോലി എന്നൊന്നും കരുതേണ്ട. പുരുഷൻമാർക്കും ആവാം. പുരുഷൻമാർക്കും സ്ത്രീകൾക്കും ഒരുമിച്ച് കൃഷി ചെയ്യാം.
വലിയ ജോലിയൊക്കെ ഉള്ളവർ അതുപേക്ഷിച്ച് കൃഷിക്കിറക്കുന്നതൊക്കെ വലിയ ധൈര്യമാണ്. ആ ധൈര്യമുള്ളവർ ഉള്ളതുകൊണ്ടാണ് നമ്മളെ പോലെ ഉള്ള മണ്ടൻമാർ ജീവിച്ച് പോകുന്നത്. ഞാനും പേരിന് കർഷകനാണ്. എനിക്കും ഉണ്ട് കുരുമുളകും ഏലവുമൊക്കെ. ഇവിടെയൊക്കെ കൃഷി ചെയ്യുന്നുണ്ടെന്ന് അല്ലാതെ ഞാൻ കർഷകനല്ല, എനിക്ക് അതിനുള്ള അവസരങ്ങൾ ഇല്ല. സലീം കുമാർ അഭിനയം നിർത്തി കൃഷിയിൽ സജീവമായിരിക്കുകയാണ്. 15 കൊല്ലത്തോളമായി അദ്ദേഹം കൃഷിയും അഭിനയവും ചെയ്യുന്നു. കൃഷി എളുപ്പമാണ് വരുമാനം കൂടുതൽ ഉണ്ടെന്നൊക്കെയാണ് അദ്ദേഹത്തിന്റെ അവകാശവാദം.
ഞാനും സലീം കുമാറും കൃഷിയെ കുറിച്ച് സംസാരിക്കാറുണ്ട്. സലീം ചെയ്യുന്നത് പൊക്കാളി കൃഷിയാണ്. അതൊന്നും കൃഷി ചെയ്യാൻ ആളില്ലത്രേ. പച്ചക്കറിക്കും അരിക്കുമൊക്കെ വിലകൂട്ടണം അപ്പോഴേ കൃഷി ചെയ്യാനൊക്കെ ആളുകൾക്ക് താത്പര്യം ഉണ്ടാകൂ. ഇത് ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട്. അവിവേകമായി തോന്നിയിട്ടില്ല. നമ്മൾ കഴിക്കുന്ന നെല്ല് 99 ശതമാനവും നമ്മൾ ഉണ്ടാക്കുന്നതല്ല, പുറത്തുന്ന് വരുന്നതാണ്. ഇവിടെ ഉണ്ടാകുന്നത് പാലക്കാടും കുട്ടനാടുമൊക്കെയാണ്. അത് തന്നെ കുറഞ്ഞുവന്നു. ഭക്ഷണം ഉണ്ടാക്കുന്നവരോട് ഉപഭോക്താക്കൾ അൽപം ആത്മാർത്ഥത കാണിക്കണം', മമ്മൂട്ടി പറഞ്ഞു.












Click it and Unblock the Notifications