'എന്റെ ഡ്രൈവിങിന് അത്ര സൽപ്പേരില്ല, കുറച്ച് കാലമായി ഞാൻ വണ്ടി ഓടിക്കാറില്ല';മമ്മൂട്ടി
റോഡ് അഭ്യാസ പ്രകടനം നടത്താനുള്ള സ്ഥലമല്ലെന്ന് നടൻ മമ്മൂട്ടി. നമ്മുടെ ജീവനെന്ന പോലെ തന്നെ റോഡിലുള്ളവരുടെ ജീവനും പ്രധാനമാണെന്ന് കരുതണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ 'ജീവ സുയാത്ര മിഷൻ' സംസ്ഥാന തല ഉദ്ഘാടനം നടത്തുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറാണ് മമ്മൂട്ടി. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്
'യാത്ര മിഷന്റെ ബ്രാൻഡ് അംബാസിഡർ ആയി എന്നെ തെരഞ്ഞെടുത്തു എന്ന് പറയുമ്പോൾ ഞാൻ തന്നെ പേടിച്ചുപോയി. വേറൊന്നും കൊണ്ടല്ല എന്റെ ഡ്രൈവിങ്ങിന് അത്ര സൽപേരല്ല .കാരണം ഞാൻ വളരെ ആവേശത്തോടെ വണ്ടി ഓടിക്കുന്ന ആളാണ്. എനിക്ക് സ്പീഡ് ഇഷ്ടമാണ്. പക്ഷേ സ്പീഡ് ഉണ്ടെങ്കിലും നമുക്ക് ജാഗ്രതയും ഏകാഗ്രതയും ശ്രദ്ധയും വേണം. ഇതൊരു പവറാണ്, ഈ പവർ നമ്മൾ ഹോൾഡ് ചെയ്യുമ്പോൾ ഇതിനൊരു റെസ്പോൺസിബിലിറ്റി ഉണ്ട് എന്ന് വിചാരിച്ചാൽ വലിയ അപകടങ്ങൾ ഇല്ലാതെ പോകാം. അങ്ങനെയാണ് ഞാൻ വണ്ടി ഓടിക്കുന്നത്.

പക്ഷേ ഈ അടുത്ത കാലത്തായിട്ട് ഞാൻ വണ്ടി ഓടിക്കാറില്ല. കാരണം ഒരുപാട് വാഹനങ്ങളായി, ഒരുപാട് തിരക്കുകളുള്ള വീധികളായി, നമ്മൾ റോഡ് എത്ര നന്നാക്കിയാലും വാഹനങ്ങൾ കൂടുംതോറും തിരക്ക് കൂടിക്കൊണ്ടിരിക്കുകയാണ്, സ്വാഭാവികമായിട്ടും അപകടങ്ങളും കൂടും. നമുക്ക് അപകടങ്ങൾ ഉണ്ടാകുന്നത് 99 ശതമാനവും മനുഷ്യരുടെ തെറ്റ് കൊണ്ടാണ്. മെക്കാനിക്കൽ എറർ ഒരു ശതമാനമേ ഉള്ളൂ. നമ്മൾ അശ്രദ്ധമായി വണ്ടി ഓടിക്കുന്നതോ നമ്മൾ അശ്രദ്ധമായി റോഡിൽ കൂടെ നടക്കുന്നതോ കൊണ്ട് തന്നെയായിരിക്കും അപകടങ്ങൾ ഉണ്ടാകുന്നത്. കാറിന്റെ കാറ്റഴിഞ്ഞു പോകുന്നതോ അല്ലെങ്കിൽ എൻജിൻ തകരാർ വരുന്നതോ ഒക്കെ ഒരു ശതമാനമേ ഉള്ളൂ . നമ്മുടെ സുരക്ഷ മറ്റുള്ളവരുടെ കയ്യിലാണ് എന്ന് വിചാരിച്ച് നമ്മൾ റോഡിലൂടെ നടക്കരുത് .
റോഡിലൂടെ ഫോണ്‍ ഉപയോഗിച്ച് നടക്കാത്തെ ആരെയെങ്കിലും ഈ അടുത്ത കാലത്ത് കാണുന്നുണ്ടോ? നമ്മുടെ സുരക്ഷ നമ്മൾ കൂടെ നോക്കണം .അതുപോലെ വാഹനങ്ങൾ ഓടിക്കുന്ന ആളുകളും ശ്രദ്ധിക്കേണ്ടതാണ്. ബസുകളൊക്കെ മത്സര ഓട്ടത്തിലാണ്. നമ്മളെ പോലെ തന്നെയാണ് റോഡിലൂടെ പോകുന്ന ആളകളും എന്ന് ചിന്തിച്ചാൽ തീരാവുന്ന കാര്യമേ ഉള്ളൂ. ബസിന് കുറഞ്ഞ സമയം കൊടുക്കുന്നതുകൊണ്ടാണ് കുഴപ്പം എന്ന് പറയപ്പെടുന്നുണ്ട്. അതും കുറച്ചുകൂടെ വേണമെങ്കിൽ ശ്രദ്ധിക്കാം. തുടരെ തുടരെ മൂന്ന് മിനിറ്റ് വെച്ച് ബസുകൾ വരുമ്പോൾ സ്വാഭാവികമായിട്ടും ബസുകൾ അവരുടെ യാത്രക്കാരെ കൊണ്ടുപോകാൻ ആയിട്ട് കുറച്ചുകൂടെ വേഗത്തിൽ പോകും .അതുകൊണ്ട് ഇക്കാര്യത്തിലും ശ്രദ്ധിക്കണം, വേണമെങ്കിൽ റൂട്ടുകൾ മാറ്റി കൊടുക്കാം .ഇതൊന്നും ആധികാരികമായി പറയാനുള്ള ഒരു വിദഗ്ധൻ ഒന്നുമല്ല ഞാൻ.
കുട്ടികളോട് പറയാനുള്ളത് ഈ മോട്ടോർസൈക്കിൾ അഭ്യാസവും കാറിന്റെ സ്പീഡും ഒക്കെ കുറക്കണം. അതൊക്കെ ചെയ്യാൻ റേസ് ട്രാക്കുകൾ ഉണ്ട് .നിങ്ങൾ അവിടെ പോയിട്ടാണ് ഇത് പഠിക്കേണ്ടത്. നമുക്ക് യാത്ര ചെയ്യാനുള്ളതാണ് റോഡ് .
എല്ലാവരും ശ്രദ്ധയോടെ വണ്ടി ഓടിക്കുക, എല്ലാവരും ശ്രദ്ധയോടെ റോഡിലൂടെ നടക്കുക. കുറവ് അപകടങ്ങൾ മാത്രമുള്ള സംസ്ഥാനമായി കേരളം മാറട്ടെ.യാത്ര മിഷൻ അംബാസിഡർ എന്ന സ്ഥാനം എന്നെ സംബന്ധിച്ച് വലിയ ഭാരമാണ്. പക്ഷേ ആദ്യം ഞാൻ നന്നാകണമല്ലോ, ഞാൻ ഏതായാലും നന്നാകാൻ തീരുമാനിച്ചു', താരം പറഞ്ഞു.


Click it and Unblock the Notifications
