പിറന്നാൾ ദിനവും പ്രളയത്തിന്റെ ഇരകൾക്കൊപ്പം.. വീടൊലിച്ച് പോയ ആശ്രിതയ്ക്ക് താങ്ങായി മമ്മൂട്ടി
പറവൂര്‍: മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്കയുടെ 67ാം പിറന്നാള്‍ ദിനമാണിന്ന്. ഈ ദിനം മമ്മൂട്ടി ആരാധകര്‍ ആഘോഷമാക്കുക തന്നെ ചെയ്യുന്നു. പാതിരാത്രി ആരാധകര്‍ മമ്മൂട്ടിയുടെ വീടിന് മുന്നില്‍ ചെന്ന് ആഘോഷിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നടനെന്ന നിലയില്‍ മാത്രമല്ല മനുഷ്യസ്‌നേഹി എന്ന നിലയ്ക്കും മമ്മൂട്ടി ഒരു മെഗാസ്റ്റാര്‍ തന്നെയാണ്.
തിരുവോണം കേരളത്തിലെ പ്രളയബാധിതര്‍ക്കൊപ്പം ആഘോഷിച്ച മമ്മൂട്ടി തന്റെ പിറന്നാള്‍ ദിനത്തിലും അവരെ മറന്നില്ല. പ്രളത്തില്‍ വീടടക്കം ഒലിച്ച് പോയ പറവൂരിലെ നിര്‍ധന കുടുംബത്തിലേക്കാണ് ആരാധകരെ ഞെട്ടിച്ച് കൊണ്ട് സ്‌നേഹ സ്പര്‍ശമായി മമ്മൂട്ടി എത്തിയത്.

പ്രളയത്തിൽ വീടൊലിച്ച് പോയി
പ്രിയപ്പെട്ട താരത്തിന്റെ പിറന്നാള്‍ പ്രമാണിച്ച് പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട് കഴിയുന്ന ആശ്രിത എന്ന യുവതിക്കും കുടുംബത്തിന് വീട് വെച്ച് നല്‍കാന്‍ മമ്മൂട്ടി ഫാന്‍സ് അസ്സോസ്സിയേഷന്‍ തീരുമാനിച്ചിരുന്നു. പറവൂര്‍ ഏഴിക്കരയിലാണ് ആശ്രിതയും കുടുംബവും താമസിക്കുന്നു. പ്രളയത്തില്‍ വീട് ഒലിച്ച് പോയതോടെ ടാര്‍പോളിന്‍ മറച്ചുണ്ടാക്കിയ താല്‍ക്കാലിക ഷെഡിലാണ് താമസം.

ഷെഡിലേക്ക് സൂപ്പര്‍താരം
ആശ്രിതയ്ക്ക് നിര്‍മ്മിച്ച് കൊടുക്കാന്‍ ഉദ്ദേശിക്കുന്ന വീടിന്റെ മാതൃക മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ കൈമാറാനായിരുന്നു ആരാധകര്‍ നിശ്ചയിച്ചിരുന്നത്. ഈ ചടങ്ങില്‍ പങ്കെടുക്കാനാണ് മമ്മൂട്ടി നേരിട്ട് എത്തിയത്. ടാര്‍പോളിന്‍ ഷെഡിലേക്ക് സൂപ്പര്‍താരമെത്തിയത് നാട്ടുകാരെ ആകെ അമ്പരപ്പിച്ചു.

നിറകണ്ണുകളോടെ ആശ്രിത
മമ്മൂക്കയുടെ സാന്നിധ്യവും സഹായവും നിറകണ്ണുകളോടെയാണ് ആശ്രിത സ്വീകരിച്ചത്. താന്‍ ഈ ചെയ്തത് ഒരു ചെറിയ കാര്യമാണ് എന്നും ഇനിയും ഒരുപാട് വലിയ കാര്യങ്ങള്‍നമുക്ക് ബാക്കിയുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. അതിന് വേണ്ടി നമുക്ക് ഒന്നിച്ച് ഇറങ്ങാമെന്നും മമ്മൂട്ടി പരിപാടിയില്‍ എത്തിയവരോട് പറയുകയുണ്ടായി. പറവൂര്‍ എംഎല്‍എ വിഡി സതീശനും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.

മറ്റൊരു നന്മ കൂടി
ഏവരേയും സാക്ഷിയാക്കി മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ വീടിന്റെ മാതൃക ആശ്രിതയ്ക്ക് കൈമാറി. ആശ്രിതയ്ക്ക് വീട് നഷ്ടപ്പെട്ട വിവരം അറിഞ്ഞ് വൈറ്റില സ്വദേശിയായ എകെ സുനില്‍ എന്നയാള്‍ വീട് വെയ്ക്കാന്‍ നാല് സെന്റ് ഭൂമി നല്‍കാന്‍ തയ്യാറായിരുന്നു. ഈ സ്ഥലത്താണ് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ വീടി വെച്ച് നല്‍കുക.

മമ്മൂട്ടിക്കുള്ള പിറന്നാള്‍ സമ്മാനം
പെയിന്റിംഗ് തൊഴിലാളിയായ സുനിലും ഈ ധന്യമുഹൂര്‍ത്തത്തിന് സാക്ഷിയാകാനായി പറവൂരില്‍ എത്തിയിരുന്നു. ആശ്രിതയ്ക്കുള്ള വീട് മമ്മൂട്ടിക്കുള്ള പിറന്നാള്‍ സമ്മാനമാണെന്ന് ഫാന്‍സ് അസ്സോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. മമ്മൂക്ക ഇത് മൂന്നാമത്തെ തവണയാണ് പറവൂരിലെത്തുന്നതെന്നും തിരുവോണത്തിനും സമയം ചെലവഴിച്ചത് ഇവിടെ ആണെന്നും വിഡി സതീശന്‍ എംഎല്‍എ പറഞ്ഞു.

മികച്ച സാമൂഹ്യ പ്രവർത്തകൻ
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മലയാളത്തിലെ നടന്മാരില്‍ മുന്നിലാണ് മമ്മൂട്ടി. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റികളിലൂടെ മമ്മൂട്ടി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഫാന്‍സ് അസോസിയേഷനുകളെ ക്രിയാത്മകമായി ഉപയോഗിക്കുകയും കൂടി ചെയ്യുന്ന താരമാണ് മമ്മൂട്ടി.

ആദിവാസികൾക്ക് വേണ്ടി
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ആദിവാസികള്‍ക്ക് വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഇടമലക്കുടി, കണ്ടളക്കുടി എന്നിവ അടക്കം കേരളത്തിലെ നിരവധി ആദിവാസി ഗ്രാമങ്ങള്‍ സംഘടന ദത്തെടുത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്.












Click it and Unblock the Notifications