മമ്മൂട്ടിയെ സുരേഷ് ഗോപി ബിജെപിയിലെത്തിക്കുമോ?; കേന്ദ്രമന്ത്രി ആകണ്ടേയെന്ന് ചോദ്യം, തഗ് മറുപടി, വൈറൽ
മലയാളത്തിലെ സൂപ്പർ താരങ്ങളില്‍ വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ച വ്യക്തിയാണ് സുരേഷ് ഗോപി. ബി ജെ പിയിലൂടെ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം ആദ്യം രാജ്യസഭ എംപിയാവുകയും പിന്നീട് തൃശൂർ ലോക്സഭ മണ്ഡലത്തില്‍ നിന്നും വിജയിച്ച് കേരള രാഷ്ട്രീയത്തില്‍ പുതിയ റെക്കോർഡ് സൃഷ്ടിക്കുകയും ചെയ്തു. പിന്നാലെ അദ്ദേഹത്തെ തേടി കേന്ദ്ര സഹമന്ത്രി പദവി എത്തുകയും ചെയ്തു.
സുരേഷ് ഗോപിക്ക് മുമ്പേ തന്നെ ബി ജെ പിയില്‍ എത്തുമെന്ന് പറയപ്പെട്ട വ്യക്തിയായിരുന്നു മോഹന്‍ലാല്‍. എന്നാല്‍ തന്റെ രാഷ്ട്രീയ നിലപാട് ഇതുവരെ പരസ്യമായി വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. മമ്മൂട്ടിയാകട്ടെ ഇടതുപക്ഷ നിലപാടുള്ള വ്യക്തിയെന്ന് തുടക്കം മുതല്‍ തന്നെ അറിയപ്പെടുന്ന താരവുമാണ്. സി പി എം പാർട്ടി ചാനലായ കൈരളിയുടെ ചെയർമാനായി വർഷങ്ങളായി അദ്ദേഹം പ്രവർത്തിക്കുകയും ചെയ്യുന്നു.

ഇപ്പോഴിതാ സുരേഷ് ഗോപിയും മമ്മൂട്ടിയും തമ്മില്‍ തമാശ രൂപേണയെങ്കിലും രാഷ്ട്രീയം സംസാരിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്. മഴവിൽ എന്റർടെയ്ന്‍മെന്റ് അവാർഡ്‌സിന്റെ അണിയറക്കാഴ്ചകൾ അണിയിച്ചൊരുക്കിക്കൊണ്ടുള്ള ഒരു വീഡിയോ മഴവില്‍ മനോരമ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഈ വീഡിയോയിലാണ് ഇരുവരുടേയും രാഷ്ട്രീയം പറച്ചില്‍.
പരിപാടിയില്‍ പങ്കെടുക്കുന്നില്ലെങ്കില്‍ റിഹേഴ്സല്‍ കാണാനായിട്ടായിരുന്നു സുരേഷ് ഗോപി എത്തിയത്. എല്ലാവരോടുമായി വിശേഷങ്ങള്‍ തിരക്കിയ ശേഷം തിരികെ പോകുമ്പോഴാണ് രസകരമായ സംഭാഷണം നടന്നത്. അവിടുന്ന് എന്നെ പറഞ്ഞ് അയച്ചാൽ ഞാൻ ഇങ്ങ് വരും കേട്ടോ എന്നായിരുന്നു കാറില്‍ കയറാന്‍ നേരം സുരേഷ് ഗോപി മമ്മൂട്ടിയോടായി പറഞ്ഞത്. അതായത് കേന്ദ്രത്തില്‍ നിന്നും പറഞ്ഞയച്ചാല്‍ സിനിമ രംഗത്തേക്ക് തന്നെ മടങ്ങിയെത്തുമെന്ന്.
നിനക്ക് ഇവിടത്തെ ചോറ് എപ്പോഴുമുണ്ട് എന്നായിരുന്നു സുരേഷ് ഗോപിക്ക് മമ്മൂട്ടി നല്‍കിയ മറുപടി. ഇതിനിടയിലാണ് അടുത്ത് കൂടിയിരുന്നവരില്‍ ആരോ ഒരാള്‍ മമ്മൂട്ടിയേയും കേന്ദ്ര മന്ത്രിയാക്കണമെന്ന് പറയുന്നത്. 'ഞാൻ എത്ര കാലമായി മമ്മൂക്കയോട് ഈ കാര്യം പറയുന്നുണ്ട്.... കേൾക്കണ്ടേ' എന്നായിരുന്നു ഇതിന് സുരേഷ് ഗോപിയുടെ പ്രതികരണം. ഉടന്‍ തന്നെ മമ്മൂട്ടിയുടെ മറുപടിയുമെത്തി 'ഇതല്ലേ അനുഭവം... ഞാൻ ഇങ്ങനെ അങ്ങ് ജീവിച്ച് പൊയ്ക്കോട്ടേ' എന്നായിരുന്നു മെഗാസ്റ്റാറിന്റെ വാക്കുകള്‍. ഇതോടെ സുരേഷ് ഗോപി അടക്കം ചുറ്റും കൂടി നിന്ന എല്ലാവരും ചിരിയായി.
ഈ രംഗങ്ങള്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. രസകരമായ കമന്റുകള്‍ പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ഇതേപ്പറ്റി വരുന്നുണ്ട്. മമ്മൂട്ടിയെ സുരേഷ് ഗോപി ബി ജെ പി ആക്കുമോ എന്ന് ഒരു വിഭാഗം ചോദിക്കുമ്പോള്‍ അത് ഏതായാലും നടക്കില്ലെന്നാണ് മറുവിഭാഗത്തിനറെ മറുപടി.
അതേസമയം, ദീർഘകാലം പിണക്കത്തിലായിരുന്നു താരങ്ങള്‍ കൂടിയാണ് സുരേഷ് ഗോപിയും മമ്മൂട്ടിയും. ഇരുവരും തമ്മില്‍ മിണ്ടാറില്ലായിരുന്നുവെന്നും ഗോസിപ്പുകളുണ്ടായിരുന്നു. പഴശ്ശിരാജ എന്ന ചിത്രത്തില്‍ എടച്ചേന കുങ്കനായി സംവിധായകന്‍ മനസ്സില്‍ കണ്ടത് സുരേഷ് ഗോപിയെ ആയിരുന്നെങ്കിലും മമ്മൂട്ടിയുമായുള്ള പിണക്കത്തെ തുടർന്ന് അദ്ദേഹം ആ വേഷം വേണ്ടെന്ന് വെക്കുകയായിരുന്ന തരത്തിലുള്ള റിപ്പോർട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.
സുരേഷ് ഗോപിയെ വിളിച്ചിരുന്നെങ്കിലും അദ്ദേഹം നോ പറയുകയായിരുന്നുവെന്നാണ് സംവിധായകന്‍ ഹരിഹരന്‍ തന്നെ വ്യക്തമാക്കിയത്. വർഷങ്ങള്‍ക്ക് ശേഷം നിര്‍മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളുടെ വിവാഹവേദിയില്‍ വെച്ചായിരുന്നു ഇരുവരുടേയും പിണക്കം മാറുന്നത്.എല്ലാം പറഞ്ഞു തീര്‍ത്തു എന്നും തങ്ങളുടെ പിണക്കം തീര്‍ന്നെന്നും പരസ്പരം കെട്ടിപ്പിടിച്ചുകൊണ്ട് ഇരുവരും വ്യക്തമാക്കുകയും ചെയ്തു.












Click it and Unblock the Notifications