മമ്മൂട്ടി വീണ്ടും പെട്ടു, കഷണ്ടി കഴിഞ്ഞപ്പോൾ പഞ്ചസാര; എടുത്തലക്കി സോഷ്യൽ മീഡിയ, വിമർശനം
കൊച്ചി: സിനിമകളിലേയും സിനിമ താരങ്ങളുടേയും ഭാഷകളിലെ രാഷ്ട്രീയ ശരികൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വിധേയമാകാറുണ്ട്. അതുകൊണ്ട് മാത്രം ഇത്തരം ശരികേടുകളിൽ പ്രതിച്ഛായ ഭയന്ന് ഖേദം പ്രകടിപ്പിക്കുന്നവരുമുണ്ട്. അടുത്തിടെ ഇത്തരത്തിൽ 'പൊളിറ്റിക്കൽ കറക്ട്നസ്' ചർച്ചയിൽ കുടുങ്ങിയ താരമായിരന്നു മെഗാതാരം മമ്മൂട്ടി. സംവിധായകൻ ജൂഡ് ആന്റണിയെ കുറിച്ചുള്ള മമ്മൂട്ടിയുടെ പ്രതികരണമായിരുന്നു വിവാദമായത്. അന്ന് മമ്മൂട്ടി ഇക്കാര്യത്തിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും മമ്മൂട്ടിയുടെ ഒരു പരാമർശം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് കാരണമായിരിക്കുകയാണ്. സിനിമാ പ്രമോഷൻ അഭിമുഖത്തിനിടെ പറഞ്ഞൊരു 'തമാശ'യാണ് വിവാദമായിരിക്കുന്നത്.

മമ്മൂട്ടിയുടെ ക്രിസ്റ്റഫർ ചിത്രം പ്രമോഷനിടെ
മമ്മൂട്ടിയുടെ പുതിയ ചിത്രമായ ക്രിസ്റ്റഫറിന്റെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു സംഭവം. സിനിമയിൽ മമ്മൂട്ടിക്കൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി ഐശ്വര്യ ലക്ഷ്മിയും ചേർന്നുള്ളതായിരുന്നു പരിപാടി. മമ്മൂട്ടിയെ മുൻപ് ഐശ്വര്യ ചക്കരയെന്ന് വിശേഷിപ്പിച്ചിരുന്നല്ലോയെന്നതായിരുന്നു അഭിമുഖത്തിലെ ചോദ്യം. അതെ മമ്മൂട്ടി ചക്കര തന്നെയെന്ന് ഐശ്വര്യ ആവർത്തിച്ചു.

പഞ്ചസാരയും ചക്കരപ്പെട്ടിയും
ഇതിനിടയിൽ മമ്മൂട്ടി ഇടപെട്ടു. 'നല്ല വെളുത്ത പഞ്ചസാരയെന്ന് വിളിക്കില്ല എന്നെ, കറുത്ത ശര്‍ക്കരയെന്നേ വിളിക്കൂ. ചക്കരയെന്ന് പറഞ്ഞാല്‍ കരുപ്പെട്ടിയാണ്, അറിയാവോ?, ആരേലും അങ്ങനെ ഒരാളെപ്പറ്റി പറയുമോ? ഞാന്‍ തിരിച്ചു പറഞ്ഞാല്‍ എങ്ങനെയുണ്ടാവും, കരുപ്പെട്ടിയെന്ന്?', എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

പൊളിറ്റിക്കൽ കറക്ട്നസ്
എന്നാൽ മമ്മൂട്ടിയുടേത് പൊളിറ്റിക്കലി കറക്ടായൊരു പരാമർശം അല്ലെന്നും ഇതിനെ ഒരു തമാശയായി വ്യാഖ്യാനിക്കാൻ ആകില്ലെന്നുമാണ് സോഷ്യൽ മീഡിയ ചൂണ്ടുക്കാട്ടുന്നത്. തമാശകൾ എന്ന പേരിൽ മുൻപ് ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട പരാമർശങ്ങൾ തിരുത്തി ഉത്തരവാദിത്തതോടെ മുൻപോട്ട് പോകാനാണ് മമ്മൂട്ടിയെ പോലുള്ളവർ ശ്രമിക്കേണ്ടതെന്നും പലരും പറയുന്നു.

മമ്മൂക്ക ദേ പിന്നേം പെട്ട്
വിഷയത്തിൽ ഡോക്ടർ ഷിംന അസീസ് നടത്തിയ പ്രതികരണം ഇങ്ങനെ-"വെളുത്ത പഞ്ചസാരേ എന്നു വിളിക്കില്ല, കറുത്ത ശർക്കരേ എന്നേ വിളിക്കൂ... ശർക്കര കരുപ്പട്ടിയാണ്, അങ്ങനെ ആരെങ്കിലും വിളിക്കുമോ? ഞാൻ കരുപ്പട്ടി എന്ന് വിളിച്ചാൽ എങ്ങനിരിക്കും?"മമ്മൂട്ടി ഐശ്വര്യലക്ഷ്‌മിയോട് ചോദിച്ച ചോദ്യമാണ് പൊളിറ്റിക്കൽ കറക്‌ട്‌നസിൻ്റെ പുതിയ ഇര. ജൂഡിനോട് പറഞ്ഞ 'തമാശ' കഴിഞ്ഞ് മമ്മൂക്ക ദേ പിന്നേം പെട്ട് !

പഠിച്ചതേ അവിടുന്ന് പാട്ടായി പുറത്ത് വരൂ
'മിക്കവരും ഉള്ളിന്റെയുള്ളിൽ ഈ ഇൻകറക്‌ട്‌നസുള്ളവരാണ്. ചിലർ പഠിച്ചത് തിരുത്താൻ തയ്യാറായി ബോഡി ഷെയിമിങ്ങും ഈ ജാതി ഒലക്കമ്മലെ താരതമ്യങ്ങളെയും മറികടന്ന് മറുകര ചേർന്നു. പലരും ഇപ്പഴും അക്കരെ നിന്ന് വള്ളം കിട്ടാതെ സ്‌റ്റക്കായി നിൽക്കുന്നു.'എവർയൂത്തൻ' എന്ന വിളിപ്പേര് മാത്രമേ ഇക്കാക്ക് ഉള്ളൂ, വയസ്സ് കുറേയായി. ജനറേഷൻ വേറെയാണ്. പഠിച്ചതേ അവിടുന്ന് പാട്ടായി പുറത്ത് വരൂ. അതാണ് ഇടക്കിടക്ക് മൂപ്പർ ഇങ്ങനെ പെടുന്നത്'

ഏത് നിറമുള്ളവരും ഒരേ പോലെയാണെന്നും എല്ലാവരും മനുഷ്യരാണെന്നും ഇനിയങ്ങോട്ട് ഉള്ള ജനറേഷനെങ്കിലും പാഠമായി പകർന്ന് കൊടുക്കാൻ നമുക്കാവണം. അതാകണം ഇത്തരം പ്രശസ്‌തരുടെ തെറ്റുകൾ നമുക്ക് പകർന്ന് തരുന്ന ഗുണപാഠം.
അപ്പോ മമ്മൂക്കയുടെ ''പഞ്ചാരവിറ്റ്?"
പറഞ്ഞിട്ട് കാര്യല്ല കുട്ടീ... ഇന്നലെ കഷണ്ടി, ഇന്ന് പഞ്ചാര, നാളെ വേറെ വല്ലോം പറയും...
പറഞ്ഞില്ലേ, പഠിച്ചതേ പാടൂ', ഷിംന അസീസ് കുറിച്ചു.

എന്തായാലും മുൻപ് ജൂഡിന് കഷണ്ടിയുണ്ടെന്ന് എന്ന് പറഞ്ഞ് കളിയാക്കിയത് തൊട്ട് പിന്നാലെ തനിക്ക് ജാഗ്രത കുറവുണ്ടായെന്ന് പറഞ്ഞ് രംഗത്തെത്തിയ മമ്മൂട്ടി പുതിയ പരാമർശത്തിൽ എന്തെങ്കിലും പ്രതികരിക്കുമോയെന്നതാണ് സോഷ്യൽ മീഡിയ ഉറ്റുനോക്കുന്നത്. പറയണമെന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ആരാധകരുടെ പ്രതികരണം.












Click it and Unblock the Notifications