ആ സെറ്റിൽ നിന്ന് ഞാൻ ആദ്യം തന്നെ ഇറങ്ങിപ്പോയേനെ, ഞാനത് ചെയ്തില്ല, പിന്നീട് രജനി സര് വിളിച്ചു;മംമ്ത
തിരുവനന്തപുരം: മലയാള സിനിമയില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയിരക്കുകയാണ് മംമ്ത മോഹന്‍ദാസ്. 21-ാം വയസ്സില്‍ സിനിമയില്‍ എത്തിയപ്പോഴുണ്ടായ അവസ്ഥയില്‍ നിന്നും ഒരുപാട് വസ്തുകള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് താരം വ്യക്തമാക്കുന്നത്. ഇക്കാലത്തിനിടയില്‍ സിനിമയ്ക്കുപരി ജീവിതവും ഒരുപാട് പഠിപ്പിച്ചിട്ടുണ്ട്. ഒരോ താഴ്ചയിലു ജീവിതത്തിലെ ഒരു ഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നു പോയിട്ടുള്ളത്. കഴിഞ്ഞ ആറ് വര്‍ഷമായി ഞാന്‍ അമേരിക്കയിലാണ്. ആ രാജ്യം എനിക്ക് തന്നിട്ടുള്ള ഫ്രീഡം ഒാഫ് തോട്ട് ഒരിക്കലും എന്റെ രാജ്യത്ത് എനിക്ക് ലഭിച്ചിട്ടില്ലെന്നും മമംത മോഹന്‍ദാസ് പറയുന്നു. മനോരമ ഓണ്‍ലൈന്‍ അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നും മംമ്ത മോഹന്‍ദാസ്.

മംമ്ത മേഹന്‍ദാസ്
ഞാന്‍ ആരാണ്, എനിക്ക് എന്തൊക്കെ നേടാന്‍ പറ്റും എന്നൊക്കെ എന്നെ പഠിപ്പിച്ചത് അമേരിക്കയാണെന്നും മംമ്ത മേഹന്‍ദാസ് പറയുന്നു. കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ കൊണ്ട് ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് വളര്‍ച്ചയുണ്ടാവാന്‍ കഴിഞ്ഞതും അവിടെ ജീവിക്കാന്‍ സാധിച്ചത് കൊണ്ടാണ്. ഇങ്ങനെ തുറന്ന പറയുമ്പോള്‍, പലരും പല രീതിയില്‍ വിലയിരുത്തിയേക്കും. പക്ഷെ അത് തുറന്ന പറയാതെ നിവൃത്തിയില്ലെന്നും അഭിമുഖത്തില്‍ മംമ്ത പറയുന്നു.

താല്ക്കാലികമാണ്
നഷ്ടങ്ങളുടെ പരാജയങ്ങളുമൊക്കെ ജീവിതത്തിന്റെ അവസാനമല്ല, അത് താല്ക്കാലികമാണ്. നമ്മുടെ തകര്‍ച്ചകളില്‍ നിന്നും നാം ഒരിക്കലും ഒളിച്ചോടരുത്. എന്റെ രോഗം ആദ്യം തിരിച്ചറിഞ്ഞ സമയത്ത് 2009-2010 കാലഘട്ടത്തിൽ ഞാനും അങ്ങനെ ചെയ്തിട്ടുണ്ട്. ഒരു തിരിച്ചടി നമുക്ക് ഉണ്ടാകുമ്പോള്‍ നമ്മെ സ്നേഹിക്കുവരെ ഒര്‍ത്ത് നാം മിണ്ടാതിരിക്കാറുണ്ട്. അവര്‍ക്ക് വിഷമം ആകേണ്ട എന്ന് കരുതി നാം നമ്മുടെ വിഷമങ്ങള്‍ പ്രകടിപ്പിക്കാതിരിക്കും.

ഇഷ്ടമല്ലായിരുന്നു
സാധാരണ ഗതിയില്‍ അഭിനേതാക്കള്‍ പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ ജീവിതത്തിലുണ്ടാകുമ്പോള്‍ കൂടുതല്‍ തങ്ങളുടെ ജോലിയില്‍ ശ്രദ്ധിക്കാനാണ് ശ്രമിക്കുക. എന്നാല്‍ ഞാന്‍ അങ്ങനെയല്ല. അഭിനയം അടക്കമുള്ള കാര്യങ്ങളില്‍ നിന്നും ഞാന്‍ പൂര്‍ണ്ണമായും വിട്ട് നില്ക്കും. കാരണം ജീവിതത്തില്‍ എനിക്ക് അഭിനയിക്കാന്‍ ഇഷ്ടമല്ലായിരുന്നുവെന്നും താരം പറയുന്നു.

സന്തോഷവതിയാണോ
ആരെങ്കിലും നിങ്ങള്‍ സന്തോഷവതിയാണോ എന്ന് ചോദിച്ചാല്‍ നുണ പറയേണ്ടി വരുന്നത് ആലോചിക്കാനാവില്ല. ഞാന്‍ വളരെ വലിയ ഡിപ്രഷനില്‍ പോയിട്ടുണ്ട്. നമ്മുടെ തകർച്ചകൾ കൈകാര്യം ചെയ്യാൻ പലപ്പോഴും നമുക്ക് ബുദ്ധിമുട്ടായിരിക്കും. അക്കാലത്തൊക്കെ ഞാന്‍ സിനിമയില്‍ നിന്നും വിട്ട് നിന്നു. സിനിമയില്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയില്ല എന്നതു കൊണ്ടാണ് ഇടവേളകള്‍ എടുത്തത്, അത്തരം ഇടവേളകള്‍ തിരിച്ചു വരവിനുള്ള വലിയ ഊര്‍ജം പകര്‍ന്ന് തന്നെന്നും മംമ്ത വ്യക്തമാക്കുന്നു.

അഭിനേതാക്കളുടെ ഒപ്പം
മമ്മൂട്ടി, മോഹന്‍ലാല്‍, ജയാറം, സുരേഷ് ഗോപി, ദീലീപ്, പ്രിഥിരാജ് തുടങ്ങിയ മിക്ക മുന്‍നിര നായകന്മാരോടൊപ്പവും അഭിനിയിക്കാന്‍ സാധിച്ചു. ഇത്രയും വലിയ അഭിനേതാക്കളുടെ ഒപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. സ്ക്രീനില്‍ കാണുന്ന ഒരാളെ നമുക്ക് ആരാധിക്കാന്‍ പറ്റും. എന്നാല്‍ അതെ ആളെ നേരില്‍ കാണുമ്പോള്‍ വ്യത്യസ്തമായ അനുഭവമാകും. നാം പ്രതീക്ഷിക്കുന്ന ഒരു എനര്‍ജി അവരില്‍ നിന്നും ഉണ്ടാവില്ല.

മമ്മൂട്ടി
എനിക്ക് മമ്മൂക്കയുമായി വ്യക്തിപരമായി വലിയ അടുപ്പമുണ്ട്. സ്കീനിൽ അദ്ദേഹത്തെ കാണുന്നത് പോലെയേ അല്ല വ്യക്തി ജീവിതത്തിൽ അദ്ദേഹം. അതുപോലെ തന്നെയാണ് രജനി സര്. ആകെ കുറച്ചു മണിക്കൂറുകള്‍ മാത്രമാണ് കുചേലന് എന്ന സിനിമയ്ക്കായി അദ്ദേഹത്തിനൊപ്പം ചിലവഴിച്ചത്. ഒരു വലിയാ പാട്ടായിരുന്നു ആ സിനിമയില്‍ ആദ്യം ഉണ്ടായിരുന്നത്. പക്ഷെ ചില കാരണങ്ങളാല്‍ അത് വെട്ടിച്ചുരുക്കിയെന്നും മംമ്ത വ്യക്തമാക്കുന്നു.

ആ സിനിമയിൽ
അന്നൊക്കെ പൊളിറ്റിക്കല്‍ കറക്റ്റ്നെസ് നോക്കുന്ന ആളായിരുന്നു താനെങ്കില്‍ ചിലപ്പോള്‍ ആ സിനിമയില്‍ ഉണ്ടാകുമായിരുന്നില്ല. ആ സിനിമാ സെറ്റില്‍ നിന്നും ഞാന്‍ ആദ്യം തന്നെ ഇറങ്ങിപ്പോയെനെ. പക്ഷെ ഞാനത് ചെയ്തില്ല. ഞാൻ അവിടെ നിന്നു എന്റെ ഭാഗം അഭിനയിച്ചു. ആകെ ഒരു ഷോട്ട് മാത്രമാണ് ആ സിനിമയിൽ എന്റേതായി ഉണ്ടായിരുന്നത്. എന്നെ സംബന്ധിച്ച് വലിയ വിഷമം ഉണ്ടാക്കിയ സംഭവമായിരുന്നു അതെന്നും താരം പറയുന്നു.

രജനികാന്ത് വിളിച്ചു
പക്ഷെ രജനി സാറോട് എനിക്കുള്ള ബഹുമാനം വര്‍ധിച്ചത് പിന്നീടുള്ള ചില സംഭവങ്ങള്‍ കാരണമാണ്. ആ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഞാൻ വിഷമിച്ചാണ് പോയതെന്ന് അദ്ദേഹത്തോട് എപ്പോഴോ പറഞ്ഞു. പിന്നീട് അദ്ദേഹം എന്നെ ഫോണ്‍ ചെയ്തു. മംമ്ത എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു. ക്ഷമിക്കണം എന്നൊക്കെ അദ്ദേഹം എന്നോട് പറഞ്ഞു. അദ്ദേഹം അറിഞ്ഞു കൊണ്ടല്ല ഇതൊക്കെ ചെയ്തതെന്ന് എനിക്കറിയാം.

പ്രായത്തിന്റെ കാര്യം
കരിയറിന്റെയും പ്രായത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട സമയം രോഗം മൂലം നഷ്ടമായതായി ഒരിക്കലും തോന്നുന്നില്ല. പ്രായത്തിന്റെ കാര്യം നോക്കിയാൽ ഇരുപതുകളുടെ അവസാന കാലം കുറച്ച് നഷ്ടമായി എന്നതൊഴിച്ചാൽ മറ്റൊന്നും എനിക്ക് സംഭവിച്ചില്ല. പക്ഷെ എനിക്ക് തിരിച്ചു കിട്ടിയത് അതിനേക്കാളും വലിയ നേട്ടങ്ങളാണ്. അതിനാല്‍ തന്നെ അതൊന്നും എനിക്കൊരു നഷ്ടമായി തോന്നുന്നില്ലെന്നും നടി പറയുന്നു.

ആരോഗ്യപരം
ജീവിതത്തിൽ ഞാൻ നേരിട്ട ഏറ്റവും വലിയ തിരിച്ചടി ആരോഗ്യപരമായിട്ടുള്ളതാണ്. മികച്ച സിനിമകളില്‍ അവസരം ലഭിച്ചെങ്കിലും അനാരോഗ്യം കാരണം അതിലൊന്നും അഭിനയിക്കാന്‍ സാധിച്ചില്ല. അതെനിക്ക് വിധിച്ചിട്ടില്ല എന്നോർത്ത് സമാധാനിക്കാൻ ഞാൻ നോക്കിയെങ്കിലും അതത്ര എളുപ്പമായിരുന്നില്ല. ഒരു ഭാഗ്യ സിനിമ എന്ന് പറയാന്‍ എന്റെ കരിയറില്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും മംമ്ത വ്യക്തമാക്കുന്നു.

സിനിമയിലെ വളര്‍ച്ച
സിനിമയിലെ എന്റെ വളര്‍ച്ചയും പതിയെയായിരുന്നു. വർഷങ്ങൾ എന്നിൽ നിന്ന് എടുക്കപ്പെട്ടെങ്കിൽ പകരം വിലയേറിയ നിരവധി പാഠങ്ങളാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. ആ അനുഭവങ്ങളാണ് എന്നെ മുന്നോട്ട് നയിച്ചതും ഇപ്പോള്‍ ജീവിക്കാന്‍ പ്രേരിപ്പിച്ചതും. ആ അനുഭവങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്ന് എവിടേയും എത്തില്ലായിരുന്നുവെന്ന് ഉറച്ച് വിശ്വസിക്കുന്നതായും നടി അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.