'മാമുക്കോയ മരിക്കാന്‍ നേരം ടാക്‌സി വിളിച്ച് കൊച്ചിയില്‍ പോകേണ്ടിയിരുന്നു; കാണിച്ചത് അനാദരവ്'
കോഴിക്കോട്: അതുല്യ നടന്‍ മാമുക്കോയക്ക് അര്‍ഹിച്ച ആദരവ് സിനിമാ ലോകം നല്‍കിയില്ലെന്ന് സംവിധായകന്‍ വിഎം വിനു. സോഷ്യല്‍ മീഡിയയില്‍ ഈ വിഷയം വലിയ ചര്‍ച്ചയായിരിക്കെയാണ് വിനുവിന്റെ പ്രതികരണം. കോഴിക്കോട് നടന്ന അനുസ്മരണ സമ്മേളനത്തില്‍ ആര്യാടന്‍ ഷൗക്കത്തും ഇക്കാര്യം ചൂണ്ടിക്കാട്ടി. വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് സിനിമാ മേഖലയില്‍ നിന്ന് വന്നതെന്നും വിനു പറഞ്ഞു.
പ്രമുഖ താരങ്ങളൊന്നും മാമുക്കോയക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നില്ല. നടന്‍ ജോജു ജോര്‍ജ്, ഇര്‍ഷാദ്, സാദിഖ്, വിനോദ് കോവൂര്‍, നിര്‍മല്‍ പാലാഴി, നടി സുരഭി ലക്ഷ്മി എന്നിവരുള്‍പ്പെടെ ഏതാനും താരങ്ങളാണ് വന്നത്. അമ്മയെ പ്രതിനിധീകരിച്ച് ഇടവേള ബാബുവും എത്തി. സംവിധായകരില്‍ സത്യന്‍ അന്തിക്കാട് മാത്രമാണ് വന്നത്. ഇതെല്ലാമാണ് വലിയ വിമര്‍ശനത്തിന് വഴിവച്ചത്.

ദിവസങ്ങള്‍ക്ക് മുമ്പ് വണ്ടൂരില്‍ ഫുട്‌ബോള്‍ മല്‍സര ഉദ്ഘാടനത്തിന് പോയ വേളയിലാണ് മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. തുടര്‍ന്ന് വണ്ടൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശേഷം കോഴിക്കോട് മൈത്ര ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച ഉച്ചയ്ക്കാണ് അദ്ദേഹം വിടപറഞ്ഞത്. ഇതോടെ ജനങ്ങളുടെ ഒഴുക്കായിരുന്നു ആശുപത്രിയിലേക്ക്. ഉച്ചയ്ക്ക് ശേഷം ടൗണ്‍ഹാളില്‍ പൊതുദര്‍ശനം തുടങ്ങി.
രാത്രി പത്ത് മണിയായിട്ടും ജനങ്ങള്‍ ഒഴുകി. ശേഷം വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോയി. ഇന്ന് രാവിലെയാണ് കണ്ണംപറമ്പ് ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ സംസ്‌കരിച്ചത്. കോഴിക്കോടിന്റെ കലാ സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന വ്യക്തിയായിരുന്നു മാമുക്കോയ. കോഴിക്കോട്ടെ ജനങ്ങള്‍ അദ്ദേഹത്തിന്റെ അന്ത്യയാത്ര ഭംഗിയാക്കുകയും ചെയ്തു. എന്നാല്‍ സിനിമാ ലോകം വേണ്ട ആദരവ് നല്‍കിയില്ല എന്നാണ് വിമര്‍ശനം.
വിഎം വിനുവിന്റെ വാക്കുകള്‍ ഇങ്ങനെ- മലയാള സിനിമ മാമുക്കോയക്ക് അര്‍ഹിച്ച ആദരവ് നല്‍കിയോ എന്ന ചോദ്യമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. സത്യമാണ്. ആ ആദരവ് സിനിമയിലെ പലരും നല്‍കിയിട്ടില്ല. പലരും എന്നോട് ചോദിച്ചു അവര്‍ വരുമോ, ഈ നടന്‍ വരുമോ, മറ്റേയാള്‍ വരുമോ എന്നൊക്കെ... നടനെ കാണാനുള്ള ആഗ്രഹം കൊണ്ടാകാം. അല്ലെങ്കില്‍ അവര്‍ ഇവിടെ വരേണ്ടതല്ലേ എന്ന ചിന്തയായിരിക്കാം...
വരും, വരാന്‍ സാധ്യതയുണ്ട് എന്നൊക്കെ പറഞ്ഞ് ഞാന്‍ മറുപടി നല്‍കി. താരങ്ങള്‍ മാത്രമല്ല, സംവിധായകരും ഏറെയാണ്. മാമുക്കോയയെ ഉപയോഗിച്ച ഒട്ടേറെ സംവിധായകരുണ്ട്. ഒരു കുട്ടി പോലും തിരിഞ്ഞുനോക്കിയില്ല. സത്യന്‍ അന്തിക്കാട് ഒഴികെ. നീചമായ പ്രവൃത്തിയാണിത്. ആശുപത്രി മുതല്‍ ഖബറടക്കുന്നതുവരെ ഞങ്ങള്‍ കുറച്ചുപേര്‍ ഇവിടെയുണ്ടായിരുന്നു...

ജോജു ഉള്‍പ്പെടെയുള്ള മറ്റു ചിലര്‍ മാമുക്കോയയെ കാണാനെത്തി. ചിലര്‍ എന്നോട് ചോദിച്ചു എന്തുകൊണ്ട് മറ്റുള്ളവര്‍ വന്നില്ല. ഞാന്‍ അവരോട് പറഞ്ഞത് ഇങ്ങനെയാണ്. മാമുക്കോയ എറണാകുളത്ത് പോയി മരിക്കേണ്ടിയിരുന്നു. ഒരു ടാക്‌സി വിളിക്കുക. മരിക്കാന്‍ വേണ്ടി എറണാകുളത്ത് പോകുക. എന്നിട്ട് അവിടെ കിടന്ന് മരിക്കുക. അപ്പോള്‍ എല്ലാവര്‍ക്കും വരാന്‍ സൗകര്യമാകുമല്ലോ...
നടന്‍മാര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കുമെല്ലാം വരാന്‍ അപ്പോള്‍ പറ്റുമായിരുന്നു. മാമുക്കോയയെ കുറിച്ച് പൊക്കി പറഞ്ഞ് അവര്‍ക്ക് പോകാമായിരുന്നു. കോഴിക്കോട് അവര്‍ക്ക് ദൂരമല്ലേ. സഞ്ചരിക്കാന്‍ പറ്റില്ലല്ലോ... ബന്ധങ്ങള്‍ എന്നു പറഞ്ഞാല്‍ ചെറുതല്ല. പല ചിത്രങ്ങളുടെയും വിജയത്തിന് കാരണക്കാരനായിരുന്നില്ലേ മാമുക്കോയ. ഇക്കാര്യം എല്ലാവരും ചിന്തിക്കണം. സംഘടനാ തലപ്പത്തിരിക്കുന്നവരും ചിന്തിക്കണ്ടേതായിരുന്നു...
കൂടുതല്‍ പറയുന്നില്ല. കോഴിക്കോട്ടെ സാധാരണക്കാര്‍ ഇവടെ നിറഞ്ഞിരുന്നു. അതാണ് ആദരവ്, ബഹുമാനം, ആരാധന.... ഞാന്‍ മരിക്കുമ്പോള്‍ എറണാകുളത്ത് പോയി മരിക്കാന്‍ ശ്രമിക്കും. ഇവിടെ കിടന്ന് മരിച്ചാല്‍ ഇവരൊക്കെ തന്നെയാകും ഉണ്ടാകുക. എറണാകുളത്താകുമ്പോള്‍ കൂടുതല്‍ താരങ്ങള്‍ എത്തുമെന്നും വിഎം വിനു സങ്കടത്തോടെ പറഞ്ഞുനിര്‍ത്തി.












Click it and Unblock the Notifications