'രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കാൻ പറഞ്ഞയാൾ വേണ്ട', അൻവറിനെതിരെ മാമുക്കോയയുടെ മകൻ നിസാർ
കോഴിക്കോട്: ഇടതുമുന്നണി സ്ഥാനാർത്ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചതോടെ പിവി അൻവറിനെ മുന്നണിയിലേക്ക് എത്തിക്കാൻ യുഡിഎഫ് നേതൃത്വം തയ്യാറായേക്കും. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൌക്കത്തിനെ അംഗീകരിച്ചാൽ അൻവറിനെ അസോസിയേറ്റ് അംഗമാക്കാം എന്നാണ് വാഗ്ദാനം. എന്നാൽ ഇതുവരെ അൻവർ ഇതിന് വഴങ്ങിയ മട്ടില്ല. മാത്രമല്ല വിഡി സതീശനെതിരെ അൻവർ രൂക്ഷമായ വിമർശനം ഉന്നയിക്കുന്നത് തുടരുകയുമാണ്.
ഇടതുമുന്നണിയുടെ ഭാഗമായിരിക്കേ രാഹുൽ ഗാന്ധി അടക്കം കോൺഗ്രസിന്റെ നേതാക്കൾക്കെതിരെ ശക്തമായ ആക്രമണം നടത്തിയ നേതാവാണ് പിവി അൻവർ. അതുകൊണ്ട് തന്നെ അൻവറിനെ മുന്നണിയിലേക്ക് എടുക്കുന്നതിൽ അണികളിൽ ഒരു വിഭാഗത്തിന് വലിയ അതൃപ്തിയുണ്ട്. എന്നാൽ നിലമ്പൂരിലെ അൻവറിന്റെ കരുത്ത് പരിഗണിക്കുമ്പോൾ യുഡിഎഫിന് മുന്നിൽ അദ്ദേഹത്തെ കൂടെ നിർത്തുക എന്നതാണ് വിജയം ഉറപ്പിക്കാനുളള പോംവഴി.

അതിനിടെ പിവി അൻവറിനെ യുഡിഎഫ് മുന്നണിയിലേക്ക് എടുക്കുന്നതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടൻ മാമുക്കോയയുടെ മകനും അഭിനേതാവുമായ മുഹമ്മദ് നിസാർ മാമുക്കോയ. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണം എന്ന് പറഞ്ഞ ആളെ മുന്നണിയിലെടുക്കരുത് എന്നാണ് നിസാർ മാമുക്കോയ ആവശ്യപ്പെടുന്നത്. ഫേസ്ബുക്കിലാണ് നിസാർ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
നിസാർ മാമുക്കോയയുടെ കുറിപ്പ് വായിക്കാം: '' പ്രിയപ്പെട്ട രാഹുൽജി... എന്റെ രാഷ്ട്രീയം എന്തുമാവട്ടെ. എന്നാലും അങ്ങ് എന്റെ പ്രിയപ്പെട്ട രാജീവ്ജിയുടെ ഓമനപുത്രനും എന്റെ ജീവനായ ഇന്ദിരാജിയുടെ പേരകുട്ടിയും ആണ്. രാഷ്ട്രീയത്തിലെ തിന്മകൾ ചെറുതോ വലുതോ ആവട്ടെ. നന്മകൾ ഉണ്ടെങ്കിൽ പ്രവർത്തിക്കട്ടെ. വാക്കുകൾ മാറിക്കോട്ടെ തിരുത്തിക്കോട്ടെ അത് രാഷ്ട്രീയം അല്ലേ. ഇലക്ഷനോടൊപ്പം വരുന്ന വാഗ്ദാനപട്ടിക കണ്ടും കൊണ്ടും തൃപ്തിപ്പെട്ട വോട്ടർമാർ അടുത്ത ഇലക്ഷനു വോട്ട് ചെയ്യാൻ കാത്തു നിൽക്കുന്നതും ആവട്ടെ..
പക്ഷേ രാഹുൽജി അങ്ങ് എനിക്കും കേരളത്തിലെ കോൺഗ്രസ് കാർക്കും സ്വന്തം ജീവനേക്കാൾ ഏറെയാണ്. എന്നാൽ അങ്ങയുടെ ഡിഎൻഎ പരിശോധിക്കാൻ പറഞ്ഞ രാഷ്ട്രീയം ഇവിടെത്തെ യുഡിഎഫ് മുന്നണിയിൽ വരുമ്പോൾ ഞങ്ങൾ ഇന്ദിരാജിയെയും രാജീവ് ജിയെയും നെഞ്ചിലേറ്റിയവർ മനസ്സിൽ തേങ്ങുന്നു...
എന്നെങ്കിലും ഒരുനാൾ താങ്കൾ നമ്മുടെ പ്രധാനമന്ത്രി ആകും എന്ന പ്രതീക്ഷയോടെ ജീവിക്കുന്നവർക്ക് അവരുടെ അഭിമാനം സംരക്ഷിക്കാൻ താങ്കൾ ഇവിടുത്തെ മുന്നണിയോട് പറയണം താങ്കളുടെ തീരുമാനം. താങ്കളുടെയും നെഹ്‌റു കുടുംബത്തിന്റെയും മാനമെങ്കിലും കാത്തു സൂക്ഷിക്കാനും എന്നും കാക്കുന്നവരോടൊപ്പം നിക്കാനും........ ജയ് ഹിന്ദ്.. ജയ് ഇന്ദിരാജി''.












Click it and Unblock the Notifications