മോദിയെ വധിയ്ക്കുമെന്ന് കത്തെഴുതിയ മലയാളി പിടിയില്‍
പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിയ്ക്കുമെന്ന് പറഞ്ഞ് ഭീഷണിക്കത്തുകള്‍ അയച്ചിരുന്ന മലയാളി പിടിയില്‍. വയനാട് സ്വദേശിയായ എന്‍ഡി തോമസ് ആണ് പിടിയിലായത്.
അടൂര്‍ പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ടയിലെ ബിജെപി ഓഫീസുകളിലേയ്ക്ക് ഇയാള്‍ അടുത്തിടെയായി നിരന്തരം ഭീഷണിക്കത്തുകള്‍ അയക്കുമായിരുന്നത്രെ. മോദിയെ വധിയ്ക്കും എന്നാകും എല്ലാ കത്തിലേയും ഭീഷണി.

ഭീഷണി പതിവായപ്പോള്‍ വിവരം പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പത്തനംതിട്ടയില്‍ പിടിയിലായത്. സുവിശേഷ പഠനത്തിനായാണ് ഇയാള്‍ എത്തിയതെന്നാണ് പോലീസ് നല്‍കുന്ന വിവരം. പുനലൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു പഠനം.
പത്തനംതിട്ടയിലെ 15 ബിജെപി ഓഫീസുകളിലേയ്ക്കായിരുന്നു ഇയാള്‍ ഭീഷണി കത്തുകള്‍ അയച്ചിരുന്നത്. കത്തയക്കല്‍ കഴിഞ്ഞപ്പോള്‍ ഫോണ്‍ വിളിച്ചും ഭീഷണിപ്പെടുത്താന്‍ തുടങ്ങി. മോദി കേരളത്തിലെത്തിയാല്‍ കൊന്നുകളയും എന്നായിരുന്നു ഭീഷണി.
ബിജെപി പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം പോലീസില്‍ പരാതിപ്പെട്ടത്. കത്തിന്‍റെ ഉറവിടെ കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരുന്നെങ്കിലും ഫോണ്‍ വഴിയുള്ള ഭീഷണി തുടങ്ങിയപ്പോള്‍ അന്വേഷണം കുറച്ചുകൂടി എളുപ്പത്തിലായി.












Click it and Unblock the Notifications