കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂര്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണം കൊലപാതകമെന്ന് പരാതി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത മാന്ദാമംഗലം സ്വദേശി ഏഴോലിക്കല്‍ ബൈജുവിന്റെ മരണം കൊലപാതകമാണെന്ന പരാതിയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് സര്‍ക്കാര്‍ ഉത്തരവായി. ഹ്യുമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സെന്റര്‍ ഭാരവാഹികളായ അഡ്വ. ശിവരാജന്‍, ജോയ് കൈതാരത്ത് എന്നിവര്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ്. പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. സുരേഷ്ബാബുവിന്റെ നേതൃത്വത്തില്‍ തൃശൂര്‍ ക്രൈംബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കാണ് അന്വേഷണ ചുമതല.

പട്ടിക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ സ്വയം ഹാജരായ ബൈജുവിനെ 2017 ജൂലൈ മാസം 23ന് രാവിലെ വീടിനു സമീപമുള്ള കുന്നിന്‍മുകളില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ഹാജരായ ദിവസം ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തെളിവെടുപ്പിനു കൊണ്ടുപോയി രാത്രി തിരിച്ചെത്തിയശേഷം മാന്ദാമംഗലം ഫോസ്റ്റ് ഓഫീസിനു മുന്‍പില്‍നിന്നും ബൈജു ഓടി രക്ഷപ്പെട്ടുവെന്നും കെട്ടിത്തൂങ്ങി മരിച്ചുവെന്നുമാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്.

thrisur

വര്‍ഷങ്ങളായി വനംകൊള്ള നടത്തുന്ന വന്‍ മാഫിയാ സംഘം മേഖലയില്‍ പ്രവര്‍ത്തിക്കുന്നതായും ഫോറസ്റ്റ് ഉദ്യോഗസ്ഥരടക്കമുള്ള ഈ സംഘം ബൈജുവിനെ ആസൂത്രിതമായി മര്‍ദിച്ചു കൊലപ്പെടുത്തിയതുമാണെന്നാണ് ഹ്യുമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സെന്ററിന്റെ പരാതിയില്‍ പറയുന്നത്. ചെവിക്കല്ലിനു താഴെയും വയറിന്റെ ഇടതുഭാഗത്തും മരണകാരണമായേക്കാവുന്ന അടിയേറ്റതിന്റെ തെളിവുകള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെന്നും ഈ പരുക്കുകള്‍ ബൈജുവിന്റെ മരണത്തിന് അല്പസമയം മുമ്പുമാത്രം ഉണ്ടായിട്ടുള്ളവയാണെന്നും പരാതിയിലുണ്ട്. കഴുത്തിനു പുറകുവശത്ത് അടിച്ചു ബോധരഹിതനാക്കിയശേഷം കഴുത്തില്‍ കയറിട്ടു കുരുക്കുകയായിരുന്നുവെന്നും പറയുന്നു.

ബൈജു അതുവരെ ഒരു കേസിലും പ്രതിയാക്കപ്പെട്ടിട്ടില്ല. ചോദ്യംചെയ്യലില്‍, വനംകൊള്ളയില്‍ വനംവകുപ്പുദ്യോഗസ്ഥരുടെ ഒത്താശയില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന വനംകൊള്ളയെക്കുറിച്ച് ബൈജുവിനറിയാമായിരുന്നു.

പാലക്കാട്, പെരുമ്പാവൂര്‍ പ്രദേശങ്ങളിലെ മില്ലുടമകളുമായി കരാര്‍ ഉണ്ടാക്കുന്നതും അവര്‍ക്ക് മരം എത്തിച്ചുകൊടുക്കുന്നതുമെല്ലാം വനംവകുപ്പുദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു. ബൈജുവിനെ തെളിവെടുപ്പിനു കൊണ്ടുപോയതും തിരിച്ചെത്തിച്ചതുമെല്ലാം യൂണിഫോമിലല്ലാത്ത ഉദ്യോഗസ്ഥര്‍ സ്വകാര്യ വാഹനമുപയോഗിച്ചായിരുന്നു. സാമ്പത്തിക ക്രമക്കേടിനും അഴിമതിക്കും സ്ഥലംമാറ്റപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ ബൈജുവിനെ കസ്റ്റഡിയിലെടുത്ത അന്നുതന്നെ സ്ഥലത്തെത്തിയിരുന്നതായും പറയുന്നു.ബൈജുവിനെ കസ്റ്റഡിയിലെടുത്തതും ഓടിപ്പോയതുമെല്ലാം യഥാസമയം പോലീസില്‍ അറിയിക്കുന്നതിലും ഫോറസ്റ്റുദ്യോഗസ്ഥര്‍ വീഴ്ചവരുത്തി.

നിലവില്‍ ഒരു കേസിലും പ്രതിയല്ലാത്ത ഒരാള്‍ക്കെതിരേ, മരിച്ച പത്ത് ദിവസത്തിനുശേഷം നിരവധി ക്രമക്കേടുകളെടുത്ത അത്ഭുത സംഭവവും ഈ ഉദ്യോഗസ്ഥര്‍ ചെയ്തു. വനംവകുപ്പു മന്ത്രിയുടെ നിര്‍ദേശാനുസരണം തൃശൂര്‍ ഫോറസ്റ്റ് ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലും ഇത്തരത്തിലുള്ള കൃത്യവിലോപങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്.

കേസന്വേഷിച്ച ഒല്ലൂര്‍ പോലീസും ഗുരുതര വീഴ്ചകള്‍ വരുത്തി. അസി. കമ്മിഷണര്‍ പി. വാഹിദിന്റെ മേല്‍നോട്ടത്തില്‍, ഒല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ. സജീവിനായിരുന്നു അന്വേഷണ ചുമതല. തൂങ്ങിമരണമെന്നു പറയപ്പെട്ടിരുന്ന കേസില്‍ തൊണ്ടിമുതലായ കയറോ മറ്റു സാമഗ്രികളോ കണ്ടെടുക്കാന്‍ പോലീസിന് കഴിഞ്ഞില്ല. ബൈജുവിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്ത് വിളിച്ച കോളുകള്‍ പരിശോധിച്ചിരുന്നെങ്കില്‍, യഥാര്‍ഥ പ്രതികളെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുമായിരുന്നു. യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ ശ്രമിക്കാതെ ഫോറസ്റ്റുദ്യോഗസ്ഥര്‍ നല്‍കിയ വിവരത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ തൂങ്ങിമരണമെന്ന കേസില്‍ കേസവസാനിപ്പിക്കുകയായിരുന്നു പോലീസ്.

മരിച്ച ബൈജുവിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കണമെന്നും ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ആവശ്യപ്പെട്ട് നിവേദനം നല്‍കുമെന്ന് ഹ്യുമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ജോയ് കൈതാരത്ത് അറിയിച്ചു. കൃത്യവിലോപം നടത്തിയ ഫോറസ്റ്റ്, പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്നും മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English summary
man died in forest police custody; case hand over to crime branch
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X