5വയസുകാരിയെ പീഡിപ്പിച്ച അമ്മാവന് 10വര്‍ഷം തടവ്
കാസര്‍ക്കോട്: അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച അമ്മയുടെ അമ്മാവന് പത്ത് വര്‍ഷം തടവ്. കര്‍ണാടക ദാര്‍വാര്‍ സ്വദേശിയായ മാരുതിക്കെതിരെയാണ് മരുമകളുടെ മകളെ പീഡിപ്പിച്ച കേസില്‍ കാസര്‍ക്കോട് സെഷന്‍സ് കോടതി വിധിപ്രഖ്യാപിച്ചത്. തടവിനു പുറമെ രണ്ടായിരം രൂപ പിഴയും വിധിച്ചു.
തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. 2012 നവംബറില്‍ കേന്ദ്രം പാസാക്കിയ കുട്ടികള്‍ക്കെതിരെയുള്ള പീഡന നിരോധന നിയമം നിലവില്‍ വന്നതിന് ശേഷമുള്ള ആദ്യത്തെ കേസാണിത്.

കഴിഞ്ഞ ഏപ്രില്‍ 17നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അവശയായ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്. ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുകയും കുറ്റപത്രം സമര്‍പ്പിക്കുയും ചെയ്തു.
പീഡിപ്പിക്കപ്പെട്ട കുഞ്ഞിനെ ഉള്‍പ്പടെ 16 സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി ഷുക്കൂര്‍ ഹാജരായി. കാസര്‍ക്കോട് ജില്ല ആന്റ് സെഷന്‍സ് കോടതി ജഡ്ജി എംജെ ശക്തിധരനാണ് വിധിപ്രഖ്യാപിച്ചത്.


Click it and Unblock the Notifications