ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി
കൊച്ചി: ആശുപത്രി ജീവനക്കാരിയായ ഭാര്യയെ താമസ്ഥലത്തു വെട്ടി പരുക്കേൽപ്പിച്ച ശേഷം ഭർത്താവു ജീവനൊടുക്കി. ആക്രമണത്തിൽ ഭാര്യാമാതാവിനും പരുക്കേറ്റു. പെരുമ്പാവൂർ ഓടക്കാലി പനച്ചയം ശ്രീകൃഷ്ണ വിലാസം വീട്ടിൽ കൃഷ്ണൻകുട്ടി നായരുടെ മകൻ മനോജ്(46) ആണു തൂങ്ങിമരിച്ചത്. മുഖത്തും കൈയ്ക്കും മാരകമായി പരുക്കേറ്റ ഭാര്യ കോതമംഗലം തൃക്കാരിയൂർ മോളാട്ട്ഹൗസിൽ സന്ധ്യ (34), മാതാവു ശാരദാ നാരായണൻ (65) എന്നിവർ ചേരാനല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളെജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.
സന്ധ്യ താമസിക്കുന്ന കുന്നുംപുറം എസ്ബിഐ ജംക്‌ഷന് സമീപത്തെ അമൃത കൃപ ഫ്ലാറ്റിൽ ഇന്നലെ രാവിലെ എട്ടിനാണു സംഭവം. ഇടപ്പള്ളി അമൃതാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൽ നഴ്സിങ് അസിസ്റ്റന്‍റായ സന്ധ്യ മകനെ സ്കൂളിൽ അയച്ച ശേഷം ജോലിക്കു പോകാൻ ഫ്ലാറ്റിൽ നിന്നിറങ്ങുമ്പോൾ ഇയാൾ ആക്രമിക്കുകയായിരുന്നു.

വെട്ടേറ്റ യുവതി പ്രാണരക്ഷാർത്ഥം കെട്ടിട വളപ്പിൽ നിന്നു പുറത്തേക്കിറങ്ങി ഓടുന്നതും റോഡിൽ കിടന്നു സഹാമഭ്യർത്ഥിക്കുന്നതും സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. മകളെ ആക്രമിക്കുന്നതു തടയാനുള്ള ശ്രമത്തിനിടെയാണു ശാരദയ്ക്ക് കഴുത്തിനു വെട്ടേറ്റത്. വഴിയാത്രക്കാരികളായ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഓടിയെത്തി ഓട്ടൊറിക്ഷയിൽ ഉടൻ ആശുപത്രിയിൽ എത്തിച്ചു.
ഇരുവരെയും നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ ഫ്ലാറ്റിന്‍റെ ഒന്നാം നിലയിലേക്ക് ഓടിക്കയറിയ മനോജ് വാതിലടച്ചു ഫാനിൽ തൂങ്ങുകയായിരുന്നു. പൊലീസെത്തി വാതിൽ പൊളിച്ചു അകത്തു കടന്നപ്പോഴേക്കും മരിച്ചിരുന്നു. പെരുമ്പാവൂരിൽ നിന്നു കത്തിയുമായി എത്തിയാണ് ആക്രമിച്ചത്. ദമ്പതികൾ മൂന്നു കൊല്ലമായി പിരിഞ്ഞു കഴിയുകയാണ്. വിവാഹമോചനം ആവശ്യപ്പെട്ടു മനോജ് നൽകിയ പരാതിയിൽ പെരുമ്പാവൂർ കുടുംബ കോടതിയിൽ കേസ് നിലവിലുണ്ട്. ഇലക്‌ട്രീഷ്യനായിരുന്ന ഇയാൾ വിദേശത്തു നിന്നു മടങ്ങി വന്ന ശേഷം ഇപ്പോൾ നാട്ടിലാണു താമസം. ദമ്പതികളുടെ മൂത്ത മകൾ മൂന്നു വയസുള്ളപ്പോൾ മരിച്ചു. എട്ടു വയസുള്ള മിഥുൻ മനോജ് മകനാണ്. ചേരാനല്ലൂർ പൊലീസ് കേസെടുത്തു. മൃതദേഹം കളമശേരി മെഡിക്കൽ കോളെജ് ആശുപത്രിയിൽ പോസ്റ്റമോർട്ടം നടത്തി. എസിപി കെ.ലാൽജിയുടെ നേതൃത്വത്തിലാണ് അന്വേഷണം.












Click it and Unblock the Notifications