ഭക്ഷണവും വെള്ളവും ആവശ്യപ്പെട്ട അതിഥി തൊഴിലാളിയെ മർദ്ദിച്ചു: കൊച്ചിയിൽ മാനേജർ അറസ്റ്റിൽ
കൊച്ചി: ഭക്ഷണവും വെള്ളവും ആവശ്യപ്പെട്ട അതിഥി തൊഴിലാളിയെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കമ്പനി മാനേജരാണ് അറസ്റ്റിലായത്. എറണാകുളത്തെ ബ്രൈറ്റ് ഏജൻസിയുടെ കീഴിലുള്ള കമ്പനി മാനേജരാണ് അതിഥി തൊഴിലാളിയെ മർദ്ദിച്ചത്. തൊഴിൽ വകുപ്പിൽ പരാതി പറഞ്ഞുവെന്ന കാരണം ചൂണ്ടിക്കാണിച്ചാണ് മർദ്ദനം.
കൊറോണ വൈറസ് കാരണം തൊഴിലില്ലാതാവുകയും മടങ്ങിപ്പോകാൻ കഴിയാതെ വരികയും ചെയ്തതോടെയാണ് അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവും താമസവും ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ കരാറുകാരോട് നിർദേശിച്ചത്. ഈ സാഹചര്യത്തിലാണ് ഭക്ഷണം, വെള്ളം, വേതനം എന്നിവ നിരസിച്ചതോടെ എറണാകുളം സർക്കിൾ അസിസ്റ്റന്റ് ലേബർ ഓഫീസർ ഇടപെട്ട് തൊഴിലാളിക്ക് ഇവ ലഭ്യമാക്കാൻ നിർദേശം നൽകിയത്. ഈ സംഭവത്തിന് പിന്നാലെയാണ് തൊഴിൽ വകുപ്പിൽ പരാതി പറഞ്ഞുവെന്ന കാരണം പറഞ്ഞ് തൊഴിലുടമ മർദ്ദിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം.

മർദ്ദനത്തിൽ പരിക്കേറ്റ തൊഴിലാളി ആശുപത്രിയിൽ അഡ്മിറ്റാവുകയായിരുന്നു. ഇതോടെ ജില്ലാ ലേബർ ഓഫീസറുടെ നിർദേശ പ്രകാരം അസിസ്റ്റൻറ് ലേബർ ഓഫീസർ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ദേശീയ ദുരന്ത നിവാരണ നിയമ പ്രകാരമാണ് സെക്യൂരിറ്റി ഏജൻസി മാനേജർക്കെതിരെ പോലീസ് കേസെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.












Click it and Unblock the Notifications