എംഎം മണി ആരെയും കൊന്നിട്ടില്ല, വണ്‍ ടു ത്രീ പ്രസംഗിച്ചിട്ടുമില്ല; കേസ് കോടതി തള്ളി!!
മുമ്പ് ഇടുക്കിയില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെയും പ്രശ്‌നങ്ങളുടെയും തൊഴിലാളി വിഷയങ്ങളുടെയും കാര്യങ്ങള്‍ പറയുമ്പോഴാണ് മണി വിവാദമായ പരാമര്‍ശം നടത്തിയത്.
തൊടുപുഴ: രാഷ്ട്രീയ എതിരാളികളെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയെന്ന വിവാദപരമായ പ്രസംഗത്തിന്റെ പേരില്‍ മന്ത്രി എംഎം മണിക്കെതിരേ എടുത്ത കേസ് കോടതി തള്ളി. മണിക്കെതിരായ കേസ് നിലനില്‍ക്കുന്നതല്ലെന്ന് തൊടുപുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി.
2012 മേയ് 25നായിരുന്നു എംഎം മണിയുടെ വിവാദ പ്രസംഗം. മണക്കാട് നടന്ന പരിപാടിയിലാണ് സിപിഎം മുമ്പ് ചെയ്ത പ്രവര്‍ത്തനങ്ങള്‍ വിവരിക്കുമ്പോള്‍ മണി പഴയ കൊലപാതകങ്ങള്‍ പരാമര്‍ശിച്ചത്.

രാഷ്ട്രീയ എതിരാളികളെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയെന്നായിരുന്നു മണി പറഞ്ഞത്. സംഭവത്തില്‍ മണിക്കെതിരേ തൊടുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് ഇപ്പോള്‍ കോടതി തള്ളിയിരിക്കുന്നത്.

ബേബി അഞ്ചേരി, മുട്ടുകാട് നാണപ്പന്‍, മുള്ളന്‍ചിറ മത്തായി എന്നിവരുടെ കൊലപാതകങ്ങള്‍ പരാമര്‍ശിച്ചായിരുന്നു മണിയുടെ പ്രസംഗം. മണിയെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരുന്നത്.

പ്രകോപനപരമായതും ഭീതി പരത്തുന്നതും ലഹളയ്ക്ക് പ്രേരിപ്പിക്കുന്നതുമായി പ്രസംഗം നടത്തിയെന്നായിരുന്നു പോലീസ് കേസ്. കൃത്യനിര്‍വഹണം തടസപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി എന്ന വകുപ്പും മണിക്കെതിരേ ചുമത്തിയിരുന്നു.

എന്നാല്‍ പ്രസംഗത്തിന്റെ പേരില്‍ മണിക്കെതിരായ കേസ് നിലനില്‍ക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി അംഗീകരിച്ചു. ഇതോടെ വിവാദമായ വണ്‍, ടു, ത്രീ പ്രസംഗവുമായി ബന്ധപ്പെട്ട വിവാദം വീണ്ടും ഉയര്‍ന്നേക്കും.

അതേസമയം, മണക്കാട്ടെ പ്രസംഗത്തെ തുടര്‍ന്ന് മണിയെ കൊലപാതക കേസുകളില്‍ പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു. പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസെടുത്തത്. ബേബി അഞ്ചേരി വധക്കേസില്‍ മാത്രമാണ് തൊഴുപുഴ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. ബാക്കി രണ്ടു കേസുകളുടെ അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്.

മുമ്പ് ഇടുക്കിയില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെയും പ്രശ്‌നങ്ങളുടെയും തൊഴിലാളി വിഷയങ്ങളുടെയും കാര്യങ്ങള്‍ പറയുമ്പോഴാണ് മണി വിവാദമായ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസും പോലീസു ചെയ്ത ക്രൂരതകള്‍ അക്കമിട്ടു നിരത്തിയ മണി ഇതിനെതിരേ സ്വീകരിച്ച നടപടികള്‍ പറയുകയായിരുന്നു.

ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വണ്‍ ടു ത്രീ എന്നിങ്ങനെയാണ് കൊലപ്പെടുത്തിയത്. ഒരാളെ കുത്തിക്കൊന്നു, ഒരാളെ വെടിവച്ചുക്കൊന്നു, മറ്റൊരാളെ തല്ലിക്കൊന്നു. അതോടെ ഖദര്‍ വലിച്ച് കോണ്‍ഗ്രസുകാര്‍ ഓടി. അടി പേടിച്ച് കോണ്‍ഗ്രസുകാര്‍ ഖദര്‍ ഇട്ടോട്ടെ എന്ന് ഞങ്ങളോട് ചോദിക്കുമായിരുന്നു. ഇത്തരം കാര്യങ്ങളൊക്കെ കണ്ടും കൈകാര്യം ചെയ്തും ശീലമുണ്ട്- ഇതായിരുന്നു മണിയുടെ പ്രസംഗത്തിലെ വിവാദ ഭാഗങ്ങള്‍.












Click it and Unblock the Notifications